Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightബിഹാര്‍ വിധിയെഴുതിയത്...

ബിഹാര്‍ വിധിയെഴുതിയത് പിളര്‍പ്പിന്‍റെ സമവാക്യവും പിഴച്ച പ്രചാരണവും

text_fields
bookmark_border
ബിഹാര്‍ വിധിയെഴുതിയത് പിളര്‍പ്പിന്‍റെ സമവാക്യവും പിഴച്ച പ്രചാരണവും
cancel

വാര്‍ത്താ ലേഖകനായി ഡല്‍ഹിയില്‍ എത്തിയതിന് ശേഷം നടന്ന ബിഹാറിലെ ആറാമത്തെ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞത്. കേരളം കഴിഞ്ഞാല്‍ ഏറ്റവും പരിചയമുള്ള സംസ്ഥാനങ്ങളായി ഈ കാലയളവില്‍ യു.പിയും ബീഹാറും മാറിക്കഴിഞ്ഞിരുന്നു. ഈ സംസ്ഥാനങ്ങളിലെ ഏതാണ്ടെല്ലാ പ്രധാന നഗരങ്ങളിലും അറിയാവുന്ന ഒരു വിലാസമെങ്കിലും ഉണ്ട്. ശൈഖ് പുരയിലെ പാലത്തിനു സമീപം നല്ല ചെമ്മീന്‍ കറി കിട്ടുമെന്നും അരരിയയില്‍ നിന്നു കിഷന്‍ ഗഞ്ചിലേക്കു തിരിയുന്ന വഴിയില്‍ പശു ഇറച്ചി സ്റ്റൂ കിട്ടുന്ന ഹോട്ടലുകളുണ്ടെന്നും ചക്വന്‍ ചൗരാഹയില്‍ ലഡുവിന് നാല് രൂപയേ ഉള്ളുവെന്നും ആരയിലെ ലിട്ടിയാണ് ഏറ്റവും മുന്തിയതെന്നും മറ്റുമുള്ള ചെറിയ വിവരങ്ങള്‍ പോലും ബീഹാറിനെ കുറിച്ച ഓര്‍മ്മപ്പുസ്തകത്തിലുണ്ട്. യാദവന്‍മാരും കുര്‍മികളും കൊയേരികളും കുമാറുകളും ഭൂമിഹാറുകളും ബനിയകളും ബ്രാഹ്മണരും ഠാക്കൂറുകളും ലോഹാറുകളും തേലികളും ബധാധികളും കേവാടുകളും ഏതൊക്കെ ജില്ലകളിലും നഗരങ്ങളിലും ഉണ്ടെന്ന രാഷ്ട്രീയക്കാരന്‍്റെ അതേ ഡയറിക്കുറിപ്പുകള്‍ തന്നെയാണ് ബീഹാറില്‍ പോകുന്ന പത്രക്കാരനും കൊണ്ടു നടക്കേണ്ടത്. എന്‍.ഡി.എ സഖ്യം 70 കടക്കില്ല എന്ന് നവംബര്‍ 2നും പിന്നീട് 5നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനായത്  ആ അറിവുകളായിരുന്നു.
 


ബിഹാറില്‍ ആര് ജയിക്കുമെന്ന് കണ്ടത്തെുന്നതില്‍ നമ്മുടെ ചാനലുകളും സര്‍വേക്കാര്‍ക്കും തെറ്റു പറ്റിയതാണെന്ന് പറയാനാവില്ല. തെറ്റിച്ചു പറയാന്‍ നിര്‍ബന്ധിതരാവുന്ന കാലത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍്റെ അനിവാര്യ ദുരന്തമായിരുന്നു ആ സര്‍വെകള്‍. ജാതിസമവാക്യങ്ങള്‍ തികച്ചും അനുകൂലമായ, സവര്‍ണ ജാതിക്കാര്‍ക്ക് മുന്‍തൂക്കമുള്ളതോ നഗരവാസികള്‍ക്ക് ആധിപത്യമുള്ളതോ ആയ മൂന്നോ നാലോ ഡസന്‍ മണ്ഡലങ്ങള്‍ക്കു പുറത്ത് ബി.ജെ.പി സഖ്യം ജയിക്കുന്നതിന്‍്റെ സൂചനകള്‍ എവിടെയും ദൃശ്യമായിരുന്നില്ല. പ്രചാരണഘട്ടം മുതലേ എന്‍.ഡി.എ വാര്‍ത്തകള്‍ക്ക് മുന്‍ തൂക്കം നല്‍കിയ മാധ്യമങ്ങള്‍ 8ാം തീയതി പത്ത് മണിവരെ സത്യം പറയാതെ പിടിച്ചു നിന്നു.  

