കെ–റെയില്‍: സുതാര്യതയില്ലാത്ത അശാസ്ത്രീയ പദ്ധതി –യു.ഡി.എഫ് ഉപസമിതി
text_fieldsസംസ്ഥാന സർക്കാർ ആസൂത്രണം ചെയ്യുന്ന കെ-റെയില്‍ പദ്ധതി സുതാര്യതയില്ലാത്തതും അശാസ്ത്രീയവും കേരളത്തിെൻറ നട്ടെല്ല് തകർക്കുന്നതുമാണെന്ന് യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ട്. ലാവലിന്‍ സമാനമായി മന്ത്രിസഭ തീരുമാനത്തിനും സര്‍ക്കാര്‍ അംഗീകാരത്തിനും മുമ്പ് ജപ്പാനിലെ ബാങ്കുമായി കരാറില്‍ ഏര്‍പ്പെടാനുള്ള നീക്കമാണ് പദ്ധതിയുടെ ഭാഗമായി നടന്നതെന്നും അതിനാൽ പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിക്കും കമീഷനുമുള്ള നീക്കമാണെന്ന് സംശയിക്കുന്നതായും സമിതി കുറ്റപ്പെടുത്തുന്നു.
ഡോ. എം.കെ. മുനീര്‍ അധ്യക്ഷനായ സമിതിയില്‍ കെ.സി. ജോസഫ്, സി.പി. ജോൺ, വി.ടി. ബൽറാം, ജി. ദേവരാജൻ, ജോൺ ജോൺ, എ.എന്‍. രാജന്‍ബാബു എന്നിവരായിരുന്നു അംഗങ്ങൾ. 23ന് ചേരുന്ന യു.ഡി.എഫ് യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് മുന്നണി നിലപാട് വ്യക്തമാക്കും.
വൻ അഴിമതി ലക്ഷ്യം
മന്ത്രിസഭ തീരുമാനിക്കുകയോ സര്‍ക്കാര്‍ അംഗീകരിക്കുകയോ ചെയ്യുംമുമ്പ് ജപ്പാനിലെ ബാങ്കുമായി പദ്ധതിക്ക് വേണ്ട വായ്പയുടെ കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ധാരണയുണ്ടാക്കി. പരിസ്ഥിതി, സാമൂഹികാഘാത പഠനങ്ങള്‍ക്ക് മുമ്പ് 985 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ വിജ്ഞാപനമിറക്കി. വിജ്ഞാപനത്തിനുശേഷമാണ് പഠനത്തിന് സമിതിയെ നിയോഗിച്ചത്. പ്രത്യാഘാതം കുറഞ്ഞ അതിവേഗ റെയില്‍പാതക്ക് പകരം അർധ അതിവേഗ റെയില്‍പാതയിലേക്ക് പോയതിന് പിന്നില്‍ വന്‍ അഴിമതിയാണ് ലക്ഷ്യം. എന്ജിന് ഉള്‍പ്പെടെ എല്ലാം ഇറക്കുമതി ചെയ്യേണ്ടിവരും. ഇതില്‍നിന്ന് വന്‍ കമീഷന് ഇടപാടാണ് ലക്ഷ്യമാക്കുന്നത്. വായ്പയുടെ പേരിലും കമീഷന് ലക്ഷ്യമാക്കുന്നുണ്ട്. പദ്ധതിക്ക് പത്ത് സ്റ്റോപ്പാണുള്ളത്. ഇവിടങ്ങളില്‍ 11 സ്മാര്‍ട്ട് സിറ്റികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. അവിടങ്ങളില്‍ ഭൂമാഫിയ ഇപ്പോള്‍ത്തന്നെ ഭൂമി വാങ്ങിക്കൂട്ടുന്നുണ്ട്.
