വായ്പ മുതൽ പൂജ വരെ; പണം തട്ടും ഒാൺലൈൻ വഴികൾ
text_fieldsനർത്തകിയും അവതാരകയും സംരംഭകയുമായ കൊച്ചിയിലെ യുവനടിക്ക് അടുത്തിടെയുണ്ടായ അനുഭവം ഇങ്ങനെ: ഒാൺലൈനായി സാരി വ്യാപാരം നടത്തുന്ന ഇവരുടെ മൊബൈലിലേക്ക് ഒരു ദിവസം ഗുജറാത്തിൽനിന്ന് ഒാർഡർ വന്നു. സാരി വിലയും ഷിപ്പിങ് ചാർജും ചേർത്ത് 3300 രൂപയാകുമെന്നറിയിച്ചപ്പോൾ ഗൂഗിൾ പേ ചെയ്യാം എന്നായിരുന്നു മറുപടി. പിന്നാലെ അക്കൗണ്ടിലേക്ക് 13,300 രൂപ അയച്ചതിെൻറ വിവരങ്ങളടങ്ങിയ സ്ക്രീൻ ഷോട്ടാണ് എത്തിയത്. അബദ്ധം സംഭവിച്ചെന്ന് കരുതി അധികമുള്ള പതിനായിരം രൂപ തിരിച്ചയക്കാൻ യുവതി ശ്രമിച്ചപ്പോൾ ആ നമ്പറിലേക്ക് പണം അയക്കരുതെന്ന് ഗൂഗ്ളിെൻറ മുന്നറിയിപ്പ്. എന്നാൽ പണം അയച്ചെന്ന് അറിയിച്ചയാൾ 10,000 രൂപ തിരിച്ചയക്കാൻ വാട്സ്ആപ് വഴി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ബാലൻസ് പരിശോധിച്ചപ്പോൾ 13,300 രൂപ തെൻറ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നും ഗൂഗ്ൾ പേ വഴി അയച്ചതായി വന്ന മെസേജ് പണം തട്ടാൻ അയാൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും വ്യക്തമായി.
പണമിടപാട് മുതൽ പല്ലു തേക്കാനുള്ള ബ്രഷ് വാങ്ങുന്നതു വരെ ഒാൺലൈനാകുകയും ഇൻറർെനറ്റ് ദൈനംദിന ജീവിതത്തിെൻറ ഭാഗമാകുകയും ചെയ്തതോെട തട്ടിപ്പുകളും ഹൈടെക് ആയി. വ്യാജ ആപ്പുകൾ, ഒാൺലൈൻ വായ്പ, സമ്മാന പദ്ധതികൾ, ഗിഫ്റ്റ് വൗച്ചറുകൾ, സ്ക്രാച്ച് കാർഡുകൾ, ഫോൺകോളുകൾ, ഒാൺലൈൻ ഷോപ്പിങ്, എസ്.എം.എസ്, ഇ-മെയിൽ എന്നിവയെല്ലാം തട്ടിപ്പിന് മറയാക്കുന്നു.
മിനിറ്റുകൾക്കകം വായ്പ
പ്രമുഖ ധനകാര്യ കമ്പനികളുടെ പേരിലുള്ള ഒാൺലൈൻ വായ്പകളാണ് അടുത്ത കാലത്ത് കോടികൾ മറിഞ്ഞ പ്രധാന തട്ടിപ്പുകളിൽ ഒന്ന്. വ്യവസ്ഥാപിത ബാങ്കിങ് സംവിധാനങ്ങളോടുള്ള ചിലരുടെ വിമുഖതയും കോവിഡ് കാലത്ത് ബാങ്കിൽ പോകാനുള്ള മടിയുമൊക്കെ ചൂഷണം ചെയ്താണ് ഇത്തരം തട്ടിപ്പുകാർ വളർന്നത്.
