Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇറാന്‍: ഉപരോധം...

ഇറാന്‍: ഉപരോധം നീങ്ങുമ്പോള്‍

text_fields
bookmark_border
ഇറാന്‍: ഉപരോധം നീങ്ങുമ്പോള്‍
cancel

2016-ലെ ലോകത്തിന്‍റെ ഗതിമാറ്റം പ്രവചിക്കുന്നവര്‍ക്ക് വിഷയങ്ങള്‍ ഏറെയുണ്ട്. ചരിത്രത്തിലാദ്യമായി അമേരിക്ക ഒരു വനിതാ പ്രസിഡന്‍്റിനെ സംഭാവന ചെയ്യുമോയെന്നത് അതിലൊന്നാണ്. ഹവാനക്കു പിന്നാലെ ടെഹ്റാനില്‍ അമേരിക്ക എംബസി തുറക്കുമോയെന്നത് നടക്കാന്‍ സാധ്യതയില്ലാത്ത പ്രവചനമായിരിക്കാം. എന്നാല്‍ അണുവായുധങ്ങളുണ്ടാക്കാന്‍ പോകുന്നുവെന്ന ആരോപണത്തത്തെുടര്‍ന്ന് ഉപരോധത്തില്‍ ഞെരുങ്ങിയമര്‍ന്ന ഇറാന്‍ കെട്ടുകള്‍ പൊട്ടിച്ച് പുറത്തു കടക്കുകയും അത് ചരിത്രം കുറിച്ച അധ്യായമായി ടെഹ്റാനും വാഷിംഗ്ടണും ഒരേ സ്വരത്തില്‍ പ്രഖ്യാപിക്കുകയും ചെയതത് പുതുവര്‍ഷത്തിലെ ഏറ്റവും സുപ്രധാന സംഭവമാണെന്നതില്‍ സംശയമില്ല.
ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളും ജര്‍മനിയും ഉള്‍പ്പെടെ പി 5+1 രാജ്യങ്ങളുമായി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എത്തിയ ധാരണയുടെ അടിസ്ഥാനത്തില്‍ ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മുഴുവന്‍ നിര്‍ദേശങ്ങളും ഇറാന്‍ പാലിച്ചുവെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് വര്‍ഷങ്ങളായി തുടരുന്ന ഉപരോധം പിന്‍വലിക്കപ്പെടുന്നത്. മറ്റൊരര്‍ഥത്തില്‍, അടുത്ത പത്തു വര്‍ഷത്തേക്കെങ്കിലും അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇറാനെ വെറുതെ വിടാന്‍ തയ്യാറായിരിക്കുന്നു. ഇസ്രായേലും അമേരിക്കയും പെരുപ്പിച്ചു കാണിച്ച ഭീഷണി മാത്രമായിരുന്നു ഇറാന്‍റെ 'അണു ബോംബ്'.
ഒരു സാങ്കേതിക വിദ്യയും കടമെടുക്കാതെയും ഒരു മൂലകങ്ങളും ഇറക്കുമതി ചെയ്യാതെയും അടുത്ത മൂന്നോ അഞ്ചോ വര്‍ഷം കൊണ്ട് സ്വന്തം നിലയില്‍ ഇറാന്‍ അണുവായുധം നിര്‍മിക്കുമെന്ന് ഇപ്പോഴത്തെ ഇസ്രായേല്‍ പ്രധാനമന്തി ബെഞ്ചമിന്‍ നെതന്യാഹു 1995ല്‍ തന്‍റെ ആദ്യമൂഴത്തില്‍ നെസറ്റില്‍ നടത്തിയ പ്രസ്താവന ന്യൂസ് വീക്ക് വാരിക ഉദ്ധരിക്കുകയുണ്ടായി. പതിനെട്ടു വര്‍ഷം പിിട്ടിട്ടും ഒരു ബോംബും ഉണ്ടായില്ല. ബോംബ് നിര്‍മിക്കാമെന്ന ആലോചന 2003ഓടെ ഇറാന്‍ പൂര്‍ണമായും ഉപേക്ഷിച്ചെന്ന് അമേരിക്കയിലെ 16 രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ദേശീയ രഹസ്യാന്വേഷണ നിരീക്ഷണ റിപ്പോര്‍ട്ടിലും (2007) വ്യക്തമാക്കിയിരുന്നു. അണുബോംബ് പോലുള്ള നശീകരണായുധങ്ങള്‍ നിര്‍മിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ രണ്ടുതവണ നടത്തിയ പ്രസ്താവനകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും

