ലെഫ്റ്റ് റൈറ്റ് റൈറ്റ്...
text_fieldsഇക്കുറി ഡല്‍ഹി യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ല മൂഡിലായിരുന്നു. പത്രസമ്മേളനത്തിലും നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിമെല്ലാം അദ്ദേഹം ആവര്‍ത്തിച്ചു ചിരിക്കുന്നുണ്ടായിരുന്നു. ചിലേടത്ത് ചിരി ഓവറായെന്നും പറയാം. ചിരിയില്‍ പിശുക്കനായ പിണറായിയെ ഇത്രമേല്‍ ചിരിപ്പിക്കാന്‍ എന്താണുണ്ടായതെന്ന് പിടികിട്ടിയത് പോളിറ്റ് ബ്യുറൊയുടെ തീരുമാനം വന്നപ്പോഴാണ്. സാക്ഷാല്‍ മന്‍മോഹന്‍ സിങ്ങ് തോറ്റുപോയ ഇടത്താണ് പിണറായി വെന്നിക്കൊടി പാറിച്ചത്. എങ്ങനെ ചിരിക്കാതിരിക്കും?
കോണ്‍ഗ്രസ് സര്‍ക്കാറിന്‍െറ ഉപദേശികളെ വെട്ടിനിരത്തിയ പോളിറ്റ് ബ്യൂറൊ പാര്‍ട്ടിയുടെ സ്വന്തം സര്‍ക്കാറിന്‍െറ ഉപദേശികൾക്ക് മുന്നില്‍ വായ തുറക്കാനാകാത്തതാണ് ഇപ്പോഴത്തെ കാഴ്ച. ലക്ഷണം ഒത്തുനോക്കിയാല്‍ മന്‍മോഹന്‍ കണ്ടുവെച്ച ഉപദേശികളുമായി നൂറില്‍ നൂറ് ചേര്‍ച്ചയാണ് കേരള മുഖ്യന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് ഹാര്‍വാര്‍ഡ് യൂനിവേഴ്സറ്റി പ്രൊഫ. ഗീതാ ഗോപിനാഥിന്. മുഖ്യമന്ത്രിയുടെ സ്വന്തം നാടായ കണ്ണൂരില്‍ നിന്നാണെങ്കിലും സായ്പിന്‍െറ ചിന്താധാരയാണ് പഥ്യം. വളര്‍ച്ചയിലേക്കുള്ള വഴിയെന്നാല്‍ വാതിലുകളെല്ലാം തുറന്നിടുന്ന നവലിബറല്‍ നയങ്ങളാണ് എന്നതാണ് അവരുടെ മതം.
വ്യവസായം എളുപ്പമാക്കാന്‍ മോദി പറയുന്ന തൊഴില്‍ നിയമങ്ങളും പരിസ്ഥിതി നിയന്ത്രണങ്ങളുമെല്ലാം ഇളവ് ചെയ്യുന്ന ‘ഈസ് ദി ബിസിനസ്’ നയങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു ഗീത ഗോപിനാഥ്. തങ്ങളും കൂടി ചേര്‍ന്ന് എതിര്‍ത്ത് തോല്‍പിച്ചുവെന്ന് ഇടതുപക്ഷം വലിയ വായില്‍ അവകാശപ്പെടുന്ന മോദിയുടെ ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി നടപ്പാക്കണമെന്നാണ് അവരുടെ ആവശ്യം. വളം തുടങ്ങിയ സബ്സിഡികള്‍ നിര്‍ത്തലാക്കണമെന്നും തങ്ങളുടെ കൂടി നേട്ടമായി അവകാശപ്പെടുന്ന തൊഴിലുറപ്പ് പോലുള്ള പദ്ധതികള്‍ക്ക് നല്‍കുന്ന പണം പാഴ്ചെലവാണണെന്നുമാണ് ഗീതയിലെ സാമ്പത്തിക വിദഗ്ധയുടെ കണക്ക്.
