കോണ്‍ഗ്രസിന്‍റെ തകര്‍ച്ച; ബി.ജെ.പിയുടെ വളര്‍ച്ച
text_fields
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലായ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ തുടര്‍ച്ചയെ കുറിച്ചുള്ള യു.ഡി.എഫ് മോഹത്തിന്‍്റെ കടക്കല്‍ കത്തി വെക്കുന്നതാണ്. അടുത്ത സര്‍ക്കാര്‍ തങ്ങളുടെതാണെന്ന പ്രതീക്ഷ എല്‍.ഡി.എഫില്‍ വളര്‍ത്തുന്നതിനൊപ്പം കേരളത്തില്‍ ബി.ജെ.പി യുടെ ശക്തമായ മുന്നേറ്റം ശരി വെക്കുന്നതാണ് ഫലം. ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന വിജയമാണ് ബി.ജെ.പി നേടിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം ബി.ജെ.പി സാന്നിധ്യം അറിയിച്ചിരിക്കുന്നു. ഇതുവരെ കടന്നു കയറാന്‍ പറ്റാതിരുന്ന ഇടങ്ങളില്‍ അക്കൗണ്ട് തുറന്നിരിക്കുന്നു.
അഴിമതിയിലും അപവാദങ്ങളിലും മുങ്ങിത്താണ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ജനപിന്തുണ നഷ്ടപ്പെട്ടു എന്ന് തെളിയിക്കുന്നതാണ് തദ്ദേശ ഫലം. കോണ്‍ഗ്രസിന്‍്റെ ശക്തിക്ഷയം അത് അടിവരയിടുന്നു. ബി ജെ.പി.യുടെ കടന്നുകയറ്റത്തില്‍ ഇനി വലിയ നഷ്ടം വരാനിരിക്കുന്നത് കോണ്‍ഗ്രെസ്സിനാണെന്ന വ്യക്തമായ സൂചനയും നല്‍കുന്നു. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം കോര്‍പറേഷനിലെ ഫലം വിരല്‍ ചൂണ്ടുന്നത് അതിലേക്കാണ്.
സംസ്ഥാനത്തെ ആറു കോര്‍പറേഷനുകളില്‍ എല്‍.ഡി.എഫ് കേവല ഭൂരിപക്ഷം നേടിയത് കൊല്ലത്തും കോഴിക്കോട്ടുമാണ് . യു.ഡി.എഫിന് ഭരിക്കാനുള്ള സീറ്റ് കിട്ടിയത് കൊച്ചിയില്‍ മാത്രവും. കണ്ണൂരില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. ഇവിടെ ജയിച്ച കോണ്‍ഗ്രസ് വിമതന്‍ പിന്തുണച്ചാല്‍ യു.ഡി.എഫിന് ഭരിക്കാം. തിരുവനന്തപുരത്തും തൃശൂരിലും എല്‍.ഡി.എഫ് ഒന്നാമതാണെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷമില്ല.
തിരുവനന്തപുരം കോര്‍പറേഷനില്‍ 6 സീറ്റ് ഉണ്ടായിരുന്ന ബി.ജെ.പി അത് ആറിരട്ടിയായി വര്‍ധിപ്പിച്ചു . യു.ഡി.എഫ് അംഗങ്ങളുടെ എണ്ണം നേര്‍ പകുതിയായി താഴ്ന്നു. എല്‍.ഡി.എഫിനും നിലവില്‍ ഉണ്ടായിരുന്ന സീറ്റില്‍ ഗണ്യമായ കുറവു വന്നു. യു.ഡി.എഫിന്‍റെ തകര്‍ച്ചയും എല്‍.ഡി.എഫിന്‍്റെ ശക്തിക്ഷയവും ബി.ജെ.പിക്ക് അനുകൂലമായി മാറുന്ന രാഷ്ര്ടീയമാണ് അവിടെ തെളിഞ്ഞു വരുന്നത്. നഗരങ്ങളിലാണ് ഇതു പ്രത്യക്ഷത്തില്‍ പ്രകടമായിരിക്കുന്നത്. ഗ്രാമ പഞ്ചായത്തുകളില്‍ പൊതുവില്‍ ഇടതു മുന്നേറ്റമാണ് കാണാന്‍ കഴിയുന്നത്. മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലുമാണ് ബി.ജെ.പി സാന്നിധ്യം തെളിയിച്ചിരിക്കുന്നത്. യു.ഡി.എഫിനാകട്ടെ , വലിയ തോതിലുള്ള തകര്‍ച്ച പൊതുവില്‍ സംഭവിച്ചു .