ഉപരോധത്തിന്‍റെ ചരിത്രം

യുറേനിയം സമ്പുഷ്ടീകരണ പരിപാടി നിര്‍ത്തിവെക്കാത്തതിനെ തുടര്‍ന്ന് 2006ലാണ് 1696-ാം നമ്പര്‍ പ്രമേയത്തിലൂടെ യു.എന്‍ രക്ഷാസമിതി ഇറാനുമേല്‍ ഉപരോധം നടപ്പാക്കിയത്. സന്തത സഹചാരികളായ ഷാ കുടുംബം ഇറാനില്‍ ഭരണം കയ്യാളുമ്പോള്‍ 1957ല്‍ ആ രാജ്യത്തിന് ആദ്യത്തെ ആണവ റിയാക്ടര്‍ സമ്മാനിച്ചത് അമേരിക്കയായിരുന്നു എന്നത് ഇതോട് ചേര്‍ത്തുവായിക്കണം. 1968ല്‍ എന്‍.പി.ടിയില്‍ ഒപ്പുവെച്ച രാജ്യം കൂടിയാണ് ഇറാന്‍. യു.എന്‍, യു.എസ്, ഇ.യു എന്നിങ്ങനെ മൂന്നു കോണുകളില്‍നിന്ന് ഉപരോധങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന രാജ്യമാണ് ഇറാന്‍. എണ്ണ കയറ്റുമതിയെ ആയിരുന്നു യു.എസും ഇ.യുവും ലക്ഷ്യമിട്ടത്. കയറ്റുമതി കുറഞ്ഞതിനാല്‍ മാസം 400 മുതല്‍ 800 കോടി ഡോളര്‍ വരെയാണ് രാജ്യത്തിന് നഷ്ടമെന്ന് എണ്ണമന്ത്രി പരസ്യ പ്രസ്താവന നടത്തുകയുണ്ടായി.
പഹ്ലവി ഭരണത്തിന് അന്ത്യംകുറിച്ച 1979ലെ വിപ്ളവത്തെ തുടര്‍ന്നാണ് ഇറാന്‍-യു.എസ് ബന്ധങ്ങളില്‍ വിള്ളല്‍ വീണത്. അമേരിക്കാ വിരുദ്ധവികാരം ശക്തമായ അക്കാലത്ത് ടെഹ്റാനിലെ യു.എസ് എംബസി കയ്യേറി 52 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ 444 ദിവസം ഉപരോധിച്ചത് വലിയ വാര്‍ത്തയായിരുന്നു. 1979 നവംബര്‍ നാലിന് ആരംഭിച്ച ഉപരോധം 1981 ജനുവരി 20നാണ് അവസാനിച്ചത്. ഷാക്ക് സുരക്ഷിത പലായനത്തിന് അമേരിക്ക അവസരമൊരുക്കിയതാണ് വിപ്ളവകാരികളെ പ്രകോപിപ്പിച്ചത്. തന്‍റെ രഹസ്യപ്പൊലീസ് വിഭാഗമായ സവാക്കിനെ ഉപയോഗിച്ച് ആയിരണക്കണക്കിന് ഇറാനികളെ മൃഗീയമായി പീഡിപ്പിച്ച ഷായെ വിചാരണക്ക്  വിട്ടുകിട്ടണമെന്ന ആവശ്യം അമേരിക്ക അംഗീകരിക്കാതിരുന്നത് പ്രശ്നം രൂക്ഷമാക്കി. എംബസി കയ്യേറ്റത്തിനും ഉദ്യോഗസ്ഥരെ ബന്ദികളാക്കിയതിനും ഇറാനുമേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയാണ് അമേരിക്ക പ്രതികരിച്ചത്. സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ഇറാന്‍ നേരത്തെ നല്‍കിയ 40 കോടി ഡോളറും വാഷിംഗ്ടണ്‍ മരവിപ്പിച്ചു. ഇതിനെതിരെ 1981ല്‍ ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ ഇറാന്‍ കേസ് ഫയല്‍ ചെയ്തെങ്കിലും ഉപരോധങ്ങളും രാഷ്ട്രീയമായ മറ്റു കാരണങ്ങളാലും അത് തീര്‍പ്പാകാതെ നീണ്ടു. ട്രസ്റ്റ് ഫണ്ടില്‍ നിക്ഷേപിക്കപ്പെട്ട ഈ തുക 130 കോടി ഡോളര്‍ പലിശയടക്കം 170 കോടി ഡോളറായാണ് അമേരിക്ക തിരിച്ചുനല്‍കുന്നത്. ഇതിനു പുറമെ അന്താരാഷ്ട്ര ബാങ്കുകളില്‍ മരവിപ്പിക്കപ്പെട്ട കോടിക്കണക്കിന് ഡോളറുകള്‍ കൂടി ടെഹ്റാന്‍റെ ഖജനാവിലേക്ക് ഒഴുകും.

