Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightജോര്‍ജിന്‍െറ നാവും...

ജോര്‍ജിന്‍െറ നാവും സി.പി.എമ്മിന്‍െറ ചതിയും

text_fields
bookmark_border
ജോര്‍ജിന്‍െറ നാവും സി.പി.എമ്മിന്‍െറ ചതിയും
cancel

ഗൂഗിളിന്‍െറ വിഡിയോ ഷെയറിങ് വെബ്സൈറ്റായ യൂട്യൂബില്‍ പി.സി. ജോര്‍ജ് എന്ന് സെര്‍ച് ചെയ്താല്‍ സ്ക്രീനില്‍ ഡസനിലേറെ വിഡിയോകള്‍ നിമിഷ നേരംകൊണ്ട് തെളിയുന്നതുകാണാം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പി.സി. ജോര്‍ജ് നടത്തിക്കൊണ്ടിരിക്കുന്ന തെറിവിളികള്‍ അടങ്ങിയതാണ് ഈ വിഡിയോകള്‍. യൂട്യൂബിന് സുപരിചിതമാണ് ഈ തെറിവിളി. പലതും കേട്ടാല്‍ അറയ്ക്കുന്നവ. മാന്യനായ ഒരാളുടെ വായില്‍നിന്ന് വീഴാന്‍ പാടില്ലാത്തത്. ഓരോ വിഡിയോയും ചുരുങ്ങിയത് രണ്ടു ലക്ഷത്തിനു മുകളില്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. പി.സി. ജോര്‍ജ് തെറിവിളി, ലേറ്റസ്റ്റ് തെറിവിളി, അണ്‍ സെന്‍സേഡ് തെറിവിളി, തെറിവിളി കോച്ച് എന്നിങ്ങനെയാണ് വിഡിയോകളുടെ കാപ്ഷനുകള്‍. പി.സി. ജോര്‍ജിന്‍െറ ശത്രു അദ്ദേഹത്തിന്‍െറ നാവാണെന്ന കോടിയേരി ബാലകൃഷ്ണന്‍െറ അഭിപ്രായം നൂറു ശതമാനം ശരിവെക്കുന്നതാണ് ഈ വിഡിയോകള്‍. ഒരു രാഷ്ട്രീയ നേതാവ്, അതിലുപരി ജനപ്രതിനിധി എങ്ങനെ ഇത്ര തരംതാണ് സംസാരിക്കുന്നു എന്ന് ആരിലും സന്ദേഹം ഉണ്ടായേക്കാം. രാഷ്ട്രീയ എതിരാളിക്കുനേരെ ഇത്ര നികൃഷ്ടമായ പദപ്രയോഗങ്ങള്‍ നടത്തുന്ന മറ്റൊരു നേതാവിനെ കാണാനാവില്ല. എന്തായാലും തന്‍െറ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ജോര്‍ജിനെ ഇപ്പോള്‍ കാത്തിരിക്കുന്നത്.