ഒരേ തന്ത്രം, അതേ മുഖം
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയ ഹോര്‍ഡിംഗുകളില്‍ തീയതി മാറ്റി എഴുതിയതു പോലെയാണ് എന്‍.ഡി.എയുടെ പ്രചാരണം നടന്നത്. ബീഹാറിന്‍്റെ ഇപ്പോഴത്തെ അടിയൊഴുക്കുകളെ കുറിച്ച ഒരു ഗൃഹപാഠവും അവര്‍ നടത്തിയിരുന്നില്ല. പുതിയ ഒരു മുദ്രാവാക്യവും റാലികളില്‍ കേട്ടിരുന്നില്ല. മറുഭാഗത്ത് ആ സംസ്ഥാനത്തെ 30,000ത്തോളം കേന്ദ്രങ്ങളില്‍ ബി.ജെ.പിയുടെ ടെലിവിഷന്‍ വാഹനങ്ങളത്തെി വികസനത്തെ കുറിച്ച സ്വപ്നങ്ങള്‍ ആദായ വില്‍പ്പന നടത്തിയിട്ട് വെറും ഒന്നര വര്‍ഷം മാത്രമേ ആയിരുന്നുള്ളൂ.

ദരിദ്രനോടു നുണപറയുമ്പോള്‍ ഓര്‍ക്കണം. പട്ട്നയിലും നളന്ദയിലും മര്‍ഹൗറയിലും നടത്തിയ റാലികളില്‍ പഴയ ചായക്കച്ചടത്തിന്‍്റെ കഥ പറഞ്ഞയാളാണ് മോദി. പക്ഷെ അതൊന്നും ആരെയും ആകര്‍ഷിക്കുന്നുണ്ടായിരുന്നില്ല. പട്ടിണി മാറ്റാനാവാത്ത, തൊഴില്‍ കൊടുക്കാനറിയാത്ത, വിലക്കയറ്റം പിടിച്ചു നിര്‍ത്താനറിയാത്ത എന്നാല്‍ റാലിക്കു ചെന്നാല്‍ 500 രൂപയും ഉച്ചഭക്ഷണവും കൊടുക്കുന്ന ഒരു ഹെലികോപ്റ്റര്‍ ദൈവം മാത്രമായി മോദി മാറിക്കഴിഞ്ഞിരുന്നു. ആ പിച്ചക്കാശ് വാങ്ങാന്‍ തിക്കിത്തിരക്കിയ ആള്‍ക്കൂട്ടത്തിന്‍്റെ വാലറ്റത്തേക്ക് ടെലിവിഷന്‍ ക്യാമറകള്‍ തിരിച്ചു വെപ്പിച്ച് പ്രധാനമന്ത്രി അഹങ്കരിച്ചു. കണ്ടില്ളേ എത്ര ആയിരങ്ങളാണ് പൊരിവെയിലത്തും റാലി കേള്‍ക്കാനത്തെുന്നത്. എന്നിട്ട് പതിവ് പോലെ മൈക്കിലൂടെ വിളിച്ചു ചോദിച്ചു. 'ഭായിയോം ബഹനോം, നിങ്ങള്‍ക്ക് കഴിഞ്ഞ 60 വര്‍ഷക്കാലത്ത് ഒന്നും കിട്ടിയില്ല അല്ളേ' എന്ന്.

