മണിമുഴങ്ങും മുമ്പ് താഴ് വീഴുന്ന പള്ളിക്കൂടങ്ങള്‍
text_fieldsവിദ്യാഭ്യാസ മേഖലക്ക് വലിയ പ്രാമുഖ്യം നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഉയര്‍ന്ന സാക്ഷരതാ നിരക്കും ദേശീയ ശരാശരിയുടെ മുകളില്‍ നില്‍ക്കുന്ന ജീവിതനിലവാര സൂചികകളും മലയാളിയെ വിദ്യാഭ്യാസ മേഖലയിലും മുമ്പനാക്കിയ പ്രധാനഘടകമാണ്. ലോകത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം വിദ്യാര്‍ഥിയായും അധ്യാപകനായും മലയാളികളെ കണ്ടത്തൊന്‍ അത്രക്ക് പ്രയാസപെടേണ്ടതില്ല.
ഏപ്രില്‍ പിറക്കുന്നതോടെ കേരളത്തിലെ രക്ഷിതാക്കളെല്ലാം ഒരുതരം ആശങ്കയുടെ പിടിയലകപ്പെടും. ജൂണില്‍ വിദ്യാലയങ്ങള്‍ തുറക്കുമ്പോഴുള്ള മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിലാണ് മലയാളിയുടെ ഈ മധ്യവേനലവധിക്കാലത്തെ ആശങ്ക. മികച്ച നിലവാരമുള്ള സ്കൂളുകള്‍ കണ്ടത്തെി മക്കളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതോടൊപ്പം അവര്‍ക്കുവേണ്ട പഠനോപകരണങ്ങള്‍ കൈകളില്‍ എത്തിക്കുകയെന്നതാണ് പതിവ് മലയാളിയുടെ ജീവിത ചിട്ട. സ്കൂളുകളില്‍ എത്തപ്പെടാതെ പോവുകയോ ഇടക്കുവെച്ച് കൊഴിഞ്ഞുപോവുകയോ ചെയ്യുന്ന കുട്ടികളുടെ ദേശീയാടിസ്ഥാനത്തിലുള്ള കണക്കെടുമ്പോഴും കേരളത്തിന്‍െറത് അഭിമാനാര്‍ഹ നേട്ടം തന്നെയാണ്. ഈ പ്രതിഭാസം കേരളത്തില്‍ കാണുന്നുണ്ടുവെങ്കില്‍ അത് ആദിവാസി വിഭാഗങ്ങളില്‍ ഒതുങ്ങുന്നതാണെന്നാണ് പഠനങ്ങളും കണക്കുകളും.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പുറമെ, സര്‍ക്കാര്‍ സഹായം നല്‍കി പ്രവര്‍ത്തിപ്പിക്കുന്ന സ്വകാര്യ. എയ്ഡഡ് വിദ്യാലയങ്ങള്‍ കൂടി ചേരുന്നതാണ് കേരളത്തിന്‍െറ പൊതുവിദ്യാഭ്യാസ ചിത്രം. ഇന്ന് പാടി പുകഴ്ത്തുന്ന പൊതു -സ്വകാര്യ പങ്കാളിത്ത പദ്ധതി (പി.പി.പി)യുടെ ആദ്യ രൂപം നമ്മള്‍ നടപ്പാക്കിയത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എയ്ഡഡ് സ്ഥാപനങ്ങള്‍ അനുവദിക്കുക വഴി വിദ്യാഭ്യാസ മേഖലയിലാണ്.
