എന്തുകൊണ്ട് ഫ്രീ ബേസിക്സ് എതിര്‍ക്കപ്പെടണം?
text_fieldsനെറ്റ് ന്യൂട്രാലിറ്റി അഥവാ ഇന്‍റര്‍നെറ്റ് സമത്വത്തെക്കുറിച്ചുള്ള വാദ പ്രതിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരിക്കുന്നു. എന്നാല്‍,സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ നല്ളൊരു ശതമാനം പേര്‍ക്കും ഇതെന്താണെന്ന് അറിയില്ല എന്നതാണ് വാസ്തവം. ഇന്‍റര്‍നെറ്റ് സമത്വം എന്താണെന്നും ഫ്രീ ബേസിക്സ് എന്തുകൊണ്ട് ഇന്‍റര്‍നെറ്റ് സമത്വത്തിനു വെല്ലുവിളിയാകുന്നു എന്നും ഇനിയെങ്കിലും മനസ്സിലാക്കാന്‍ വൈകിക്കൂടാ. നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് ‘ട്രായ്’ പൊതുജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ പ്രത്യേകിച്ചും. കാരണം ഓരോ ഇന്‍റര്‍നെറ്റ് ഉപഭോക്താവിന്‍റെയും സ്വകാര്യതക്കുമേല്‍ ഡെമോക്ളസിന്‍റെ വാള്‍ പോലെ തൂങ്ങി നില്‍ക്കുകയാണ് ‘ഫ്രീ ബേസിക്സ്’.
നെറ്റ് ന്യൂട്രാലിറ്റിയും ഫ്രീബേസിക്സും
നെറ്റ് ന്യൂട്രാലിറ്റി സംബന്ധിയായ ചര്‍ച്ചകള്‍ പൊതുവായി ശ്രദ്ധിക്കപ്പെടുന്നത് ഒരു വര്‍ഷം മുമ്പ് സ്കൈപ്പ്, വാട്ട്സാപ്പ് തുടങ്ങിയവയുടെ ഉപയോഗത്തിനായി അധിക ചാര്‍ജ്ജ് ഈടാക്കാന്‍ എയര്‍ടെല്‍ തീരുമാനിക്കുന്നതോടെയാണ്. ഇത്തരം സര്‍വീസുകള്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്നത് തങ്ങളുടെ കോളുകള്‍, ടെക്സ്റ്റ് മെസേജുകള്‍ എന്നിവയിലൂടെ ഉള്ള വരുമാനത്തെ സാരമായി ബാധിക്കുന്നു എന്നും ആയതിനാല്‍ ആ വരുമാന നഷ്ടം നികത്തുവാന്‍ ഈ അധിക ചാര്‍ജ്ജ് ആവശ്യമാണെന്നും ആയിരുന്നു ടെലികോം കമ്പനികളുടെ ന്യായീകരണ വാദം. ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ ആയ ടെലികോം കമ്പനികള്‍ക്ക് അവര്‍ നല്‍കുന്ന ഇന്‍റര്‍നെറ്റ് സേവനത്തിനു വാടക ഈടാക്കാം എന്നല്ലാതെ അതുപയോഗിച്ചു എന്ത് ചെയ്യുന്നു എന്നത് തീരുമാനിക്കാനോ സൗജന്യമായി ഇന്‍്റര്‍നെറ്റില്‍ ലഭ്യമായ സേവനങ്ങളുടെ മുകളില്‍ അധിക ചാര്‍ജ്ജ് ഈടാക്കാനുള്ള അവകാശമോ അധികാരമോ ഇല്ല എന്ന് ഇന്ത്യയിലെ ഇന്‍്റര്‍നെറ്റ് ഉപഭോക്താക്കളും മറുവാദം ഉന്നയിച്ചു. ഇതോടെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.