 ഈ ചോദ്യങ്ങള്‍ ആവര്‍ത്തന വിരസമായി മാറി. ബിഹാറിന് 1.65 ലക്ഷം കോടിയാണ് താന്‍ അനുവദിക്കാന്‍ പോവുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞ ശൈലി അപമാനിക്കലായാണ് വിലയിരുത്തപ്പെട്ടത്. ''ബീഹാര്‍ ഒരു കാര്യത്തിലും മറ്റു സംസ്ഥാനങ്ങളുടെ മുമ്പിലല്ല. പക്ഷെ കൊള്ളയടിയിലും തട്ടിപ്പറിക്കലിലും തോക്കുചൂണ്ടലിലുമല്ലാതെ'' എന്നാണ് മറ്റൊരവസരത്തില്‍ പറഞ്ഞത്. ബീഹാരി എന്ന വാക്കു പോലും അധിക്ഷേപമായി കണക്കാക്കുന്നവരുടെ മുമ്പിലാണ് ഈ 'കൊച്ചാക്കല്‍' വര്‍ത്തമാനം അരങ്ങേറിയത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മുമ്പുപയോഗിച്ച 'മിയാന്‍ മുശര്‍റഫ്' പ്രയോഗത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ അഹങ്കാരി നിതീഷ് ബാബു എന്നും ത്രീ ഇഡിയറ്റ്സ് എന്നും ലാലുവിന്‍്റെ കാട്ടു ഭരണം എന്നുമൊക്കെ റാലികളില്‍ വിളിച്ചു പറഞ്ഞു. പ്രധാനമന്ത്രി ഉപയോഗിക്കേണ്ട ഭാഷ ആയിരുന്നില്ല ഇതൊന്നും. അധിക്ഷേപങ്ങള്‍ക്ക് വായടച്ചു മറുപടി കിട്ടാന്‍ തുടങ്ങിയിട്ടും പ്രധാനമന്ത്രി ആ ശൈലി തിരുത്തിയില്ല. മറുഭാഗത്ത്, അങ്ങാടിയിലും സമൂഹത്തിലും അധികാര കേന്ദ്രങ്ങളിലും പിന്നാക്കക്കാരന്‍ കസേരയിട്ടിരിക്കാന്‍ തുടങ്ങിയതിനെയാണ് മോദി 'ജംഗള്‍ രാജ്' എന്നു വിളിച്ചതെന്നും അത് ഭൂമിഹാറുകളുടെയും ബ്രാഹ്മണരുടെയും ഭാഷയാണെന്നും ലാലു പ്രസാദ് യാദവ് തിരിച്ചടിച്ചു.

ബീഹാറിന്‍്റെ നഗരങ്ങളില്‍ പോലും ഇത്തവണ മോദിക്ക് കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. പ്രതീക്ഷക്ക് വക നല്‍കുന്നതൊന്നും ഒരു ഗ്രാമീണനും പ്രധാനമന്ത്രിയെ കുറിച്ച് സംസാരിച്ചിരുന്നില്ല. മോദി ഇനി ബീഹാറിലത്തെുക അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താനാവുമെന്നു പോലും പരിഹസിക്കുകയായിരുന്നു അവര്‍. ഏത് അങ്ങാടിയിലും കുശലം തിരക്കിയാല്‍ കിട്ടുന്ന വിവരങ്ങളായിരുന്നു ഇതെല്ലാം. സിംഗിള്‍ ഫേസില്‍ മുനിഞ്ഞു കത്തുന്ന സീറോ വാട്ട് ബള്‍ബിന്‍്റെ അവസ്ഥയിലായിരുന്നു 'മോദി തരംഗം'. പോയ മാസത്തെ 'മന്‍ കീ ബാത്ത്' കേട്ടവരെ മഷിയിട്ടു തിരയണമായിരുന്നു. അത് കേള്‍ക്കാന്‍ റേഡിയോയുടെ മുമ്പില്‍ ഇരിക്കണമെങ്കില്‍ കാശ് വേറെ തരണമെന്നാണ് വൈശാലിയിലെ ഒരു ഗ്രാമീണന്‍ തമാശ പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ അറുപത്തി അയ്യായിരത്തില്‍ പരം വോട്ടിനു ജയിച്ച പട്ന സാഹിബില്‍ പോലും നന്ദ കിശോര്‍ യാദവ് കടുത്ത പോരാട്ടത്തിലായിരുന്നു ഇക്കുറി. ജയിക്കുമോ എന്നു പോലും ആശങ്കയിലായിരുന്നു. 2010ല്‍ ബി.ജെ.പിക്ക് ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ അസംബ്ളി മണ്ഡലത്തില്‍ ഇതായിരുന്നു അവസ്ഥയെങ്കില്‍ മറ്റുള്ളിടത്തെ കാര്യം പറയേണ്ടല്ളോ. മുസഫര്‍പൂര്‍, ലഖിസരായി, ഗയ, ബാങ്കിപ്പൂര്‍, പൂര്‍ണിയ എന്നീ ബി.ജെ.പി ശക്തി കേന്ദ്രങ്ങളിലൊന്നും 2014ലെ ആരവം ഉണ്ടായിരുന്നില്ല. പാര്‍ട്ടിയാപ്പീസില്‍ ചായയും നോട്ടീസുമായി കാര്യകര്‍ത്താക്കള്‍ വെടിവട്ടം കൂടുമ്പോഴും അവരുടെ കണ്ണുകളില്‍ ശൂന്യത നാട്ടിവെച്ചിരുന്നു.

