മൂന്നാമൂഴം
text_fieldsമഹാമാരിയെ താരതമ്യേന നന്നായി കൈകാര്യം ചെയ്ത അധികാരികൾക്കെല്ലാം ഭരണത്തുടർച്ചയാണ് ജനങ്ങളുടെ സമ്മാനം. സോഷ്യൽ എൻജിനീയറിങ്ങിെൻറ സമവാക്യങ്ങൾ ഏതുമായിക്കൊള്ളെട്ട, കോവിഡ് കാലത്ത് ആഗോളതലത്തിൽതന്നെ ദൃശ്യമായ രാഷ്ട്രീയ പ്രവണതയാണിത്. കേരളത്തിലായാലും കാനഡയിലായാലും കൊലയാളി വൈറസിനെ പിടിച്ചുനിർത്തിയതിെൻറ തോതനുസരിച്ചിരിക്കും പെട്ടിയിൽവീഴുന്ന വോട്ടുകളുടെ എണ്ണം. 'ഹാഫ് എർത്ത്' ദൂരത്തിെൻറ വ്യത്യാസമുണ്ടെങ്കിലും രണ്ടിടത്തും തുടർ ഭരണത്തിന് നിമിത്തമായത് ഇപ്പറഞ്ഞ കെമിസ്ട്രി കൂടിയാണ്. കേരളത്തിെൻറ കാര്യം നമുക്ക് നന്നായിട്ടറിയാവുന്നതിനാൽ അതിലേക്ക് ഇനിയും കടക്കാതെ അൽപം 'കാനഡഗാഥ'യാകാമെന്ന് തോന്നുന്നു. അവിടെ, പിണറായിയേക്കാൾ ഒരുപടികൂടി കടന്ന് ജസ്റ്റിൻ ട്രൂഡോ മൂന്നാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതും വൈറസ് പ്രതിരോധത്തിെൻറ ക്രെഡിറ്റിലാണ്. എന്നുവെച്ച്, പിണറായിയെപ്പോലെ സഭയുടെ മൂന്നിലൊന്ന് സീറ്റ് പോയിട്ട് കേവലഭൂരിപക്ഷമില്ലാതെയാണ് കസേരയിലിരിക്കുന്നത്. അതുകൊണ്ട് കനേഡിയൻ രാഷ്ട്രീയത്തിൽ ഇനിയങ്ങോട്ട് അൽപസ്വൽപം നാടകീയതകളുടെയും അനിശ്ചിതത്വത്തിെൻറയും കൂടി കാലമായിരിക്കും.
2021 ആഗസ്റ്റ് 15. 'ആസാദിയുടെ അമൃത'മെന്നു വിളിച്ചുപറഞ്ഞ് ഇന്ത്യ അന്ന് സ്വാതന്ത്ര്യത്തിെൻറ 75ാം വർഷിക പരിപാടികൾക്ക് തുടക്കമിടുേമ്പാൾ തൊട്ടപ്പുറത്ത് അഫ്ഗാനിൽനിന്നും താലിബാൻ പടയോട്ടത്തിെൻറ വാർത്തയായിരുന്നു. ആ ദിവസമാണ് താലിബാൻ കാബൂൾ പിടിച്ചടക്കിയത്. ലേകമൊട്ടാകെ കാബൂളിലേക്ക് കണ്ണുപായിച്ച അതേനിമിഷങ്ങളിലാണ് ട്രൂഡോ പാർലമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചത്. 2019ലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ ട്രൂഡോയുടെ ലിബറൽ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നെങ്കിലും കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ല. കാര്യങ്ങൾ തട്ടിയും മുട്ടിയും അങ്ങനെ പോവുകയായിരുന്നു. കഴിഞ്ഞ ജൂണിൽ പ്രതിപക്ഷത്തിെൻറ എതിർപ്പു മൂലം ബജറ്റ് വരെ പാസായില്ല. തെൻറ സ്വപ്നപദ്ധതികളടങ്ങുന്ന