റിസാ ഷാ പഹ് ലവി
 
ഇനിയും ചില ആശങ്കകള്‍

ഉപരോധം നീങ്ങുന്നതോടെ മിഡിലീസ്റ്റില്‍ ഇറാന്‍റെ ഇടപെടല്‍ ശക്തിപ്പെടുമെന്ന സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ആശങ്ക തള്ളാനാവില്ല. തിരികെ ലഭിക്കുന്ന പണത്തില്‍ വലിയൊരു പങ്ക് മേഖലയിലെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഇറാന്‍ വിനിയോഗിച്ചാല്‍ അല്‍ഭുതപ്പെടാനില്ല. മൂന്ന് അറബ് തലസ്ഥാനങ്ങള്‍ (ഡമസ്കസ്, ബഗ്ദാദ്, ബെയ്റൂത്ത്) നിയന്ത്രിക്കുന്നത് ടെഹ്റാനാണെന്ന ആരോപണം മേഖലയിലെ സുന്നി ഭരണകൂടങ്ങള്‍ക്കുണ്ട്. ഇതിനു പുറമെയാണ് തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെ യെമന്‍റെ പല ഭാഗങ്ങളിലും ഇറാന്‍ ഇറങ്ങിക്കളിക്കുത്. സിറിയയിലും യെമനിലും പിടിമുറുക്കാനും ലെബനാനില്‍ ഹിസ്ബുല്ലയെ ശക്തിപ്പെടുത്താനും ഉപരോധം റദ്ദാകുന്നതിലൂടെ ഇറാന് കൂടുതല്‍ അവസരങ്ങള്‍ ഒരുങ്ങുകയാണ്.
ഏറെക്കാലമായി മേഖലയില്‍ മേധാവിത്തത്തിനുള്ള മല്‍സരത്തിലാണ് ഇറാനും സൗദി അറേബ്യയും. ഈയ്യിടെയുണ്ടായ എംബസി ആക്രമണത്തെ തുടര്‍ന്ന് സൗദി അറേബ്യ നയതന്ത്ര ബന്ധം വിഛേദിച്ചെങ്കിലും അതിനുമുമ്പും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ഊഷ്മളമായിരുന്നില്ല. വിപ്ളവാനന്തരം ഇറാഖിലെ സദ്ദാം ഹുസൈന്‍ അടിച്ചേല്‍പിച്ച യുദ്ധത്തില്‍ വലിച്ചിഴക്കപ്പെട്ട ഇറാനെ ന്യായത്തിന്‍റെ പക്ഷത്തുനിന്ന് പിന്തുണക്കാന്‍ ഗള്‍ഫ് രാജ്യങ്ങളോ മേഖലയിലെ മറ്റു അറബ് രാജ്യങ്ങളോ തയ്യാറായിരുന്നില്ല. എട്ടു വര്‍ഷം നീണ്ട യുദ്ധത്തില്‍ സിറിയ മാത്രമാണ് ഇറാനെ പിന്തുണച്ചത്. കുവൈത്ത് അധിനിവേശത്തോടെ സദ്ദാമിനെ ശത്രുവായി കണ്ടെങ്കിലും 2004ല്‍ അദ്ദേഹത്തെ ഉന്മൂലനം ചെയ്ത അമേരിക്കന്‍ നടപടിയോട് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വിയോജിപ്പായിരുന്നു. ശിഈകള്‍ ഭൂരിപക്ഷമാണെങ്കിലും സുന്നിയായ സദ്ദാം പരമാധികാരിയായി വാണിരുന്ന ഇറാഖ്, ഗള്‍ഫ് അറബ് രാജ്യങ്ങള്‍ക്ക് ആശ്വാസമായിരുന്നു. ഇറാന്‍്റെ മേധാശക്തിക്ക് വെല്ലുവിളിയായാണ് അവര്‍ സദ്ദാമിനെ കണ്ടിരുത്. എന്നാല്‍ സദ്ദാമിനു ശേഷമുള്ള ഇറാഖ് പൊടുനെ ഇറാന്‍റെ സാറ്റലൈറ്റ് രാഷ്ട്രമായി മാറുകയും നൂരി അല്‍ മാലിക്കിയെന്ന ശിഈ പ്രധാനമന്ത്രിയുടെ കീഴില്‍ മുമ്പെത്തേക്കാളേറെ ശക്തിയായി ടെഹ്റാനുമായുള്ള ബന്ധം തുടരുകയും ചെയ്തു. മാലികിയുടെ പിന്‍ഗാമി ആബാദിയുടെ ഭരണത്തിലും ഇതുതന്നെ സ്ഥിതി.
 