ഒരുപക്ഷേ ഇത് ജോര്‍ജിന് കാലം കാത്തുവെച്ച ശിക്ഷയായിരിക്കാം. 1980 മുതല്‍ ആറ് തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജയിച്ച ജോര്‍ജ് ഇത്തവണ പൂഞ്ഞാറില്‍ മത്സരിക്കുന്നത് എല്‍.ഡി.എഫിന്‍െറയോ യു.ഡി.എഫിന്‍െറയോ സ്ഥാനാര്‍ഥി ആയിട്ടല്ല. സി.പി.എം സീറ്റ് നിഷേധിച്ചതിനാല്‍ ഇത്തവണ ജോര്‍ജിന് സ്വതന്ത്ര വേഷം കെട്ടേണ്ടി വരും. കേരളാ കോണ്‍ഗ്രസിന്‍െറ വിദ്യാര്‍ഥി സംഘടനയായ കെ.എസ്.സിയിലൂടെ ആയിരുന്നു ജോര്‍ജിന്‍െറ അരങ്ങേറ്റം. നാലു പതിറ്റാണ്ടിനിടയില്‍ അഞ്ചു തവണ അദ്ദേഹം രാഷ്ട്രീയ ചാഞ്ചാട്ടം നടത്തി. കെ. എം. മാണിയും പി.ജെ. ജോസഫും പിളര്‍ന്ന് രണ്ടു പാര്‍ട്ടി ആയപ്പോള്‍ ജോസഫ് ഗ്രൂപ്പിന്‍െറ ഭാഗമായി. പിന്നീട് ജോസഫുമായി തെറ്റിപ്പിരിഞ്ഞ് കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ എന്ന പുതിയ പാര്‍ട്ടി ഉണ്ടാക്കി. രാഷ്ട്രീയ ശത്രു ആയിരുന്ന കെ.എം. മാണിയുമായി സന്ധിചെയ്ത് മാണി ഗ്രൂപ്പിലേക്ക് തിരിച്ചുപോയി. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്‍െറ വൈസ് ചെയര്‍മാന്‍ ആയി. മാണിയുമായി തെറ്റിയപ്പോള്‍ പഴയ സെക്കുലര്‍ പുനരുജ്ജീവിപ്പിച്ച് വീണ്ടും അതിന്‍െറ നേതാവായി. യു.ഡി.എഫ് സര്‍ക്കാറില്‍ മന്ത്രിപദം പ്രതീക്ഷിച്ച ജോര്‍ജിന് ചീഫ് വിപ്പ് പദവികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രാജി വെച്ചൊഴിയുംവരെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് ഏറ്റവും വലിയ തലവേദന പി.സി. ജോര്‍ജ് ആയിരുന്നു. കഴിഞ്ഞ അഞ്ചു കൊല്ലം യു.ഡി.എഫ് നേരിട്ട രാഷ്ട്രീയ വിവാദങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ജോര്‍ജിന്‍െറ സാന്നിധ്യം ഉണ്ടായിരുന്നു. ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെച്ചതിലും സോളാര്‍, സരിത, സലിംരാജ് വിവാദങ്ങളിലും ജോര്‍ജിന്‍െറ പേര് മുഴങ്ങിക്കേട്ടിരുന്നു. ജോര്‍ജ് കക്ഷി ആകാത്ത ഒരു വിവാദവും ഇക്കാലയളവില്‍ കടന്നു പോയിട്ടില്ല. ജോര്‍ജിന്‍െറ അധിക്ഷേപത്തിന് ഇരയായവര്‍ കുറച്ചൊന്നുമല്ല ഉള്ളത്.

വന്ദ്യ വയോധികയായ കെ.ആര്‍. ഗൗരി അമ്മയെയും പരേതനായ ടി.വി. തോമസിനെയും വരെ ജോര്‍ജ് വെറുതെ വിട്ടില്ല. കെ.എം. മാണിയെയും ജോസ് കെ. മാണിയെയും ജോര്‍ജ് വിളിച്ച നീച വാക്കുകള്‍ക്ക് കയ്യും കണക്കുമില്ല. രാഷ്ട്രീയനേതാക്കള്‍ സാധാരണ നിലയില്‍ പുലര്‍ത്താറുള്ള സാമാന്യ മര്യാദ പോലും പലപ്പോഴും ജോര്‍ജ് കാണിച്ചില്ല. ഉമ്മന്‍ ചാണ്ടിക്കെതിരെ പാമോയില്‍ കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ വരെ വെറുതെ വിട്ടില്ല. നിയമസഭയില്‍ നേരിയ ഭൂരിപക്ഷം ഉണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ നിലനിര്‍ത്താന്‍ സി.പി.എമ്മിന്‍െറ എം.എല്‍.എയെ കൂറുമാറ്റിക്കാന്‍ വരെ ജോര്‍ജിനു കഴിഞ്ഞു. നെയ്യാറ്റിന്‍കര എം.എല്‍.എ ശെല്‍വരാജനെ യു.ഡി.എഫ് പാളയത്തില്‍ എത്തിച്ചതും സി.പി.എമ്മിലെ വി.എസ്-പിണറായി തര്‍ക്കത്തില്‍ കക്ഷിചേര്‍ന്ന് പിണറായി വിജയനെ വ്യക്തിഹത്യ നടത്തിയതുമാണ് നിര്‍ണായക നിമിഷത്തില്‍ ജോര്‍ജിനെ സി.പി.എം പുറംകാലുകൊണ്ട് തൊഴിക്കാന്‍ ഇടയാക്കിയത്. പൂഞ്ഞാറില്‍ ഇത്തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാമെന്ന് ജോര്‍ജ് ഉറപ്പിച്ചതായിരുന്നു. മാണിയുമായി തെറ്റിപ്പിരിഞ്ഞ ശേഷം സ്വയംപ്രഖ്യാപിത ഇടതുപക്ഷ നേതാവായി മാറി ജോര്‍ജ്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ജയിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചു. ചീഫ് വിപ്പ് പദവി രാജിവെച്ചശേഷവും യു.ഡി.എഫില്‍ തുടരാന്‍ ജോര്‍ജ് വിഫലശ്രമം നടത്തിനോക്കി. ഒരൊറ്റ ദിവസം കൊണ്ട് തന്‍െറ പഴയ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ചു. യു.ഡി.എഫില്‍ ഘടകകക്ഷിയായി തുടരാന്‍ ഉമ്മന്‍ ചാണ്ടിയുടെ മേല്‍ സമ്മര്‍ദം ചെലുത്തി.