ലാഭേഛയില്ലാതെ സ്വകാര്യ വ്യക്തിയുടെ മൂലധന നിക്ഷേപത്തില്‍ പൊതുസമൂഹത്തിന്‍െറ അടിസ്ഥാന ആവശ്യമായ വിദ്യാഭ്യാസ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള എയ്ഡഡ് സംരംഭങ്ങള്‍ കേരളത്തിന്‍െറ വിദ്യാഭ്യാസ മേഖലക്ക് വ്യക്തമായ ദിശാബോധം പകര്‍ന്നു. മിഷണറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃസ്ത്യന്‍ സമുദായം തുടങ്ങിയ പള്ളിക്കൂടങ്ങളും മത വിദ്യാഭ്യാസത്തിനായി മുസ്ലിം, ഹിന്ദുവിഭാഗങ്ങള്‍ തുടങ്ങിയ ഓത്തുപള്ളികളും എഴുത്തുപള്ളിക്കൂടങ്ങളുമാണ് പില്‍ക്കാലത്ത് എയ്ഡഡ് പദവികളിലേക്ക് ഉയര്‍ന്ന് പൊതുവിദ്യാലയങ്ങളായി മാറിയത്. സമൂഹത്തിന്‍െറ വിദ്യാഭ്യാസ ആവശ്യകത നിവര്‍ത്തിച്ചുകിട്ടാന്‍ ഭരണകൂടങ്ങള്‍ക്ക് മുന്നില്‍ അക്കാലത്ത് ഇതിനേക്കാള്‍ നല്ല മാതൃകകളില്ലായിരുന്നു.
മഹത്തായ പാരമ്പര്യമുള്ള പള്ളിക്കൂടം ഒറ്റ രാത്രികൊണ്ട് ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരെ മലയാളി മനസ് ഒന്നടങ്കമാണ് പ്രതിഷേധവുമായി ഇറങ്ങിയത്. ജനകീയ ഇടപെടലില്‍ സ്കൂള്‍ പുനര്‍നിര്‍മിച്ച് അധ്യയനം പുനരാരംഭിച്ച മാതൃകയും കേരളം കണ്ടു. എന്നാല്‍ എന്ത് വിലകൊടുത്തും സ്കൂള്‍ അടച്ചുപൂട്ടിയേ മതിയാകൂ എന്ന മാനേജരുടെ വാശി കോടതി കയറിയതോടെ നിയമപോരാട്ടമായി. ഒടുവില്‍ സ്കൂളിന് കോടതി വിധിയില്‍ താഴ്വീണു. മലാപ്പറമ്പിലേത് ഉള്‍പ്പെടെ നാല് സ്കൂളുകള്‍ സമാനാവസ്ഥയിലാണ്. ഈ സ്കൂളുകള്‍ എന്ത് വിലകൊടുത്തും സംരക്ഷിക്കാനുള്ള ഭരണകൂട നീക്കത്തെ ചെറുതായി കാണേണ്ടതില്ല. എന്തുകൊണ്ട് നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഈ രൂപത്തില്‍ എത്തിപ്പെട്ടുവെന്ന ആലോചന ഈ പശ്ചാതലത്തില്‍ പ്രസക്തമാണ്.
അടച്ചുപൂട്ടലിലേക്ക് തുറന്നുവെച്ച വഴികള്‍
കുട്ടികള്‍ കുറയുകയും സ്കൂളുകള്‍ അനാദായകരമെന്ന പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തതാണ് അടച്ചുപൂട്ടലിലേക്ക് നയിച്ച പ്രത്യക്ഷ ഘടകം. പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാനുണ്ടായ കാരണങ്ങള്‍ അന്വേഷിച്ചത്തെുമ്പോള്‍ നമ്മുടെ പാഠ്യപദ്ധതിയുടെ നിലവാരത്തിലും സ്കൂളുകളിലെ അടിസ്ഥാന സൗകര്യക്കുറവിലുമാണ് എത്തിപ്പെടുക. ചുരുങ്ങിയത് മലയാളം തെറ്റ് കൂടാതെ വായിക്കാനും എഴുതാനും പരിശീലിച്ചിരുന്ന നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് അക്ഷരങ്ങള്‍ പോലും അറിയാത്ത ഒരു വിഭാഗത്തെയാണ് സമൂഹത്തിലേക്ക് തുറന്നുവിടുന്നത്. ഇത് എങ്ങനെ സംഭവിച്ചുവെന്നത് ലോക ബാങ്ക് സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കിയ ഡി.പി.ഇ.പി പദ്ധതിയില്‍ എത്തിനില്‍ക്കുന്നു.