ഇന്‍റര്‍നെറ്റ് സമത്വം എന്നാല്‍ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ തുല്യതയാണ്. ഉള്ളടക്കം, വെബ് സൈറ്റ്, പ്രോട്ടോക്കോള്‍ പ്ളാറ്റ്ഫോം തുടങ്ങിയ യാതൊന്നിനെ അടിസ്ഥാനമാക്കിയും ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളോട് പക്ഷഭേദം കാണിക്കുകയോ വ്യത്യസ്ത ചാര്‍ജ്ജുകള്‍ ഈടാക്കുകയോ പാടില്ല എന്നതാണ് ഇന്‍്റര്‍നെറ്റ് സമത്വത്തിന്‍റെ അടിസ്ഥാന തത്വം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമായതെല്ലാം തുല്യമാണ്. ഒരു തരത്തില്‍ ഉള്ള ഡാറ്റക്ക് മറ്റൊന്നിനു മുകളില്‍ പ്രാധാന്യമില്ല. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിന് ഫേസ്ബുക്ക് റിലയന്‍സുമായി ചേര്‍ന്ന് ഇന്‍്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് തുടങ്ങിയതോടെ നെറ്റ് ന്യൂട്രാലിറ്റി സംബന്ധിയായ ചര്‍ച്ചകള്‍ക്ക് പുതിയ മാനം കൈ വന്നു. നാല്‍പതോളം 'അടിസ്ഥാന സേവനങ്ങള്‍ ' സൗജന്യമായി നല്‍കുന്നു എന്നവകാശപ്പെട്ട ഈ സംരംഭം വ്യാപകമായ പ്രതിഷേധം ക്ഷണിച്ചു വരുത്തി. ഇന്‍റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് പിന്നീട് 'ഫ്രീ ബേസിക്സ്' എന്ന് പുന:ര്‍നാമകരണം ചെയ്യപ്പെട്ടു.
2015 ഏപ്രിലില്‍ ട്രായ് ഇതേ വിഷയത്തില്‍ പൊതുജനാഭിപ്രായം ആരായുകയും പത്ത് ലക്ഷത്തില്‍പരം ഉപഭോക്താക്കള്‍ നെറ്റ് ന്യൂട്രാലിറ്റിയെ പിന്തുണച്ച് മെയില്‍ അയക്കുകയും ചെയ്തു. ‘ഡിഫ്രന്‍ഷ്യല്‍ പ്രൈസിംഗ്’ സംബന്ധമായ ട്രായിയുടെ ഈയിടെ വന്ന അഭിപ്രായ ശേഖരണം ആണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക്് കാരണം. ഇന്‍റര്‍നെറ്റ് സമത്വ വാദത്തെ മറികടക്കാന്‍ ഫേസ്ബുക്ക് 100 കോടി രൂപയുടെ പരസ്യ കാമ്പയിന്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.
ജീവകാരുണ്യമല്ല, കച്ചവട തന്ത്രം!!
ഇന്‍റര്‍നെറ്റില്‍ നമ്മള്‍ നല്‍കുന്ന വ്യക്തിപരമായ വിവരങ്ങള്‍ തന്നെ പരസ്യ വരുമാനത്തിനുള്ള മാര്‍ഗം ആയി ഉപയോഗിക്കുന്നുവെന്നത് എത്രപേര്‍ക്കറിയാം? ഉദാഹരണത്തിന് ഫേസ്ബുക്കില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നമ്മള്‍ നല്‍കുന്ന വിവരങ്ങള്‍ എല്ലാംതന്നെ പരസ്യങ്ങള്‍ നമ്മളിലേക്ക് എത്തിക്കാനായി നമ്മളെ തരംതിരിക്കാന്‍ ഉപയോഗിക്കുന്നവയാണ്. ഇലക്രേ്ടാണിക് ഉപകരണങ്ങള്‍ വില്‍ക്കുന്ന ഒരു കമ്പനിയുടെ ടാര്‍ജറ്റ് യുവാക്കളും മധ്യവയസ്കരും ആയ gizmofreaks ആകാം. അത്തരം ഒരു പരസ്യം ഇരുപത്തി അഞ്ചു മുതല്‍ മുപ്പത്തി അഞ്ചു വയസ്സ് വരെ പ്രായം ഉള്ള ടെക്ക് പേജുകള്‍ ലൈക്ക് ചെയ്തിരിക്കുന്ന പ്രോഫൈലുകളിലെക്ക് വഴി തിരിച്ചു വിടുന്നതിലൂടെ ഏറ്റവും ഫലപ്രദമായ പരസ്യം അവര്‍ക്ക് ലഭിക്കുന്നു. പരമാവധി ഫേസ്ബുക്ക് ഉപഭോക്താക്കള്‍ എന്നത് ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഒരു പരസ്യ വരുമാനോപാധി മാത്രമാണ്, അല്ലാതെ അവര്‍ പ്രചരിപ്പിക്കുന്നതുപോലെ ജീവ കാരുണ്യം അല്ല. ഫ്രീ ബെയിസിക്സും അത്തരത്തില്‍ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം കൂട്ടാനുള്ള മറ്റൊരു ഉപാധി മാത്രം.