ഇറാന്‍ പെട്രോളിയം

എങ്ങനെ ഇറാന്‍ പിടിച്ചു നിന്നു?

ഉപരോധങ്ങളിലൂടെ വീര്‍പ്പുമുട്ടുമ്പോഴും കടുത്ത സാമ്പത്തിക തകര്‍ച്ചയില്‍ പിടിച്ചുനില്‍ക്കാന്‍ ഇറാന് സഹായകമായത് രാജ്യം സ്വീകരിച്ച ചില പ്രായോഗിക നിലപാടുകളാണ്. പതിറ്റാണ്ടുകളായി തുടരുന്ന എണ്ണകേന്ദ്രീകൃത സമ്പദ്വ്യവസ്ഥയില്‍നിന്ന്  മാറിച്ചിന്തിച്ചുവെതാണ് അതില്‍ പ്രധാനം. ലോകത്തെ നാലാമത്തെ വലിയ എണ്ണ ഉല്‍പാദകരാണ് ഇറാനങ്കിലും എണ്ണ കയറ്റുമതിക്ക് ഉപരോധം തടസ്സം നിപ്പോള്‍ മൈനിംഗ്, പെട്രോകെമിക്കല്‍ മേഖലയെ കേന്ദ്രീകരിച്ചായി കയറ്റുമതി. മാര്‍ച്ച് 20ന് അവതരിപ്പിക്കാനിരിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ എണ ്ണ കേന്ദ്രീകൃത വരുമാനത്തിന്‍റെ തോത് 25 ശതമാനത്തില്‍ താഴെയായിരിക്കും. പത്തു വര്‍ഷം മുമ്പുവരെ 75 ശതമാനമായിരുന്നു ഇതെന്ന് ഓര്‍ക്കണം. എണ്ണവില ഇടിഞ്ഞ് ബാരലിന് 30 ഡോളറായിരിക്കുമ്പോഴാണ് ഉപരോധം പിന്‍വലിക്കപ്പെടുകയും ഇറാന്‍ വന്‍ തോതില്‍ എണ്ണയുല്‍പാദനം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുത്. പ്രഖ്യാപനം വന്ന് രണ്ടു ദിവസം കഴിയുമ്പോഴേക്ക് വില 28 ഡോളറായി. എാല്‍ അസംസ്കൃത എണ്ണ വിപണിയില്‍ സുലഭമാവുകയും വില 20 ഡോളര്‍ വരെയായി കുറയുമെന്നും കണക്കുകൂട്ടി തന്നെയാണ് ഇറാന്‍റെ നീക്കങ്ങള്‍. പാര്‍ലമെന്‍റിന്‍റെ (മജ് ലിസ്) ബജറ്റ് സമ്മേളനത്തില്‍ പ്രസംഗിക്കവെ സാമ്പത്തിക പരിഷ്കരണങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് പ്രഖ്യാപിച്ചപ്പോഴും എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നാണ് പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനി വ്യക്തമാക്കിയത്. എണ്ണയുടെ വിലയിടിവ് അനുകൂല ഘടകമായി കാണണമെന്നും അദ്ദേഹം പറയുന്നു.
അന്താരാഷ്ട്ര ഒറ്റപ്പെടലില്‍നിന്ന് ഇറാന്‍ കരകയറുന്നത് മേഖലയിലും പുറത്തും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. സൗദി എംബസി ആക്രമണത്തിനു സമാനമായ കയ്യേറ്റം 2011 നവംബറില്‍ ടെഹ്റാനിലെ ബ്രിട്ടീഷ് നയതന്ത്ര കാര്യാലയത്തിനുനേരെയും ഉണ്ടായിരുന്നു. ഇതത്തേുടര്‍ന്ന് ഇറാനുമായുള്ള ബന്ധം വിഛേദിച്ച ബ്രിട്ടന്‍ നാലു വര്‍ഷത്തിനുശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വീണ്ടും എംബസി തുറന്നു. ഇറാനുമായുള്ള വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാണ് ലണ്ടന്‍റെ തീരുമാനം. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ഇറാന്‍ ബന്ധം മെച്ചപ്പെടുത്താനുള്ള ആലോചനയിലാണ്. മേഖലയിലെ രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇറാന് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് ജര്‍മനി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