എന്നാല്‍, കെ.എം. മാണി അനുവദിക്കാതിരുന്നതിനാല്‍ ജോര്‍ജിന് പുറത്തുപോകേണ്ടിവന്നു. അത്തരമൊരു സാഹചര്യത്തിലാണ് എല്‍.ഡി.എഫ് ആകാന്‍ ജോര്‍ജ് ശ്രമിച്ചത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ജോര്‍ജിനെ ഉപയോഗിച്ചെങ്കിലും അപകടംപിടിച്ച ഒരു നാവ് അല്ലാതെ മറ്റൊന്നും ജോര്‍ജിന് ഇല്ളെന്ന് സി.പി.എമ്മിന് ബോധ്യപ്പെട്ടു. തനിക്ക് പൂഞ്ഞാറില്‍ പിന്തുണ നല്‍കാമെന്ന് സി.പി.എമ്മിന്‍െറയും സി.പി.ഐയുടെയും സെക്രട്ടറിമാര്‍ വാക്ക് തന്നെന്നാണ് കഴിഞ്ഞ ദിവസം ജോര്‍ജ് പറഞ്ഞത്. അങ്ങനെ ഒരാള്‍ മാത്രം വിചാരിച്ചാല്‍ സീറ്റുകൊടുക്കാന്‍ കഴിയുമോ എന്ന് കോടിയേരി ബാലകൃഷ്ണന്‍ അതിനോട് പ്രതികരിക്കുകയും ചെയ്തു. ജോര്‍ജിനെ ഇടതുമുന്നണിയുടെ ഭാഗമാക്കിയാല്‍ ഭസ്മാസുരന് വരം കൊടുത്ത പോലെ ആകുമെന്നായിരുന്നു ഈ നീക്കത്തെ എതിര്‍ത്ത സി.പി.എം നേതാക്കളുടെ വാദം. ഇതു തീര്‍ത്തും ശരിയാണെന്ന് സീറ്റ് കിട്ടില്ളെന്ന് ഉറപ്പായ ശേഷം ജോര്‍ജ് നടത്തിയ വാര്‍ത്താ സമ്മേളനത്തോടെ വ്യക്തമാവുകയും ചെയ്തു. കാശു വാങ്ങി സീറ്റ് കൊടുക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് പറയാന്‍ ജോര്‍ജിന് അധികം സമയം വേണ്ടി വന്നില്ല. അതും ഫാരിസ് അബൂബക്കര്‍മാരുടെയും ചാക്ക് രാധാകൃഷ്ണന്മാരുടെയും കൈയില്‍ നിന്ന്. സി.പി.എം നടത്തിയത് വഞ്ചന ആണെങ്കില്‍ അത്തരത്തില്‍ വഞ്ചിക്കപ്പെട്ട ആദ്യത്തെ ആളല്ല ജോര്‍ജ്. മുസ്ലിം ലീഗിനെ പിളര്‍ത്തി ഇന്ത്യന്‍ നാഷനല്‍ ലീഗ് ഉണ്ടാക്കിയ സുലൈമാന്‍ സേട്ടിനും കോണ്‍ഗ്രസ് പിളര്‍ത്തി ഡി.ഐ.സി രൂപവത്കരിച്ച കെ. കരുണാകരനും ഇതിനെക്കാള്‍ വലിയ ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഐ.എന്‍.എല്ലിന്‍െറ ജനനം അന്ന് സി.പി.എം ജനറല്‍ സെക്രട്ടറി ആയിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്‍െറ വരെ അനുഗ്രഹാശിസ്സുകളോടെ ആയിരുന്നു.