ഇനി താഴെ പറയുന്ന ഉദാഹരണം ശ്രദ്ധിക്കാം. ഒരു പഴക്കടയില്‍ നിന്നും ആപ്പിളും ഓറഞ്ചും സൗജന്യമായി/ഒരേ വിലക്ക് നല്‍കപ്പെടുമ്പോള്‍ അത് കൊണ്ടുവരുവാനായി വ്യത്യസ്ത വാടക ഈടാക്കുന്നതിനെയോ ഓറഞ്ചു മാത്രം സൗജന്യമായി എത്തിക്കുന്നതിനെയോ ‘ഡിഫ്രന്‍ഷ്യ ല്‍ പ്രൈസിംഗ്’ എന്ന് വിളിക്കാം. നെറ്റ് സമത്വത്തിനെതിരെ വാദിക്കുന്ന വമ്പന്മാരുടെ കാര്യത്തില്‍ ഈ ഓറഞ്ചുതൊലി മറിച്ചു വിറ്റ് വന്‍ വരുമാനം ഉണ്ടാക്കുകയെന്നതും ഒരു ഓറഞ്ച് കുത്തക മാര്‍ക്കറ്റ് സൃഷ്ടിക്കുക എന്നതും ആണ് ലക്ഷ്യമെന്നും മനസ്സിലാക്കുക.
ഫ്രീ ബേസിക്സില്‍ സമത്വലംഘനം എവിടെ?
‘ഫ്രീ ബേസിക്സ്’!! തികച്ചും തെറ്റിദ്ധാരണാജനകമായ ഈ പേരാണ് ഫേസ്ബുക്ക് റിലയന്‍സുമായി ചേര്‍ന്നുള്ള തങ്ങളുടെ സീറോ റേറ്റിംഗ് സര്‍വീസിനു നല്‍കിയിരിക്കുന്നത്. മുപ്പത്തിയെട്ടോളം സര്‍വ്വീസുകള്‍ സൗജന്യമായി നല്‍കുന്നു എന്നവകാശപ്പെടുന്ന ഈ സംരംഭം ഇന്‍റര്‍നെറ്റ് സമത്വത്തിന്‍റെ എല്ലാ തത്വങ്ങളെയും കാറ്റില്‍ പറത്തുന്നു.
ഫ്രീ ബേസിക്സ് എന്ന സേവനം അവകാശപ്പെടുന്നത് അടിസ്ഥാന സേവനങ്ങള്‍ സൗജന്യമായി നല്‍കുന്നു എന്നതാണ്. എന്നാല്‍, അടിസ്ഥാന സേവനങ്ങള്‍ ഏതൊക്കെ എന്ന് നിശ്ചയിക്കുന്നത് ഉപഭോക്താവല്ല മറിച്ചു ഫേസ്ബുക്ക് തന്നെയാണ് എന്നതില്‍ തന്നെ തമാശ തുടങ്ങുന്നു! ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന സെര്‍ച്ച് എഞ്ചിന്‍ ആയ ഗൂഗിള്‍, ഫ്രീ ബേസിക്സില്‍ ഇല്ല ! ചുരുക്കി പറഞ്ഞാല്‍ ഫ്രീ ബേസിക്സിന്‍്റെ ഭാഗം ആയ ഇന്‍്റര്‍നെറ്റ് സേവനദാതാവ് ഫേസ്ബുക്കിന്‍്റെ സേവനങ്ങള്‍ക്ക് മറ്റു വെബ്സൈറ്റുകളുടെ സേവനങ്ങളേക്കാള്‍ മുന്‍ഗണന നല്‍കുന്നു. ഒരു സൈറ്റിന് മറ്റൊന്നിനു മുകളില്‍ മുന്‍ഗണന സേവന ദാതാവ് നല്‍കുന്നത് ഇന്‍റര്‍നെറ്റ് സമത്വലംഘനം ആണ്. അത് സേവനങ്ങള്‍ നല്‍കുന്നതില്‍ ഉള്ള മത്സരത്തില്‍ ഫേസ്ബുക്കിന് അനര്‍ഹമായ മുന്‍തൂക്കം നേടിക്കൊടുക്കുകയും അതുവഴി ഒരു കുത്തക ആയി മാറാനും സഹായിക്കും.
ഫ്രീ ബെയിസിക്സിലൂടെ ഉള്ള വിവര കൈമാറ്റം എത്രമാത്രം സുരക്ഷിതം?
