Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightതുര്‍ക്കി:...

തുര്‍ക്കി: വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക്

text_fields
bookmark_border
തുര്‍ക്കി: വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക്
cancel

യുദ്ധവും തീവ്രവാദവും അഭയാര്‍ഥി പ്രവാഹവും കലുഷിതമാക്കിയ യൂറോപ്പിന്‍െറ ദു:ഖം തുര്‍ക്കി, അനിശ്ചിതത്വത്തിന്‍െറ മറ്റൊരു ചതുപ്പുനിലത്തിലേക്ക്. വെള്ളിയാഴ്ച അര്‍ധരാത്രി മറ്റൊരു പട്ടാള അട്ടിമറിക്ക് തുര്‍ക്കി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. വിമതനീക്കം പരാജയപ്പെടുത്തുകയും തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അധികാരം പുന:സ്ഥാപിക്കുകയും ചെയ്തെങ്കിലും സൈന്യത്തിൽ നിന്നുള്ള ഈ വിഘടിത നീക്കം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. താരതമ്യേന ശക്തമെന്ന് കരുതിയ ഉര്‍ദുഗാന്‍െറ കാലിനടിയില്‍ നിന്നു പോലും മണ്ണ് ചോര്‍ന്നു പോവുന്ന സ്ഥിതിയാണ് സംഭവിച്ചിട്ടുളളത്.

സൈനിക അട്ടിമറിയുടെ യഥാര്‍ഥ ചിത്രം തെളിഞ്ഞുവരുന്നേയുള്ളൂ. രാജ്യത്തെ സര്‍വ്വസൈന്യാധിപന്‍ ഒരു വിഭാഗം സൈനികരുടെ വിമത നീക്കത്തെ പിന്തുണച്ചിട്ടില്ല. ഇതിനു മുമ്പുണ്ടായ പട്ടാള അട്ടിമിറികളില്‍ സൈനിക മേധാവി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് പ്രഖ്യാപനം നടത്താറുണ്ട്. ഇത്തവണ അതുണ്ടായിട്ടില്ലെന്ന് മാത്രമല്ല, കേണല്‍ തലത്തിലോ കമാണ്ടര്‍ തലത്തിലോ ഉള്ള പട്ടാള മേധാവികള്‍ വിമതരോടൊപ്പമില്ല എന്നതാണ് ശ്രദ്ധേയം. അതേസമയം, സൈന്യത്തിലും രഹസ്യാന്വേഷണ വിഭാഗത്തിലും ഉദ്യോഗസ്ഥരിലും വിഭാഗീയത ശക്തമായി വരുന്നു എന്നതാണ് ഉര്‍ദുഗാന്‍ ഭരണകൂടത്തിന് ഭീഷണിയാവുന്നത്. സര്‍ക്കാറിനെ ഏതുസമയവും മറിച്ചിടാം എന്ന തലത്തിലേക്ക് ഈ ഭിന്നത വളര്‍ന്നിരിക്കുന്നു.

1960 മുതല്‍ നാലുതവണ തുര്‍ക്കിയില്‍ സൈനിക അട്ടിമറി നടന്നിട്ടുണ്ട്. അപ്പോഴെല്ലാം സര്‍ക്കാര്‍ ദുര്‍ബലവും ജനസമ്മിതിയില്ലാത്തതുമായിരുന്നു. എന്നാല്‍, ഇത് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ഉര്‍ദുഗാന്‍ ജനപിന്തുണ ഉറപ്പിച്ച സാഹചര്യത്തിലാണ് അട്ടിമറി നീക്കം നടക്കുന്നത്. അതിനാല്‍ തന്നെ പുതിയ നീക്കം ലക്ഷ്യത്തിലെത്തിയതുമില്ല. മാത്രമല്ല ജനങ്ങളെ ഇറക്കി വിമതനീക്കം പരാജയപ്പെടുത്തി ഉർദുഗാൻ കൂടുതൽ കരുത്താർജിക്കുകയും ചെയ്തു.

