ജലപാതങ്ങളെ തടുക്കുമ്പോള്‍
text_fieldsപതിറ്റാണ്ടുകളായി തുടരുന്ന സമരവും സംവാദവും ചര്‍ച്ചയും വാര്‍ത്തകളുമെല്ലാം വീണ്ടും അതിരപ്പിള്ളിയില്‍ എത്തിനില്‍ക്കുകയാണ്. വേനല്‍ കടുത്ത് അന്തരീക്ഷ താപനില ഉയരങ്ങള്‍ രേഖപ്പെടുത്തി ഭൂമിയെ ശപിച്ചപ്പോള്‍, പരിസ്ഥിതി സംരക്ഷണം പ്രധാന രാഷ്ട്രീയ പ്രചാരണവിഷയമായി തന്നെ ഉയര്‍ന്നു വന്നു. മണ്ണിനും മണ്ണില്‍ പണിയെടുക്കുന്നവനും സംരക്ഷണം ഉറപ്പു നല്‍കിയവര്‍ അധികാരത്തിലത്തെി. പുതിയ സര്‍ക്കാര്‍ അധികാരത്തിലത്തെിയാലും അതിരപ്പിള്ളി വിവാദം വീണ്ടും ഉയര്‍ന്നുവരുമെന്ന് ജനങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ മൂന്നാംനാളില്‍ തന്നെ ലക്ഷത്തിനടുത്ത് വന്മരങ്ങള്‍ മുറിച്ചുമാറ്റേണ്ടിവരുന്ന ഒരു പദ്ധതിക്കായി ഇടതുസര്‍ക്കാര്‍ രംഗത്തുവരുമെന്ന് കരുതിയില്ല.
അതിരപ്പിള്ളി പദ്ധതിക്ക് ആകെ വേണ്ട 138.6 ഹെക്ടര്‍ വനത്തില്‍ നിര്‍മാണത്തിനാവശ്യമായ 22 ഹെക്ടറില്‍ 15,145 വലിയമരങ്ങള്‍ ഉള്ളതായാണ് ഒരു വ്യാഴവട്ടം മുമ്പ് വനംവകുപ്പ് കണക്കാക്കിയിരുന്നത്. ബാക്കി വനത്തിലെ വൃക്ഷങ്ങളുടെ കണക്കെടുപ്പ് ഇനിയും നടന്നിട്ടില്ല. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അതി ശക്തമായ എതിര്‍പ്പുകളുയര്‍ന്ന സാഹചര്യത്തില്‍ വൈദ്യുതിമന്ത്രി നിലപാട് മയപ്പെടുത്തിയത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. എന്നാല്‍, അന്ധവും തീവ്രവും അശാസ്ത്രീയവുമായ പരിസ്ഥിതിമൗലികവാദ നിലപാടുകളില്‍ നിയന്ത്രണം വേണമെന്നതും വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകൊണ്ട നിലപാട് ആശങ്കക്കിടയാക്കുന്നതാണ്.
അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ പൊതുസമൂഹത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. അതിന്‍െറ പ്രതിഫലനം തന്നെയാണ് മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും വലിയ എതിര്‍പ്പുകളായി ഉയരുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്‍െറ പശ്ചാത്തലത്തില്‍ നഷ്ടമായ കാടും പുഴയുമുള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങള്‍ കഴിയാവുന്നിടത്തോളം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ വേണ്ടിടത്താണ്, നിലവിലുള്ള സവിശേഷ പാരിസ്ഥിതിക പ്രാധാന്യമുള്ള 140 ഹെക്ടറോളം വനം നശിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം.
പുഴയോരക്കാടുകളും ആനകളുടെ സഞ്ചാരപഥവും മത്സ്യങ്ങളും വേഴാമ്പലുകളും പക്ഷി മൃഗാദികളുടെ ആവാസവ്യവസ്ഥയും മറ്റും നഷ്ടപ്പെടുന്നതിനെക്കുറിച്ച് നമ്മള്‍ ഏറെ ചര്‍ച്ചചെയ്തിട്ടുണ്ട്. വാഴച്ചാലിലൊഴുകിയത്തെുന്ന വെള്ളത്തിന്‍്റെ 78 ശതമാനവും ടണല്‍വഴി തിരിച്ചുവിട്ടാല്‍ അത് ജലപാതങ്ങളെ ശോഷിപ്പിക്കുമെന്ന് നമുക്കറിയാം.
