ഇടങ്കാറ്റിന്‍െറ മര്‍മരങ്ങള്‍ പറയുന്ന കഥാസാരം
text_fieldsപ്രകൃതിയിലെ ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിവുള്ള ചില ജീവികളുണ്ട്. രാഷ്ട്രീയത്തിലാകുമ്പോള്‍ ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുന്ന ചില മനുഷ്യരുമുണ്ടാകും. യു.ഡി.എഫിലാകുമ്പോള്‍ നമുക്കയാളെ ടി.എന്‍. പ്രതാപന്‍ എന്ന് ചിലപ്പോള്‍ വിളിക്കാനായേക്കും. ഇക്കുറി മത്സരരംഗത്തുനിന്ന് മാറി നിന്നതില്‍ ഏറ്റവും സന്തോഷിക്കുന്നത് പ്രതാപനല്ലാതെ മറ്റാരായിരിക്കും...? അഞ്ചു വര്‍ഷത്തെ രാഷ്ട്രീയ കായകല്‍പ ചികില്‍സ കഴിഞ്ഞെ ത്തുമ്പോള്‍ വീണ്ടും അങ്കത്തട്ടില്‍ കയറാമെന്ന് പ്രതാപനല്ലാതെ മറ്റാര്‍ക്കാണ് തിരിച്ചറിവുള്ളത്..?
പാര്‍ട്ടി വൃത്തങ്ങളില്‍ അഴിമതിക്കെതിരെ ഇനിയും പോരാളിയുടെ പര്യവേഷത്തില്‍ വീരനായകനാകാനും ഈ പരാജയത്തിന്‍െറ പാപക്കറ പതിയാതിരിക്കാനും കാലേക്കൂട്ടി എടുത്ത ആ തീരുമാനം കുറച്ചൊന്നുമായിരിക്കില്ല പ്രതാപനെ സഹായിക്കുക. വോട്ടുകുത്തി വീട്ടില്‍ പോകുന്നവനെ മഷിയുണങ്ങും മുമ്പ് വഴിയില്‍ തടഞ്ഞുനിര്‍ത്തി സകലമാന എക്സിറ്റ് പോളുകാരും എല്‍.ഡി.എഫ് ജയിക്കുമെന്ന് പ്രവചിച്ചപ്പോള്‍ സാക്ഷാല്‍ സി.പി.എമ്മുകാര്‍ പോലും പ്രതീക്ഷിച്ചുകാണില്ല ഇത്ര വലിയൊരു വിജയം. സീറ്റിന്‍െറ എണ്ണം 80ലേക്ക് എത്തുമെന്ന് കരുതിയ പാര്‍ട്ടി നേതൃത്വത്തെയും അമ്പരപ്പിച്ചിരിക്കുന്നു 91ല്‍ എത്തിയ ഈ വിജയം.
എക്സിറ്റ് പോളുകാര്‍ നിരത്തി പ്രഖ്യാപിക്കുമ്പോഴും തരംഗമില്ളെന്നും ഭരണ തുടര്‍ച്ചയുണ്ടാകുമെന്നും കവിഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചത് ഉമ്മന്‍ ചാണ്ടി മാത്രമായിരുന്നു. ഫലപ്രഖ്യാപനം വരുന്നതിന്‍െറ തലേന്ന് വൈകുന്നേരം പോലും ആത്മവിശ്വാസം പ്രകടിപ്പിച്ച ഉമ്മന്‍ചാണ്ടിയുടെ ശരീര ഭാഷയില്‍ എവിടെയും പരാജയത്തിന്‍െറ ലാഞ്ചന പോലുമില്ലായിരുന്നു. അതുകണ്ട സി.പി.എമ്മിലെ ചിലരെങ്കിലും ആശങ്കപ്പെട്ടതുമാണ്. ഉള്ളിലുള്ളതു മുഴുവന്‍ പച്ചക്കറിക്കട പോലെ പുറത്തിട്ടു നടക്കുന്ന പിണറായി വിജയനെപ്പോലെയല്ല ഉമ്മന്‍ചാണ്ടി. തോല്‍വിയുടെ മുഖത്തുനിന്നും ചിരിക്കാനറിയാം. ആ സിദ്ധിയിലുള്ള കവിഞ്ഞ ആത്മവിശ്വാസമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷക്കാലവും യു.ഡി.എഫിനെ കാറ്റിലും കോളിലും താങ്ങിനിര്‍ത്തി ഇത്രടംവരെ എത്തിച്ചുപോന്നത്.
