Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമരുഭൂ സ്വപ്നങ്ങളിൽ...

മരുഭൂ സ്വപ്നങ്ങളിൽ നിഴൽ വീഴുന്നു...

text_fields
bookmark_border
മരുഭൂ സ്വപ്നങ്ങളിൽ നിഴൽ വീഴുന്നു...
cancel

എണ്ണ വിലയിലുണ്ടായ ചാഞ്ചാട്ടത്തെ തുടര്‍ന്ന് ഗള്‍ഫിലെ ഏറ്റവും വലിയ രാജ്യവും ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരുമായ സൗദി അറേബ്യയില്‍ നിര്‍മാണ മേഖലയിലുള്ള കമ്പനികളില്‍ പലതും പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വാരിക്കോരി നല്‍കിയിരുന്ന പദ്ധതികളില്‍ അല്‍പം നിയന്ത്രണം ഏര്‍പ്പെടുത്തിയതും നിലവിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ടെണ്ടര്‍ തുകയില്‍ കുറവു വരുത്തിയതുമൊക്കെ പ്രതിസന്ധിക്ക് കാരണമാണ്. വന്‍കിട കമ്പനികള്‍ വലിയ പദ്ധതികള്‍ ഏറ്റെടുത്ത് ചെറുകിട കമ്പനികള്‍ക്ക് നല്‍കുന്ന രീതിയാണ് ഇവിടെ വ്യാപകമായി സ്വീകരിക്കുന്നത്. അതുകൊണ്ട് ഒരു കമ്പനിയില്‍ പ്രശ്നമുണ്ടായാല്‍ അവരെ ആശ്രയിച്ച് കഴിയുന്ന മറ്റു കമ്പനികളെയും അത് ഗുരുതരമായി ബാധിക്കും. ഇതിന് പുറമെ കമ്പനികളുടെ ധൂര്‍ത്തും മിസ് മാനേജ്മെന്‍റും കൂടിയാവുമ്പോള്‍ ചിത്രം കൂടുതല്‍ സങ്കീര്‍ണമാവുന്നു. സൗദിയില്‍ ചില കമ്പനികളിലുണ്ടായ തൊഴില്‍ പ്രശ്നങ്ങള്‍ക്ക് കാരണവുമിതാണ്. സൗദി ഓജര്‍, ബിന്‍ ലാദിന്‍ എന്നീ കമ്പനികളിലാണ് രൂക്ഷമായ പ്രതിസന്ധിയുള്ളത്. മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന വന്‍കിട കമ്പനികളാണ് ഇവ രണ്ടും.

നിർമാണ മേഖല‍യിൽ തൊഴിലെടുക്കുന്ന വിദേശ തൊഴിലാളി
 

മക്കയില്‍ കഴിഞ്ഞ ഹജ്ജ് സീസണിലുണ്ടായ ക്രെയിന്‍ ദുരന്തത്തിന്‍റെ കാരണക്കാരായ ബിന്‍ലാദിന്‍ കമ്പനിയുടെ പദ്ധതികള്‍ നിര്‍ത്തലാക്കിയതാണ് അവരുടെ പ്രതിസന്ധിയുടെ ആഴം കൂട്ടിയത്. അത് വീണ്ടും പുനഃസ്ഥാപിച്ചതോടെ പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും വന്‍ തുക കമ്പനിക്ക് സര്‍ക്കാറില്‍ നിന്ന് കിട്ടാനുണ്ട്. അതുകൊണ്ട് തന്നെ തൊഴിലാളികള്‍ മാസങ്ങളായി ശമ്പളമില്ലാതെ കഴിയുന്നു. സഹികെട്ട തൊഴിലാളികള്‍ അക്രമാസക്തരാവുകയും കമ്പനിയുടെ ബസുകള്‍ കത്തിക്കുകയും ഓഫിസ് അടിച്ചു തകര്‍ക്കുകയും തെുരവിലിറങ്ങുകയുമൊക്കെ ചെയ്തു. സൗദിയില്‍ അധികം പരിചയമില്ലാത്ത സമരമുറകളാണിതൊക്കെ. തൊഴിലാളി പ്രശ്നം രൂക്ഷമായതോടെയാണ് അധികൃതര്‍ കമ്പനിയുടെ വിലക്ക് നീക്കിയത്. എന്നാലും തൊഴിലാളികളുടെ പൊട്ടിത്തെറി ഇടക്കിടെ റോഡ് ഉപരോധമായും ഓഫിസിലേക്ക് ഇരച്ചു കയറലുമൊക്കെയായി പുറത്തേക്ക് വരുന്നു. കഴിഞ്ഞ ദിവസവും ജിദ്ദയില്‍ ബിന്‍ലാദിന്‍ കമ്പനിയുടെ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. വിലക്ക് നീക്കിയതോടെ കമ്പനി പഴയ ഫോമില്‍ തിരിച്ചെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. കാരണം ലോകോത്തര നിലവാരമുള്ള വന്‍കിട നിര്‍മാണ കമ്പനിയാണ് ബിന്‍ലാദിന്‍.