വേറെയും ബില്ലുകൾ ഇതേവകയിൽ സഭയുടെ മേശപ്പുറത്തുനിന്നും നേരെപോയത് ചവറ്റുകുട്ടയിലേക്കാണ്. ഇതിനിടയിലും കോവിഡ് പ്രതിരോധത്തിൽ കൈവരിച്ച നേട്ടങ്ങൾ അവിടെ കിടപ്പുണ്ടായിരുന്നു. രോഗവും മരണവും പിടിച്ചുനിർത്താനും വേഗത്തിൽ വാക്സിനേഷൻ പ്രക്രിയ ആരംഭിക്കാനും കഴിഞ്ഞുവെന്നു മാത്രമല്ല, മറ്റിടങ്ങളിലെല്ലാം മാതൃകയാകുംവിധം തൊഴിലാളികൾക്കും വിദ്യാർഥികൾക്കും വയോജനങ്ങൾക്കുമെല്ലാം പ്രത്യേകമായി കോവിഡ് പാക്കേജുകൾ പ്രഖ്യാപിച്ച് നടപ്പാക്കാനും ട്രൂഡോക്ക് കഴിഞ്ഞിരുന്നു. കോവിഡ് കാലത്തിറക്കിയ ആ ഫണ്ടുകളും പ്രഖ്യാപനങ്ങളുമായിരുന്നു 'ന്യൂനപക്ഷ സർക്കാറി'െൻറ രാഷ്്്ട്രീയ മൂലധനം. അതങ്ങ് എടുത്ത് ഉപയോഗിക്കാൻ തീരുമാനിച്ചു. ആഗസ്റ്റ് 15ന് നേരെ ഗവർണറുടെ അടുത്തുപോയി സഭ പിരിച്ചുവിടാൻ അേപക്ഷിച്ചു. അങ്ങനെ രണ്ടു വർഷം ബാക്കിയിരിക്കെ വീണ്ടുമൊരു ഫെഡറൽ തെരഞ്ഞെടുപ്പിനു കളമൊരുങ്ങി.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. തൊട്ടടുത്തദിവസം പെട്ടി തുറന്നപ്പോൾ പ്രതീക്ഷിച്ച ഫലമുണ്ടായില്ല. സംഗതി വിജയിച്ചിട്ടുണ്ട്. കഴിഞ്ഞതവണത്തേതിനേക്കാൾ രണ്ട് സീറ്റ് അധികം ലഭിച്ചിട്ടുമുണ്ട്. അപ്പോഴും കേവല ഭൂരിപക്ഷമില്ല; 11 സീറ്റിെൻറ കുറവ്. മാത്രവുമല്ല, വോട്ടുവിഹിതത്തിലൊക്കെ ഇടിവ് സംഭവിച്ചിട്ടുണ്ട്. പോപുലർ വോട്ടുകളും ചരിത്രത്തിലെ ഏറ്റവും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് പ്രതിരോധമൊക്കെ മികച്ചതായിരുന്നു; പക്ഷേ, ഇൗ കോവിഡ് കാലത്ത് അനാവശ്യമായി തങ്ങളെ പോളിങ് ബൂത്തിലേക്ക് നയിക്കേണ്ടിയിരുന്നോ എന്ന മനോഭാവമാണ് പൊതുവിൽ ജനങ്ങൾ വെച്ചുപുലർത്തിയതെന്നാണ് രാഷ്ട്രീയ പണ്ഡിറ്റുകളുടെ നിഗമനം. ഏതായാലും ഭരണത്തിൽ തുടരാനുള്ള വകയായിട്ടുണ്ട്. പക്ഷെ, എല്ലായിടത്തും തടസ്സങ്ങൾ സുനിശ്ചിതമായിരിക്കും. തെളിച്ചുപറഞ്ഞാൽ, കാര്യമായൊരു ബജറ്റോ ബിേല്ലാ അവതരിപ്പിക്കണമെങ്കിൽ ഇനിയും പ്രതിപക്ഷത്തിെൻറയും ചെറുകക്ഷികളുടെയും കാലു പിടിക്കേണ്ടിവരും. എന്നാലും ഇതൊരു ചരിത്രം തന്നെയാണ്. സ്വന്തം പിതാവ് പിയറി ട്രൂഡോയെപ്പോലെ ചുരുക്കം ചിലർക്ക് മാത്രം വന്നുഭവിച്ച ഭരണത്തുടർച്ച ഭാഗ്യം.