അധ്യാപക കേന്ദ്രീകൃത പഠനത്തില്‍ നിന്ന് വിദ്യാര്‍ഥി കേന്ദ്രീകൃത പഠനത്തിലേക്ക് വിദ്യാഭ്യാസത്തെ പറിച്ചുനടാനുള്ള ശ്രമം എന്ന നിലയില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള പദ്ധതി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായകമായെങ്കിലും ഗുണനിലവാരം തകര്‍ക്കുന്നതിന് കാരണമായി. ഇവിടം മുതലാണ് പൊതുവിദ്യാലയങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വന്ന് തുടങ്ങുന്നത്. അപ്പോഴേക്കും സമ്പന്നരുടെ മക്കളെല്ലാം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിലുള്ള സ്കൂളുകളിലേക്ക് മാറിക്കഴിഞ്ഞിരുന്നു.
കാലാനുസൃതമായ മാറ്റങ്ങള്‍ നമ്മുടെ പാഠ്യപദ്ധതികളില്‍ കടന്നുവരാതെ പോയതും പൊതുവിദ്യാഭ്യാസത്തിന്‍െറ ശക്തി ചോര്‍ത്തി. വിദ്യാര്‍ഥി ആര്‍ജിക്കേണ്ട മിനിമം പഠന നേട്ടങ്ങളില്‍ ഊന്നി ഇതര സിലബസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ മുന്നോട്ടുപോയപ്പോള്‍ ബോധനവും രീതി ശാസ്ത്രവും സംബന്ധിച്ച തര്‍ക്കത്തിലായിരുന്നു പൊതുവിദ്യാഭ്യാസ മേഖല. സമൂഹത്തിലെ മധ്യവര്‍ഗം പോലും പൊതുവിദ്യാലയങ്ങളെ കൈയൊഴിഞ്ഞ് കൂണ്‍ പോലെ മുളച്ചുപൊന്തിയ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് സ്കൂളുകളിലേക്ക് ചേക്കേറി. പൊതുവിദ്യാഭ്യാസ മേഖലക്ക് ദിശാബോധം നല്‍കേണ്ടവരുടെ പക്കലുണ്ടായ വീഴ്ച മാത്രമല്ല അതില്‍ ഭരണകൂടത്തിനും മുഖ്യപങ്കാണുള്ളത്. അധ്യാപക, വിദ്യാര്‍ഥി സംഘടനകളുടെ നിസംഗതയും പൊതുവിദ്യാലയങ്ങളുടെ തകര്‍ച്ചക്ക് കാരണമായി.
ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം 4.6 ലക്ഷമാണെങ്കില്‍ 2015 -16ല്‍ ഒന്നാം ക്ളാസില്‍ പ്രവേശം കുട്ടികളുടെ എണ്ണം മൂന്ന് ലക്ഷത്തോടടുപ്പിച്ചാണ്. ഒമ്പത് വര്‍ഷം കഴിയുമ്പോള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനുള്ള കുട്ടികളുടെ എണ്ണമാണിത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളില്‍ ഒരു ലക്ഷത്തിനടുത്താണ് വിദ്യാര്‍ഥി പ്രവേശം. ജനന നിരക്കിലുണ്ടായ കുറവ് വലിയ ഘടകമായി നില്‍ക്കുമ്പോഴും ഇതര സിലബസുകളിലേക്ക് കുട്ടികള്‍ ഒഴുകിയത് കാണാതിരിക്കാനാകില്ല.
കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ച 400ഓളം സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. കൂടാതെ 500ല്‍ അധികം സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക്് നിരാക്ഷേപപത്രം (എന്‍.ഒ.സി) നല്‍കുകയും ചെയ്തു. ഇത്തരം നടപടികള്‍ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനാണെന്ന് പറയാനാകില്ല. ഇതെല്ലാം വര്‍ഷങ്ങളായി നടന്നുവരുന്ന പ്രക്രിയയാകുമ്പോള്‍ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലക്ക് എങ്ങനെ കരകയറാനാകും.
ലാഭേഛയില്‍ നിന്ന് കച്ചവടക്കണ്ണിലേക്ക് മാറിയ വിദ്യാഭ്യാസം
ലാഭേഛയില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാമെന്ന ഉറപ്പിലാണ് സര്‍ക്കാര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതിയും അംഗീകാരവും നല്‍കുന്നത്. സ്വകാര്യ എയ്ഡഡ് മേഖലയിലെ ലാഭേചയില്ലാത്ത സമീപനം ഒരുകാലത്ത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാറ്റുകൂട്ടുന്നതായിരുന്നു. എന്നാല്‍, എയ്ഡഡ് മേഖലയിലെ അമിതമായ കോഴക്കണക്കുകള്‍ പൊതുവിദ്യാഭ്യാസ മേഖലയെ അസ്ഥിരപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചു.