ബിൻലാദൻ കമ്പനിയുടെ സൗദിയിലെ ഒാഫീസ്
 

1978ല്‍ റിയാദ് ആസ്ഥാനമായി സ്ഥാപിതമായ കമ്പനിയാണ് സൗദി ഓജര്‍. മുന്‍ ലെബനാന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയാണ് സ്ഥാപകന്‍. സൗദിയിലെ വന്‍കിട കമ്പനികളിലൊന്നായിരുന്ന ഓജര്‍ 2005ല്‍ റഫീഖ് ഹരീരിയുടെ മരണത്തോടെയാണ് പ്രതിസന്ധിയിലേക്ക് വീണത്. ലെബനാനില്‍വെച്ച് തന്‍റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ബോംബ് സ്ഫോടനത്തിലാണ് ഹരീരി കൊല്ലപ്പെട്ടത്. ഇതോടൊപ്പം തലപ്പത്തുള്ളവരുടെയും മിഡില്‍ മാനേജ്മെന്‍റിന്‍റെയുമൊക്കെ പിടിപ്പു കേടുകൊണ്ടാണ് കമ്പനി നഷ്ടത്തിലേക്ക് കൂപ്പു കുത്തിയതെന്ന് തൊഴിലാളികള്‍ പറയുന്നു. 1500 കോടി റിയാലാണ് ഇപ്പോള്‍ കമ്പനിയുടെ ബാധ്യതയെന്നാണ് ഏകദേശ കണക്ക്. ഓഹരി വില്‍പനയും മറ്റുമായി പിടിച്ചു നില്‍ക്കാന്‍ കമ്പനി അവസാന അടവും പയറ്റി നോക്കുന്നുണ്ട്. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ജിദ്ദയില്‍ മാത്രം 2500 ഇന്ത്യക്കാരുണ്ട്. റിയാദില്‍ മാത്രം കമ്പനിക്ക് 15 ക്യാമ്പുകളാണുള്ളത്. ഇവിടെയുമുണ്ട് ആയിരങ്ങള്‍. പുറമെ ദമ്മാമിലും കമ്പനിക്ക് ഓഫിസുകളും തൊഴിലാളി ക്യാമ്പുകളുമുണ്ട്. ഒമ്പതു മാസത്തോളമായി ഇവിടെ ശമ്പളം മര്യാദക്ക് കിട്ടിയിട്ട്. താമസ സ്ഥലത്തുണ്ടായിരുന്ന കാന്‍റീന്‍ കൂടി അടച്ചതോടെയാണ് തൊഴിലാളികള്‍ ശമ്പളവും ഭക്ഷണവുമില്ലാതെ കുടുങ്ങിയത്. കഞ്ഞികുടി മുട്ടിയാല്‍ തെരുവിലിറങ്ങിപ്പോവുക സ്വാഭാവികമാണ്. ഇതാണ് ജിദ്ദയില്‍ സംഭവിച്ചത്.

