Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസാമ്പത്തിക തടവറയില്‍ ...

സാമ്പത്തിക തടവറയില്‍ ഒരു മാസം

text_fields
bookmark_border
സാമ്പത്തിക തടവറയില്‍  ഒരു മാസം
cancel

ഒരു മാസം പിന്നിടുന്ന നോട്ട് പ്രതിസന്ധി സംസ്ഥാനത്തിന്‍െറ സമസ്ത മേഖലകളെയും പുറകോട്ടടിച്ചു. ജനങ്ങളുടെയും സര്‍ക്കാറിന്‍െറയും വരുമാനം ഇടിഞ്ഞു. നിര്‍മാണമേഖല സ്തംഭിച്ചു. ജീവിക്കാനും കച്ചവടം ചെയ്യാനും ആവശ്യമായ ചുരുക്കം പണം പോലും ജനങ്ങളുടെ കൈയിലില്ലാതെയായി. അല്‍പം പണത്തിനുവേണ്ടി ബാങ്കുകളില്‍ നിരനില്‍ക്കുകയാണ് ഇപ്പോഴും കേരളം. ഞെരുങ്ങിയും ചുരുക്കിയും ഒരു മാസം പിന്നിട്ടുവെങ്കിലും വരും നാളുകളില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. 
 

നികുതിവരുമാനം ഇടിഞ്ഞു
സംസ്ഥാന സര്‍ക്കാറിന്‍െറ നികുതി വരുമാനം നോട്ട് പ്രതിസന്ധി വന്ന നവംബറില്‍ കുത്തനെ ഇടിഞ്ഞു. വാണിജ്യ നികുതിയായി ഒക്ടോബറില്‍ 3028.5 കോടി കിട്ടിയിരുന്നു. അത് മുന്‍ വര്‍ഷത്തെക്കാള്‍ 17 ശതമാനം വളര്‍ച്ചയോടെ. എന്നാല്‍, നവംബറില്‍ ഇത് 2746.51 കോടിയായി താഴ്ന്നു.  രജിസ്ട്രേഷന്‍  വരുമാനം ഒക്ടോബറില്‍ 250.23 കോടിയായിരുന്നു. നവംബറില്‍ അത് 151 കോടിയായി താഴ്ന്നു. നവംബറിലെമാത്രം കുറവ് 100 കോടി രൂപ. ലോട്ടറിയില്‍ ഒക്ടോബറില്‍ 735 കോടി ലഭിച്ചിരുന്നു. നവംബറില്‍ അത് 372 കോടിയായി താഴ്ന്നു. 31 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നവംബറില്‍ കാണിച്ചത്.  മോട്ടോര്‍ വാഹന മേഖലയില്‍നിന്നുള്ള നികുതി ഒക്ടോബറില്‍ 277.53 കോടിയായിരുന്നു. ഇത് നവംബറില്‍ 183 കോടിയായി താഴ്ന്നു. 
കഴിഞ്ഞ ആറുമാസമായി ശരാശരി 17 ശതമാനത്തിന് മുകളില്‍ വരുമാന വളര്‍ച്ച നേടിയിരുന്ന സംസ്ഥാനത്ത് നോട്ട് പ്രതിസന്ധിയോടെ 9.5 ശതമാനമായി താഴ്ന്നു. 20 ശതമാനം വരുമാന വളര്‍ച്ച ബജറ്റില്‍ ലക്ഷ്യമിട്ട സ്ഥാനത്താണിങ്ങനെ കുറയുന്നത്. വരും മാസങ്ങളിലും ഇത് കൂടുതല്‍ രൂക്ഷമാകുമെന്ന ഭയമാണ് സര്‍ക്കാറിന്.  