സാധാരണ ഗതിയിൽ ഒരു വായ്പ ലഭിക്കാൻ ദിവസങ്ങളോളം ബാങ്ക് കയറിയിറങ്ങേണ്ടിവരുേമ്പാൾ അഞ്ച് മിനിറ്റിനകം പണമെന്ന വാഗ്ദാനത്തിൽ സാധാരണക്കാർ വീഴും. ആധാറും പാൻ കാർഡും സഹിതം അപേക്ഷ സ്വീകരിച്ചാൽ പ്രോസസിങ് ഫീസ്, നികുതി തുടങ്ങി നൂറുനൂറു കാര്യങ്ങൾ പറഞ്ഞ് വായ്പ തുകയുടെ പകുതിയെങ്കിലും വാങ്ങിയെടുക്കും. ഒാൺലൈൻ വായ്പകളുടെ പേരിൽ കേരളത്തിൽനിന്ന് തട്ടിയെടുത്ത തുകയിൽ ഒരു കോടി സൈബർ ഡോം തിരിച്ചുപിടിച്ചതായി അടുത്തിടെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പണം ചോർത്തുന്ന 'സമ്മാനം'
ഒാൺലൈൻ വഴി സാധനങ്ങൾ വാങ്ങാൻ രജിസ്റ്റർ ചെയ്യുേമ്പാൾ നൽകുന്ന വിവരങ്ങൾ ചോർത്തിയെടുത്തുള്ള തട്ടിപ്പാണ് മറ്റൊന്ന്. നറുക്കെടുപ്പിൽ നിങ്ങൾ വിജയിച്ചെന്ന് പറഞ്ഞ് വൻ തുകയുടെ ഗിഫ്റ്റ് വൗച്ചറുകൾ തപാലിൽ അയച്ചുതരും. സമ്മാനത്തുക ലഭിക്കാൻ നികുതിയും പ്രോസസിങ് ഫീസും അടക്കണമെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെടുന്ന കത്തും ഇതോടൊപ്പം ഉണ്ടാകും. ഇത് വിശ്വസിച്ച് പണമടക്കുന്നവർ കബളിപ്പിക്കപ്പെടും.
നിങ്ങളുടെ സിം കാർഡ് നറുക്കെടുപ്പിൽ ബംബർ സമ്മാനത്തിന് തെരഞ്ഞെടുക്കപ്പെട്ടു, ഭാരിച്ച സ്വത്തിെൻറ അവകാശിയായ അനാഥന് പണം ബാങ്കിൽനിന്ന് വിട്ടുകിട്ടാൻ സഹായിച്ചാൽ പകുതി നൽകാം എന്നിങ്ങനെ വാട്സാപ്പ് വഴിയും എസ്.എം.എസ് വഴിയും ഇ^മെയിൽ വഴിയും തപാലിലും എത്തുന്ന സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസിന് കീഴിലെ സൈബർ ഡോം മുന്നറിയിപ്പ് നൽകുന്നു. ബാങ്കുകളുടെ ഒറിജിനലിലെ വെല്ലുന്ന വ്യാജ ആപ്പുകളും വെബ്സൈറ്റുകളും നിർമിക്കുന്നവർ അവ ഡൗൺലോഡ് ചെയ്യുന്നവരുടെ വിവരങ്ങൾ ചോർത്തി പണം തട്ടുകയും ചെയ്യുന്നതിനെക്കുറിച്ചും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
'ഫ്ലൂബോട്ട്' എന്ന പുതിയ വില്ലൻ
ആൻഡ്രോയ്ഡ് ഫോണുകൾ നേരിടുന്ന പുതിയ ഭീഷണിയാണ് ഫ്ലൂബോട്ട് മാൽവെയർ. ടെലികോം ഒാപറേറ്ററുടേതെന്ന വ്യാജേന ഒരു ലിങ്കിെൻറ രൂപത്തിൽ എസ്.എം.എസ് ആയി ഇൗ വൈറസ് നിങ്ങളുടെ ഫോണിലെത്തും. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ മാൽവെയറിെൻറ നിയന്ത്രണത്തിലാകും. മൊബൈൽ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ, യൂസർ നെയിം, പാസ്വേർഡ്, സന്ദേശങ്ങളുടെ ഉള്ളടക്കം എന്നിവ വിദൂരത്തിലിരിക്കുന്ന മറ്റൊരാൾക്ക് ഇൗ മാൽവെയറിെൻറ സഹായത്തോടെ സ്വന്തമാക്കാം. ഫോണിനെ മാൽവെയൽ ബാധിച്ചു എന്ന് സംശയം തോന്നിയാൽ വിവരങ്ങൾ ബാക്ക് അപ്പിലാക്കി ഫോൺ ഫാക്ടറി റീസെറ്റ് ചെയ്യണം എന്നാണ് വിദഗ്ധരുടെ നിർദേശം.