അങ്ങനെയൊരാള്‍ ഇടതു സര്‍ക്കാറിന്‍െറ ഉപേദേശിയാകുന്നത് കാരാട്ടിനും യച്ചൂരിക്കും മാത്രമല്ല, കമ്യൂണിസ്റ്റുകാരനായി പിറന്ന ആര്‍ക്കും ദഹിക്കുന്നതല്ല. ഗീതാ ഗോപിനാഥിന്‍െറ നിയമനം തിരുത്താന്‍ ഇടപെടണമെന്ന് വി.എസ് അച്യൂതാനന്ദന്‍ ജനറല്‍ സെക്രട്ടറിക്ക് കത്തു നല്‍കിയത് പതിറ്റാണ്ട് പിന്നിട്ട പിണറായി വിരുദ്ധ പോരിന്‍െറ തുടര്‍ച്ചയെന്ന് വേണമെങ്കില്‍ വിലയിരുത്താം. ഇടതു സാമ്പത്തിക വിദഗ്ധനൂം ആസുത്രണ കമീഷന്‍ മുന്‍ ഉപാധ്യക്ഷനുമായ പ്രഭാത് പട്നായികിനെ പോലുള്ളവരുടെ എതിര്‍ ശബ്ദവും മുന്നറിയിപ്പും നിസ്സാരമല്ലെന്ന് പാര്‍ട്ടിക്കാരെല്ലാം പറയുന്നു.
അപ്പോഴും പോളിറ്റ് ബ്യൂറൊ തീരുമാനിച്ചത് തല്‍കാലം വിഷയത്തില്‍ ഇടപെടുന്നില്ല എന്നാണ്. വി.എസിന്‍െറ കത്ത് ചര്‍ച്ചക്ക് വന്നപ്പോള്‍ പോളിറ്റ് ബ്യൂറൊയില്‍ ഏറെക്കുറെ എല്ലാവരും അതൃപ്തി അറിയിച്ചവത്രെ. എന്നിട്ടും എന്തുകൊണ്ട് പാര്‍ട്ടി നേതൃത്വം ഇടപെടുന്നില്ലെന്ന ചോദ്യത്തിന് സ്വതസിദ്ധമായ കള്ളചിരിയായിരുന്ന യച്ചൂരിയുടെ മറുപടി. ഇടപെടാന്‍ മാത്രമുള്ള ത്രാണിയില്ലെന്ന് ജനറല്‍ സെക്രട്ടറി പറയാനാകില്ലല്ലോ. ബംഗാളിലെ ‘കൈയരിവാള്‍’ സഖ്യം പാര്‍ട്ടിക്ക് നഷ്ടങ്ങള്‍ മാത്രമാണ് നല്‍കിയത്. കോണ്‍ഗ്രസിന് പിന്നിലായ സി.പി.എമ്മിന് വംഗനാട്ടില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലുമില്ല.
കൈയരിവാള്‍ സഖ്യത്തിന്‍െറ പേരില്‍ കേരളത്തില്‍ കേട്ട പഴി മാത്രമാണ് നേട്ടം. കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും സഖ്യമില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തിന് വിരുദ്ധമായ സഖ്യം അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിക്കാന്‍ കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ചിട്ടും ബംഗാള്‍ പാര്‍ട്ടി അതിന് തയാറല്ല. അതുസംബന്ധിച്ച കേന്ദ്ര കമ്മിറ്റി രേഖ ബംഗാളില്‍ പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ വായിക്കാനാകില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിന്‍െറ നടുക്കം മാറും മുമ്പാണ് പിണറായിയും ഗീതാ ഗോപിനാഥും പോളിറ്റ് ബ്യൂറൊക്ക് മുന്നിലത്തെിയത്. ആരെന്തു പറഞ്ഞാലും ഗീതയെ മാറ്റില്ലെന്ന് പി.ബി യോഗത്തിന് മുമ്പുതന്നെ പിണറായി പത്രസമ്മേളനത്തില്‍ പറഞ്ഞതാണ്.
ശരിയാണ് സഖാവേ.. സാമ്പത്തിക രംഗവും രാഷ്ട്രീയ രംഗവും ഇന്ത്യയിലും പുറത്തും വലത്തോട്ടാണ് തിരിയുന്നതായാണ് കാണുന്നത്. ഒരു വലതുപക്ഷ രാഷ്ട്രീയ ഉപദേശിയെ വെക്കാനുള്ള സാധ്യത ആലോചിക്കാവുന്നതാണ്. പ്രവീണ്‍ തൊഗാഡിയ പോലുള്ളവരെ പരിഗണിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.