പിഴച്ച പ്രചാരണം, ജാതി സമവാക്യങ്ങള്‍
പട്ട്നയിലെ ഓഫീസില്‍ അമിത് ഷാ എന്ന അഖിലേന്ത്യാ അധ്യക്ഷന്‍ നിത്യവും മറ്റാരെക്കാളും നേരത്തെ ഉണരുന്നുണ്ടായിരുന്നു. കഴിഞ്ഞ എട്ടുമാസക്കാലമായി ഡല്‍ഹിയിലേക്കാള്‍ പട്ട്നയിലെ വീര്‍ചന്ദ് പട്ടേല്‍ മാര്‍ഗിലെ പാര്‍ട്ടി ഓഫീസിലായിരുന്നു ഷായുടെ തീനും പൊറുതിയും. ഓരോ മണ്ഡലങ്ങളിലും വാര്‍ഡുകളില്‍ പോലും ഏതൊക്കെ ജാതികള്‍ എത്ര വീതം താമസിക്കുന്നുണ്ടെന്നും അവിടെ ആരൊക്കെ വോട്ടു പിടിക്കുമെന്നും പിളര്‍ത്തുമെന്നുമുള്ള കണക്കുകള്‍ ആയിരുന്നു അദ്ദഹത്തേിന്‍്റെ ലാപ്ടോപ്പിലെ എക്സല്‍ കോളങ്ങളില്‍ നിറഞ്ഞു നിന്നത്. സംസ്ഥാനത്തുടനീളം പിളര്‍പ്പിന്‍്റെ സമവാക്യങ്ങള്‍ക്ക് രൂപം കൊടുക്കാനാണ് രാത്രി 2 മണിവരെയും ഷാ അത്യധ്വാനം ചെയ്തത്. ജാതി സമവാക്യങ്ങളെ മാത്രമല്ല മതങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കങ്ങളും ഇതിലുള്‍പ്പെട്ടു. ബീഹാറില്‍ ബി.ജെ.പി തോറ്റാല്‍ പാകിസ്താനിലാണ് പടക്കം പൊട്ടുന്നത് എന്ന പ്രസ്താവന ഉദാഹരണം.

ഷാ ഒന്നും കേട്ടിരുന്നില്ല കല്‍പ്പിക്കുക മാത്രമായിരുന്നു ചെയ്തതെന്നാണ് കാര്യാലയത്തില്‍ കേള്‍ക്കാനുണ്ടായിരുന്ന അടക്കം പറച്ചില്‍. ക്ഷോഭം വന്നാല്‍ നിലമറന്ന് അട്ടഹസിക്കുന്ന ഈ നേതാവിനു മുമ്പില്‍ സംസ്ഥാന നേതാക്കള്‍ പലപ്പോഴും നിശബ്ദരായി. സംസ്ഥാനത്തെ ഒറ്റ നേതാവിനെയും എന്‍.ഡി.എ ആശ്രയിച്ചിരുന്നില്ല. കട്ടൗട്ടുകളുടെ മുക്കാല്‍ പങ്കും നിറഞ്ഞു നിന്ന ഷായുടെയും മോദിയുടെയും മുഖങ്ങളുടെ മൂലയില്‍ കാലണ സ്റ്റാമ്പുകളെ പോലെ തോന്നിച്ച കുഞ്ഞിച്ചിത്രങ്ങളായി പാസ്വാനും സുശീല്‍ മോദിയും മാഞ്ചിയും ഉപേന്ദ്ര കുശ്വാഹയും മറ്റും മാറി. വിജയത്തിന്‍്റെ ക്രെഡിറ്റ് ഒറ്റക്ക് ഏറ്റടെുക്കാനുള്ള ഈ അതിമോഹമായിരുന്നു ബീഹാറില്‍ ബി.ജെ.പിയുടെ വിധിയെഴുതിയ നിര്‍ണായക ഘടകമായത്.