കേരളത്തെ മുറിക്കും; വൻ പരിസ്ഥിതി ദുരന്തം
ആസൂത്രണം ചെയ്ത രീതിയില്‍ നടപ്പാക്കിയാല്‍ കെ-റെയില്‍ കേരളത്തെ രണ്ടായി മുറിക്കും. നിലവിലെ റെയില്‍പാതകള്‍ക്ക് വളരെ അകലെയായി പുതിയ പാതയാണ് ഉണ്ടാക്കുന്നത്. പാതയുടെ ഇരുവശത്തും നാലുമുതല്‍ ആറു മീറ്റര്‍ വരെ ഉയരമുള്ള മതിലുകള്‍ കെട്ടിത്തിരിക്കും. അത് ഇടയ്ക്കുള്ള വഴികള്‍ മുഴുവന്‍ അടയ്ക്കുകയും ഇത്രയും കാലെത്ത യാത്രാസൗകര്യം നഷ്ടപ്പെടുത്തുകയും ചെയ്യും. 2018ലേത് പോലെ വെള്ളപ്പൊക്കമുണ്ടായാല്‍ ഈ മതിലുകള്‍ തന്നെ ഡാമായി മാറി വന്‍ദുരന്തം സൃഷ്ടിക്കാം.
കെ-റെയില്‍ ഏറ്റവും വലിയ ദുരന്തം സൃഷ്ടിക്കുന്നത് മലബാറിലായിരിക്കും. റെയില്‍വേ, ദേശീയപാത വികസനം ഉള്‍പ്പെടെ ഇതിനകം മൂന്നുതവണ ഭൂമി നഷ്ടപ്പെട്ടവർ അവിടെയുണ്ട്. ഈ പദ്ധതിക്ക് കൂടി ഭൂമി എറ്റെടുത്താൽ വലിയൊരുവിഭാഗം വഴിയാധാരമാകും. പദ്ധതിക്കായി ഇരുപതിനായിരം കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും. നൂറ്റാണ്ടുകളായി അയപല്ക്കമായി കഴിഞ്ഞിരുന്നവർ അകലും. സാമൂഹിക ബന്ധങ്ങള്‍ ഇല്ലാതാക്കും. ദൈര്‍ഘ്യമേറിയ പാത നിർമിക്കുന്നതിന് പശ്ചിമഘട്ടത്തിലെ പാറകള്‍ മുഴുവന്‍ ആവശ്യമായിവരും. അത് സംസ്ഥാനത്ത് വലിയ പരിസ്ഥിതി പ്രത്യാഘാതം സൃഷ്ടിക്കും.
ചരക്കുനീക്കത്തിലൂടെ ലാഭം നേടാമെന്ന കണക്കുകൂട്ടലും നടക്കില്ല. അതിന് കഴിയുന്നത്ര ലോഡ് ഈ ലൈനുകള്‍ വഴി കൊണ്ടുപോകാനാവില്ല. കൊച്ചുവേളിയിൽ അവസാനിക്കുന്നതിനാൽ വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ചരക്കുകളും ഈ പാതയിലൂടെ കൊണ്ടുപോകാനാവില്ല.
ബദൽ നിര്‍ദേശങ്ങള്‍
സംസ്ഥാനത്തിെൻറ നട്ടെല്ല് ഒടിക്കുന്ന കെ-റെയില്‍ പദ്ധതിക്ക് പകരം റെയില്‍വേയുടെ പുതിയ പദ്ധതി ഉപയോഗിച്ച് ലക്ഷ്യംനേടാമെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. 2025ഓടെ എക്സ്പ്രസ് ട്രെയിനുകള്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കുന്ന പദ്ധതി റെയിൽവേ നടപ്പാക്കാന്‍ പോകുകയാണ്. അത് ഇവിടെയും ഉപയോഗിക്കാം. അതിന് പാത ഇരട്ടിപ്പിക്കല്‍ വേഗത്തിലാക്കുകയും ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം കൊണ്ടുവരികയും വേണം.
മെമു സര്‍വിസുകൾ പരിഷ്കരിച്ചും ലക്ഷ്യം കാണാം. മെമു കോച്ചുകളുടെ എണ്ണം ഒമ്പതായി കുറച്ചാല്‍ അഞ്ചുമണിക്കൂര്‍ കൊണ്ട് കാസര്‍കോട് എത്താനാകും. ഇതൊന്നുമല്ലെങ്കില്‍ പഴയ അതിവേഗ റെയില്‍പാത പദ്ധതി നടപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.