മുകളില്‍ കൊടുത്തിരിക്കുന്നത് ഫ്രീ ബെയിസിക്സ് പ്ളാറ്റ്ഫോമിന്‍റെ ആര്‍ക്കിടെക്ചര്‍ ആണ്. സാധാരണ ഉപഭോക്താവ് ഒരു വെബ്സൈറ്റ് ഉപയോഗിക്കുമ്പോള്‍ വിവര കൈമാറ്റം നടത്തുന്നത് https സൈറ്റില്‍ കൂടെയാണ് എങ്കില്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്തിരിക്കും. ഉപഭോതാവിനും വെബ്സര്‍വറിനും ഇടയില്‍ ഉള്ള വഴിയിലെല്ലാം വിവരം എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ടിരിക്കും. പക്ഷെ ഫ്രീ ബെയിസിക്സ് ഇതിനും ഒരപവാദം ആണ്.
ഫ്രീ ബെയിസിക്സ് https സപ്പോര്‍ട്ട് ഉണ്ട് എന്ന് പറയുമ്പോള്‍തന്നെ കുറച്ചു അധികം കാര്യങ്ങള്‍ അവിടെ ഒളിച്ചു വെക്കപ്പെടുന്നുണ്ട്. നിങ്ങള്‍ വെബ്സൈറ്റിലേക്ക് അയക്കുന്ന വിവരങ്ങള്‍ ആദ്യം പോകുന്നത് internet.org പ്രോക്സിയിലേക്ക് ആണ്. ഈ പ്രോക്സി വരെയും, പ്രോക്സിയില്‍ നിന്നും ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യപ്പെടുന്നു എങ്കിലും പ്രോക്സിയില്‍ അത് ക്ളിയര്‍ടെക്സ്റ്റ് ആണ് അഥവാ ഫേസ്ബുക്കിന്‍്റെ ചൊല്‍പ്പടിയില്‍ ആണ്. യൂസര്‍ നെയിമുകള്‍, പാസ്വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ പോലെയുള്ള അത്യധികം സെന്‍സിറ്റിവ് ആയ വിവരങ്ങള്‍ ഈ പ്രോക്സിയില്‍ ഫേസ്ബുക്കിന്‍്റെ കണ്‍മുന്നില്‍ ഉണ്ട്. ഈ പ്രോക്സിയില്‍ വിവരങ്ങള്‍ ക്യാഷ് ചെയ്യുന്നില്ല/ ഇവ ഉപയോഗിക്കുന്നില്ല എന്നാണു ഫേസ്ബുക്കിന്‍്റെ അവകാശവാദം എങ്കിലും കാര്യങ്ങള്‍ സംശയാസ്പദമാണ്.
ഒന്നുരണ്ടു സാധ്യതകളിലേക്ക് ആണ് ഈ അനാവശ്യ പ്രോക്സിയിംഗ് വിരല്‍ ചൂണ്ടുന്നത്. ഇങ്ങനെ ശേഖരിക്കുന്ന സ്വകാര്യ വിവരങ്ങള്‍ അതേപടി ഉപയോഗിക്കുന്നില്ളെങ്കില്‍കൂടി മറ്റു സൈറ്റുകളുടെയും usage statistics നിര്‍മിച്ചെടുക്കുകയും പരസ്യവരുമാനത്തിനായി ഉപയോഗിക്കുകയും ചെയ്യുക, മറ്റൊന്ന് ഗവണ്‍മെന്‍റ് ഏജന്‍സികളെ ചാരപ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഒരു സര്‍വൈലന്‍സ് ടൂള്‍ ആയി ഉപയോഗിക്കുക തുടങ്ങിയവക്കുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. NSA യുമായി ചേര്‍ന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ കൂട്ടുനിന്ന് എന്ന് കരുതപ്പെടുന്ന ഫേസ്ബുക്കിന്‍്റെ ഭാഗത്ത് നിന്നും രണ്ടാമത്തേതിനുള്ള സാധ്യത തീര്‍ത്തും വിദൂരമല്ല. രണ്ടായാലും ഇത് സ്വകാര്യതക്ക് മുകളില്‍ ഉള്ള കടന്നുകയറ്റമാണ്. ഓണ്‍ലൈന്‍ പ്രൈവസി സംബന്ധമായ ശക്തമായ നിയമങ്ങള്‍ ഒന്നും ഇല്ലാത്ത ഇന്ത്യയില്‍ ഇത് തീര്‍ച്ചയായും ഭയപ്പെടേണ്ട നീക്കമാണ്. ഗൂഗിള്‍ ഉള്‍പ്പെടെയുള്ള മറ്റു ഭീമന്മാര്‍ എന്തുകൊണ്ട് ഫ്രീ ബെയിസിക്സിന്‍്റെ ഭാഗമാകാന്‍ മടിക്കുന്നു എന്നതിനുള്ള ഉത്തരം കൂടിയാണ് ഇത്.