വികസനരംഗത്ത് തിരിച്ചടി
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മാത്രമല്ല മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും പണമില്ലാതെ നട്ടംതിരിയുകയാണ് സര്‍ക്കാര്‍. വന്‍തോതില്‍ തൊഴിലെടുക്കുന്ന ഇതര മേഖലകളും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതോടെ തൊഴില്‍രംഗത്തും തികച്ച അനിശ്ചിതത്വം രൂപപ്പെട്ടു. പതിനായിരങ്ങള്‍ വരുമാനമില്ലാതെ പ്രതിസന്ധിയിലായി. നിര്‍മാണ മേഖല ഏറക്കുറെ നിലച്ചു. അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കം മാന്ദ്യത്തിന്‍െറ രൂക്ഷത വ്യക്തമാക്കുന്നു. ഭൂമിയുടെ ക്രയവിക്രയവും നിലച്ചുകൊണ്ടിരിക്കുന്നു. കച്ചവടമേഖല സ്തംഭിച്ചു. ആളുകളുടെ കൈയില്‍ ഒന്നിനും നോട്ടില്ലാത്ത സ്ഥിതി. വിനോദ സഞ്ചാരികളുടെ കുറവ് ടൂറിസം മേഖലയെ ക്ഷീണിപ്പിച്ചു. നടപ്പുവര്‍ഷത്തെ ബജറ്റിന്‍െറ നടപ്പാക്കലും വാര്‍ഷിക പദ്ധതികളുമൊക്കെ ഇഴയുകയാണ്. 

ഡിസംബറില്‍ ശമ്പളത്തിന് പണമില്ല
നവംബറിലെ ശമ്പളത്തിന് കാര്യമായ പ്രയാസം സര്‍ക്കാറിനുണ്ടായില്ല. ട്രഷറിയിലുള്ള പണവും 1500 കോടി കടമെടുത്തതും കൊണ്ട് ബില്ലുകള്‍ പാസാക്കി. എന്നാല്‍, ഇവ പിന്‍വലിക്കുന്നതില്‍ നോട്ടു പ്രതിസന്ധി വില്ലനായി. ട്രഷറികളില്‍ ആവശ്യത്തിന് പണം എത്തിയില്ല. 
പണം എത്തിക്കാന്‍ ധാരണ ഉണ്ടായിരുന്നുവെങ്കിലും റിസര്‍വ് ബാങ്കിന് അത് കഴിഞ്ഞില്ല. ശമ്പള-പെന്‍ഷന്‍ വിതരണം ആരംഭിച്ചിട്ട് എട്ട് ദിവസം പിന്നിട്ടിട്ടും പണം മാറാന്‍ ജീവനക്കാരും പെന്‍ഷന്‍കാരും ട്രഷറികളിലും ബാങ്കുകളിലും ക്യൂ നില്‍ക്കുകയാണ്. 
നവംബര്‍ തട്ടിമുട്ടി കഴിഞ്ഞുപോയെങ്കിലും ഡിസംബറിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാകും. നവംബറില്‍ നികുതി വരുമാനത്തിലെ കുറവ് ഡിസംബറിലെ ചെലവുകളെയാണ് ബാധിക്കുക. ക്രിസ്മസ് വരുന്ന മാസമായതിനാല്‍ ആനുകൂല്യങ്ങള്‍ ഏറെ നല്‍കണം. ശമ്പള-പെന്‍ഷന്‍ വിതരണം നടത്തണം.  ശമ്പള-പെന്‍ഷന്‍ വിതരണം നേരത്തെ നടത്തണമോയെന്ന കാര്യത്തില്‍ നയപരമായ തീരുമാനം എടുത്തിട്ടില്ല. ക്ഷേമ പെന്‍ഷനുകളുടെ കുടിശ്ശിക നല്‍കണം. മാത്രമല്ല, വാര്‍ഷിക പദ്ധതിച്ചെലവിനും പണം വേണം. 
എന്നാല്‍, നികുതി വരുമാനം വല്ലാതെ കുറഞ്ഞിരിക്കെ കടമെടുത്തു മാത്രമേ ഈ ചെലവിന് പണം കല്‍ത്തൊന്‍ കഴിയൂ. കടമെടുക്കുന്നതിന് കേന്ദ്രത്തിന്‍െറ നിയന്ത്രണം നിലനില്‍ക്കുന്നു. അതിനാല്‍ കേന്ദ്രത്തില്‍ നിന്നും ഇളവ് കിട്ടിയാലേ സര്‍ക്കാര്‍ പ്രവര്‍ത്തനം സുഗമമാകൂ. 18000 കോടിയാണ് ഇപ്പോഴത്തെ കടമെടുപ്പ് പരിധി. 5000 കോടികൂടി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡോ. തോമസ് ഐസക്ക് കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. 