കഴിവും കാര്യക്ഷമതയുള്ള അധ്യാപകന്‍െറ സ്ഥാനത്ത് പണം കടന്നുവന്നതോടെ പഠന മികവ് പിറകിലേക്ക് പോവുകയും സാമ്പത്തിക ലാഭം മേല്‍കൈ നേടുകയും ചെയ്തു. അധ്യയന വര്‍ഷാരംഭത്തില്‍ എങ്ങനെ പുതിയ ഡിവിഷന്‍ തുടങ്ങാമെന്നും അതുവഴി നേട്ടമുണ്ടാക്കാമെന്നുമായി ഭൂരിഭാഗം എയ്ഡഡ് മാനേജ്മെന്‍റുകളും. അത് ഇല്ലാത്ത കുട്ടികളുടെ വ്യാജ കണക്ക് നല്‍കി അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തി കോടികള്‍ സമ്പാദിക്കുന്നതിലേക്ക് വരെ എത്തി.
രണ്ട് വര്‍ഷം മുമ്പ് തിരുവനന്തപുരം ജില്ലയിലെ എയ്ഡഡ് സ്കൂളില്‍ നടത്തിയ പരിശോധനയില്‍ 24 അധ്യാപകരെയാണ് മതിയായ കുട്ടികളില്ലാതെ നിയമിച്ച് ശമ്പളം നല്‍കുന്നതായി കണ്ടത്തെിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കറവ വറ്റിയ പശു എന്ന വിശേഷണമാണ് മാനേജ്മെന്‍റ് പക്ഷത്ത് നിന്ന് എയ്ഡഡ് സ്കൂള്‍ മേഖലക്ക് ഇന്ന് നല്‍കാനാകുന്ന വിശേഷണം. അധ്യാപക വിദ്യാര്‍ഥി അനുപാതം 1:45ല്‍ നിന്നും 1:30ലേക്ക് താഴ്ത്തിയിട്ടും കുട്ടികളില്ലാതെ സ്കൂളുകളില്‍ 4000ത്തോളം അധികമെന്ന കണക്കാണ് പുറത്തുവരുന്നത്.
എയ്ഡഡ് സ്കൂളുകളില്‍ ഒരു പുതിയ അധ്യാപക നിയമനം എന്നത് ഇനി അപൂര്‍വമായി മാത്രം സംഭവിക്കാന്‍ പോകുന്ന കാര്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് മലാപ്പറമ്പുകള്‍ പിറക്കുന്നത്. കേരളത്തില്‍ ഏറ്റവും വില കൂടിയ വസ്തുവായി ഭൂമി മാറിയതും അതിന്‍മേലുള്ള കച്ചവടക്കണ്ണും സ്കൂളുകള്‍ അടച്ചുപൂട്ടുന്നതിലേക്ക് മറ്റൊരു കാരണമായി. ഏക്കര്‍ കണക്കിന് ഭുമിയാണ് കണ്ണായ സ്ഥലങ്ങളില്‍ സ്കൂള്‍ ആവശ്യത്തിനായി ഉടമകളോ അവരുടെ മുന്‍ഗാമികളോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുടക്കിയിരിക്കുന്നത്. മലാപറമ്പ് സ്കൂളിന്‍െറ ഭൂമിക്ക് സര്‍ക്കാര്‍ ആസ്തി ബാധ്യത നിശ്ചയിച്ചപ്പോള്‍ പോലും സെന്‍റിന് 16 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
വിദ്യാഭ്യാസത്തിലെ ലാഭ നഷ്ടകണക്കുകള്‍
ഏതാനും വര്‍ഷങ്ങളായി സ്കൂളുകളെ ആദായകരം, അനാദായകരം എന്നിങ്ങനെ വേര്‍തിരിച്ചുകാണുന്ന പട്ടിക നമ്മുടെ വിദ്യാഭ്യാസ വകുപ്പ് തയാറാക്കുന്നുണ്ട്. 100 കുട്ടികളില്‍ കുറവുള്ള സ്കൂളുകളെയാണ് അനാദായകരമെന്ന് നേരത്തെ വിളിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 60ല്‍ താഴെ കുട്ടികള്‍ എന്ന നിലയിലേക്ക് മാറിയിരിക്കുന്നു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 28 ശതമാനവും അനാദായകരമായവയുടെ പട്ടികയിലാണ്. ആകെയുള്ള 11954 സ്കൂളുകളില്‍ 3391 സ്കൂളുകളിലും 60ല്‍ താഴെയാണ് കുട്ടികളുടെ എണ്ണം എന്ന് ചുരുക്കം. ഇതില്‍ 1319 എണ്ണം സര്‍ക്കാര്‍ സ്കൂളുകളും 1474 എണ്ണം എയ്ഡഡ് സ്കൂളുകളുമാണ്. പത്ത് കുട്ടികള്‍ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന 143 സ്കൂളുകളുണ്ട്. ഇതില്‍ 58 സ്കൂളുകള്‍ സര്‍ക്കാര്‍ മേഖലയിലും 85 എണ്ണം എയ്ഡഡുമാണ്. ഇവയില്‍ മിക്കതും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ അനുമതി കാത്തുനില്‍ക്കുന്നവയാണ്.