ഹസന്‍ റൂഹാനി


നയതന്ത്രത്തിന്‍റെ മാറിയ മുഖം
ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് 'വലിയ സാത്താനും തിന്മയുടെ അച്ചുതണ്ടും' പരസ്പരം തടവുകാരെ വിട്ടയക്കുന്നതിനും ലോകം സാക്ഷിയായി. ഇറാനും അമേരിക്കയും തമ്മില്‍ നയതന്ത്ര ബന്ധം വിഛേദിച്ചിട്ട്  മുപ്പത്തേഴു കൊല്ലമായി. ഇത്രയും കാലത്തിനിടിയില്‍ ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ ഭീഷണികള്‍ മുഴക്കാറുണ്ടെങ്കിലും ഇന്നോളം അതൊന്നും യുദ്ധത്തില്‍ കലാശിച്ചില്ല എന്നത് എടുത്തുപറയേണ്ടതാണ്. ഇസ്ലാമിക സ്റ്റേറ്റിന്‍റെ (ഐ.എസ്) ഭീഷണി ചെറുക്കുന്ന വിഷയത്തിലൊഴികെ എല്ലാ രാഷ്ട്രാന്തരീയ പ്രശ്നങ്ങളിലും വ്യത്യസ്ത ചേരികളിലായിരുന്നു ഇരു രാജ്യങ്ങളും. റഷ്യയും ചൈനയും എന്നും ഇറാനൊപ്പമായിരുന്നത് ഒരു പരിധിവരെ ഏറ്റുമുട്ടല്‍ ഇല്ലാതാക്കിയെങ്കിലും റൂഹാനി പ്രസിഡന്‍റായ ശേഷം പതിവിനു വിപരീതമായി ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തുന്നതിനും ലോകം സാക്ഷിയായി. അണുവായുധ വിഷയത്തിലുള്ളതാണെങ്കിലും യു.എസ് വിദേശ കാര്യ സെക്രട്ടറി ജോണ്‍ കെറിയും ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫും നിരവധി തവണ ഒരു മേശക്ക് ഇരുവശത്തും ഇരുന്ന് സുദീര്‍ഘമായ ചര്‍ച്ചകളില്‍ പങ്കാളികളായി. അമേരിക്കയില്‍ വിദ്യാഭ്യാസം നടത്തിയ സരീഫിന്‍റെ ഇംഗ്ളീഷ് ചാതുരി മാത്രമല്ല, നയതന്ത്ര നീക്കങ്ങളും ഇതിനു കാരണമാണ്. ഇക്കഴിഞ്ഞയാഴ്ച ഇറാനില്‍ കസ്റ്റഡിയിലായ യു.എസ് നാവികരുടെ മോചനത്തിനായി പത്തു മിനിറ്റിനിടയില്‍ അഞ്ചു തവണയാണ് കെരി സരീഫിനെ ഫോണില്‍ വിളിച്ചത്. ക്യൂബയുമായി പതിറ്റാണ്ടുകള്‍ നീണ്ട ശത്രുത അവസാനിപ്പിച്ച് നയതന്ത്ര ബന്ധം പുന:സ്ഥാപിച്ച അമേരിക്ക ഇതേ നിലപാട് ഇറാനുമായും സ്വീകരിക്കുമോയെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. എാല്‍ അത്തരമൊരു ഐക്യപ്പെടല്‍ യാഥാര്‍ഥ്യമാകാന്‍ നിരവധി ചേരുവകള്‍ ഒത്തുവരണമെന്നത് മറ്റൊരു കാര്യം.