എസ്.എന്‍.ഡി.പിയുമായി കൂട്ടുചേര്‍ന്ന് ബി.ജെ.പി നേതൃത്വത്തില്‍ കേരളത്തില്‍ മൂന്നാം മുന്നണി ഉദയം ചെയ്ത തെരഞ്ഞെടുപ്പായിരുന്നു ഇത്. കഴിഞ്ഞ രണ്ടു മാസം സംസ്ഥാന രാഷ്ര്ടീയം കറങ്ങിയത് ഇതിനു ചുറ്റിലുമാണ്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍്റെ ഒത്താശയോടെ ഈഴവ സമുദായത്തെ ബി.ജെ.പി കൂടാരത്തില്‍ എത്തിക്കുക എന്ന ക്വട്ടേഷന്‍ ഏറ്റെടുത്ത വെള്ളാപ്പള്ളി നടേശനു ചില കേന്ദ്രങ്ങളില്‍ സ്വാധീന ശക്തിയാകാന്‍ കഴിഞ്ഞു. നടേശന്‍്റെ ജില്ലയായ ആലപ്പുഴയില്‍ ഗ്രാമ പഞ്ചായത്തുകളില്‍ മേധാവിത്തം നില നിര്‍ത്താന്‍ എല്‍.ഡി.എഫിന് കഴിഞ്ഞെങ്കിലും നഗരസഭകളില്‍ തിരിച്ചടി നേരിട്ടു . എല്‍.ഡി.എഫ് ഭരിച്ചിരുന്ന ആലപ്പുഴ നഗരസഭ യു.ഡി.എഫ് പിടിച്ചെടുത്തു. ബി.ജെ.പി സാന്നിധ്യം ഇല്ലാതിരുന്ന ഇവിടെ 4 സീറ്റുകളില്‍ ബി.ജെ.പി ജയിച്ചു. എസ്.എന്‍.ഡി.പിയുടെ ശക്തികേന്ദ്രമായ മാവേലിക്കരയില്‍ ബി.ജെ.പി 2ല്‍ നിന്ന് 9ആയി ഉയര്‍ന്നു. കായംകുളം നഗരസഭയില്‍ 7സീറ്റില്‍ ബി.ജെ.പി ജയിച്ചു. സി.പി.എം ശക്തികേന്ദ്രമായ പുന്നപ്രയില്‍ അടക്കം എല്‍.ഡി.എഫിന് തിരിച്ചടി നേരിട്ടു .
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഇടതുമുന്നണി വിട്ടു യു.ഡി.എഫില്‍ ചേക്കേറിയ ആര്‍.എസ്.പി, അവരുടെ ശക്തി കേന്ദ്രമായി കരുതപ്പെട്ടിരുന്ന കൊല്ലത്ത് തകര്‍ന്നടിഞ്ഞു. യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിനു ചില കേന്ദ്രങ്ങളില്‍ തിരിച്ചടി നേരിട്ടു. മലപ്പുറം ജില്ലയില്‍ ലീഗ് പിടിച്ചു നിന്നെങ്കിലും കോണ്‍ഗ്രസുമായി വേര്‍ പിരിഞ്ഞു മത്സരിച്ച ഇടങ്ങളില്‍ പരാജയം രുചിച്ചു. ചില പരമ്പരാഗത കേന്ദ്രങ്ങള്‍ ലീഗിനെ കൈവിട്ടു. കൊല്ലം കോര്‍പറേഷനില്‍ ആദ്യമായി ലീഗിന് ഒരൊറ്റ അംഗം പോലുമില്ലാതായി. അര നൂറ്റാണ്ടായി ലീഗ് ഭരിക്കുന്ന ഈരാറ്റുപേട്ട പഞ്ചായത്ത് മുനിസിപ്പാലിറ്റി ആയപ്പോള്‍ ഭരണം പോയി.
ബാര്‍ കോഴ വിവാദത്തില്‍ മുങ്ങിയ കെ.എം മാണിയുടെ കേരളാ കോണ്‍ഗ്രസിന് ഒരു പരിക്കും പറ്റിയില്ളെന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍്റെ പ്രത്യേകത. കോട്ടയം ജില്ലയിലെ കേരളാ കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങള്‍ പാറ പോലെ ഉറച്ചുനിന്നു. മാണിയെ കൈവിട്ട പി.സി ജോര്‍ജും പിടിച്ചു നിന്നു. എന്നാല്‍, ഇടതു പക്ഷത്തിനു കൂറു പ്രഖ്യാപിച്ച ആര്‍.ബാലകൃഷ്ണപിള്ളക്ക് കൊട്ടാരക്കരയില്‍ വലിയ തിരിച്ചടി കിട്ടി.