ഗള്‍ഫ് പണത്തിന്‍െറ ഒഴുക്ക് കുറഞ്ഞു
നോട്ട് പ്രതിസന്ധിയോടെ ഗള്‍ഫില്‍നിന്നുള്ള പണമൊഴുക്ക് കുറഞ്ഞത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. സംസ്ഥാനത്തിന്‍െറ മൊത്തം ഉല്‍പാദനത്തിന്‍െറ 35 ശതമാനമാണ് ഗള്‍ഫ് മലയാളികള്‍ അയക്കുന്ന പണം.  അനിശ്ചിതത്വം മൂലം പണം പലരും വിദേശത്തു സൂക്ഷിച്ചു. ഇത് തുടരുന്നത് വന്‍ പ്രതിസന്ധി ഉണ്ടാക്കുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. ഏതു പ്രതിസന്ധിയിലും കേരളത്തെ താങ്ങിനിര്‍ത്തിയിരുന്നത് പ്രവാസിപ്പണമാണ്. ഈ നില തുടരുന്നത് വ്യാപാരം, നിര്‍മാണം തുടങ്ങി സര്‍വമേഖലയിലും വിപരീതഫലം ഉണ്ടാകും.   

നിശ്ചലമായി സഹകരണ മേഖല
സഹകരണ മേഖലയെ തളച്ചില്ലായിരുന്നുവെങ്കില്‍ നോട്ട് പ്രതിസന്ധി മറികടക്കല്‍ കേരളത്തിന് കുറേക്കൂടി എളുപ്പമാകുമായിരുന്നു. കേന്ദ്ര നിലപാടുമൂലം ട്രഷറിയും സഹകരണ സ്ഥാപനങ്ങളും നോക്കുകുത്തിയായി. സഹകരണ രംഗത്തെ പ്രതിസന്ധി വലിയ പ്രത്യാഘാതമാണ് കേരളത്തിലുണ്ടാക്കുക. ഇടപാടുകാര്‍ക്ക് പണം നല്‍കാന്‍ പല സഹകരണ സ്ഥാപനങ്ങള്‍ക്കും കഴിയുന്നില്ല. നിക്ഷേപം വാങ്ങലും വായ്പ നല്‍കലിനുമപ്പുറം ക്ഷീരോല്‍പാദനം, വ്യവസായം, നിത്യോപയോഗ സാധനങ്ങളുടെ ന്യായവിലക്കടകള്‍, കയറും കശുവണ്ടിയും ബീഡിയും കൈത്തറിയും പോലെ രംഗങ്ങള്‍ വിദ്യാഭ്യാസം, ആരോഗ്യസേവനം, ഐ.ടി അടക്കം സഹകരണമേഖലക്ക് കീഴിലുണ്ട്. ലക്ഷക്കണക്കിനുപേര്‍ക്ക് അവ തൊഴില്‍ നല്‍കുന്നു. വിവാഹം, മരണം, ചികിത്സ തുടങ്ങി ഏത് ഘട്ടത്തിലും സാധാരണക്കാര്‍ക്ക് ഓടിയത്തെി പണം കണ്ടത്തൊവുന്ന അവയാകെ നിശ്ചലമാണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonitisation
News Summary - -
Next Story