പൂജയും വഴിപാടും ഒാൺലൈനിൽ
കേരളത്തിലേത് ഉൾപ്പെടെ പ്രശസ്ത ക്ഷേത്രങ്ങളിൽ ഒാൺലൈനായി വഴിപാടും പൂജയും നടത്താമെന്നു പറഞ്ഞ് ഇ പൂജ എന്ന വെബ്സൈറ്റ് വഴി ഭക്തജനങ്ങളിൽനിന്ന് പണം തട്ടുന്ന സംഘത്തിനെതിരെ മലബാർ, കൊച്ചിൻ ദേവസ്വം ബോർഡുകളാണ് അടുത്തിടെ ഡി.ജി.പിക്ക് പരാതി നൽകിയത്. 3600 ക്ഷേത്രങ്ങളുടെ പട്ടികയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ബന്ധപ്പെട്ട ക്ഷേത്രങ്ങളോ ദേവസ്വങ്ങളോ അറിയാതെയായിരുന്നു ഇതെല്ലാം. വഴിപാടിനും പൂജക്കുമെന്ന് പറഞ്ഞ് ഒരാളിൽനിന്ന് 1141 രൂപ മുതൽ 60,000 രൂപ വരെയാണ് വാങ്ങിയത്. വഴിപാട് നടത്തി പ്രസാദം തപാലിൽ അയച്ചുകൊടുക്കുമെന്നായിരുന്നു വാഗ്ദാനം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇടപെട്ട് വെബ്സൈറ്റിൽനിന്ന് കേരളത്തിലെ ക്ഷേത്രങ്ങളുടെ പേരുകൾ നീക്കി. എന്നാൽ, കോവിഡ് പ്രതിസന്ധി മൂലം നേരിൽ ചെന്ന് ദർശനം തേടാൻ കഴിയാത്ത ആരാധനാലയങ്ങളിലെ പൂജക്കും നേർച്ചക്കും വഴിപാടിനുമായി ഇപ്പോഴും നൂറുകണക്കിന് മലയാളികളാണ് പണം നിവേദിക്കുന്നത്.
ഒാൺലൈൻ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ
● ബാങ്ക് അക്കൗണ്ട്, കെ.വൈ.സി, ഇൻഷുറൻസ് വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് മൊബൈലിൽ അയച്ചുകിട്ടുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
●പട്ടാളത്തിൽ ജോലി ചെയ്യുന്ന ആളാണെന്ന് പരിചയപ്പെടുത്തി അപരിചിതർ നിങ്ങളുമായി ഒാൺലൈൻ ഇടപാടിന് തയാറായാൽ വിവരം ഉടൻ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കുക.
●ബാങ്ക് അക്കൗണ്ട് ബ്ലോക്കാണെന്നും അത് ശരിയാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യണം എന്നും പറഞ്ഞ് അയച്ചുകിട്ടുന്ന ലിങ്കുകൾ അവഗണിക്കുക.
●ഒാൺലൈൻ ഇടപാടുകൾക്ക് മുമ്പ് വെബ്സൈറ്റുകളുടെ ആധികാരികത അന്വേഷിച്ച് ഉറപ്പാക്കുക
●ബാങ്കിൽനിന്ന് എന്നു പറഞ്ഞ് ഫോണിൽ വിളിക്കുന്നവരോട് ബാങ്ക് മാനേജരെ ബന്ധപ്പെട്ടുകൊള്ളാമെന്ന് പറയുകയും വിവരങ്ങൾ മാനേജരെ നേരിട്ട് ധരിപ്പിക്കുകയും ചെയ്യുക.
●ഒാൺലൈൻ വായ്പയുടെ കെണിയിൽ ഒരു കാരണവശാലും വീഴാതിരിക്കുക. ലോണിന് അപേക്ഷിക്കുേമ്പാൾ നമ്മൾ നൽകുന്ന 'പെർമിഷൻസ്' വിഡിയോയും ഫോേട്ടായുമടക്കം നമ്മുടെ വ്യക്തിവിവരങ്ങൾ പൂർണമായി ചോർത്താനുള്ള അനുമതിയാണെന്ന് ഒാർക്കുക. ഇവ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം.
●ഗൂഗ്ൾ പേ പോലുള്ള പേമെൻറ് ആപ്പുകളിലെ ബാങ്ക് അക്കൗണ്ടുകളിൽ വളരെ കുറച്ച് പണം മാത്രം സൂക്ഷിക്കുക.
●ഇത്തരം ആപ്പുകളിൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടുത്താതിരിക്കുക. ഒരു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാൽ എല്ലാ അക്കൗണ്ടിലെയും പണം നഷ്ടപ്പെടും.
●ഗെയിമുകൾ, റമ്മി എന്നിവയിലേക്കുള്ള ക്ഷണങ്ങൾ നിരസിക്കുക.
ഡോ. വിനോദ് ഭട്ടതിരിപ്പാട് (സൈബർ ഫോറൻസിക് വിദഗ്ധൻ)
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.