എല്ലാറ്റിനും കാരണം റഷ്യ മാത്രമാണോ?
text_fieldsമുഖ്യധാരാ പാശ്ചാത്യ മാധ്യമങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നത് റഷ്യയും വ്ലാദിമിർ പുടിനും യുക്രെയ്നിൽ നടത്തുന്ന സൈനിക നീക്കങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നാണ്. അവരുടെ അഭിപ്രായത്തിൽ നിലവിലെ സംഘർഷം പരിഹരിക്കാനുള്ള ഏക പോംവഴിയാണിത്. എന്നാൽ, ഈ സംഘർഷാവസ്ഥ എങ്ങനെ സംജാതമായി എന്ന് മനസ്സിലായാൽ റഷ്യയോടല്ല, അമേരിക്ക നയിക്കുന്ന പടിഞ്ഞാറൻ സഖ്യത്തോട് അവരുടെ രാഷ്ട്രീയവികാര തീക്ഷ്ണത കുറക്കാനാണ് പറയുക.
നിലവിലെ പ്രശ്നങ്ങളുടെ വേരുതേടിയാൽ 1991 അവസാനിച്ച ശീതയുദ്ധത്തിലാണ് ചെന്നെത്തുക. അവിഭക്ത സോവിയറ്റ് യൂനിയന്റെ (യു.എസ്.എസ്.ആർ) പ്രസിഡന്റായിരുന്ന മിഖായേൽ ഗോർബച്ചേവ് ശീതയുദ്ധത്തിന് അന്ത്യം കുറിക്കവെ സമാധാനം സുസാധ്യമാക്കണമെങ്കിൽ അന്നത്തെ സൈനിക വിന്യാസങ്ങളും ഇല്ലാതാവണമെന്ന പക്ഷക്കാരനായിരുന്നു. നാറ്റോക്ക് ബദലായി തങ്ങൾ രൂപപ്പെടുത്തിയ വാഴ്സോ ഉടമ്പടി തന്നെ ഇല്ലാതാക്കാനും അദ്ദേഹം സന്നദ്ധനായി. പകരമായി വേണ്ടിയിരുന്നത് കൃത്യമായ ഒരു ഉറപ്പ് മാത്രമായിരുന്നു. റഷ്യയോട് ചേർന്ന് കിടക്കുന്ന പ്രവിശ്യകളിലേക്ക് നാക്കുനീട്ടി നാറ്റോ സുരക്ഷ ഭീഷണി സൃഷ്ടിക്കരുത് എന്നു മാത്രം. ഗോർബച്ചേവിന്റെ ആവശ്യത്തിന് അനുകൂലമായി ലിഖിത രൂപത്തിലായല്ലെങ്കിലും അന്നത്തെ യു.എസ് പ്രസിഡന്റ് റോണൾഡ് റീഗനും ആഭ്യന്തര സെക്രട്ടറി ക്രിസ് ബേക്കറുമെല്ലാം പ്രതികരിച്ചിരുന്നു.
കഷ്ടമെന്നേ പറയേണ്ടു,തുടർ വർഷങ്ങളിൽ ആ ഉറപ്പ് യാഥാർഥ്യമാക്കാൻ തക്ക ശ്രമങ്ങളൊന്നും യു.എസിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് മാത്രമല്ല, വാഴ്സോ ഉടമ്പടിയിൽ ഉൾപ്പെട്ടിരുന്ന ഹംഗറി, ചെക് റിപ്പബ്ലിക്, പോളണ്ട് എന്നീ രാജ്യങ്ങളെ നാറ്റോയിൽ ചേരാൻ ക്ഷണിക്കുകയും ചെയ്തു. 2020 മാർച്ച് 27ന് റഷ്യൻ നേതൃത്വത്തിന്റെ എതിർപ്പ് ഗൗനിക്കാതെ ഈ മൂന്നു രാജ്യങ്ങളും നാറ്റോയിൽ ചേർന്നു. യു.എസ്.എസ്.ആറിന്റെ ഭാഗമോ റഷ്യയുടെ സഖ്യകക്ഷികളോ ആയ മറ്റു ചില രാജ്യങ്ങളും നാറ്റോയിലെത്തി. ഈ പശ്ചാത്തലത്തിൽ കൂടി വേണം 2014ൽ നാറ്റോയെച്ചൊല്ലി റഷ്യ-യുക്രെയ്ൻ ബന്ധം വഷളായത് വിലയിരുത്താൻ. ആ സംഭവങ്ങൾക്കും നിലവിലെ വികാസങ്ങളുമായി നേരിട്ട് ബന്ധമുണ്ട്. പടിഞ്ഞാറിന്റെ ആജഞകളപ്പടി കണ്ണുമടച്ച് പിൻപറ്റാൻ തയാറല്ലായിരുന്ന, ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്ന യുക്രെയ്ൻ പ്രസിഡന്റ് വിക്ടർ യാനുകോവിച്ചിനെ പാർലമെന്ററി നടപടിക്രമങ്ങളിൽ കൃത്രിമം നടത്തി അധികാരത്തിൽനിന്ന് നീക്കിയാണ് വാഷിങ്ടണിനോട് കൂടുതൽ വിധേയത്വം പുലർത്തുന്ന ഭരണകൂടത്തെ അവിടെ പ്രതിഷ്ഠിക്കുന്നത്.