കേന്ദ്ര സര്‍ക്കാറിന്‍റെ ഇടപെടലുണ്ടാവുന്നത്

സൗദി ഓജറിനെ പോലെ ദമ്മാമിലെ പ്രമുഖ ഗ്രൂപ്പിന്‍റെ നിര്‍മാണ കമ്പനിയിലും എട്ടു മാസമായി ശമ്പളം മുടങ്ങിയിട്ട്. ചില കമ്പനികളിലൊക്കെ പദ്ധതികള്‍ തീരുകയും പുതിയത് കിട്ടാന്‍ കാലതാമസമുണ്ടാവുകയും ചെയ്യുമ്പോള്‍ രണ്ടും മൂന്നും മാസമൊക്കെ ശമ്പളം മുടങ്ങല്‍ പതിവാണ്. എന്നാല്‍ ദമ്മാമിലെ കമ്പനിയില്‍ എട്ടു മാസമായിട്ടും ഒരു പരിഹാരവുമുണ്ടായിട്ടില്ല. തൊഴിലാളികള്‍ പല വാതിലുകളും മുട്ടിയെങ്കിലും തുറക്കപ്പെട്ടില്ല. ഇന്ത്യന്‍ എംബസിയിലും വിദേശകാര്യ വകുപ്പിലുമൊക്കെ നല്‍കിയ പരാതി വഴിപാടായി. പലരുടെയും താമസ രേഖകള്‍ കാലാവധി കഴിഞ്ഞെങ്കിലും ഉടമ പുതുക്കി കൊടുക്കാന്‍ തയാറായില്ല. കമ്പനിയെ പൂര്‍ണമായി ഉപേക്ഷിച്ച നിലയിലായിരുന്നു മാനേജ്മെന്‍റിന്‍റെ പെരുമാറ്റം. ദമ്മാം സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ ഭക്ഷണത്തിന് നല്‍കിയിരുന്ന അലവന്‍സ് മൂന്ന് മാസം മുമ്പ് നിര്‍ത്തിയതോടെയാണ് തൊഴിലാളികള്‍ അക്ഷരാര്‍ഥത്തില്‍ ദുരിതത്തിലായത്. 700ഓളം ഇന്ത്യക്കാരാണ് ഈ കമ്പനിയിലുള്ളത്. ഇവരുടെ ബന്ധുക്കള്‍ റമദാന് മുമ്പ് ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ ധര്‍ണ നടത്തിയിരുന്നു.

ഒാജർ കമ്പനി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന സൗദിയിലെ കെട്ടിട സമുച്ചയം
 

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ ഡല്‍ഹിയില്‍ ധര്‍ണ നടത്തുന്നത് ഒരു പക്ഷേ ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റമദാന്‍ കഴിഞ്ഞതിന് ശേഷം വിഷയത്തില്‍ ഇടപെടാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. റമദാന് ശേഷമാണ് സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികള്‍ തെരുവിലിറങ്ങിയത്. ഇതോടൊപ്പം ജിദ്ദയില്‍ നിന്ന് മന്ത്രിക്ക് നേരിട്ട് പരാതി പോവുകയും വിഷയം പാര്‍ലമെന്‍റില്‍ ഒച്ചപ്പാടാവുകയും ചെയ്തതോടെയാണ് കേന്ദ്രം ഇളകിയത്. വിദേശകാര്യ സഹമന്ത്രി വി.കെ സിങിന്‍റെ വരവുണ്ടായത് അങ്ങനെയാണ്. അദ്ദേഹം വരികയും തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പ്രതിസന്ധിയിലായ തൊഴിലാളികളില്‍ നാട്ടില്‍ പോകാന്‍ താല്‍പര്യമുള്ളവരെ സ്വന്തം ചെലവില്‍ നാട്ടിലയക്കാമെന്നും മറ്റു കമ്പനികളിലേക്ക് മാറാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിന് അനുവാദം നല്‍കാമെന്നും കേസുകള്‍ സൗദി അഭിഭാഷകരെ വെച്ച് നടത്തുമെന്നും കിട്ടുന്ന ആനുകുല്യങ്ങള്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുമെന്നും തൊഴില്‍ വകുപ്പ് മന്ത്രി വി.കെ. സിങിന് ഉറപ്പു നല്‍കി.