ആര്‍.എസ്.പി യെ പോലെ ഇടതു മുന്നണി വിട്ടു പോയ ജനതാദള്‍ യു വിനും സുഖകരമായ ഒന്നല്ല തദ്ദേശ ഫലം. എല്‍.ഡി.എഫില്‍ നിന്ന് മത്സരിച്ചതിനെ അപേക്ഷിച്ച് വളരെ കുറച്ചു പേരെ മാത്രമേ ജയിപ്പിക്കാന്‍ കഴിഞ്ഞുള്ളു. കോണ്‍ഗ്രസ്സും ജനതാദളും ഒരുമിച്ചാല്‍ വയനാട് ജില്ല അനങ്ങില്ല എന്ന വിശ്വാസം ഇത്തവണ തകര്‍ന്നു.
എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ജനപിന്തുണയുള്ള പാര്‍ട്ടികളാണ് യു.ഡി.എഫിലുള്ളത് എന്നു കാണാം. കോണ്‍ഗ്രസ് നേതൃത്വത്തിലെ മുന്നണിയില്‍ മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസ്സും വലിയ ശക്തികളാണ്. അതേ സമയം സി.പി.എം ഒഴികെ എല്‍.ഡി.എഫ് കക്ഷികളുടെ ജനകീയ അടിത്തറ ശുഷ്കവുമാണ്. സി.പി.എമ്മിന്‍റെ സഹായമില്ലാതെ തെരഞ്ഞെടുപ്പ് ജയിക്കാന്‍ പറ്റുന്ന ഒരൊറ്റ പാര്‍ട്ടി പോലും ഈ മുന്നണിയിലില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന ഒരു തെരഞ്ഞെടുപ്പിലും ജയിക്കാന്‍ പറ്റാതിരുന്ന എല്‍.ഡി എഫിന് വലിയ പ്രതീക്ഷ നല്‍കുന്ന ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പു സമ്മാനിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ കുറെക്കാലമായി നിലനിന്നിരുന്ന വിഭാഗീയതക്ക് അവധി കൊടുത്ത് അച്യുതാനന്ദനും പിണറായി വിജയനും സഹകരിച്ച് ഇറങ്ങിയതിന്‍റെ ഫലം കൂടിയാണ് ഇത് . പിണങ്ങിപ്പോയ പാര്‍ട്ടികളെ തിരിച്ചു വിളിക്കാനും മുന്നണി വിപുലീകരിക്കാനുമുള്ള ആത്മവിശ്വാസം ഇതിലൂടെ സി പി എമ്മിന് ലഭിച്ചു. ആര്‍ എസ് പി യും ജനതാദളും ഈ വിളി കാത്തിരിക്കുകയുമാണ്.
കോണ്‍ഗ്രസില്‍ നിയമസഭാ കക്ഷി നേതൃമാറ്റത്തിനുള്ള മണി മുഴങ്ങാന്‍ ഇനി അധിക സമയം വേണ്ടി വരില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിനു ആക്കം കൂട്ടാനാണ് ഈ തോല്‍വി വഴി വെക്കുക. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രതിപക്ഷം നടത്തിയ എല്ലാ സമരങ്ങളെയും യു.ഡി.എഫ് അതിജീവിച്ചിരുന്നു. സരിത -സോളാര്‍-സലിംരാജ് വിഷയങ്ങളില്‍ മൂക്കറ്റം മുങ്ങിയ സര്‍ക്കാര്‍ ബാര്‍ കോഴയിലും കെ.എം മാണിക്ക് കവചമായി നില കൊണ്ടു. മാണിക്ക് അതു കൊണ്ട് വലിയ പരിക്കേറ്റില്ളെങ്കിലും കോണ്‍ഗ്രസിന് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. കോണ്‍ഗ്രസിന്‍റെ പരമ്പരാഗത വോട്ടര്‍മാര്‍ അവരെ കൈവെടിഞ്ഞ് ബി.ജെ.പി യിലേക്ക് തിരിയുന്നതിന്‍റെ സൂചനകള്‍ തദ്ദേശ ഫലത്തില്‍ വ്യക്തമാണ്. ചിലയിടങ്ങളില്‍ താല്‍കാലിക ലാഭത്തിനു വേണ്ടി ബി.ജെ.പിയുമായി കോണ്‍ഗ്രസ് വോട്ടുകച്ചവടം നടത്തിയതിന്‍റെ സൂചനകള്‍ പുറത്തായിക്കഴിഞ്ഞു.
കാലത്തിന്‍റെ ചുവരെഴുത്ത് വായിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ സംഭവിച്ചതു പോലെ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുന്ന കാലം അതിവിദൂരമല്ല. അരുവിക്കര തെരഞ്ഞെടുപ്പു കാലത്ത് ഉമ്മന്‍ചാണ്ടി പറഞ്ഞത് മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്നാണ്. കേരളത്തിന്‍റെ രാഷ്ര്ടീയകാലാവസ്ഥയില്‍ എല്‍.ഡി.എഫിനെ തകര്‍ക്കാന്‍ എടുക്കുന്ന അത്ര സമയം വേണ്ടി വരില്ല കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.