പെണ്‍വിരല്‍ തുമ്പിലെ വോട്ടുമഷി
text_fields‘‘ബംഗാളി സ്ത്രീകളെ ആവശ്യമുണ്ട്. കേരളത്തില്‍ ഒട്ടുമിക്ക സ്ത്രീകളും സ്ഥാനാര്‍ഥികള്‍ ആയതിനാല്‍, ജോലി കഴിഞ്ഞുവരുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ആഹാരം വെച്ചുവിളമ്പാനും ‘മറ്റും’ ആവശ്യത്തിലേക്കായി ബംഗാളി സ്ത്രീകളെ ആവശ്യമുണ്ട്. തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന ഭാര്യമാരുടെ വീട്ടില്‍ ജോലി സ്ഥിരപ്പെടാന്‍ സാധ്യതയുണ്ട്’’
വാട്സ് ആപ്പില്‍ പ്രചരിക്കുന്ന ഒരു ആണ്‍ തമാശയാണ് ഇത്. ഇതെഴുതുന്ന ദിവസം മാത്രം പലരില്‍ നിന്നായി നിരവധി തവണ ഫോര്‍വേഡ് ചെയ്തു കിട്ടിയത്. ഒടുവില്‍ കിട്ടുമ്പോള്‍ പോസ്റ്റിന്‍െറ അവസാനം ഇടത് കണ്ണിറുക്കി നാക്ക് നീട്ടിയുള്ള ചിഹ്നം കൂടി ഒട്ടിച്ച ആക്ഷേപത്തിന്‍െറ ആണഹങ്കാരവുമുണ്ടായിരുന്നു. കേരളത്തിലെ സ്ത്രീകളെ പൊതുവേയും ഒന്നുമറിയാത്ത പാവം ബംഗാളി സ്ത്രീകളെ പ്രത്യേകിച്ചും അപമാനിക്കുന്ന സ്ത്രീ വിരുദ്ധ അറുവഷളത്തരം ഫോര്‍വേഡ് ചെയ്ത് ചിരിച്ചവരുടെ കൂട്ടത്തില്‍ സ്ത്രീകളേയും കണ്ടു. സഹതാപം തോന്നി. ആണ്‍ രാഷ്ട്രീയത്തിന്‍െറ കുബുദ്ധി തിരിച്ചറിയാത്ത പാവം നിഴല്‍ രൂപങ്ങള്‍.
സ്ത്രീയെന്നാല്‍ ആഹാരം വെച്ചുവിളമ്പാനും പിന്നെ ഇന്‍വര്‍ട്ടഡ് കോമക്കുള്ളിലെ മറ്റ് ആവശ്യങ്ങള്‍ക്കും മാത്രമുള്ളതാണ്. രാഷ്ട്രീയവും അധികാരവും സാമൂഹിക ഇടപെടലുമെല്ലാം പുരുഷന്‍െറ മേഖലയാണ്. ഈ തമാശയിലൊളിഞ്ഞു കിടക്കുന്ന അപകടവും അതാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇതുപോലുള്ള സ്ത്രീ വിരുദ്ധമായ നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. തദ്ദേശ ഭരണാധികാരത്തിന്‍െറ നേര്‍പകുതി സ്ത്രീ കൈയ്യാളാന്‍ തുടങ്ങിയിട്ട് ഒരു വട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞല്ളോ. കുഴപ്പങ്ങളൊന്നും സംഭവിച്ചിട്ടില്ല. പെണ്ണുങ്ങള്‍ വാണ ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും ആണ്‍വാഴ്വിടങ്ങളില്‍ നിന്ന് വേറിട്ട് എന്തെങ്കിലും ഭൂമികുലുക്കം ഉണ്ടാക്കിയിട്ടുമില്ല. പെണ്ണുങ്ങള്‍ നാടു ഭരിക്കാന്‍ പോയതുകൊണ്ട് അവരുടെ ആണുങ്ങളെല്ലാം വിഭാര്യരായി തീര്‍ന്ന കഥകളും കേട്ടിട്ടില്ല. കേട്ട കഥകളിലൊന്നും തന്നെ പഞ്ചായത്ത് പ്രസിഡന്‍റും ഭര്‍ത്താവുമായിരുന്നില്ല കഥാപാത്രങ്ങളും. കുടുംബങ്ങള്‍ അലങ്കോലപ്പെട്ട കഥകളും കേട്ടിട്ടില്ല. കേട്ടതൊന്നും പെണ്ണ് പൊതുപ്രവര്‍ത്തനിറങ്ങിയത് മൂലം ഉണ്ടായതുമല്ല. പെണ്‍വാഴ്വ് അടുത്ത ഘട്ടത്തിലേക്ക് കടന്ന് പുരുഷനോളം പരിപക്വത നേടാനൊരുങ്ങുകയാണ് എന്ന് വന്നപ്പോഴാണ് ആണ്‍കോയ്മക്ക് ഇളക്കം തട്ടി തുടങ്ങിയത്. പ്രകോപനത്തിന്‍െറ വൈദ്യുതി തരംഗങ്ങള്‍ പായാന്‍ തുടങ്ങിയത്. ഇടിയും മിന്നലുമുണ്ടായത്.