ഇറാന്‍ വിദേശ കാര്യ മന്ത്രി ജവാദ് സരീഫ്
 

അമേരിക്കയുടെ ഇറാന്‍ നയമാണ് ഏറെക്കാലം ഇന്ത്യ പിന്തുടര്‍ന്നത്. വാതക പൈപ്പ്ലൈന്‍ പദ്ധതിയില്‍നിന്ന് പിന്മാറിയതും നാലു വര്‍ഷത്തിനിടെ മൂന്നു തവണ അന്താരാഷ്ട്ര ആണവോര്‍ജ സമിതിയില്‍ (ഐ.എ.ഇ.എ) ഇറാനെതിരെ വോട്ട് ചെയ്തതും ടെഹ്റാന്‍റെ സൈനിക വിവരങ്ങള്‍ ഒപ്പിയെടുക്കുന്നതിന് ഇസ്രായില്‍ നിര്‍മിച്ച ചാര ഉപഗ്രഹമായ ടെക്സ്റ്റര്‍ വിക്ഷേപിച്ചും മേഖലയിലെ സുഹൃത്തിനെ അകറ്റാനാണ് ഇന്ത്യ ശ്രമിച്ചത്. ഇറാനും ഇസ്രായേലും ബദ്ധശത്രുക്കളാണെങ്കിലും ഇരു രാജ്യങ്ങളുമായും ഒരേ നിലയ്ക്കുള്ള സൗഹൃദമാകാം എന്ന നിലപാടാണ് ബി.ജെ.പി സര്‍ക്കാറിന്‍റേത്. മന്‍മോഹന്‍ രഹസ്യമായി ചെയ്യാന്‍ ശ്രമിച്ചത് മോദി പരസ്യമായി ചെയ്യുന്നു. ഇസ്രായിലില്‍നിന്ന് അത്യാധുനിക ആയുധങ്ങളും ഇറാനില്‍നിന്ന് എണ്ണയും പ്രകൃതി വാതകങ്ങളും ഇറക്കുമതി ചെയ്യാനുള്ള കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെട്ടു കഴിഞ്ഞു. ഇസ്രായേലുമായുള്ള ബന്ധം പരമപ്രധാനമാണെന്ന് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പറഞ്ഞതില്‍ അല്‍ഭുതമില്ല. ഗസ്സയിലെ ഇസ്രായേല്‍ തേര്‍വാഴ്ചയെ പാര്‍ലമെന്‍റിലോ പുറത്തോ അപലപിക്കാന്‍ തയ്യാറാവാത്ത സുഷമയെ നാം കണ്ടതാണ്.

ആയത്തുള്ള അലി ഖാംനഇ

തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റും പ്രസിഡന്‍റുമല്ല, അതിനേക്കാള്‍ അധികാരമുളള ഗാര്‍ഡിയന്‍ കൗണ്‍സിലും അവസാന വാക്കായ പരമോന്നത നേതാവുമാണ് അന്തിമമായി ഇറാന്‍റെ നയങ്ങള്‍ നിശ്ചയിക്കുന്നത്. അമേരിക്ക ചതിയന്മാരാണെും അവരെ കരുതിയിരുന്നുകൊള്ളാനും ഇക്കഴിഞ്ഞ ദിവസം പ്രസിഡന്‍റ് റൂഹാനിയെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ ഉപദേശിക്കുകയുണ്ടായല്ളോ. ആണവായുധങ്ങളുമായി ബന്ധപ്പെട്ട സകല ഉപരോധങ്ങളും പിന്‍വലിച്ചതിനു പിന്നാലെ ഇറാനുമേല്‍ മിസൈല്‍ ഉപരോധം പ്രഖ്യാപിച്ച അമേരിക്കന്‍ നടപടി തന്നെ ഖാംനഇയുടെ നിലപാടുകള്‍ ശരിവെക്കുന്നു.
റൂഹാനിയെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി 26ലെ പാര്‍ലമെന്‍്റ് തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. എന്നാല്‍, സ്ഥാനാര്‍ഥികളാവാന്‍ രംഗത്തുവന്ന 12,000ത്തോളം പേരില്‍ പകുതിയിലേറെ പേരുടെയും അപേക്ഷകള്‍ നിരസിക്കപ്പെട്ടിരിക്കുന്നു. തള്ളപ്പെട്ടതില്‍ ബഹുഭൂരിഭാഗവും പരിഷ്കരണവാദികളുടേതാണ് എന്നതാണ് അദ്ദേഹത്തിന് ഏറ്റവും വലിയ തിരിച്ചടി. നിലവിലെ പാര്‍ലമെന്‍റംഗങ്ങളില്‍ അമ്പതു പേരുടെ അപേക്ഷ തള്ളിയതില്‍ മുപ്പതും റൂഹാനി അനുകൂലികളാണ്. ചുരുക്കത്തില്‍ പാരമ്പര്യ വാദികളുടെ പിടിമുറുക്കം തന്നെയാണ് ഇറാനില്‍ കാണാനിരിക്കുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iran nuclear dealus-iraneuropean union-iran
Next Story