ഗുല്‍ബര്‍ഗിലെ നീതി
text_fieldsഒരു രാജ്യത്തിന്‍റെ മതേതര മനസിനെ ആഴത്തില്‍ നോവിച്ച ഗുല്‍ബര്‍ഗ് കൂട്ടക്കൊലയുടെ അലയൊലി വീണ്ടും ഉയരുകയാണ്. 14 വര്‍ഷം മുമ്പ് ഗുജറാത്തിലെ ഗുല്‍ബര്‍ഗില്‍ നിന്നുയര്‍ന്ന കൂട്ടനിലവിളികള്‍ക്ക് നീതിപീഠത്തില്‍ നിന്ന് ഉത്തരം വന്നിരിക്കുന്നു. 69 പേരുടെ ജീവന്‍ പൊലിഞ്ഞ കലാപത്തിന് ചൂട്ടുപിടിച്ചത്തെിയവരില്‍ 24 പേര്‍ കുറ്റക്കാര്‍, 36 പേര്‍ നിരപരാധികള്‍... എല്ലാറ്റിനും സാക്ഷിയായ സാകിയ ജഫ് രിയെന്ന വിധവയുടെ കണ്ണീര്‍ ഇനിയും വറ്റിയിട്ടില്ല.
2002 ല്‍ ഗുജറാത്ത് വംശഹത്യക്കിടെ നടന്ന ഗുൽബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയില്‍ 14 വര്‍ഷത്തിനു ശേഷം വിധി വന്നിരിക്കുന്നു. 69 പേര്‍ ചുട്ടെരിക്കപ്പെട്ട സംഭവത്തില്‍ 24 പേര്‍ കുറ്റക്കാരെന്ന് കോടതി വിധിക്കുമ്പോള്‍ , കൊലയില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടത്തെിയ 36 പേര്‍ കുറ്റമോചിതരായി കൈകഴുകിയിറങ്ങി.
ഗോധ്ര കലാപത്തിന്‍റെ അണയാത്ത അഗ്നിയാണ് ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കുരുതിയിലേക്കും നയിച്ചത്. പുല്‍നാമ്പില്‍ പടര്‍ന്ന തീയെന്ന പോലെ വിശ്വഹിന്ദുപരിഷത്ത് പ്രര്‍ത്തകര്‍ക്കും കര്‍സേവകര്‍ക്കുമിടയില്‍ എരിഞ്ഞുനിന്ന ഗോധ്ര സംഭവം മറ്റൊരു 70 പച്ചമനുഷ്യരെ കൂടി ചുട്ടെരിക്കാനോളം പടര്‍ന്നു. അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി എന്ന ഒരു മുസ്ലിം ഹൗസിംഗ് കോളനിക്ക് നേരെ ജനക്കൂട്ടം ആക്രമണം അഴിച്ചുവിടുകയായിരുന്നു.
2002 ഫെബ്രുവരി 28 ന്, ചമന്‍പുരയിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിക്കു മുന്നില്‍ ഒരു കൂട്ടം ആളുകള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് തടിച്ചു കൂടി. ഹിന്ദു സമുദായത്തിലുള്ളവര്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശമാണ് ചമന്‍പുര. 29 ബംഗ്ലാവുകളും, 10 ചെറിയ കെട്ടിടങ്ങളുമടങ്ങിയതായിരുന്നു ഗുല്‍ബര്‍ഗ് സൊസൈറ്റി. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ജീവിതം നയിച്ചിരുന്ന മുസ് ലിം സമുദായത്തില്‍പ്പെട്ടവരായിരുന്നു സൊസൈറ്റിയിലെ താമസക്കാര്‍. ക്ഷുഭിതരായ ജനക്കൂട്ടത്തെക്കണ്ട് ഭയന്ന ഇവർ മുന്‍ കോണ്‍ഗ്രസ് എം.പി.യും സൊസൈറ്റിയിലെ താമസക്കാരനുമായ ഇഹ്സാന്‍ ജാഫ് രിയുടെ വീട്ടില്‍ അഭയം തേടി.
കോളനി വളഞ്ഞ ജനക്കൂട്ടത്തില്‍ നിന്നുള്ള ആക്രമണം ഏതു സമയത്തുമുണ്ടാകാമെന്ന് ഭയന്ന ജാഫ് രി നിരവധി തവണ പോലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും, ഫലം കണ്ടില്ല. ഉച്ച തിരിഞ്ഞതോടെ തടിച്ചു കൂടിയ ജനക്കൂട്ടം, അക്രമാസക്തമാവുകയും സൊസൈറ്റിയുടെ മതിലുകള്‍ തകര്‍ത്ത് വീടുകള്‍ക്ക് തീവെക്കുകയും ചെയ്തു. പുറത്തിറങ്ങിയ താമസക്കാരെ ജനക്കൂട്ടം ആക്രമിച്ചു. ആക്രമണത്തില്‍ 69ഓളം ആളുകള്‍ കൊല്ലപ്പെട്ടു, നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. ഇഹ്സാന്‍ ജാഫ്രിയുടെ താമസ സ്ഥലത്തെത്തിയ അക്രമികള്‍ അദ്ദേഹത്തെ ജീവനോടെ ചുട്ടു കൊന്നു. ഗുജറാത്ത് കലാപത്തിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയായിരുന്നു ഗുല്‍ബര്‍ഗില്‍ നടന്നത്.