കേരളം മുഴുവന്‍ താന്‍ പാഞ്ഞു നടന്നുണ്ടാക്കിയ ജന സമ്പര്‍ക്കവും വികസനമെന്ന പേരില്‍ ഉയര്‍ത്തിക്കാണിച്ച മെട്രോയും വിഴിഞ്ഞവും കണ്ണൂര്‍ വിമാനത്താവളവുമൊക്കെ ഭരണത്തുടര്‍ച്ച ഉറപ്പുവരുത്തുമെന്ന വിശ്വാസം ആദ്യം വഞ്ചിച്ചത് ഉമ്മന്‍ ചാണ്ടിയത്തെന്നെയായിരുന്നുവെന്ന് വ്യാഴാഴ്ച പുറത്തുവന്ന ഫലം വെളിപ്പെടുത്തുന്നു. ഇനി വിശകലനങ്ങളുടെ കാലമാണ്. എന്തുകൊണ്ട്, ഏതു കോണിലൂടെ, എപ്രകാരം പരാജയം സംഭവിച്ചുവെന്ന് കണ്ടെ ത്താന്‍ അത്യദ്ധാനം ആവശ്യമായ ഗവേഷണത്തിന്‍െറ ആവശ്യങ്ങള്‍ വേണ്ടിവരില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ ദിനരാത്രങ്ങളിലൂടെ വെറുതേ ഒന്നോടിച്ചുപോയാല്‍ മാത്രം മതിയാകും.
അഴിമതിയോ, അതെന്താ...?
എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്ന ശേഷം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഒരു തമാശയുണ്ട്. റിസല്‍ട്ട് വരുമ്പോള്‍ യു.ഡി.എഫ് തോറ്റാലും മുഖ്യമന്ത്രി കസേരയില്‍ നിന്നിറങ്ങാതെ താനെന്തിന് രാജിവെക്കണമെന്ന് ഉമ്മന്‍ ചാണ്ടി കാരണം ചോദിക്കുന്ന അല്‍പം ദീര്‍ഘമായ മെസേജ്. അത് ഓരോരുത്തരും മാറി മാറി ഷെയര്‍ ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരു ഷെയര്‍ നിര്‍ദോഷമായ ഒരു തമാശയല്ല. പലപ്പോഴും പുറത്തേക്ക് വരാതെ കെട്ടിക്കിടക്കുന്ന വിചാരത്തിന്‍െറ പ്രകടനം കൂടിയാണ്. ആ വികാരത്തോട് ഐക്യപ്പെടല്‍ കൂടിയാണ്. അഴിമതിയില്ളെന്ന് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിക്കുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസ് പോലും പ്രതിക്കൂട്ടിലായ അഴിമതിയുടെ കഥകള്‍ കേട്ടുകൊണ്ടായിരുന്നല്ളോ കഴിഞ്ഞ എത്രയോ നാളുകളായി കേരളം ഉണരുകയും ഉറങ്ങുകയും ചെയ്തിരുന്നത്.