ജനാധിപത്യം സ്ത്രീ ശാക്തീകരണത്തെ ശരിയായ ദിശയില്‍ നയിച്ചു തുടങ്ങി എന്നതിന്‍െറ വലിയ ലക്ഷണമാണീ പൊട്ടിത്തെറി. ജനായത്ത സംവിധാനത്തിലെ തങ്ങളുടെ ഏകാധിപത്യം തകരുമ്പോള്‍ സ്ത്രീയെ ശത്രുവായി കാണുന്നിടത്തേക്ക് പുരുഷന്‍െറ കുശുമ്പ് മുറുകുന്നു. സ്ഥാനാര്‍ഥിയായ പെണ്ണിന്‍െറ പടത്തിന് പകരം ഭര്‍ത്താവിന്‍െറ മുഴുകായ പടം വെച്ച് അച്ചടിച്ച പോസ്റ്ററുകളില്‍ നിന്നാണ് ഇത്തവണ സ്ത്രീക്കെതിരായ ഗൂഢാലോചനയുടെ തുടക്കം. ഇതര സമൂഹങ്ങളെ അപേക്ഷിച്ച് കേരളീയ മുസ്ലിം പരിസരം സ്ത്രീ വിരുദ്ധതയില്‍ അല്‍പം കടന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്വാഭാവികമായും എതിര്‍പ്പ് കൂടുതലും ആ സമുദായത്തിനുള്ളില്‍ നിന്ന് തന്നെയാണ് മറ നീക്കിയത്. ഭര്‍ത്താവ് സ്വന്തം പടം വെച്ച് ഭാര്യയുടെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ അടിച്ചത് തന്നോടുള്ള മുഹബ്ബത്തും എന്നാല്‍ ദീനീ നിഷ്ഠക്ക് ഭംഗം വേണ്ടെന്ന കരുതലും കൊണ്ടാണെന്നാവും പാവം അവളുടെ നിഷ്കളങ്ക ഹൃദയം ധരിച്ചിട്ടുണ്ടാവുക. എന്നാല്‍ വാസ്തവം ഭര്‍തൃഹൃദയത്തിനുള്ളില്‍ ഇരുന്ന് പല്ലിളിക്കുന്നു. തന്‍െറ പെണ്ണിനെ പൊതുരംഗത്തിറക്കി ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു എന്ന് പുറമേക്ക് ഞെളിയുമ്പോഴും ഉള്ളില്‍ തിമിര്‍ക്കുന്നത് ഭാര്യ തന്‍െറ നിഴലിന്‍െറ മറവില്‍ നിന്നാല്‍ മതിയെന്ന ഗൂഢതാല്‍പര്യം. അങ്ങിനെയൊക്കെയാണെങ്കിലും ജനാധിപത്യത്തിന്‍െറ പെണ്‍മുന്നേറ്റത്തില്‍ അവളേയും പങ്കാളിയാക്കാന്‍ മനസുണ്ടായല്ളോ എന്ന് ആശ്വസിക്കാം.