 പ്രതിലോമപരമായ കാമ്പയിന്‍ ആയിരുന്നു എന്‍.ഡി.എയുടേത്. ബി.ജെ.പി നേതാക്കളുടെ പ്രവൃത്തികള്‍ക്കും പ്രസ്താവനകള്‍ക്കും വിശദീകരണം നല്‍കാനാണ് സ്വാഭാവികമായും അവരുടെ സമയം പോയത്. ബീഹാറിലെ ജാതി സമവാക്യങ്ങളെ കുറിച്ച് സ്റ്റഡീക്ളാസുകള്‍ കേട്ട പരിചയമാണ് ഗുജറാത്തില്‍ നിന്നും വന്ന സംഘ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നത്. നേരിട്ടുള്ള അറിവ് കുറവായിരുന്നു. എങ്കിലും അവരായിരുന്നു മോദിയുടെയും ഷായുടെയും 'എലീറ്റ്' സൈന്യം. ഇരു കൂട്ടരും ഉപയോഗിക്കുന്ന ഭാഷയെയും തന്ത്രങ്ങളെയും കുറിച്ചും സീറ്റ് വിതരണത്തെ കുറിച്ചുമൊക്കെ ശത്രുഘ്നന്‍ സിന്‍ഹയെയും ആര്‍.കെ സിങ്ങിനെയും പോലെ ചിലരെങ്കിലും പരസ്യമായി വിമര്‍ശിച്ചിരുന്നു. അതേമസയം ബീഹാറിനേക്കാളേറെ ഡല്‍ഹിയെ സംബന്ധിച്ചടേത്തോളമാണ് തെരഞ്ഞെടുപ്പ് സുപ്രധാനം എന്നായിരുന്നു ബി.ജെ.പി അധ്യക്ഷന്‍്റെ നിലപാട്. പട്നയിലെ ഗാന്ധി മൈതാനിയില്‍ നടന്ന റാലിയില്‍ അമിത് ഷാ പരസ്യമായി തന്നെ ഇക്കാര്യം തുറന്നു പറഞ്ഞു. ഈ കാലയളവില്‍ ദാദ്രി സംഭവവും ഹരിയാനയിലെ ചുട്ടെരിക്കലും ദല്‍ഹിയില്‍ കേന്ദ്ര മന്ത്രി വി.കെ സിങ്ങിന്‍്റെ പട്ടി പ്രയോഗവുമൊക്കെ മാധ്യമങ്ങളിലത്തെി. ഷായുടെ കാമ്പയിന്‍ മാനേജര്‍മാര്‍ ഇവ ഗൗരവത്തോടെ എടുക്കാഞ്ഞത് സംസ്ഥാനത്തെ ശരിയായി മനസ്സിലാക്കാത്തതു കൊണ്ടാവണം. ഇത്തരം മുദ്രാവാക്യങ്ങള്‍ വോട്ടു നേടിത്തരുന്ന നിലവാരത്തിലേക്ക് ഇന്ത്യ വളരുകയോ തളരുകയോ ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ കണക്കു കൂട്ടിയോ? ജാതി സമവാക്യങ്ങള്‍ കണക്കിലും നിരത്തിലും എതിരാവുകയും എന്‍.ഡി.എക്ക് മേല്‍ക്കൈ നല്‍കുന്ന ഘടകങ്ങള്‍ ഒന്നും ഇല്ലാതിരിക്കുകയും ചെയ്ത തെരഞ്ഞെടുപ്പില്‍ ബാക്കിയായ ഒരേയൊരു സാധ്യത വര്‍ഗീയ വിഭജനം സൃഷ്ടിച്ചടെുക്കുക മാത്രമായിരുന്നു. അതിലും എന്‍.ഡി.എ പരാജയപ്പെട്ടു. ദസറയും മുഹര്‍റവും മൂന്ന് ദിവസത്തെ ഇടവേളകളില്‍ വന്നിട്ടും ഒരു കല്ലറേ് പോലും സംസ്ഥാനത്തൊരിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പട്ടില്ല. മുസഫര്‍ നഗര്‍ കലാപ കാലത്തെ പോലെ വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ക്ക് ബീഹാര്‍ പാകപ്പെട്ടിരുന്നുവെങ്കില്‍ അതിന് ഇതിനേക്കാള്‍ മികച്ച മറ്റൊരു അവസരവും ഉണ്ടാകുമായിരുന്നില്ല.