പരസ്യങ്ങള്‍ പറയുന്നത്
നൂറു കോടിയുടെ പരസ്യ കാമ്പയിന്‍ ആണ് ഫ്രീ ബെയിസിക്സ് എന്നാല്‍ നന്മ ആണെന്ന നുണ പ്രചരിപ്പിക്കാനായി ഫേസ്ബുക്ക് ചെലവഴിക്കുന്നത് എന്ന് അറിയുന്നു. വഴിയോര ഫ്ളക്സ് ബോര്‍ഡുകളില്‍ തുടങ്ങി യൂട്യൂബ്, ടി.വി പരസ്യങ്ങളായും ഫുള്‍പേജ് പത്ര പരസ്യങ്ങളായും തെറ്റിദ്ധാരണകള്‍ പരത്തുന്ന പ്രസ്താവനകളുമായി ഇവ നമ്മുടെ മുമ്പില്‍ എത്തുന്നു. ഒരു ജീവകാരുണ്യ പ്രവര്‍ത്തനം എന്ന പോലെയോ ഒൗദാര്യമെന്ന പോലെയോ ഫ്രീ ബെയിസിക്സിനെ പരിചയപ്പെടുത്തുന്ന ഇത്തരം പരസ്യങ്ങള്‍ക്ക് എന്തിനുവേണ്ടി ഇത്രമാത്രം പണമെറിയുന്നു എന്നതില്‍ നിന്ന് തന്നെ കള്ളക്കളികള്‍ ഊഹിക്കാവുന്നതാണ്. മുമ്പ് ഫ്രീ ബെയിസിക്സ് എന്നാല്‍ ഡിജിറ്റല്‍ ഇന്ത്യ എന്ന സമവാക്യം ഉണ്ടാക്കി ഭാരതീയരുടെ ദേശസ്നേഹത്തെ മുതലെടുത്ത് ഇന്‍്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് അനുകൂല തരംഗം സൃഷ്ടിക്കാന്‍ ശ്രമിച്ച സുക്കര്‍ബര്‍ഗ് അറ്റകൈക്ക് നടത്തുന്ന 'Appeal to emotion' തന്ത്രം മാത്രമാണ് ഫ്രീ ബെയ്സിക്സ് എന്നാല്‍ ജീവകാരുണ്യ പ്രവര്‍ത്തനം എന്ന നിലയില്‍ നടത്തുന്ന പ്രചാരണങ്ങള്‍ എന്ന് മനസ്സിലാക്കാന്‍ നാം ഇനിയും വൈകിക്കൂടാ.
എതിര്‍ സ്വരങ്ങള്‍
ഇന്‍റര്‍നെറ്റ് സമത്വം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഫേസ്ബുക്കിനെ പ്രതിരോധിക്കുന്നവരില്‍ പ്രമുഖര്‍ ഒട്ടേറെ ഉണ്ട്. വേള്‍ഡ് വൈഡ് വെബ് (www) ഉപജ്ഞാതാവായ ടിംബെര്‍ണേഴ്സ് ലീ, PayTM, Zomato, TrueCaller തുടങ്ങിയ വിവിധ കമ്പനികള്‍, Mozilla, ഐ.ഐ.ടികളിലെയും ഐ.ഐ.എസ്.സി കളിലെയും അധ്യാപകര്‍, AIB തുടങ്ങിയ കോമഡി പ്ളാറ്റ്്ഫോമുകള്‍, ഐ.സി.യു ട്രോള്‍ മലയാളം തുടങ്ങിയ മലയാളം ട്രോള്‍ പേജുകള്‍ തുടങ്ങിയവരെല്ലാം തന്നെ ഇന്‍റര്‍നെറ്റ് സമത്വത്തിനായി പരസ്യമായി മുന്നോട്ടു വന്നിട്ടുണ്ട്. www.savetheinternet.in കാമ്പയില്‍ വെബ് സൈറ്റിലൂടെ ഇതുവരെ മൂന്നു ലക്ഷത്തിലധികം ഈമെയിലുകള്‍ ട്രായിക്ക് അയക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അഭിപ്രായ ശേഖരണത്തിനുള്ള അവസാന തീയതി ജനുവരി ഏഴിലേക്ക് നീട്ടിയതിനാല്‍ കൂടുതല്‍ പേര്‍ ഇന്‍്റര്‍നെറ്റ് സമത്വത്തിനായി നിലപാടെടുക്കും എന്ന് കരുതപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.