വാളെടുത്ത സമുദായം
എന്നാല്‍ സ്ത്രീ ശാക്തീകരണത്തിന് എതിരായി ഏറ്റവും ശക്തമായുണ്ടായ സമുദായ നീക്കം അത്ര ലളിതമായിരുന്നില്ല. അത് ഭീകരവും സംഘടിതവും താത്വികവുമായിരുന്നു. മത നേതൃത്വത്തിലെ പുരോഗമനക്കാരും പഴഞ്ചന്‍ വാദക്കാരും സ്ത്രീക്കെതിരെ ഒരേ സ്വരത്തിലാണ് പാടിയത്. പുരുഷ മാടമ്പിത്തരം മതഭ്രഷ്ടിന്‍െറ വാളെടുത്തു. പണ്ടേ സ്ത്രീ വിരുദ്ധതക്ക് പേരുകേട്ട കാന്തപുരം അബൂബക്കര്‍ മുസ്ലിയാരില്‍ നിന്ന് തന്നെയായിരുന്നു ഇക്കുറിയും തുടക്കം. തെരഞ്ഞെടുപ്പില്‍ അനുവദിച്ച സംവരണം കൂടിപ്പോയെന്നും ഇത്രയും പ്രധാന്യം ഈ വര്‍ഗത്തിന് നല്‍കേണ്ടതില്ളെന്നും വിമര്‍ശിച്ച അദ്ദേഹം രാഷ്ട്രീയ സമ്മര്‍ദ ഗ്രൂപ്പെന്ന നിലയില്‍ താനുണ്ടാക്കിയ കേരള മുസ്ലിം ജമാഅത്ത് എന്ന സംഘടനയില്‍ ഇവറ്റകളെ അടുപ്പിക്കില്ളെന്നും തീര്‍ത്തു പറഞ്ഞു. അതായത് ജനാധിപത്യ പ്രക്രിയയില്‍ പരോക്ഷമായി പോലും സ്ത്രീക്ക് പങ്കാളിത്തം ഉണ്ടാകാന്‍ പാടില്ല. വീട്ടിലിരുന്നോളണം, പെറണം, കുട്ടികളെ നോക്കണം, അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുകയും കിടപ്പറയില്‍ ഭക്ഷണമാവുകയും ചെയ്യണം. അതു മാത്രമേ അവള്‍ക്ക് പാടുള്ളൂ.
മതഭ്രഷ്ടിന്‍െറ വാളെടുത്ത് വീശിയത് ഇ.കെ സമസ്തയുടെ യുവ പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവിയാണ്. പൊതുപ്രവര്‍ത്തനം നടത്താനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇറങ്ങുന്ന സ്ത്രീകളും അവര്‍ക്ക് പിന്തുണ നല്‍കുന്നവരും മതത്തില്‍ നിന്ന് തന്നെ പുറത്തുപോകണം എന്ന് കല്‍പിക്കുന്നിടത്തോളം ഒച്ചയെടുത്തു ആ ചെറുപ്പത്തിന്‍െറ മത ധാര്‍ഷ്ട്യം. പാര്‍ലിമെന്‍േററിയനും എഴുത്തുകാരനും ഉയര്‍ന്ന ചിന്തയുടെ ഉടമയെന്ന് സ്വയം പ്രഖ്യാപിതനുമായ പ്രഭാഷകന്‍ അബ്ദുസമദ് സമദാനിയാകട്ടെ ശാപവചസുകളാണ് പൊതുപ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് നേരെ ചൊരിഞ്ഞത്. ഇസ്ലാമില്‍ പെണ്ണിന്‍െറ സ്ഥാനം റോഡില്‍ ഇറങ്ങുന്നതിലും പ്രകടനം നയിക്കുന്നതിലുമല്ല. താന്‍ അക്കാര്യത്തില്‍ ഉറച്ച അഭിപ്രായക്കാരനാണ്. കാരണമത് മുഹമ്മദീയ ശൈലിക്ക് വിരുദ്ധമാണ്. കുടുംബത്തില്‍ കഴിയുക, കുടുംബത്തിന്‍െറ വിളക്കാവുക. അതാണ് നബി പഠിപ്പിച്ചിട്ടുള്ള രീതി. പെണ്ണിനെ ഭരണാധികാരം ഏല്‍പ്പിക്കുന്നവരെ പ്രവാചകന്‍ ശപിച്ചിരിക്കുന്നു. തനിക്കതാണ് മാര്‍ഗരേഖ. തന്‍െറ ഭരണഘടന അതാണ്. (അപ്പോള്‍ എം.എല്‍.എ ആകാനും എം.