ദി ഗ്രേറ്റ് മാണി സർക്കസ്
text_fieldsകേരള രാഷ്ട്രീയത്തിലെ അതികായൻ, സംശുദ്ധ രാഷ്‌ട്രീയത്തിന്‍റെ വക്താവ് എന്നിങ്ങനെയൊക്കെ അറിയപ്പെട്ടിരുന്ന കെ.എം മാണി രണ്ടു വർഷം മുമ്പ് വരെ, അഥവാ ബാർ കോഴ വിവാദം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് വരെ കേരളത്തിലെ എല്ലാ മുന്നണികൾക്കും പാർട്ടികൾക്കും വേണ്ടപ്പെട്ട ആളായിരുന്നു. മാണിസാർ എന്നു മാത്രമാണ് ഭരണ കക്ഷിക്കാരും പ്രതിപക്ഷക്കാരുമെല്ലാം അദ്ദേഹത്തെ ബഹുമാന പുരസ്സരം വിളിച്ചിരുന്നത്. ബാറുകൾ പൂട്ടുന്നതിനും പൂട്ടിയവ തുറപ്പിക്കുന്നതിനുമെല്ലാം കോഴ വാങ്ങിയെന്ന് ആരോപണം ഉയർന്നപ്പോൾ വളരെ പെട്ടെന്ന് കെ.എം മാണി കോഴ മാണിയായി മാറി. പി സി ജോർജ് മാത്രമല്ല അങ്ങിനെ വിളിച്ചത്. കെ.എം മാണി കള്ളനാണെന്ന് തെരുവുകളിൽ കുട്ടികൾ വരെ വിളിച്ചു പറഞ്ഞു. ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന ഖ്യാതി സ്വന്തമാക്കിയിരുന്ന മാണി ബജറ്റുകൾ വിറ്റു കാശാക്കുന്ന ആളായി വ്യാഖ്യാനിക്കപ്പെട്ടു. ചുരുക്കത്തിൽ കേരളാ കിസിഞ്ജർ എന്നൊക്കെ ഒരു കാലത്തു അറിയപ്പെട്ട മാണി തെരുവിൽ ആർക്കും കൊട്ടാവുന്ന ചെണ്ടയായി മാറി. മാണി എന്ന രാഷ്ട്രീയനേതാവിന് താങ്ങാവുന്നതിനു അപ്പുറമായിരുന്നു ഇത്. ഈ അപമാനത്തിൽ നിന്നു കര കയറി മുഖം മിനുക്കാനുള്ള ഒരു തന്ത്രമായേ മാണിയുടെ യു. ഡി.എഫ് വിടലിനെ കാണാൻ കഴിയൂ.
ബാർ കോഴ കോൺഗ്രസ് നേതാക്കളുടെ സൃഷ്ടി ആണെന്നായിരുന്നു ആദ്യം മുതൽക്കേ മാണിയുടെ ആരോപണം. ഉമ്മൻചാണ്ടി, കെ. ബാബു, അടൂർ പ്രകാശ് , രമേശ് ചെന്നിത്തല എന്നിവരെയാണ് അദ്ദേഹം ലക്ഷ്യം വെച്ചത്. യു.ഡി.എഫ് ഭരണത്തിന്‍റെ മൂന്നാം വർഷം എൽ.ഡി.എഫിലേക്ക് കാലു മാറി മുഖ്യമന്ത്രി ആകാനുള്ള ശ്രമം മാണി നടത്തി എന്നത് പല തലങ്ങളിലും സ്ഥിരീകരിക്കപ്പെട്ടതാണ്. അന്ന് മാണിയുടെ സ്വന്തം ആളായിരുന്ന പി.സി ജോർജ് മാണിക്ക് വേണ്ടി ഇടതു നേതാക്കളെ കണ്ട വിവരം പല ഘട്ടങ്ങളിലും പുറത്തു വിട്ടിട്ടുണ്ട്. തന്നെ യു.ഡി.എഫിൽ തളച്ചിടാൻ ശ്രമിച്ചെന്ന് മാണി തന്നെ പറഞ്ഞ സ്ഥിതിക്ക് അത്തരത്തിലൊരു രാഷ്ട്രീയ ഗൂഢ നീക്കം അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായി എന്നു തന്നെ വേണം വിലയിരുത്താൻ. വെടക്കാക്കി മാണിയെ തനിക്കാക്കാൻ കോൺഗ്രസ് നേതാക്കളും ശ്രമിച്ചിരിക്കാം. ഇതു മൂലം അപരിഹാര്യമായ നഷ്ടമാണ് മാണിക്ക് ഉണ്ടായത് . അദ്ദേഹത്തിൻറെ പേരും പെരുമയുമെല്ലാം പെട്ടെന്നങ്ങു അസ്തമിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനു നേരിട്ട തോൽവിക്ക് പ്രധാന സംഭാവനകൾ നൽകിയത് ബാർ കോഴയും സരിതാ വിവാദവുമാണ്. ഇതിൽ ആദ്യത്തേതിൽ മാണി നായകൻ ആണെങ്കിൽ രണ്ടാമത്തേതിൽ അദ്ദേഹത്തിൻറെ മകൻ ജോസ് കെ. മാണി കക്ഷിയാണ്. ഉമ്മൻചാണ്ടിയെ പോലെ തന്നെ യു.