മലാപ്പറമ്പ് സ്കൂള്‍ ഉള്‍പ്പെടെ സര്‍ക്കാറിന് മുന്നില്‍ വെല്ലുവിളിയായി നില്‍ക്കുമ്പോഴാണ് കുട്ടികളില്ലാത്ത സ്കൂളുകളുടെ കണക്കുകള്‍ പുറത്തുവരുന്നത്. ഒരു കുട്ടി പോലുമില്ലാതെ കഴിഞ്ഞ അധ്യയന വര്‍ഷം പൂട്ടി പോയ സ്കൂളുകളുടെ എണ്ണം 12 ആണ്. ഇതില്‍ മൂന്നെണ്ണം സര്‍ക്കാര്‍ സ്കൂളുകളും അവശേഷിക്കുന്നവ എയ്ഡഡ് മേഖലയിലുമാണ്. ഇതില്‍ നാല് സ്കൂളുകള്‍ എറണാകുളം ജില്ലയിലും മൂന്നെണ്ണം പത്തനംതിട്ടയിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട് ജിലകളില്‍ ഓരോ സ്കൂള്‍ വീതവുമുണ്ട്.
ഏറ്റവും കൂടുതല്‍ അനാദായ സ്കൂളുകള്‍ ഉള്ളത് കണ്ണൂരിലാണ്. 449 സ്കൂളുകളാണ് ഇവിടെ ഈ ഗണത്തില്‍ പ്രവര്‍ത്തിക്കുന്നത്. പത്തനംതിട്ടയില്‍ 421 സ്കൂളുകള്‍ അനാദായ പട്ടികയിലാണ്. കോട്ടയത്ത് 363ഉം എറണാകുളത്ത് 330ഉം സ്കൂളുകളാണ് ഈ പട്ടികയിലുള്ളത്. തിരുവനന്തപുരം 259, കൊല്ലം 230, ആലപ്പുഴ 280, ഇടുക്കി 158, തൃശൂര്‍ 244, പാലക്കാട് 185, മലപ്പുറം 58, കോഴിക്കോട് 276, വയനാട് 37, കാസര്‍കോട് 101 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ അനാദായ സ്കൂളുകളുടെ എണ്ണം. പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞുവരുന്നുവെന്ന പ്രതിഭാസം സംസ്ഥാന വ്യാപകമാണ്.
ഏറ്റെടുക്കലിന്‍െറ രാഷ്ട്രീയം
മലാപ്പറമ്പ് ഉള്‍പ്പെടെയുള്ള നാല് സ്കൂളുകള്‍ കോടതി വിധിക്ക് വിധേയമായി ഏറ്റെടുക്കാനാണ് ഒടുവില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഏതാനും കോടികള്‍ മുടക്കിയാലും കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല സംബന്ധിച്ച് ശക്തമായ സന്ദേശം നല്‍കാന്‍ ഈ തീരുമാനം വഴി കഴിയും.
