മഹാഗുരുക്കളുടെ സമാഗമത്തിന് ഒരു നൂറ്റാണ്ട്
text_fieldsഗുരുദേവ് രബീന്ദ്രനാഥ് ടാഗോർ ശ്രീനാരായണ ഗുരുദേവനെ
ശിവഗിരിയിൽ സന്ദർശിക്കാനെത്തിയിട്ട്
ഇന്നേക്ക് 100 വർഷം
രബീന്ദ്രനാഥ് ടാഗോർ, മഹാത്മാഗാന്ധി, രാജാജി, വിനോബഭാവെ തുടങ്ങിയ ഇന്ത്യയുടെ ദേശീയ നായകർ ശ്രീനാരായണ ഗുരുദേവനെ ശിവഗിരിയിലെത്തി സന്ദർശിച്ചിട്ടുണ്ടെന്ന് പ്രശസ്തനായ ഒരു അധ്യാത്മ ഗുരുവിനോട് ഇതെഴുതുന്നയാൾ പറയുകയുണ്ടായി. 'അത് അവരുടെ പുണ്യം' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിവചനം. മഹർഷി രബീന്ദ്രനാഥ് ടാഗോർ ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുദേവനെ ദർശിച്ചത് കൃത്യം 100 വർഷം മുമ്പ്-1922 നവംബർ 15നാണ്. ഈ അപൂർവ സമാഗമത്തിന്റെ ശതാബ്ദി ആഘോഷം നടക്കുകയാണ് ശിവഗിരിയിലിപ്പോൾ.
നൊബേൽ സമ്മാന ജേതാവ് എന്ന നിലയിൽ ടാഗോർ മഹാകവി ഭുവനപ്രസിദ്ധിയുടെ പരകോടിയിൽ നിൽക്കുന്ന വേളയിലായിരുന്നു ശിവഗിരിയിലേക്കുള്ള വരവ്. പ്രാചീന ഗുരുകുല വിദ്യാഭ്യാസ സംസ്കൃതി ടാഗോറിനെ ഏറെ സ്വാധീനിച്ചിരുന്നു. 1901ൽ ശാന്തിനികേതൻ സ്ഥാപിക്കുമ്പോൾ പ്രാചീന-ആധുനിക സംസ്കൃതികൾ സമന്വയിപ്പിച്ച് പുതിയൊരു വിദ്യാഭ്യാസ സംസ്കാരത്തിന് രൂപവും ഭാവവും നൽകാനാണ് അദ്ദേഹം ലക്ഷ്യമിട്ടത്. ഈ ശാന്തിനികേതന്റെ വികസിത രൂപമാണ് 1921ൽ സ്ഥാപിതമായ വിശ്വഭാരതി.
വിശ്വഭാരതിയുടെ ധനശേഖരണാർഥം ഭാരതത്തിനകത്തും പുറത്തുമായി സഞ്ചരിച്ചിരുന്ന മഹാകവിയെ തിരുവിതാംകൂർ മഹാരാജാവ് മൂലം തിരുനാൾ തന്റെ സാമ്പത്തിക പിന്തുണ ഏറ്റുവാങ്ങാനായി തിരുവനന്തപുരത്തേക്ക് ക്ഷണിക്കുകയായിരുന്നു. അതുപ്രകാരം ടാഗോർ, മകൻ രതീന്ദ്രനാഥ് ടാഗോർ, പുത്രപത്നി പ്രതിമാദേവി, പ്രൈവറ്റ് സെക്രട്ടറി ദീനബന്ധു സി.എഫ്. ആൻഡ്രൂസ് എന്നിവരോടൊപ്പം ട്രെയിനിൽ തിരുവനന്തപുരത്തേക്ക് വന്നു. മഹാകവിയെ സ്വീകരിക്കാൻ മഹാരാജാവിന്റെ പ്രതിനിധിയായി ദിവാൻ രാഘവയ്യയും സ്വാഗതസംഘം ചെയർമാൻ മള്ളൂർ ഗോവിന്ദപിള്ളയും റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ഇന്നത്തെ അയ്യൻകാളി ഹാളിന് (വി.ജെ.ടി ഹാൾ) പടിഞ്ഞാറുഭാഗം വിശാലമായൊരു മൈതാനമായിരുന്നു. അവിടെ കമനീയമായ പന്തലുയർത്തി പ്രൗഢഗംഭീരമായ സ്വീകരണമാണ് മഹാകവിക്ക് നൽകിയത്.