പി ആകാനും ചൊല്ലിയ പ്രതിജ്ഞയിലെ ഭരണഘടന ഏതാണാവോ? പ്രതിജ്ഞാ ലംഘനത്തിന് കേസെടുക്കാനുള്ള വകുപ്പ് ഈ പ്രഭാഷണത്തില്‍ തന്നെയില്ളേ?) വേറെ നാട്ടില്‍ നടക്കുന്നതല്ല താന്‍ നോക്കുന്നത്. നബി എന്താണ് പറഞ്ഞിട്ടുള്ളതെന്നാണ്. പ്രവാചകന്‍ ശപിച്ചാല്‍ പിന്നെ തനിക്ക് രണ്ട് വട്ടം ചിന്തിക്കേണ്ട കാര്യം ഒരു കാര്യത്തിലുമുണ്ടായിട്ടില്ല എന്ന് തുടങ്ങിയ സമദാനിയുടെ പാട്ട് സ്ത്രീ വിരുദ്ധതയുടെ സമീപ കാലത്തുണ്ടായ ഏറ്റവും മികച്ച സാമ്പിളാണ്. സ്ത്രീ വീട്ടിനുള്ളിലെ വിളക്കാണെന്ന് നിശ്ചയിച്ചു കഴിഞ്ഞാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പവുമാണ്. അണച്ച് ഒരു മൂലയിലിടാമല്ളോ. ഉപയോഗശൂന്യമെന്ന് പറഞ്ഞ് പിന്നീട് പുറത്തേക്ക് വലിച്ചെറിയാമല്ളോ. വെളിച്ചം വേണമെന്ന് പാടി പുതിയ വിളക്കൊന്ന് വാങ്ങാമല്ളോ!
ഈ സമയം കേരളീയ ഇസ്ലാമിക സമൂഹത്തിലെ പുരോഗമനാശയക്കാരെന്ന് ഇത്രനാളും കരുതിപ്പോന്നിരുന്നവര്‍ക്കും ജനാധിപത്യത്തിലെ സ്ത്രീ ശാക്തീകരണം ദഹിച്ചിട്ടില്ളെന്ന വാസ്തവം സ്വയമറിയാതെ സംഭവിച്ച പുളിച്ചുതികട്ടലിലൂടെ പുറത്തായി. ഇത്രയും ആയപ്പോഴേക്കും പൊതുസമൂഹത്തിന് കാര്യങ്ങള്‍ ഏതാണ്ട് തിരിഞ്ഞുകിട്ടി. സ്ത്രീയെ കുറിച്ചുള്ള കാഴ്ചപ്പാടിന്‍െറ കണ്ണട ആ സമുദായത്തിലാരും ഊരിയിട്ടില്ളെന്ന്. മനുഷ്യനെന്നാല്‍ പുരുഷനാണെന്നും സ്ത്രീ അവന്‍െറ നിഴലാണെന്നും നിഴലിലേക്ക് വെളിച്ചമടിക്കുന്നത് ഹറാമാണെന്നുമുള്ള ധാരണയുടെ കിണറ്റില്‍ നിന്ന് അവര്‍ കരക്കത്തെിയിട്ടില്ല. കയറില്ളെന്ന വാശിയില്‍ തന്നെയാണ് താനും. ആണിന്‍െറ ജീവിത സൗകര്യത്തിനുവേണ്ടിയുള്ള അനേക ഘടകങ്ങളിലൊന്നായി പടച്ചവന്‍ സൃഷ്ടിച്ചതാണ് സത്രീയേയും. അവള്‍ ഭര്‍ത്താവിനെ ശുശ്രൂഷിച്ചും അടുക്കളയില്‍ പെരുമാറിയും മാത്രം ജീവിച്ച് കരിന്തിരി കത്തിയൊടുങ്ങണം. ഈ പൊതുധാരണക്ക് കേരളീയം മുസ്ലിം സാമുദായിക പരിസരത്തില്‍ ഇപ്പോഴും ഇളക്കമൊന്നും വന്നിട്ടില്ളെന്നും ഇളക്കാന്‍ ശ്രമിച്ചാല്‍ പുരുഷാധിപത്യം അടങ്ങിയിരിക്കില്ളെന്നും ഭ്രഷ്ട് കല്‍പിക്കുമെന്നും വ്യക്തമാക്കുകയാണ് എല്ലാവരും കൂടി ചേര്‍ന്ന്. മനുഷ്യനല്ലാത്ത ജീവികള്‍ക്കെല്ലാം ഒരൊറ്റ ജീവിത നിയോഗമാണ് പടച്ചവന്‍ നിശ്ചയിച്ചുകൊടുത്തത്. അതില്‍ നിന്ന് വ്യതിചലിക്കാന്‍ അവക്ക് കഴിയില്ല. ജനിക്കുക, ഇരപിടിക്കുക, വിസര്‍ജ്ജിക്കുക, ഇണചേരുക, ചത്തൊടുങ്ങുക. പെണ്ണിനും അത്ര മതിയെന്നാണ് സ്ത്രീ വിരുദ്ധ ഫത്വകളുടെ രത്നച്ചുരുക്കം. യാഥാസ്തികത്വവും ഉല്‍പതിഷ്ണുത്വവും കൈകോര്‍ക്കുകയാണ് ഇവിടെ സ്ത്രീയെന്ന പൊതുശത്രുവിനെതിരെ.