ഒരുപടി കൂടി കടന്ന് തിരിച്ചറിയല്‍ രേഖകളുടെ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ക്ക് അത് സൗജന്യമായി പുതുക്കി നല്‍കാമെന്നും അവര്‍ ഉറപ്പു നല്‍കി. ഭക്ഷണവും വൈദ്യ സഹായവും ഒരുക്കി. സ്വകാര്യ കമ്പനികളിലെ പ്രശ്നത്തിന് ഒരു ഭരണകൂടത്തിന് ഇടപെടാന്‍ കഴിയുന്നതിന്‍റെ അങ്ങേയറ്റമാണിത്. ജിദ്ദയിലെ ലേബര്‍ ക്യാമ്പുകളിലൊന്നില്‍ സൗദി തൊഴില്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനോടൊപ്പം മന്ത്രിയെത്തിയതോടെ തൊഴിലാളികളുടെ ആത്മവിശ്വാസം തന്നെ കൂടി. കഴിയുന്നതും ഇവിടെ പിടിച്ചു നില്‍ക്കാന്‍ തന്നെ പലരും തീരുമാനിച്ചു. 600 ജിദ്ദയില്‍ നിന്ന് മാത്രം നാട്ടിലേക്ക് പോകാന്‍ തയാറായിരുന്നു. എന്നാല്‍ അധികൃതരുടെ ഇടപെടലോടെ പലരും തീരുമാനം മാറ്റി. ഇപ്പോള്‍ പോകാന്‍ തയാറായുള്ളവരുടെ എണ്ണം 200ല്‍ താഴെ മാത്രമാണ്.

നന്മയുടെ തുരുത്തുകള്‍

പ്രതിസന്ധിയിലായ കമ്പനികളിലെ തൊഴിലാളികളുടെ അടുത്ത് ആദ്യം ഓടിയെത്തിയത് കേന്ദ്ര സര്‍ക്കാറോ എംബസിയോ അല്ല. നമ്മയുടെ ഉറവ വറ്റാത്ത മലയാളി കൂട്ടായ്മകളാണ്. ദമ്മാമില്‍ അവര്‍ ഭക്ഷണ സാധനങ്ങളുമായി തൊഴിലാളികളെ തേടിയെത്തി. വിവരമറിഞ്ഞ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പ് പോലുള്ള സ്ഥാപനങ്ങളും സഹായവുമായി എത്തി. ജിദ്ദയിലും സന്നദ്ധ സംഘടനകള്‍ ദുരിതത്തിലായ സഹജീവികള്‍ക്ക് സഹായമെത്തിച്ചു. പിന്നീടാണ് എംബസിയുടെ നേതൃത്വത്തില്‍ റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്ഷ്യ വസ്തുക്കള്‍ വ്യാപകമായി വിതരണം ചെയ്തത്. ദുരിതമനുഭവിക്കുന്നവരെ ജാതിയുടെയോ മതത്തിന്‍റെയോ സംസ്ഥാനങ്ങളുടേയോ വേര്‍തിരിവില്ലാതെ ജോലിയുടെ തിരക്കുകള്‍ മാറ്റിവെച്ച് സഹായിക്കാനെത്തിയ മലയാളികള്‍ പ്രവാസ ലോകത്തെ നന്മയുടെ തെളി നീരുറവകളായി മാറുകയായിരുന്നു.

പ്രതിസന്ധി അത്ര ചെറുതല്ല

വി.കെ. സിങിന്‍റെ വരവോടെ പ്രശ്നങ്ങള്‍ സൗദി ഓജര്‍ കമ്പനിയില്‍ മാത്രമാണുള്ളതെന്ന രീതിയിലേക്ക് കാര്യങ്ങള്‍ ചുരുങ്ങി എന്നതാണ് ആശ്വാസത്തിനിടയിലും കല്ലുകടിയായി അവശേഷിക്കുന്നത്. യഥാര്‍ഥത്തില്‍ കേന്ദ്രത്തിന്‍റെ ഇടപെടലിന് കാരണക്കാരായ ദമ്മാമിലെ കമ്പനിയിലെ തൊഴിലാളികളുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമൊന്നുമായിട്ടില്ല. ജിദ്ദയില്‍ തന്നെ ആയിരത്തിലധികം തൊഴിലാളികളുള്ള മറ്റൊരു കമ്പനിയിലെ തൊഴിലാളികളും മന്ത്രി എത്തിയ ദിവസം പ്രതിഷേധവുമായി തടിച്ചു കൂടിയിരുന്നു. 700 ഓളം തൊഴിലാളികളുള്ള കമ്പനിയില്‍ 255 ഇന്ത്യക്കാരാണുള്ളത്. 13 മാസമായി ഇവര്‍ക്ക് ശമ്പളം കിട്ടിയിട്ട്. കേന്ദ്ര മന്ത്രിയുടെ വരവോടെ ഇവരുടെ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. ഒരു കമ്പനിയില്‍ മാത്രമാണ് പ്രശ്നങ്ങളുള്ളതെന്ന ലഘൂകരണം സത്യസന്ധമായി പറഞ്ഞാല്‍ വസ്തുതകള്‍ക്ക് നിരക്കാത്തത്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ പല കമ്പനികളിലും മാസങ്ങളായി ശമ്പളം മുടങ്ങി കിടക്കുന്ന തൊഴിലാളികളുണ്ട്. റിയാദ്, ജിദ്ദ, ദമ്മാം, ജുബൈല്‍, യാമ്പൂ, ത്വാഇഫ്, തബൂക്ക് തുടങ്ങി വ്യവസായ മേഖലകളിലും മറ്റും സാമ്പത്തിക പ്രയാസത്തില്‍ ഞെരുങ്ങുന്ന നിരവധി കമ്പനികളുണ്ട്. ഇന്നല്ലെങ്കില്‍ നാളെ പ്രശ്നങ്ങള്‍ തീരുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍ ഓരോ നാളും ഉറക്കമെണീക്കുന്നത്. അതുകൊണ്ട് തന്നെ അധികൃതര്‍ പലപ്പോഴും ഇത് അറിയാതെ പോകുന്നു. നാട്ടിലേക്ക് പോകുക എന്നത് എളുപ്പമാണ്.