ടാഗോറിനെയും സംഘത്തെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. കുമാരനാശാൻ രചിച്ച ടാഗോർ മംഗളം- ദിവ്യ കോകിലം എന്ന സംസ്കൃതപദബഹുലമായ മണിപ്രവാള ശൈലിയിലുള്ള കവിത, യുവാവായ സി. കേശവൻ ശ്രുതിമധുരമായി ആലപിക്കുന്നതുകേട്ട് ടാഗോർ സന്തോഷപൂർവം താളംപിടിച്ചു. കുമാരമഹാകവി ആനന്ദാശ്രുക്കൾ പൊഴിച്ച് സമീപത്തുതന്നെ നിന്നിരുന്നു.
ടാഗോറിന് തിരുവനന്തപുരത്ത് നാലഞ്ച് പരിപാടികളുണ്ടായിരുന്നുവെങ്കിലും ദേഹാസ്വാസ്ഥ്യം നിമിത്തം അവയെല്ലാം ഒഴിവാക്കപ്പെട്ടു. എന്നിരിക്കിലും ആറ്റിങ്ങൽ വഴി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുദേവനെ ദർശിച്ച് കൊല്ലത്തേക്ക് മടങ്ങാമെന്ന് തീരുമാനിച്ചു. ഉടൻ ചില ജാതിവാദികൾ അത് മുടക്കാൻ ശ്രമിച്ചു. തലേന്നാൾ മഴ പെയ്തിരുന്നതിനാൽ വഴി ചളിനിറഞ്ഞ് സഞ്ചാരയോഗ്യമല്ലെന്നായിരുന്നു അവരുടെ വാദം. എന്നാൽ, ബ്രഹ്മസമാജത്തിന്റെ കേരള ഘടകം സെക്രട്ടറിയായിരുന്ന ശിവപ്രസാദ് സ്വാമികൾ ഈ വാദത്തെ ശക്തമായി നിഷേധിച്ച് വാസ്തവം ധരിപ്പിച്ചതോടെ ടാഗോർ യാത്ര തുടർന്നു. മഹാകവിയും ആൻഡ്രൂസും സ്പെഷൽ ഓഫിസർ സുബ്രഹ്മണ്യ അയ്യരും കൂടി മസാവരി ബംഗ്ലാവിൽ എത്തിച്ചേർന്നു.(ഇപ്പോൾ സർക്കാർ ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടം) ഡോ. പൽപ്പുവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എൻ. കുമാരനും ടാഗോറിനെ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. തുടർന്ന് മഞ്ചലിലേറി സത്യവ്രതസ്വാമികൾ ഉൾപ്പെടെയുള്ള സന്യാസിമാരുടെ അകമ്പടിയോടെ ശിവഗിരിയിലേക്ക്. 'മഹാകവി ടാഗോർ കീ ജയ്' എന്ന മുദ്രാവാക്യം അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു. ശാരദാമഠത്തിന് തെല്ലകലെ വെച്ച് മഞ്ചലിൽ നിന്നിറങ്ങിയ ടാഗോർ ഷൂസുകൾ അഴിച്ചുവെച്ച് ശാരദാമഠത്തിൽ ദർശനം നടത്തി. ശാരദാമഠത്തിന്റെ സവിശേഷതകൾ ഗുരുദേവ ശിഷ്യന്മാർ മഹാകവിയെ ധരിപ്പിച്ചു. വിശ്വഭാരതിയിൽ ശാരദോത്സവം സംഘടിപ്പിച്ചിരുന്ന മഹാകവിക്ക് ശിവഗിരിയിലെ ശാരദയുടെ അലൗകിക സൗന്ദര്യവും അനുഷ്ഠാന പദ്ധതിയും ശുചിത്വവും ഏറെ ആകർഷണീയമായി.