എന്നാല്‍ ഇടതു മുന്നണിയില്‍ ആ പാര്‍ട്ടിയെ എടുക്കുന്നതിനോട് വലിയ എതിര്‍പ്പ് ഉയര്‍ന്നു. ഡി.ഐ.സിയെ എല്‍.ഡി.എഫിന്‍െറ ഭാഗമാക്കുന്നതിലും ഇതേ എതിര്‍പ്പ് ഉണ്ടായി. രണ്ടു വിഷയങ്ങളിലും വി.എസ്. അച്യുതാനന്ദനാണ് എതിര്‍പ്പിന്‍െറ കുന്തമുന തിരിച്ചു വിട്ടത്. സി.പി.എം പോളിറ്റ് ബ്യൂറോയാണ് അതില്‍ തീര്‍പ്പ് ഉണ്ടാക്കിയത്. നിരാശനായ കെ. കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയി. ഡി.ഐ.സി ആയിത്തന്നെ നിലകൊണ്ട കെ. മുരളീധരന്‍ പിന്നീട് പാര്‍ട്ടിയെ എന്‍.സി.പിയില്‍ ലയിപ്പിച്ചപ്പോള്‍ എന്‍. സി. പിയെ ഇടതു മുന്നണി പുറത്താക്കി. മുരളിയും പരിവാരവും പാര്‍ട്ടി വിട്ടുപോയ ശേഷമാണു എന്‍.സി.പിക്ക് എല്‍.ഡി.എഫില്‍ തിരിച്ചത്തൊന്‍ കഴിഞ്ഞത്. ഐ.എന്‍.എല്‍ ആകട്ടെ, എന്നെങ്കിലുമൊരിക്കല്‍ ഇടതുമുന്നണിയില്‍ കയറാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഇപ്പോഴും കഴിയുന്നു. സി.പി.എമ്മിന്‍െറ ചരിത്രപരമായ വങ്കത്തമായി രാഷ്ട്രീയ നിരീക്ഷകര്‍ ഈ രണ്ടു സംഭവങ്ങളെയും വിലയിരുത്തുന്നുണ്ട്. അന്ന് ഈ പാര്‍ട്ടികളെ ഇടതുമുന്നണി കൂടെ കൂട്ടിയിരുന്നുവെങ്കില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ നിലനില്‍ക്കുന്ന ചെറിയൊരു അന്തരത്തിന്‍െറ വ്യാപ്തി വര്‍ധിപ്പിച്ച് കേരള രാഷ്ട്രീയത്തെ ഇടതുമുന്നണിക്ക് അനുകൂലമായി മാറ്റിമറിക്കാന്‍ കഴിയുമായിരുന്നു എന്ന് കരുതുന്നവര്‍ ഏറെയാണ്. അതുമായി താരതമ്യംചെയ്യുമ്പോള്‍ പി.സി. ജോര്‍ജ് ആരോപിക്കുന്നതു പോലെ അദ്ദേഹത്തോട് വലിയ വഞ്ചനയൊന്നും സി.പി.എം കാണിച്ചിട്ടില്ളെന്നു പറയാം. സ്വന്തം പ്രവൃത്തികളിലേക്ക് തിരിഞ്ഞുനോക്കാനും ആത്മവിശകലനം നടത്താനും ഇത് ജോര്‍ജിന് മികച്ച അവസരമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgecpim
Next Story