മഴക്കാലത്ത് പെരിങ്ങല്‍കുത്തില്‍നിന്നും കൊണ്ടുപോയി ഇടമലയാറില്‍ സംഭരിച്ച് വേനല്‍ക്കാലത്തുപയോഗിക്കുന്ന വെള്ളമില്ലാതായാല്‍ അത് പെരിയാറിനെ ബാധിക്കും. തുമ്പൂര്‍മുഴയില്‍ സെക്കന്‍ഡില്‍ 15,000 ലിറ്റര്‍ ജലം വേണ്ടിടത്ത് അതിന്‍െറ പകുതിക്കടുത്തുമാത്രം (സെക്കന്‍ഡില്‍ 7650 ലിറ്റര്‍) വെള്ളംകൊണ്ട് ജലസേചനം അസാധ്യമാണെന്നും ഇത് ലക്ഷക്കണക്കിനാളുകളുടെ കൃഷിയും കുടിവെള്ളവും മുട്ടിക്കുമെന്നും സര്‍ക്കാറിനും ജനങ്ങള്‍ക്കുമറിയാം.
ഒരു പുഴ പൂര്‍ണ്ണമായി ജലപാതങ്ങളിലൂടെ പതിക്കുന്നു എന്നതാണ് വാഴച്ചാല്‍, അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങളെ മറ്റു ജലപാതങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ പിന്നീട് വാഴച്ചാലില്‍ ഒഴുകിയത്തെുന്ന ജലത്തില്‍ 78 ശതമാനവും ടണല്‍ വഴി തിരിച്ചുകൊണ്ടുപോകുമെന്ന് പദ്ധതിരേഖകള്‍ വ്യക്തമാക്കുന്നു. ബാക്കി വെള്ളം മാത്രമാണ് വെള്ളച്ചാട്ടമായി പതിക്കുക. അങ്ങനെയാണെങ്കില്‍ ഇന്നു വേനല്‍ക്കാലങ്ങളില്‍ ഒഴുകുന്ന വെള്ളത്തിന്‍റെ പകുതിയോളം മാത്രമേ മഴക്കാലത്ത് ഉണ്ടാകൂ.
എങ്കിലും നമുക്ക് വൈദ്യുതി വേണ്ടേ? അതിന് അതിരപ്പിള്ളി പദ്ധതി അനിവാര്യമല്ളേ എന്നു സംശയിക്കുന്നവര്‍ക്കുള്ള മറുപടിമാത്രമാണ് ഇനി പറയാനുള്ളത്.
കേരളത്തില്‍ ഏകദേശം 23,000 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് 2015-16ലെ ആവശ്യമായി വരുന്നത്. വേനലില്‍ മെര്‍ക്കുറി പുതിയ ഉയരങ്ങളിലത്തെിയപ്പോള്‍ വൈദ്യുതി ഉപഭോഗവും പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയായിരുന്നു. മീനം, മേടം (ഏപ്രില്‍, മേയ്) മാസങ്ങളിലെ നമ്മുടെ ശരാശരി പ്രതിദിന വൈദ്യുതി ഉപഭോഗം 76 ദശലക്ഷം യൂനിറ്റിനടുത്തായിരുന്നു. 80 ദശലക്ഷത്തിലത്തെിയ ദിവസങ്ങളുമുണ്ട്. പക്ഷേ, ഈ വര്‍ഷഒ പവര്‍കട്ടോ ലോഡ് ഷെഡിങ്ങോ ഇല്ലാതെയാണ് കടന്നുപോയത്. ഇത്തവണ മാത്രമല്ല, ഇടതുപക്ഷം ഇനി ഭരിക്കുന്ന അഞ്ചുവര്‍ഷവും വൈദ്യുതി നിയന്ത്രണം ഇല്ലാതിരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