ഒളിയമ്പുകള്‍ വേറെയും
മതപക്ഷം ഇത്രയും ചെയ്തപ്പോള്‍ രാഷ്ട്രീയ രംഗത്തും നിന്നും മറ്റു ചില കോണുകളില്‍ നിന്നും സ്ത്രീ മുന്നേറ്റങ്ങള്‍ക്കെതിരെ ഒളിയമ്പുകള്‍ പാഞ്ഞു. മുമ്പുള്ളതിനെക്കാള്‍ പൊതു ഇടങ്ങളില്‍ സ്ത്രീ വിരുദ്ധത കനക്കാനുള്ള കാരണങ്ങള്‍ ചുരുക്കി ഇങ്ങിനെ എണ്ണാം. 1) സാമൂഹികാധികാരത്തില്‍ തുല്യ പങ്കാളിത്തം സ്ത്രീ ആവശ്യപ്പെടുന്നു. 2) അവളുടെ വര്‍ഗബോധം ശക്തിപ്പെടുന്നു. 3) കേവലം മുദ്രാവാക്യത്തിനപ്പുറത്ത് സംഘശക്തി മൂര്‍ത്തരൂപം കൊള്ളുന്നു. 4) സാമൂഹിക നേതൃസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നു. 5) വിരലില്‍ പതിയുന്ന വോട്ടുമഷിയില്‍ വര്‍ഗപരമായ അസ്തിത്വത്തിന്‍േറയും ആത്മാഭിമാനത്തിന്‍െറയും മുദ്രയെ കാണുന്നു. 6) വോട്ടുബാങ്കായാല്‍ നാടിന്‍െറ ഭാഗധേയം നിര്‍ണയിക്കാനുള്ള ശക്തി നേടാന്‍ കഴിയുമെന്ന് തിരിച്ചറിയുന്നു. തീര്‍ച്ചയായും ആണ്‍കോയ്മ അളമുട്ടലിന്‍െറ കമ്പനത്തിലായില്ളെങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളൂ. നിഴല്‍ തനിക്കൊപ്പം വളര്‍ന്ന് വേറിട്ട നിലയും ഇടവും സ്വാതന്ത്ര്യവും അവകാശവും സ്വന്തമാക്കിയാല്‍ പുരുഷന് സഹിക്കാനാവില്ല. കാരണം അവള്‍ തന്‍െറ ഒരു വാരിയെല്ല് മാത്രമാണെന്ന കഥ ഉരുക്കഴിക്കാനാണ് അവന് എന്നും ഇഷ്ടം. ഒരു വാരിയെല്ല് പോയാലെന്താ വേറൊന്നു വെച്ചുപിടിപ്പിക്കാമല്ളോ. എന്തു തന്നെയായാലും ജനാധിപത്യത്തിന്‍െറ ശക്തി തിരിച്ചറിഞ്ഞ സ്ത്രീകളുടെ മുന്നേറ്റത്തെ മതത്തിന്‍െറയും സദാചാരത്തിന്‍െറയും സാമ്പ്രദായിക വിരട്ടല്‍ മാര്‍ഗങ്ങളിലൂടെ തടുക്കാനാവില്ളെന്ന് പുരുഷന്‍ മനസിലാക്കി തുടങ്ങിയതിന്‍െറ ഹാലിളക്കമാണിതെല്ലാം. അളമുട്ടുമ്പോള്‍ കടിക്കും അല്ളെങ്കില്‍ പരിഹസിച്ച് ഇല്ലാതാക്കാനുള്ള ശ്രമം നടത്തും.