ഡി.എഫിന്‍റെ പരാജയത്തിന് തുല്യ ഉത്തരവാദിത്വം കെ.എം മാണിക്കും ഉണ്ടായിരിക്കെ മുന്നണി വിടുന്നതിനു പൊതു സമൂഹത്തിന് സ്വീകാര്യമായ കാരണം ബോധിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് വിടുന്നു എന്ന മാണിയുടെ പ്രഖ്യാപനത്തിൽ തന്നെ വൈരുധ്യങ്ങൾ ഏറെയുണ്ട്. നിയമസഭയിൽ മാണി അടക്കം ആറു അംഗങ്ങൾ പ്രത്യേക ബ്ലോക്ക് ആയിരിക്കും എന്നതാണ് ഇതിലെ ഒരു തീരുമാനം. അതേസമയം പഞ്ചായത്ത്- മുനിസിപ്പാലിറ്റികളിൽ ഇപ്പോഴത്തെ ഐക്യം തുടരും. സഹകരണ സ്ഥാപനങ്ങളിലും അതു തന്നെ സ്ഥിതി. അക്ഷരാർഥത്തിൽ ഇതു പൊതുസമൂഹത്തെ കബളിപ്പിക്കലാണ്. പ്രാദേശിക ഭരണകൂടങ്ങളിൽ യു.ഡി.എഫിന്‍റെ ഭാഗമായി കേരളാ കോൺഗ്രസ് മാണി തുടരുമെന്നാണ് ഇതിനർത്ഥം. അതു കൊണ്ടാണ് മാണി ഇപ്പോൾ നടത്തിയിരിക്കുന്നത് ഒരു തരം രാഷ്ട്രീയ ഞാണിൻമേൽ കളിയാണെന്ന സംശയം ഉയരുന്നത്.
യു.ഡി.എഫ് വിട്ടു മാണി എങ്ങോട്ടാണ് പോകുന്നതെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. എൽ.ഡി.എഫിലേക്കും എൻ.ഡി.എ യിലേക്കും ഇല്ല എന്നാണ് മാണി പറയുന്നത്. കേരളം പോലൊരു സംസ്ഥാനത്ത് മുന്നണി സംവിധാനത്തിൽ അല്ലാതെ ഒരു പാർട്ടിക്കും പിടിച്ചു നിൽക്കാൻ കഴിയില്ല. ബാർ കോഴ ആരോപണം പേറുന്ന മാണിയെ എടുക്കാൻ എൽ.ഡി.എഫിന് എളുപ്പത്തിൽ കഴിയില്ല. ബി.ജെ.പി ക്ക് മാണിയോട് അസ്‌പൃശ്യത ഇല്ലെങ്കിലും വലിയ ആവേശം അവരും കാണിക്കുന്നില്ല. മാണി കോഴ വാങ്ങുന്ന ആളാണെങ്കിലും പാർട്ടി അങ്ങനെയല്ലെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. കേരളത്തിൽ എൻ.ഡി.എ വികസിപ്പിച്ചു ഭരണത്തിൽ വരാൻ ആഗ്രഹിക്കുന്ന ബി. ജെ.പിക്ക് കേരളാ കോൺഗ്രസിനെ കൂടെ കിട്ടുക ചെറിയ കാര്യമല്ല. അതിനു വില കൊടുക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം ഒരുക്കമാണ്. ജോസ് കെ മാണിക്ക് ഒരു കേന്ദ്ര സഹമന്ത്രി പദം നൽകുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല അമിത്ഷാക്ക്. എന്നാൽ, എൻ.ഡി.എ യിലേക്ക് പോകുമ്പോൾ ഇപ്പോൾ കൂടെയുള്ള എല്ലാവരും ഒരുമിച്ചു മാണിയോടൊപ്പം ഉണ്ടാകാൻ ഇടയില്ല. ഇനി ഒരു പിളർപ്പിനുള്ള ആരോഗ്യം മാണിയുടെ പാർട്ടിക്കില്ല താനും..
വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടി എന്നാണ് മുൻ കാലങ്ങളിൽ കേരളാ കോൺഗ്രസ് വിശേഷിപ്പിക്കപ്പെട്ടതെങ്കിൽ ഇന്ന് അങ്ങനെയൊരു സാഹചര്യമല്ല ഉള്ളത്. മധ്യ കേരളത്തിലെ ക്രൈസ്തവ സമുദായത്തിൽ സ്വാധീനമുള്ള പാർട്ടിയായാണ് കേരളാ കോൺഗ്രസ് വളർന്നത്. എന്നാൽ കോൺഗ്രസിനും ക്രൈസ്തവ സമുദായത്തിൽ ഗണ്യമായ സ്വാധീനം ഇന്നുണ്ട്. ഇരു പാർട്ടികളുടെയും വോട്ടുകൾ കൂടി ചേർന്നാലേ ജയിക്കാൻ കഴിയൂ. സ്വന്തം നിലയിൽ ഒരു സീറ്റ് പോലും നേടാൻ മാണിയുടെ പാർട്ടിക്ക് കഴിയില്ല. പാലായിൽ ജയിച്ചു കയറണമെങ്കിൽ മാണിക്കും കോൺഗ്രസിന്‍റെ വോട്ടുകൾ കൂടിയേ തീരൂ. ചുരുക്കത്തിൽ അടുത്തൊന്നും ഒരു തെരഞ്ഞെടുപ്പ് വരാനില്ലാത്തത് കൊണ്ടാണ് മാണി ഇത്തരത്തിൽ കടുത്ത തീരുമാനം എടുത്തതെന്ന് വേണം കരുതാൻ. മുന്നണി വിട്ട പോലെ തന്നെ തിരിച്ചു വരാനും മാണിക്ക് കഴിയും. ബാബരി മസ്‌ജിദ് തകർച്ചക്ക് ശേഷം യു.ഡി.എഫ് വിട്ട മുസ്‌ലിം ലീഗ് അതേ വേഗതയിൽ തിരിച്ചു വന്ന അനുഭവം കേരളത്തിലുണ്ട്. മുന്നണി വിടാൻ അന്ന് ലീഗിന് രാഷ്ട്രീയ കാരണമുണ്ടായിരുന്നു. അതു പോലെ മതിയായ ഒരു കാരണവും ഇല്ലാതെ വ്യക്തിഗത കാര്യങ്ങൾ പറഞ്ഞാണ് മാണി പുറത്തു പോകുന്നത്.
ബാർകോഴ കേസിൽ മാണിയെ കുടുക്കിയെങ്കിലും യു.ഡി.എഫ് ഭരണത്തിൽ തന്നെ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് കൊടുത്തിരുന്നു. കോഴ വാങ്ങിയതിന് തെളിവില്ലെന്നാണ് ആദ്യ അന്വേഷണത്തിലും പുനരന്വേഷണത്തിലും പൊലീസ് കണ്ടെത്തിയത്. ഇപ്പോൾ എൽ.ഡി എഫിന്‍റെ പൊലിസ് ബാർ കോഴ വീണ്ടും അന്വേഷിക്കുകയാണ്. കേസിൽ നിന്നു രക്ഷപ്പെടാനുള്ള മാണിയുടെ അടവാണോ യു.ഡി.എഫ് വിടൽ എന്ന സംശയം ന്യായമായി ഉയരാം. വളരെ വൈകാതെ അതു തിരിച്ചറിയാൻ കഴിയും. എന്തു തന്നെ ആയാലും യു.ഡി.എഫിന് ഇതു വലിയൊരു ആഘാതമാണ്. യു.ഡി.എഫിൽ വന്നതിന്‍റെ പേരിൽ മനസ്താപപ്പെട്ടു നിൽക്കുന്ന രണ്ടു പാർട്ടികൾ ഇപ്പോൾ തന്നെ അവിടെയുണ്ട്. ജെ.ഡി.യുവും ആർ എസ് പിയും. മനസ്സ് എൽ.ഡി.എഫിലും ശരീരം യു.ഡി.എഫിലും എന്ന അവസ്ഥയിലാണവർ. മുന്നണി പൊളിയുന്നു എന്ന പ്രതീതിയിൽ അവർ എൽ.ഡി.എഫിൽ ചേക്കേറാൻ ശ്രമിച്ചാൽ കേരള രാഷ്ട്രീയം ആകെ മാറും. യു.ഡി.എഫിന്‍റെ, അഥവാ, കോൺഗ്രസിന്‍റെ തകർച്ച മുതൽകൂട്ടാവുക ബി.ജെ.പിക്കാണ്. ചുരുക്കത്തിൽ മാണിയുടെ തീരുമാനം പരോക്ഷമായി ഗുണം ചെയ്യുക ബി.ജെ.പിക്ക് തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.