തീവ്ര മതേതര വാദികളും ഇസ് ലാമിസ്റ്റുകളും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അഭിപ്രായ യുദ്ധമാണ് തുര്‍ക്കിയെ എല്ലാ കാലത്തും പ്രക്ഷുബ്ധമാക്കുന്നത്. ഈ അഭിപ്രായ അനൈക്യം സൈന്യത്തിലും ജുഡീഷ്യറിയിലും വരെ ശക്തമാണ്. ഇസ് ലാമിക പക്ഷത്ത് നില്‍ക്കണോ തീവ്രമതേതര ചേരിയിലേക്ക് മാറണോ എന്ന അസ്തിത്വ പ്രതിസന്ധിയില്‍ നിന്ന് തലയൂരാന്‍ ഈ രാജ്യത്തിന് ഇതേവരെ കഴിഞ്ഞിട്ടില്ല. മുസ് ലിം സ്ത്രീകള്‍ക്ക് ശിരോവസ്ത്രം ധരിക്കാനുള്ള അവകാശത്തിന് നിയമനിര്‍മാണം വേണ്ടിവന്ന മുസ് ലിം രാജ്യമാണിത്. ഇപ്പോഴുണ്ടായ സൈനിക അട്ടിമിറിയും ഇതിന്‍െറ തുടര്‍ച്ചയാണെന്നാണ് റിപോര്‍ട്ടുകള്‍. ഉര്‍ദുഗാന്‍ സര്‍ക്കാര്‍ രാജ്യത്തിന്‍െറ  മതേതര സ്വഭാവം തകര്‍ക്കുന്നുവെന്നാണ് അട്ടിമറി വിവരം ടെലിവിഷനിലൂടെ അറിയിച്ചവര്‍ പ്രഖ്യാപിച്ചത്.

അട്ടിമറിക്ക് പിന്നില്‍ പെന്‍സില്‍വാനിയ കേന്ദ്രമാക്കിയ ഫത്ത്ഹുല്ല ഗുല്ലന്‍ ആണെന്നാണ് ഉര്‍ദുഗാന്‍ ആരോപിച്ചിരിക്കുന്നത്. തുര്‍ക്കിയിലെ വിദ്യാഭ്യാസ മേഖലയിലും സൈന്യത്തിലും സ്വാധീനമുള്ള ആത്മീയ വിഭാഗത്തിന്‍െറ നേതാവാണ് ഫത്ത്ഹുല്ല ഗുല്ലന്‍. നേരത്തെ ഉര്‍ദുഗാനോടൊപ്പം നിലകൊണ്ട ഗുല്ലൻ പിന്നീട് അദ്ദേഹവുമായി അകലുകയായിരുന്നു. ആരോപണം ഫത്ത്ഹുല്ല നിഷേധിച്ചിട്ടുണ്ട്.

സിറിയയിലെ തുര്‍ക്കിയുടെ ഇടപെടലും സൈന്യത്തില്‍ ഒരു വിഭാഗത്തിന്‍െറ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ഐ.എസിനെതിരായ നാറ്റോ സൈനിക സഖ്യത്തില്‍ തുർക്കിയും പങ്കാളികളാണ്. ഐ.എസിനെതിരായ യുദ്ധത്തില്‍ അമേരിക്കക്ക് താവളം നല്‍കാന്‍ വരെ തുര്‍ക്കി തയ്യാറായിരുന്നു. തുര്‍ക്കി സിറിയയില്‍ ഇടപെടേണ്ടതില്ലെന്ന പക്ഷക്കാര്‍ സൈന്യത്തിലുണ്ടെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതോടൊപ്പം സിറിയ അതിര്‍ത്തി അടച്ച് അഭയാര്‍ഥി പ്രവാഹം തടയണമെന്ന ആവശ്യവും ശക്തമാണ്. 25 ലക്ഷം സിറിയന്‍ അഭയാര്‍ഥികളാണ് തുര്‍ക്കിയിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:turkeyTurkey Coup
Next Story