രാഷ്ട്രീയപരമായി ഇടതുമുന്നണി സര്‍ക്കാറിന് മൈലേജ് കൂടി നല്‍കുന്നതായിരിക്കും തീരുമാനം. പൊതുവിദ്യാഭ്യാസ മേഖല സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ യു.ഡി.എഫില്‍ നിന്നുണ്ടായില്ളെന്ന ആരോപണത്തിന് യാഥാര്‍ഥ്യബോധം പകരാനും ഇതുവഴി ഇടതുമുന്നണി ലക്ഷ്യംവെക്കുന്നു. മാത്രമല്ല, വിദ്യാഭ്യാസ മേഖലയില്‍ എന്തെല്ലാം പരിഷ്ക്കരണങ്ങള്‍ പുതിയ സര്‍ക്കാര്‍ ലക്ഷ്യം വെച്ചിട്ടുണ്ടോ അതിനുള്ള പൊതുസമൂഹത്തിന്‍െറ മുന്‍കൂര്‍ സമ്മതപത്രം കൂടി നേടിയെടുക്കാനുള്ള വഴിയായും ഇതിനെ കാണാം.
എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് വിദ്യാഭ്യാസ മേഖലയില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ഇടപെടല്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചതാണ്. പരിഷത്ത് സഹയാത്രികനായ പുതിയ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിലേക്ക് പരിഷ്ത്തിനുള്ള ദൂരം ഏറെയില്ല. എന്നാല്‍ സംസ്ഥാനത്ത് അടച്ചുപൂട്ടലിനുള്ള അനുമതി കാത്തിരിക്കുന്ന സ്കൂളുകളുടെ എണ്ണം ആയിരത്തിലധികമാണെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഈ സ്കൂളുകളും നിയമനടപടികളുമായി മുന്നോട്ടുപോയാല്‍ ഇവ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകുമോ എന്ന ചോദ്യം പ്രസക്തമാണ്. ഇത് ഒരു സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം അത് പ്രായോഗികമല്ല.
പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ മാനേജ്മെന്‍റിന് കാര്യങ്ങള്‍ എളുപ്പമാക്കുന്ന വിദ്യാഭ്യാസ ചട്ടം കാലാനുസൃതമായി പരിഷ്ക്കരിക്കേണ്ടതുണ്ട്. ഇതിനൊപ്പം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്കൂളുകള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ കര്‍മപദ്ധതികള്‍ ആവിഷ്ക്കരിക്കുകയും വേണം.
മികച്ച സ്കൂളില്‍ മക്കള്‍ വിദ്യാഭ്യാസം നടത്തണമെന്ന മലയാളി പിതാവിനെ വീട്ടിനകത്തും പൊതുവിദ്യാലയങ്ങള്‍ പൂട്ടുന്നതിനെതിരെ കൊടിപിടിക്കുന്ന ‘സാമൂഹിക പ്രതിബദ്ധതയുള്ള’ പിതാവിനെ പുറത്തും കണ്ടു തുടങ്ങിയിരിക്കുന്നു. സ്വന്തം കുട്ടിയെ സി.ബി.എസ്.ഇ സ്കൂളില്‍ വിട്ട്, അടച്ചുപൂട്ടുന്ന പൊതുവിദ്യാലയം നിലനിര്‍ത്താന്‍ കൊടിപിടിക്കാന്‍ കാണിക്കുന്ന ‘ചങ്കൂറ്റ’ത്തിലും കപടത ഒളിഞ്ഞിരിക്കുന്നു.
വിദ്യാഭ്യാസത്തെ സാമൂഹിക ആവശ്യം എന്നതലം വിട്ട് വില്‍പ്പന ചരക്കായി കാണുന്ന വിദ്യാഭ്യാസ പോളിസികള്‍ പിറവികൊണ്ട നാട്ടില്‍ പൊതുവിദ്യാഭ്യാസ മേഖലയുടെ ഭാവി അത്ര ഭാസുരമല്ളെന്ന് നിസംശയം പറയാം. അതുവഴി വഴി വിദ്യാഭ്യാസം അടിസ്ഥാന വര്‍ഗത്തിന് കിട്ടാക്കനിയായി മാറുകയും വരേണ്യഅധീശത്വത്തിന് കീഴിലാവുകയും ചെയ്യും. ഇതിനെ ചെറുക്കാനുള്ള പോംവഴി നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ രോഗമറിഞ്ഞുള്ള ചികില്‍സയാണ് അനിവാര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.