ചമന്‍പുരയില്‍ നിന്നും രണ്ട് കിലോമീറ്ററിനുള്ളിലായിരുന്നു പൊലീസ് സ്റ്റേഷന്‍. ആക്രമണം നടന്ന ദിവസം രാവിലെ പൊലീസ് കമ്മീഷണര്‍ പി.സി പാണ്ഡെ ജാഫ്രിയെ സന്ദര്‍ശിച്ചു. പൊലീസ് സംരക്ഷണത്തിലാണ് അവരെന്നും ഒന്നും പേടിക്കാനില്ലെന്നുമുള്ള ഉറപ്പ് നല്‍കിയ ശേഷമാണ് പാണ്ഡെ പിരിഞ്ഞത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അക്രമം കൊടുമ്പിരികൊണ്ടപ്പോള്‍ ജാഫ്രിയും കോണ്‍ഗ്രസിന്‍റെ ഓഫീസുകളില്‍ നിന്നും പൊലീസുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
അന്നത്തെ ദിവസം സര്‍വ്വ സജ്ജമായി 130 പൊലീസുകാര്‍ കിലോമീറ്ററുകള്‍ അകലെയുള്ളപ്പോഴാണ് തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റ് അംഗമുള്‍പ്പെടെ നിരവധി ജീവനുകള്‍ ഇല്ലാതായത്. ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ മുന്‍കൂട്ടി തയാറാക്കിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഗുല്‍ബല്‍ഗ് സംഭവം.
ഭരണ സംവിധാനത്തിന്‍റെ നിഷ്ക്രിയത്വം ചൂണ്ടിക്കാട്ടി 2006ല്‍ ഇഹ്സാന്‍ ജാഫ് രിയുടെ വിധവ സാകിയ ജാഫ് രി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ പരാതി നല്‍കിയെങ്കിലും ഗുജറാത്ത് പൊലീസ് കേസെടുത്തില്ല. തുടര്‍ന്ന് ഹൈകോടതിയിലേക്കും സുപ്രീംകോടതിയിലേക്കും നിയമയുദ്ധം നീണ്ടു. 2008ല്‍ സി.ബി.ഐ മുന്‍ ഡയറക്ടര്‍ ആര്‍.കെ രാഘവന്‍റെ നേതൃത്വത്തില്‍ സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ(എസ്.ഐ.ടി) നിയോഗിച്ചു. എന്നാല്‍ മോദിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ തെളിവുകളൊന്നും കണ്ടത്തൊനായില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 2012 ഫെബ്രുവരിയില്‍ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ എസ്.ഐ.ടി റിപ്പോര്‍ട്ടിനെതിരെ സകിയ നല്‍കിയ ഹരജി കോടതി തള്ളിയെങ്കിലും ഭര്‍ത്താവിനെ ചുട്ടെരിച്ചവര്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാന്‍ അവര്‍ പോരാട്ടം തുടര്‍ന്നു. ഗുല്‍ബര്‍ഗ് കേസില്‍ ക്ലീൻചിറ്റ് വാങ്ങി തനിക്കുമേല്‍ പാപക്കറ പുരണ്ടില്ലെന്ന വാദത്തോടെ മോദി പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിച്ച് ജയിച്ചു.
2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച ഒമ്പത് കേസുകളില്‍ ഒന്നാണ് ഗുല്‍ബര്‍ഗ് സൊസൈറ്റി കേസ്. കേസും വിചാരണയുമായി 14 വര്‍ഷം പിന്നിടുമ്പോള്‍ ഇരകള്‍ക്ക് നീതിനടപ്പിലായെന്ന് അടിവരയിട്ട് പറയാന്‍ കഴിയുമോ? കുറ്റക്കാരെന്ന് കണ്ടെത്തിയ 24 പേരില്‍ 11 പേര്‍ക്കെതിരെ കൊലപാതക്കുറ്റവും 13 പേര്‍ക്കെതിരെ മറ്റു കുറ്റങ്ങളുമാണ് അഹമ്മദാബാദ് പ്രത്യേക കോടതി ചുമത്തിയിട്ടുള്ളത്.
ബി.ജെ.പി കോര്‍പറേഷന്‍ കൗണ്‍സിലറായ ബിപിന്‍ പട്ടേല്‍, പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ജി.എര്‍ദ എന്നിങ്ങനെ 36 പേരെയാണ് കലാപത്തില്‍ പങ്കെടുത്തതിനും കൊലപാതകം നടത്തിയെന്നതിനും തെളിവില്ലെന്ന് കാണിച്ച് വെറുതെവിട്ടത്. കൃത്യമായ ഗൂഢാലോചനയെന്ന് തെളിവുകള്‍ നിരവധി ഇരകള്‍ കാണിച്ചിട്ടും കേസില്‍ കുറ്റകാരമായ ഗൂഢാലോചന നടന്നുവെന്ന് കോടതി അംഗീകരിച്ചിട്ടില്ല. പ്രതികള്‍ ഒരാള്‍ക്കുമേല്‍ പോലും ഗൂഢാലോചനാ കുറ്റം ചുമത്തിയിട്ടില്ല.
കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഒന്‍പത് പേര്‍ 14 വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. അഞ്ച് പേര്‍ വിചാരണക്കിടെ മരിച്ചു. മറ്റുള്ളവര്‍ ജാമ്യത്തിലാണ്. ഏഴ് വര്‍ഷത്തിനിടെ നാല് ജഡ്ജിമാരുടെ മുമ്പാകെയാണ് വിചാരണ നടന്നത്. കലാപത്തിന്‍റെ ഇരകളായ 570 സാക്ഷികളെയാണു അന്വേഷണ സംഘം കോടതിയിലെത്തിച്ചത്. കേസില്‍ 338 പേരെ കോടതി വിസ്തരിച്ചു. കേസിലെ വിചാരണ നടപടികള്‍ 2015 സെപ്റ്റംബര്‍ 22ന് പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി മെയ് 31നകം പുറപ്പെടുവിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
ഭര്‍ത്താവിന്‍റെ യഥാര്‍ഥ കൊലയാളികള്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാന്‍ പതിനാലുവര്‍ഷമായി നിരന്തര നിയമപോരാട്ടം നടത്തുന്ന എഴുപത്തിയേഴുകാരിയായ സകിയ ജാഫ് രിക്ക് നീതി കിട്ടുമോ? വിധിയില്‍ തൃപ്തയല്ലെന്നും അപ്പീല്‍ നല്‍കുമെന്നും സകരിയ ജാഫ് രി വ്യക്തമാക്കി കഴിഞ്ഞു. തിങ്കാളാഴ്ച വരുന്ന ശിക്ഷാ വിധി കേള്‍ക്കുന്നതിനാണ് രാഷ്ട്രം കാത്തിരിക്കുന്നത്.
ലിംഗ വിവേചനം അവസാനിപ്പിക്കുക, പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്ന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ‘‘മകള്‍ക്കൊപ്പം സെല്‍ഫി’’ എന്ന ന്യൂജെന്‍ കാമ്പയിനുമായി രംഗത്തത്തെിയപ്പോള്‍ ഇഹ്സാന്‍ ജാഫ് രിയുടെ മകള്‍ നിഷ്റിന്‍ ജാഫ് രി ഹുസൈന്‍ പിതാവുമായി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മറുപടി നല്‍കി. ‘‘ ഇത് എക്കാലത്തും അയാളെ വേട്ടയാടികൊണ്ടിരിക്കും’’ എന്ന തലവാചകത്തോടെയായിരുന്നു അത്.
പിതാവിന്‍റെ മരണശേഷം നിഷ്റിന്‍ ജാഫ് രി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു- ‘‘ഹിന്ദു മത വിശ്വാസികളാണ് അന്നത് ചെയ്തതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഹിന്ദു തീവ്രവാദികളായിരുന്നു കലാപകാരികള്‍. ആക്രമിക്കപ്പെടുമ്പോള്‍ അയല്‍പക്കക്കാര്‍ സഹായത്തിനത്തൊതിരുന്നത് എന്തുകൊണ്ടാണ്? അവരും തീവ്രവാദികളെ ഭയന്നിരുന്നു.
പിതാവിന്‍റെ മരണശേഷം വീട്ടിലത്തെിയ ഹിന്ദുക്കളായ സുഹൃത്തുക്കള്‍ക്കെല്ലാം കുറ്റബോധമായിരുന്നു. എന്നാല്‍ അവരോടു പറയാനുള്ളത് ഇതാണ്, ഹിന്ദുയിസമല്ല, തെറ്റിദ്ധരിക്കപ്പെട്ട ഉൽപതിഷ്ണുക്കളായ തീവ്രവാദികളാണ് ആക്രമണം നടത്തിയത്. നിങ്ങളെ ഞങ്ങള്‍ സ്നേഹിക്കുന്നു, സത്യസന്ധതയെ മാനിക്കുന്നു, ബഹുമാനിക്കുന്നു, മൂല്യങ്ങളില്‍ വിശ്വസിക്കുന്നു. ജനങ്ങളില്‍ കുത്തിവെച്ച് സമൂഹത്തിലേക്ക് പടര്‍ത്തുന്ന ഫാഷിസത്തെ ഇല്ലായ്മചെയ്യാന്‍ , രാജ്യത്തെ സംരക്ഷിക്കാന്‍ ഞങ്ങളും ഒരുമിച്ച് നില്‍ക്കുമെന്ന് വാക്കു നല്‍കുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കൈകോര്‍ത്തു നില്‍ക്കണം. അവര്‍ക്കും നീതി ലഭിക്കണം’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.