സ്ത്രീയെന്ന വോട്ടുബാങ്കിന്‍െറ ശക്തി
രാഷ്ട്ര മീമാംസയില്‍ സമ്മര്‍ദ്ദ ഗ്രൂപ്പുകളെന്ന് വിളിക്കപ്പെട്ടവയാണ് ആധുനിക ദേശരാഷ്ട്രങ്ങളിലെ ജനാധിപത്യ സംവിധാനങ്ങളില്‍ വോട്ടുബാങ്കുകളായി രൂപാന്തരം പ്രാപിച്ചത്. മതം, ജാതി, വര്‍ഗം, പ്രദേശം, തൊഴില്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള സംഘടിത രൂപങ്ങള്‍ വോട്ടുബാങ്കുകളെ രൂപപ്പെടുത്തി രാഷ്ട്രീയത്തില്‍ സമ്മര്‍ദ്ദ ശക്തികളായി മാറി. ആയതിന്‍െറ നേട്ടങ്ങള്‍ കൊണ്ട് അതാത് വിഭാഗങ്ങള്‍ സാമൂഹിക മുന്നേറ്റങ്ങള്‍ സാധ്യമാക്കുകയും ചെയ്തു. ഈ അര്‍ഥത്തില്‍ ഇതിന്‍െറ ഏറ്റവും ശക്തിമത്തായ പ്രയോഗവത്കരണം സംഭവിച്ചത് ഇന്ത്യയിലാണ്. വൈജാത്യങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ ഇന്ത്യന്‍ സമൂഹത്തിലെ സമസ്ത വിഭാഗങ്ങളും സമ്മര്‍ദ്ദ ഗ്രൂപ്പുകളായി, വോട്ടുബാങ്കുകളായി ശക്തിപ്രാപിച്ചു, സ്ത്രീവര്‍ഗമൊഴികെ. ആണ്‍വാഴ്വിന്‍െറ പ്രാചീനകാലം തൊട്ടേയുള്ള ചരിത്രപരത പിന്നീട് ആധുനിക ദേശരാഷ്ട്ര പരിണാമത്തേയും സ്വാധീനിച്ചതിനാല്‍ പുരുഷാധിപത്യ സ്വഭാവം തന്നെയാണ് ഇന്ത്യന്‍ ജനാധിപത്യത്തേയും വഴിനടത്തിച്ചത്. സ്ത്രീയെ പുരുഷന് കീഴ്പ്പെടുത്തിയ മനുസ്മൃതി രഹസ്യ ഭരണഘടയാക്കിയ സാമൂഹിക പരിസരം അതല്ലാത്ത ഒരു സ്വഭാവം വച്ചുപൊറുപ്പിക്കുകയും ചെയ്യുമായിരുന്നില്ല.
അതുകൊണ്ടാണ് സ്ത്രീയുടെ ഉയര്‍ത്തെഴുന്നേല്‍പിന് സംവരണത്തിന്‍െറ പിന്‍ബലം വേണ്ടിവന്നത്. ആണുങ്ങളുണ്ടാക്കിയ ഭരണഘടനക്ക് പക്ഷേ സത്രീകളെ പരിഗണിക്കേണ്ടിവന്നത് ഒരു അത്ഭുതമാണ്. സാമൂഹികമായും സാംസ്കാരികമായും സാമ്പത്തികമായും ചരിത്രപരമായും പിന്നാക്കമടിച്ച ജനവിഭാഗങ്ങളെ ഉയര്‍ത്തികൊണ്ടുവരാനും സാമൂഹിക നീതിയുടെ വിതരണം തുല്യമാണെന്ന് ഉറപ്പാക്കാനും ഭരണഘടനാ ശില്‍പികള്‍ കണ്ടത്തെിയ സംവരണം എന്ന ഒറ്റമൂലി പങ്കുവെക്കപ്പെട്ടപ്പോള്‍ അതിലെ ഏറ്റവും വലിയ പങ്കിന് തന്നെ അര്‍ഹരായിരുന്ന സ്ത്രീകള്‍ പിന്നേയും എത്രയോ കഴിഞ്ഞാണ് ശതമാന കണക്കില്‍ ഏറ്റവും ചെറിയ സംഖ്യയില്‍ തുടങ്ങി പരിഗണനാര്‍ഹരായ വര്‍ഗങ്ങളിലൊന്നായി പട്ടികയില്‍ ഇടം പിടിച്ച് പതുക്കെ പിടിച്ചുകയറി തുടങ്ങിയത്. പക്ഷേ, ഇപ്പോഴും തുടങ്ങിയിടത്ത് നില്‍ക്കും പോലെയാണ് സ്ഥിതി വിവരക്കണക്കുകള്‍ നല്‍കുന്ന സൂചന.