ചാനല്‍ മുറികളിലിരുന്ന് ന്യായം പറഞ്ഞും മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ യുക്തിവിചാരം നടത്തിയും പ്രതിപക്ഷത്തിന്‍െറ ഒത്തുതീര്‍പ്പ് ഉഡായിപ്പ് സമരങ്ങളുടെ മറവിലൂടെ സെക്രട്ടറിയറ്റ് പിടിച്ചും കാലക്ഷേപം ചെയ്യുമ്പോള്‍ അഞ്ചാണ്ട് കഴിയുമ്പോള്‍ ഇങ്ങ് വന്നേരേ.., എന്ന് മനസ്സില്‍ കുറിച്ച സാദാ വോട്ടറുടെ മനോവികാരത്തിന് വില കല്‍പ്പിക്കാതിരുന്നതിന്‍െറ പ്രതികാരമാണ് ഇപ്പോള്‍ കണ്ടത്. നാല് മന്ത്രിമാരെ അരിഞ്ഞുവീഴ്ത്തിയും ഒട്ടനവധി സിറ്റിങ് എം.എല്‍.എമാരെ താഴെയിറക്കിയും ജനം കലിപ്പ് തീര്‍ത്തു. ഇന്നലെ വരെ പ്രതിപക്ഷമായിരുന്നവരെ ദാ, അധികാരത്തിലുമത്തെിച്ചു. അതിനര്‍ഥം, ഇവര്‍ വന്നാല്‍ എല്ലാം ശരിയാകും എന്നല്ല. ഇവര്‍ പറഞ്ഞതില്‍ എന്തെങ്കിലും ശരിയുണ്ടോ, എന്നാണ്. ഇല്ളെങ്കില്‍ അടുത്ത തവണ അതിനും കൂടി ചേര്‍ത്ത് ഇതേപോലെ വീക്കും.
ഉമ്മന്‍ചാണ്ടിയുടെ ഉറുമി
ഇത്തവണ കേരളത്തില്‍ ഏറ്റുമുട്ടിയത് രാഷ്ട്രീയം തന്നെയായിരുന്നു. അഴിമതി ഒരു വശത്തും വര്‍ഗീയത മറുവശത്തുമായി ആഞ്ഞടുക്കുമ്പോള്‍ അവശേഷിക്കുന്ന മതേതര പ്രതീക്ഷയിലാണ് കേരളത്തിലെ ബഹുസമൂഹം ഇടതുപക്ഷത്തിന് വോട്ടു ചെയ്തത്. അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി എടുത്തു വീശിയ ഒരു ഉറുമി ഭദ്രമായി പുതുപ്പള്ളിയിലെ വീട്ടിലിരിപ്പുണ്ടായിരുന്നു. മത്സര ചിത്രത്തിലെവിടെയും ഇടതുപക്ഷമില്ല, കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരം. അരുവിക്കരയില്‍ രണ്ടാമതെ ത്തിയത് ഒ. രാജഗോപാല്‍ അല്ളെന്നും എം. വിജയകുമാറാണെന്നും അറിയാതെയല്ല ആ വീശു വീശിയത്. ഇടതുപക്ഷത്തിന് വോട്ടു ചെയ്യാനിരിക്കുന്നവരുടെ ആത്മവിശ്വാസത്തെ കെടുത്തി ഫാസിസത്തെ ഭയക്കുന്ന ന്യൂനപക്ഷങ്ങളെ സ്വന്തം വരുതിയില്‍ നിര്‍ത്താനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം.
അപകടകരമായ ആ കളിയുടെ ആഴം മനസ്സിലാക്കിയതുകൊണ്ടായിരുന്നു എ.കെ. ആന്‍റണി ഉമ്മന്‍ ചാണ്ടിയെ തിരുത്തിയത്. വി.എം. സുധീരന്‍ കടത്തിവെട്ടിയത്. ഏക്കാലവും ഇടതുപക്ഷത്തിനൊപ്പം നിന്നിരുന്ന സമുദായങ്ങള്‍ താമരത്തോണിയില്‍ കാലുവെക്കുന്നുവെന്ന് പ്രചരിപ്പിക്കുകയും ഇടതു കോട്ടകള്‍ തകരുന്നുവെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തപ്പോള്‍ ബി.ജെ.പിയും കൂട്ടരും ഏറ്റവും കൂടുതല്‍ വിള്ളല്‍ വീഴ്ത്തിയത് കോണ്‍ഗ്രസിന്‍െറ വോട്ടുകോട്ടകളിലായിരുന്നു. അവസാന റിസല്‍ട്ടിനു ശേഷം വോട്ടിങ് പാറ്റേണ്‍ പരിശോധിച്ചാല്‍ അത് ബോധ്യമാവും. കേരളത്തില്‍ ആദ്യമായി താമര വിരിഞ്ഞത് ഉമ്മന്‍ ചാണ്ടിയുടെ ചെലവിലാണ്. വട്ടിയൂര്‍ക്കാവിലെ പോലെ ശക്തമായ ഒരു ത്രികോണ മത്സരത്തിന് അവസരമൊരുക്കിയിരുന്നെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു.