നിർമാണ മേഖല‍യിൽ തൊഴിലെടുക്കുന്നവർ
 

കമ്പനിയുടെയോ സൗദി അധികൃതരുടെയോ എംബസിയുടെയോ സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹായത്തോടെ അത് നടക്കും. പക്ഷേ, പിന്നീട് എന്ത് എന്ന ചോദ്യത്തിന് മുന്നില്‍ മറുപടി ഇരുട്ട് മാത്രമാകുമ്പോള്‍ ഓരോ തൊഴിലാളിയും അവന്‍റെ മുറിയിലുള്ള കട്ടിലിലെ പുതപ്പിനുള്ളിലേക്ക് വലിയുന്നു. പട്ടിണിയാണെങ്കിലും മുണ്ട് മുറുക്കിയുടുക്കുന്നു. സൗദിയിലെ തൊഴിലിടങ്ങള്‍ക്ക് മുകളില്‍ കാര്‍മേഘം ഇരുട്ടു മൂടിക്കൊണ്ടിരിക്കുകയാണ്. ഒരു പെരുമഴയായി അത് പെയ്തിറങ്ങാം. അല്ലെങ്കില്‍ കാറൊഴിഞ്ഞ് വീണ്ടും വെളിച്ചം പരക്കാം. ഓരോ തൊഴിലാളിയും കഴിവിന്‍റെ പരമാവധി ഇവിടെ തന്നെ പിടിച്ചു നില്‍ക്കും. കാരണം, തിരിച്ചുപോയിട്ട് കാര്യമില്ലെന്ന് അവനറിയാം. ഇവിടെ നിന്ന് തൊഴിലാളികളുടെ ഒഴുക്കുണ്ടായാല്‍ നെഞ്ചിടിപ്പേറുക കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്കാണ്. 30 ലക്ഷം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. അതില്‍ 10 ലക്ഷത്തില്‍ കൂടുതല്‍ മലയാളികളാണ്. അതുകൊണ്ട് ഇന്നല്ലെങ്കില്‍ നാളെ തിരിച്ചെത്തുന്ന തൊഴിലാളികളെ എങ്ങനെ പുനരധിവസിപ്പിക്കാം എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ആലോചിക്കേണ്ടത്.

ഇതിനെല്ലാം പുറമെ ആയിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന മൊബൈല്‍ കടകളില്‍ സൗദികള്‍ മാത്രമേ ജോലി ചെയ്യാവൂ എന്ന നിയമം അടുത്ത മാസം മുതല്‍ നടപ്പാകാന്‍ പോവുകയാണ്. ജൂണ്‍ മുതല്‍ തന്നെ നിയമം നടപ്പായിട്ടുണ്ടെങ്കിലും പകുതി ജീവനക്കാര്‍ സൗദികളായാല്‍ മതിയായിരുന്നു. എന്നാല്‍, സെപ്റ്റംബറോടെ ഒരു വിദേശിക്കും ഈ മേഖലയില്‍ ജോലി ചെയ്യാനാവില്ല. മലയാളികളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമാണിത്. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Workersindian labourerssaudi labour issuesindia govt
Next Story