പെണ്ണ് എന്നത് ഇന്ന് ഒരു വര്‍ഗമായി വേറിട്ട അസ്തിത്വം നേടിയിട്ടുണ്ടാകാം. എന്നാല്‍ ജാതിക്കും മതത്തിനും വംശത്തിനും അപ്പുറം പെണ്ണിന്‍േറതായ പരിഹൃതമാവാത്ത നൂറായിരം പ്രശ്നങ്ങളുടെ ഇടയില്‍ ജീവിക്കുന്ന വര്‍ഗമാണ് ഇന്നും അവര്‍. മറ്റേതൊരു ദുര്‍ബല വിഭാഗങ്ങളോളമോ അതില്‍ കൂടുതലോ അവമതിക്ക് ഇരയാകുന്നവര്‍. കിടപ്പറകളും പൊതു സ്ഥലങ്ങളും മുതല്‍ പുരുഷുന്‍റതുമാത്രമായ ലോകത്തിലെ അവഹേളന പദാവലികളാല്‍ നിരന്തരം അക്രമിക്കപ്പെടുന്നവര്‍. രാഷ്ട്രീയ, മത നേതാക്കള്‍ മുതല്‍ എല്ലാവരും പെണ്ണെന്ന് കേള്‍ക്കുമ്പോള്‍ ഒരു പൊതുശത്രുവിനെതിരെ എന്ന പോലെ ഒന്നാവുന്നതിനെ കുറിച്ചാണ് ഈ ലേഖനത്തിന്‍െറ തുടക്കത്തില്‍ പറഞ്ഞുവെച്ചത്.
സ്ത്രീ വര്‍ഗം രാഷ്ട്രീയ ശക്തിയാകാതെ ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാവില്ല. എന്നാല്‍, ഒരു വര്‍ഗമെന്ന നിലയില്‍ ഒരൊറ്റ വോട്ടുബാങ്കായി ഇനിയും കളക്ട് ചെയപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ചിതറിപ്പരന്നതാണ്. പുരുഷന്‍െറ നിഴലില്‍ ഒതുങ്ങിപ്പോയതാണ്. കെട്ടിയവന്‍െറ രാഷ്ട്രീയമാകുന്നു അവളുടെയും രാഷ്ട്രീയം. അതുകൊണ്ടാണല്ളോ അധികാരം പിടിക്കാനിറങ്ങുമ്പോഴും സ്വന്തം മുഖം കാണിക്കാനാവാതെ ഭര്‍ത്താവിന്‍െറ മുഖത്തിന് പിന്നിലൊളിക്കേണ്ടിവരുന്നത്.
ഈ സാഹചര്യത്തിനാണ് മാറ്റം വരേണ്ടത്. സമസ്ത മേഖലയിലെയും സ്ത്രീ ശാക്തീകരണം ജനാധിപത്യ പ്രക്രിയയില്‍ കൂടി തുല്യ പങ്കാളിത്തം ഉറപ്പിക്കുമ്പോഴേ ശരിയായ ലക്ഷ്യപൂര്‍ത്തീകരണം സാധ്യമാകൂ. അധികാരവും സമൂഹത്തിന്‍െറ നേതൃത്വവും ആണിനോടൊപ്പം തുല്യ അളവില്‍ പങ്കുവെക്കുമ്പോള്‍ മാത്രമാണ് അവസര സമത്വം സ്ത്രീക്കുമുണ്ടായി എന്ന് പറയാനാവുന്നത്. വര്‍ഗപരമായ രാഷ്ട്രീയ ബോധം ഉണര്‍ത്തുകയല്ലാതെ സ്ത്രീയുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. തങ്ങള്‍ ഒരു വോട്ടുബാങ്കാണ് എന്ന തിരിച്ചറിവില്‍ അധികാരത്തിന് വിലപേശും എന്ന ധാര്‍ഷ്ട്യത്തോടെയാകണം വോട്ടുമഷി പതിക്കാന്‍ ഇനി വിരല്‍ തുമ്പ് നീട്ടികൊടുക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.