യാനുകോവിച്ച് ഭരണകൂടത്തിനും പലവിധ വീഴ്ചകളുണ്ടായിരുന്നു, എന്നാൽ, അദ്ദേഹത്തിന്റെ നിഷ്കാസനം നവ നാസി, ഫാഷിസ്റ്റ് ഘടകങ്ങളെ ശക്തിപ്പെടുത്തി. അവരുടെ റഷ്യാവിരുദ്ധ ആഖ്യാനങ്ങളും വിദ്വേഷ പ്രചാരണങ്ങളും തെരുവുകലാപങ്ങളിൽ കൊണ്ടെത്തിച്ചു; യുക്രെയ്നിയൻ സമൂഹത്തിൽ ആഴത്തിൽ മുറിവുകളുമുണ്ടാക്കി. കിഴക്കൻ യുക്രെയ്നിന്റെ പ്രദേശങ്ങളിൽ കഴിഞ്ഞ എട്ടുവർഷംകൊണ്ട് വിഘടനവാദ പ്രശ്നങ്ങൾ മൂലം 14,000 പേർക്ക് ജീവഹാനി സംഭവിച്ചുവെന്നറിയുമ്പോഴേ 2014നു ശേഷമുണ്ടായ മാറ്റങ്ങളുടെ ആഴം വ്യക്തമാവൂ. 2014ൽ നടന്ന ജനഹിത പരിശോധനയിൽ ക്രിമിയയിലെ വലിയ വിഭാഗം ആളുകളും റഷ്യക്കൊപ്പം ചേർക്കണമെന്ന നിലപാടെടുത്തത് സുരക്ഷയിലും ക്ഷേമത്തിലും ജീവിക്കണമെന്ന ഉൽക്കടമായ ആഗ്രഹത്തിൽനിന്നാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി യുക്രെയ്ൻ നാറ്റോയിൽ ചേരണം, ആണവായുധങ്ങൾ സജ്ജമാക്കണമെന്നുമൊക്കെ കിയവിലും വാഷിങ്ടണിലും കേട്ടിരുന്ന അയഞ്ഞ വർത്തമാനങ്ങൾ റഷ്യയിലെ ഉന്നതരിലും പൗരജനങ്ങളിലും ഉത്കണ്ഠ വർധിപ്പിച്ചു. ഒരു രാഷ്ട്രം എന്നനിലയിലും ജനത എന്നനിലയിലും സുരക്ഷയെക്കുറിച്ചുള്ള കൂട്ടായ ഈ ഉത്കണ്ഠയാണ് പുടിനും സെർജി ലാവ്റോവും മറ്റു നേതാക്കളും വാഷിങ്ടണിലും ലണ്ടനിലും പാരിസിലും ബർലിനിലുമുള്ള തങ്ങളുടെ പ്രതിരൂപങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. ലളിതമായി പറഞ്ഞാൽ പടിഞ്ഞാറൻ സൈനിക സഖ്യമായ നാറ്റോ തങ്ങളുടെ വാതിൽപ്പടിയിൽ വന്ന് തമ്പടിക്കുന്നത് റഷ്യ ആഗ്രഹിക്കുന്നില്ല. തികച്ചും ന്യായമായ ഈ ആശങ്ക പരിഹരിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ വിസമ്മതിച്ചു.
റഷ്യയുടെ ഭയാശങ്കകളെ സംബോധന ചെയ്യാൻ പാശ്ചാത്യശക്തികൾ, വിശിഷ്യാ വാഷിങ്ടൺ വിസമ്മതിച്ചപ്പോൾ അവർ സൈനിക ഓപറേഷനാണ് മാർഗമായി സ്വീകരിച്ചത്. തീർത്തു പറഞ്ഞാൽ അങ്ങനെ ചെയ്യാൻ മോസ്കോ പ്രകോപിപ്പിക്കപ്പെട്ടതാണ്. അവരുടെ പ്രതികരണം മനസ്സിലാക്കാൻ കഴിയുന്നതുതന്നെയാണ്, യുക്തിസഹമാണ്.