മഹാകവി വൈദികമഠത്തിന്റെ വരാന്തയിലേക്ക് കാൽവെച്ച് കയറിയതും ഗുരുദേവൻ കതകുതുറന്ന് വരാന്തയിലേക്ക് ഇറങ്ങിയതും ഒരേ സമയത്തായിരുന്നു. ടാഗോർ, ഗുരുദേവന്റെ അലൗകിക മുഖകാന്തി ദർശിച്ച് 'Oh great saint' എന്ന് തന്നോടെന്ന വണ്ണം പറഞ്ഞ് നമസ്കരിച്ചു. തുടർന്ന് വരാന്തയിൽ വിരിച്ച മൂന്ന് തടുക്കുപായകളിൽ ഗുരുദേവനും ടാഗോറും ആൻഡ്രൂസും ഇരുന്നു. സംഭാഷണം സംസ്കൃതത്തിലാകാമെന്ന് ടാഗോറിനോട് പറഞ്ഞപ്പോൾ, അദ്ദേഹത്തിന് ബംഗാളി കലർന്ന സംസ്കൃതമേ അറിയൂ എന്ന വിവരം ലഭിച്ചു. ഉടൻ ദ്വിഭാഷികളായി കുമാരനാശാനും എൻ. കുമാരനും നിയോഗിക്കപ്പെട്ടു. ഗുരുദേവൻ അരുളിച്ചെയ്യുന്നത് കുമാരനാശാൻ ടാഗോറിന് തർജമ ചെയ്തുകൊടുക്കും. ടാഗോർ പറയുന്നത് എൻ. കുമാരൻ ഗുരുവിനോട് തർജമ ചെയ്ത് പറയും. ആ സംഭാഷണം അരമണിക്കൂർ നീണ്ടു. 'അങ്ങയെ ദർശിച്ചതോടെ എന്റെ ഹൃദയത്തിന് വല്ലാത്തൊരു മാറ്റം സംഭവിച്ചിരിക്കുന്നു' എന്ന ആമുഖത്തോടെ ടാഗോർ സംസാരം ആരംഭിച്ചു. അതിന് മറുപടിയായി ഗുരുദേവൻ ഒന്ന് പുഞ്ചിരിച്ചതേ ഉള്ളൂ. ആത്മമിത്രമായിരുന്ന സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമായി വിശേഷിപ്പിച്ച ദേശത്തിന്റെ മുഖച്ഛായ ഗുരുവിന്റെ പ്രവർത്തനങ്ങളാൽ പരിവർത്തിപ്പിക്കപ്പെട്ടതും കേരളം ഒരു തീർഥാലയമായതുമൊക്കെ ടാഗോറിന്റെ ഉള്ളിൽ തെളിഞ്ഞു. ആ അറിവിൽ പ്രചോദിതനായ ടാഗോർ, 'സ്വാമി അവിടുന്ന് ഏറെ പ്രവർത്തിച്ചുവല്ലോ. കേരളമിന്ന് ഭ്രാന്താലയമല്ല. കേരളമിന്ന് ഇന്ത്യക്ക് മുഴുവൻ മാതൃകയായിരിക്കുന്നു. സ്വാമികൾ വളരെയേറെ പ്രവർത്തിച്ചു'വെന്ന് പറഞ്ഞു. അതിന് മറുപടിയായി 'നാം ഒന്നും ചെയ്യുന്നില്ലല്ലോ' എന്നായിരുന്നു ഗുരുവാണി. കാറ്റും മഴയും മഞ്ഞും വെയിലും സഹിച്ച് നഗ്നപാദനായി രാജ്യമെമ്പാടും സഞ്ചരിച്ച് പാവങ്ങളുടെ കണ്ണീരൊപ്പി ദീനർക്കാശ്വാസം നൽകി സദാകർമത്തിൽ മുഴുകിയിരുന്ന ഗുരുദേവൻ 'ഒന്നും ചെയ്യുന്നില്ലെന്നോ'. കേട്ടുനിന്നവർ ആശ്ചര്യപ്പെട്ടു. എന്നാൽ, ഗുരുദേവൻ അരുളിയതിന്റെ അർഥം ടാഗോറിന് മനസ്സിലായി. ടാഗോർ വീണ്ടും പറഞ്ഞു-'ജനങ്ങളുടെ കണ്ണ് തുറപ്പിക്കുന്നതിൽ സ്വാമി ഇനിയും പ്രവർത്തിക്കണം'. അതിന് ഗുരു, 'ജനങ്ങളുടെ കണ്ണുകൾ തുറന്നുതന്നെയാണിരിക്കുന്നതെങ്കിലും അവർ കാണുന്നില്ല എന്നേയുള്ളു' എന്നു മൊഴിഞ്ഞു. സംഭാഷണം കുറേ നീണ്ടു.
ഗുരുവിന്റെ ആത്മീയവും സാമൂഹികവും വിദ്യാഭ്യാസപരവുമായ കാഴ്ചപ്പാടുകൾ ടാഗോർ ചോദിച്ചറിഞ്ഞു. 'കർമനിരതനായ ആ ജ്ഞാനിയുടെ' യഥാർഥ സ്വരൂപം നല്ലവണ്ണം മനസ്സിലാക്കിയ വിശ്വമഹാകവിക്ക് അത്യാദരവാണ് ഗുരുവിനോട് തോന്നിയത്. സംഭാഷണം കഴിഞ്ഞ് എഴുന്നേറ്റ ടാഗോർ ഗുരുവിനെ കുനിഞ്ഞ് നമസ്കരിക്കുകയും മതിയാകാഞ്ഞ് ഗുരുവിന്റെ രണ്ട് കൈകളും കൂട്ടി ഒന്നാക്കിച്ചേർത്ത് അതിൽ കുനിഞ്ഞ് ചുംബിക്കുകയും ചെയ്തു. ടാഗോറിനെ അനുഗ്രഹിക്കുന്ന മട്ടിൽ ഗുരുദേവൻ തിരിച്ച് അഭിവാദനം ചെയ്തു.