നഗരവാസികള്‍ മാത്രമാണ് നരേന്ദ്ര മോദിയില്‍ അല്‍പ്പമെങ്കിലും പ്രതീക്ഷ വെച്ചു പുലര്‍ത്തിയത്. നഗരകേന്ദ്രീകൃത മണ്ഡലങ്ങള്‍, ജാതി സമവാക്യങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായ സവര്‍ണ മണ്ഡലങ്ങള്‍, വോട്ടു പിളര്‍ത്താന്‍ രംഗത്തുള്ള പപ്പു യാദവ്-എന്‍.സി.പി-സമാജ്വാദി-ഇടത് സംഘടനകളുടെ സാന്നിധ്യം ശക്തമായ മണ്ഡലങ്ങള്‍ എന്നിവയുടെ കണക്കെടുത്താല്‍ തന്നെ ബി.ജെ.പിയുടെ ചീട്ട് കുറിക്കാന്‍ പറ്റും എന്നതായിരുന്നു ബീഹാറിന്‍്റെ ചിത്രം.ആ കണക്കനുസരിച്ച് എന്‍.ഡി.എക്ക് കിട്ടാനിടയുണ്ടായിരുന്നത് ഏകദേശം 50ല്‍ താഴെ സീറ്റുകളായിരുന്നു. അല്ളെങ്കില്‍ സീമാഞ്ചലില്‍ എന്‍.ഡി.എ തകര്‍ത്തുവാരണമായിരുന്നു. മുസ്ലിംകള്‍ 70 ശതമാനം വരെയുള്ള കിഷന്‍ ഗഞ്ച് ഉള്‍പ്പെടുന്ന സീമാഞ്ചല്‍ മേഖലയില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എം.ഐ.എം വോട്ടു പിളര്‍ത്തുമെന്നായിരുന്നു എന്‍.ഡി.എ കണ്ട ദിവാസ്വപ്നം. സീമാഞ്ചലിലെ കടിഹാറില്‍ പാര്‍ട്ടിയുടെ പ്രചാരണ ചുമതലയിലുണ്ടായിരുന്ന ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ 'ഷാരൂഖ് ഖാനെ' പാകിസ്താനിലയക്കണമെന്ന് അഭിപ്രായപ്പെട്ടത് ഈ ഘട്ടത്തിലാണ്. വെറുതെയൊന്നും പറഞ്ഞതായിരുന്നില്ല ഇത്.

 

എം.ഐ.എമ്മിന്‍്റെ ഏറ്റവും മികച്ച സ്ഥാനാര്‍ഥിയായ അത്ഹറുല്‍ ഇമാന്‍്റെ ഒരു റാലിയില്‍ 500ലേറെ ബൈക്കുകള്‍ അണി നിരക്കുമ്പോള്‍ നിരക്ഷരരായ ഗ്രാമീണര്‍ ഈ ബഹളത്തില്‍ വീഴേണ്ടതായിരുന്നു. അതും സംഭവിച്ചില്ല. മറുഭാഗത്ത് നിതീഷിന്‍്റെ പ്രതിഛായയും ലാലുവിന്‍്റെ ശക്തമായ പ്രചാരണവും മുന്നണിയുടെ കരുത്തും ജാതി സമവാക്യങ്ങളും അതിലുപരി ലോക്സഭാ കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതിരുന്ന മോദിയോടുള്ള രോഷവും എല്ലാം ചേര്‍ന്ന അസാധാരണമായ ഒരു തരംഗമാണ് ബീഹാറില്‍ ഉടനീളം കാണാനുണ്ടായിരുന്നത്. മൂന്നാം മുന്നണിയുടെ വോട്ടു പിളര്‍ത്തി മഹാസഖ്യത്തിനെതിരെ മൂന്നാം മുന്നണിയും മറ്റും ബി.ജെ.പിയെ സഹായിച്ച ആ 26 മണ്ഡലങ്ങള്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ ലാലു പറഞ്ഞത് തന്നെയായിരുന്നു ശരി. 190 സീറ്റുകള്‍ വരെ കിട്ടിയേനെ മഹാസഖ്യത്തിന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharelectionanalysisarashidudheen
Next Story