സംസ്ഥാനത്തിന് പുറത്തുനിന്ന് കുറഞ്ഞവിലക്ക് ലഭിക്കുന്ന വൈദ്യുതി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇത് സാധ്യമായത്. കേന്ദ്രവിഹിതത്തിന് പുറമെ യൂനിറ്റിന് മൂന്നും നാലും രൂപക്ക് ദിവസവും 20 ദശലക്ഷം യൂനിറ്റിനടുത്ത് വൈദ്യുതിയാണ് കേരളം വാങ്ങിയിരുന്നത്. അക്കാരണത്താല്‍തന്നെ യൂനിറ്റിന് 7 1/4 രൂപ നിരക്കില്‍ പ്രതിദിനം എട്ടു ദശലക്ഷം വൈദ്യുതി നല്‍കാന്‍ കഴിയുന്ന കായംകുളം നിലയം അടച്ചിട്ടിരിക്കുകയായിരുന്നു. കേരളത്തിലെ മറ്റു താപനിലയങ്ങളുടെ സ്ഥതിയും സമാനമായിരുന്നു. രാജ്യത്ത് 30,000 മെഗാവാട്ട് ശേഷിയുള്ള താപനിലയങ്ങള്‍ വെറുതെയിട്ടിരിക്കുകയാണ്.
അതിരപ്പിള്ളി പദ്ധതിയിലൂടെ സംസ്ഥാനത്തിനുള്ള നേട്ടമെന്താണെന്ന് പരിശോധിക്കാം. പദ്ധതിയുടെ സ്ഥാപിതശേഷി 163 മെഗാവാട്ടാണെങ്കിലും ഇതില്‍ 12 ശതമാനത്തോളം വൈദ്യുതിമാത്രമാണ് ഇവിടെനിന്ന് ലഭിക്കുക. പ്രതിവര്‍ഷം ശരാശരി 200 ദശലക്ഷം യൂനിറ്റില്‍ താഴെ, അഥവാ കേരളത്തിന്‍െറ ആവശ്യകതയുടെ 0.8 ശതമാനത്തിനടുത്ത്. ഇതുതന്നെ പ്രധാനമായും മഴക്കാലത്താണ് കിട്ടുക. 2005ല്‍ 570 കോടി രൂപ ചെലവ് കണക്കാക്കിയിരുന്ന പദ്ധതിക്ക് ഇന്നത്തെ നിരക്കില്‍ 1500 കോടി രൂപയെങ്കിലുമാകും. WAPCOS നേരത്തെ കണക്കാക്കിയിരുന്ന ഫോര്‍മുലയനുസരിച്ച് 1350 കോടി രൂപക്കടുത്താണ് പദ്ധതിക്ക് വിലയിരുത്തിയത്. ഇത്രയും പണം ചെലവഴിച്ച് ലഭിക്കുന്ന വൈദ്യുതിക്ക് യൂനിറ്റിന് 15 രൂപയാണ് കണക്കാക്കുന്നത്. അതിരപ്പിള്ളി പദ്ധതി സംസ്ഥാനത്തിന്‍റെ വൈദ്യുതി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണോ പുതിയ (സാമ്പത്തിക) പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണോ ചെയ്യുകയെന്നത് മനസിലാക്കാവുന്നതേയുള്ളൂ. ഭീമമായ തുക മുടക്കി നടപ്പാക്കുന്ന പദ്ധതി അതിരപ്പിള്ളിയിലെ ജൈവ സന്തുലിതാവസ്ഥതയെ തകര്‍ക്കുമെന്നത് ഉറപ്പാണ്.
നമുക്കിനി നഷ്ടപ്പെടുത്താന്‍ കാടുകളില്ല, മാലിന്യം വലിച്ചെറിയാന്‍ പുഴകളില്ല, ഇടിച്ചു നിരത്താന്‍ കുന്നുകളുമില്ല. നഷ്ടമായ പ്രകൃതിയെ തിരിച്ചുപിടിക്കണമെന്ന് പറയുന്നവര്‍ക്ക് ഒഴുകുന്നവയെ തടുക്കാതിരുന്നുകൂടെ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.