അതിഥി സൽക്കാരത്തിന് ആഹാരം തയാറാക്കാൻ ഡോ. പൽപ്പു തിരുവനന്തപുരത്തുനിന്ന് പാചകക്കാരായ രണ്ട് തമിഴ് ബ്രാഹ്മണരെ കൊണ്ടുവന്നിരുന്നു. എന്നാൽ ഉചിതനായ മഹാഗുരു, പാകം ചെയ്ത ഭക്ഷണം ഒഴിവാക്കി ടാഗോർ അനുഭവിച്ചിട്ടില്ലാത്ത ആഹാരം നൽകാൻ നിർദേശിച്ചു. തലേന്നാൾ മറിഞ്ഞുവീണ തെങ്ങിന്റെ തലപ്പിൽനിന്നുള്ള കാമ്പ് (അകത്തെ ഏറ്റവും ലോലമായ ഭാഗം), ഇളനീര്, കരിക്കിൻ കാമ്പ് തുടങ്ങിയവയാണ് നൽകിയത്. തന്റെ ജീവിതത്തിൽ ഇത്ര ആസ്വാദ്യകരമായ ഭക്ഷണം ആഹരിച്ചിട്ടില്ലെന്ന് മഹാകവി തീർത്തുപറഞ്ഞു. ആൻഡ്രൂസിനും ഇത് ആശ്ചര്യമായിരുന്നു. യാത്രയാകുന്നനേരം ശിവഗിരിയിലെ സന്ദർശന ഡയറിയിൽ രബീന്ദ്രനാഥ് ടാഗോർ എഴുതി.
''ഞാൻ ലോകത്തിന്റെ നാനാഭാഗത്തും സഞ്ചരിച്ചുവരുകയാണ്. ഇതിനിടയിൽ പല മഹാത്മാക്കളെയും ഗുരുക്കന്മാരെയും മഹർഷിമാരെയും കാണാനുള്ള അപൂർവ ഭാഗ്യം സിദ്ധിച്ചു. എന്നാൽ, ഒരുകാര്യം ഞാനിവിടെ തുറന്നു സമ്മതിക്കുകയാണ്. മലയാളത്തിലെ ശ്രീനാരായണ ഗുരുവിനേക്കാൾ മികച്ചതോ തുല്യനോ ആയ ഒരു മഹാത്മാവിനെയും ഞാനിതുവരെ കണ്ടിട്ടില്ല. ചക്രവാളസീമക്കും അപ്പുറത്തേക്കു നീണ്ടിരിക്കുന്ന ആ യോഗനയനങ്ങളും ഈശ്വരചൈതന്യം നിറഞ്ഞ് സ്വയം പ്രകാശമാനമായ ദ്യുതിയിൽ പ്രശോഭിക്കുന്ന അവിടത്തെ തിരുമുഖവും ഞാനൊരു കാലത്തും മറക്കുകയില്ല''.
സി.എഫ്. ആൻഡ്രൂസ് തന്റെ അനുഭവം ഇങ്ങനെ രേഖപ്പെടുത്തി: ''ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു. ആ ചൈതന്യമൂർത്തി ഇന്ത്യയുടെ തെക്കേയറ്റത്ത് വിജയിച്ചരുളുന്ന, ശ്രീനാരായണഗുരുസ്വാമികളല്ലാതെ മറ്റാരുമല്ല''.
ഡോ. പൽപ്പു ആയിടെ മൂലൂർ പത്മനാഭ പണിക്കർക്ക് എഴുതിയ കത്തിൽ കാണാം. 'വിശ്വമഹാകവി ടാഗോറിന് നമ്മുടെ സ്വാമിയെ ഏറെ പിടിച്ചു. സ്വാമിയെ കൽക്കട്ടക്ക് കൊണ്ടുവരണമെന്ന് എന്നെ ഏൽപിച്ചിട്ടാണ് മടങ്ങിയത്. തൽക്കാലം സ്വാമിക്ക് നല്ല സുഖമില്ല. അസുഖം മാറട്ടെ, എന്നിട്ടാവാം യാത്ര'. ദൗർഭാഗ്യവശാൽ ആ യാത്ര നടന്നില്ല. നടന്നിരുന്നെങ്കിൽ...
(ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റാണ് സ്വാമി സച്ചിദാനന്ദ )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.