യുക്രെയ്നിൽ ഇന്നു സംഭവിക്കുന്നതെന്തെന്നറിയാൻ നമ്മൾ വാഷിങ്ടണിന്റെ പഴയകാല ചെയ്തിയൊന്ന് ഓർത്തു നോക്കാവുന്നതാണ്. 1962ൽ ഒരു ലോകയുദ്ധത്തിന്റെ പടിവാതിൽക്കൽ നിൽക്കുന്നെന്ന് തോന്നും വിധത്തിൽ അന്താരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരുന്നു. പരമ്പരാഗത ശത്രുവിനെ മനസ്സിൽ കണ്ട് തങ്ങളുടെ സഖ്യരാജ്യമായ ക്യൂബയുടെ മണ്ണിൽ റഷ്യ മിസൈലുകൾ വിന്യസിച്ചു അന്ന്. അമേരിക്കയിൽനിന്ന് 90 കിലോമീറ്റർ മാത്രം അകലെയുള്ള ക്യൂബയിൽ മിസൈലുകൾ സജ്ജമാക്കിയതിനെ പ്രകോപനമായാണ് യു.എസ് പ്രസിഡന്റ് ജോൺ കെന്നഡി കണ്ടത്. മിസൈലുകൾ അടിയന്തരമായി മാറ്റിയില്ലെങ്കിൽ ക്യൂബയെ ആക്രമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ മിസൈലുകൾ മാറ്റാൻ ക്യൂബൻ നേതാവ് ഫിദൽ കാസ്ട്രോ റഷ്യൻ സഖാക്കളോടഭ്യർഥിക്കുകയായിരുന്നു. ആ പ്രതിസന്ധി അവിടെ തീർന്നു.
കാസ്ട്രോയുടെ തീരുമാനത്തിന് പകരമായി അവിഹിതമായ മാർഗങ്ങളിലൂടെ സ്ഥാനഭ്രഷ്ടനാക്കാൻ ശ്രമിക്കില്ലെന്ന് കെന്നഡി ഉറപ്പ് നൽകി എന്നാണ് പറയപ്പെടുന്നത്. പ്രസിഡന്റ് പദത്തിലെ രണ്ടാമൂഴം തികക്കുന്നതിന് മുമ്പ് 1963 നവംബറിൽ കെന്നഡി കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ചില പിൻഗാമികൾ കാസ്ട്രോക്ക് തുരങ്കം വെക്കാൻ പലവിധ ശ്രമങ്ങൾ നടത്തിയെന്നത് വേറെ കഥ.
തങ്ങളുടെ വാതിൽപടിക്കൽ റഷ്യൻ മിസൈലുകൾ വേണ്ടെന്ന് 62 വർഷം മുമ്പ് അമേരിക്കക്ക് തോന്നിയതുപോലെതന്നെയാണ് 2022ൽ നാറ്റോ ഞങ്ങളുടെ വീട്ടുമുറ്റത്ത് വേണ്ട എന്ന് റഷ്യക്ക് തോന്നുന്നത്. അമേരിക്കയുടെ ഭീതിയെ ശമിപ്പിക്കാൻ എന്താണ് മരുന്നെന്ന് ക്യൂബൻ നേതൃത്വത്തിന് അറിയാമായിരുന്നു.
എല്ലാ ആത്മീയ-നൈതിക പാരമ്പര്യങ്ങളും പഠിപ്പിക്കുന്ന, നിങ്ങൾക്ക് അഹിതകരമായി തോന്നുന്ന സംഗതികൾ മറ്റുള്ളവരുടെ മേൽ പ്രയോഗിക്കരുത് എന്ന പരമ്പരാഗത മൂല്യമാവണം മനുഷ്യരും സമുദായങ്ങളും ഭരണകൂടങ്ങളും തമ്മിലെ ബന്ധത്തിന്റെ മൗലിക നീതിവാക്യം. അമേരിക്കൻ മേലാളർ അന്താരാഷ്ട്ര വിഷയങ്ങളിൽ ഈ മൗലികനീതിക്ക് തരിമ്പും പ്രാധാന്യം കൽപിക്കുന്നില്ലതന്നെ.
(കുട്ടനാട്ടിൽ കുടുംബ വേരുകളുള്ള ഡോ. ചന്ദ്ര മുസഫർ ശ്രദ്ധേയ രാഷ്ട്രമീമാംസ ശാസ്ത്രജ്ഞനും മലേഷ്യയിലെ
ഇന്റർനാഷനൽ മൂവ്മെന്റ് ഫോർ എ
ജസ്റ്റ് വേൾഡ് പ്രസിഡന്റുമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.