2000ൽ, പിതാവിെൻറ മരണശേഷം നടന്ന അനുശോചന യോഗത്തിൽ നടത്തിയ പ്രസംഗമാണ് ട്രൂഡോയുടെ രാഷ്ട്രീയ പ്രവേശനത്തിന് വഴിയൊരുക്കിയതെന്ന് പറയാം. ആ പ്രസംഗത്തെ പലരും പ്രശംസിച്ചു; ചില ചാനലുകൾ ആവർത്തിച്ച് സംപ്രേഷണം ചെയ്തു. ആ തരംഗത്തിനൊടുവിലാണ് ലിബറൽ പാർട്ടിയിൽ ചേർന്നത്. പിയറിയുടെ മകൻ എന്ന മേൽവിലാസത്തിൽ ആദ്യഘട്ടത്തിൽതന്നെ പാർട്ടിക്കകത്ത് ഇളക്കങ്ങൾ സൃഷ്ടിച്ചു. പാർട്ടിയുടെ പരമ്പരാഗത നിലപാടുകളെ നിരന്തരം ചോദ്യം ചെയ്ത് വാർത്തകളിൽ നിറഞ്ഞു. അതിലൊന്നായിരുന്നു ക്യൂബെക് ദേശീയത വാദത്തിനെതിരായ പോരാട്ടം. ക്യബെക് എന്ന പ്രവിശ്യക്ക് മാത്രമായി ദേശീയത പദവി നൽകുന്നത് കാനഡയെ 19ാം നൂറ്റാണ്ടിലേക്ക് നയിക്കുമെന്ന് തുറന്നടിച്ചത് അദ്ദേഹത്തെ പാർട്ടിയിൽ അനഭിമതനാക്കി. 2008ൽ, ഇൗ നിലപാട് കാരണം പാർട്ടിക്ക് ഭരണംതന്നെ നഷ്ടപ്പെട്ടു. അത് പാർട്ടിക്കുള്ളിൽ ശത്രുക്കളെ സൃഷ്ടിച്ചു. ആ പ്രതിബന്ധങ്ങളെല്ലാം വകഞ്ഞുമാറ്റിയാണ് 2013െല സംഘടന തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയുടെ തലപ്പത്തെത്തിയത്. രണ്ടു വർഷത്തിനുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം പാർട്ടിക്ക് സമ്മാനിക്കാനായി. പൊതുസഭയിലെ 338 സീറ്റിൽ 182ഉം ട്രൂഡോയും കൂട്ടരും പിടിച്ചെടുത്തു. അതോടെ 44ാം വയസ്സിൽ പ്രധാനമന്ത്രി കസേരയിലെത്തി. പിന്നെയാണ് യഥാർഥ വിപ്ലവം നടന്നത്. 30 അംഗ കാബിനറ്റിൽ 15 വനിതകൾ; നാല് സിഖുകാർ എന്നിങ്ങനെയുള്ള പ്രാതിനിധ്യത്തിലൂടെ തെൻറ ലിബറൽ രാഷ്ട്രീയം ലോകത്തിനു മുന്നിൽ വിളിച്ചുപറഞ്ഞു.
ഇതിനിടയിൽ ചില്ലറ വിവാദത്തിലും ചെന്നുപെട്ടു. എസ്.എൻ.സി ലാവലിൻ കമ്പനിക്ക് അനുകൂലമായി വിധി പറയാൻ ജുഡീഷ്യറിയെ സ്വാധീനിച്ചതൊക്കെ തിരിച്ചടികൾ നേരിട്ടു. 2018ലെ, ഇന്ത്യ സന്ദർശനത്തിനിടെ അക്ഷർധാം ക്ഷേത്രത്തിലെത്തിയപ്പോൾ 'ബ്രാഹ്മണ'നായും സബർമതിയിൽ 'ഗാന്ധിയ'നായും തൊട്ടടുത്ത ദിവസം അമൃത്സറിൽ 'സിഖു'കാരനായും വേഷമിട്ട് പകർന്നാടിയപ്പോൾ മാധ്യമങ്ങളും നേതാക്കളുമൊക്കെ ട്രോൾ ശരങ്ങളെയ്തു. ഷാറൂഖ് ഖാനുമായി കൂടിക്കാഴ്ച നടത്തുേമ്പാൾ 'കഭി ഖുശി കഭി ഗം' എന്ന ബോളിവുഡ് ചിത്രത്തിലെ ഹൃത്വിക് റോഷനായിക്കൂടി വേഷമിട്ടതും േട്രാളാഘോഷമായി മാറി. പഞ്ചാബ് മുൻ മന്ത്രിയെ കൊലപ്പെടുത്തിയ കേസിൽ 20 വർഷം തടവനുഭവിച്ച ഒരു ഖലിസ്ഥാൻ വാദിയുമായി സൗഹൃദം പങ്കിട്ടതും ഒച്ചപ്പാടായി. എങ്കിലും, ഇൗ കെട്ടകാലത്തും മാനവികതയുടെ പക്ഷത്തുനിലയുറപ്പിച്ച അപൂർവം ഭരണാധികാരികളിലൊരാളാണെന്ന് നിസ്സംശയം പറയാം. അഭയാർഥികൾക്ക് വാതിലുകൾ മലർക്കെ തുറന്നുകൊടുത്ത ഹൃദയാലു; വംശീയ വിദ്വേഷങ്ങൾക്കെതിരെ തുറന്നു സംസാരിച്ച ഭരണകർത്താവ്; ആഗോളതാപനത്തെയും കാലാവസ്ഥ വ്യതിയാനത്തെയും കുറിച്ച് ജാഗ്രതയുള്ള ഗ്രീൻ പൊളിറ്റിക്സിെൻറ വക്താവ്. ഇങ്ങനെ ട്രൂഡോയെ വേറിട്ടുനിർത്തുന്ന വേറെയും വിശേഷണങ്ങളുണ്ട്. സർവോപരി യാത്രപ്രിയനുമാണ്. കുടുംബസമേതമാണ് യാത്രയൊക്കെയും. ഭാര്യ: സോഫി ഗ്രിഗറി. മൂന്നു മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.