ബി.ജെ.പിയിലേക്കും ബി.ഡി.ജെ.എസിലേക്കും വോട്ടുകള്‍ ചോരുന്ന സി.പി.എം എന്ന അപഖ്യാതിക്കിടയില്‍ നേമത്തെങ്കിലും സംഘ് ഭീഷണി നിലനിര്‍ത്തിയാല്‍ മറ്റ് മണ്ഡലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്ന കുടിലബുദ്ധിയാണ് ഉമ്മന്‍ ചാണ്ടി പ്രതീക്ഷിച്ചത്. നേമത്ത് താമര വിരിഞ്ഞു. പക്ഷേ, മറ്റു മണ്ഡലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനൊപ്പമല്ല, ഇടതുപക്ഷത്തിനൊപ്പമാണ് അണിനിരന്നത്. അതിന് പ്രധാന കാരണം, ബീഫ് വിവാദമടക്കമുള്ള വിഷയങ്ങളില്‍ ഇടതുപക്ഷം സ്വീകരിച്ച കരുത്തുറ്റ നിലപാടായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ചുമലില്‍ ചാരിയ ഏണിയിലിരുന്ന മുസ്ലിം ലീഗിന് പോലും ബി.ജെ.പിക്കെതിരെ ഒരക്ഷരം ഉച്ചത്തില്‍ വിളിച്ചുപറയാനുള്ള ആത്മധൈര്യമില്ലായിരുന്നു. മോദിയുടെ ചുമലില്‍ കൈയിടാന്‍ കിട്ടുന്ന അവസരം പാഴാക്കാതെ ഇ. അഹമ്മദുമാര്‍ മറുകണ്ടം കളിച്ചപ്പോള്‍ മലബാറിലെ മുസ്ലിങ്ങള്‍ പോലും ലീഗിനെതിരെ തിരിഞ്ഞതിന്‍െറ പ്രതിഫലനമാണ് കൈയിലുണ്ടായിരുന്ന ചില മണ്ഡലങ്ങളില്‍ കോണിയൊടിഞ്ഞത്. അടുക്കളയിലും ആമാശയത്തിലും ഫാസിസം കൈയിട്ടു വാരുമ്പോള്‍ അതിനെതിരെ ഉച്ചത്തില്‍ ആക്രോശിക്കുന്ന ഒരു യു.ഡി.എഫ് കേരളത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്‍.ഡി.എ സഖ്യത്തിന് കേരളത്തില്‍ ഇത്രയും വോട്ട് ഷെയര്‍ ഉണ്ടാകുമായിരുന്നില്ല.
കുടത്തില്‍ വിരിയാത്ത താമര
പണ്ടേ ഞങ്ങളുടെ നാടായ ഓണാട്ടുകരയിലൊരു ചൊല്ലുണ്ട്, നടേശന്‍ വെള്ളാപ്പള്ളി ആരെ എതിര്‍ക്കുന്നുവോ അവര്‍ വിജയിക്കുമെന്ന്. ഇക്കുറിയും അത് തെറ്റിയില്ല. ഇടതുപക്ഷത്തിനെതിരെ വെള്ളാപ്പള്ളി കുടമെടുത്തിറങ്ങുമ്പോള്‍ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. വെള്ളാപ്പള്ളിയുടെ മൈക്രോ ഫിനാന്‍സ് അടക്കമുള്ള ഇടപാടുകളെക്കുറിച്ച് രൂക്ഷമായ വിമര്‍ശനമുന്നയിച്ച ഇടതുപക്ഷം അധികാരത്തില്‍ വരാതിരിക്കുക.
പണ്ട് പെരുന്നവഴി ബസോടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട വെള്ളാപ്പള്ളി ഇത്തവണ നേരിട്ടങ്ങ് കേന്ദ്രത്തില്‍ പിടിച്ചു. അടുക്കള വഴി പൂമുഖം പിടിക്കാന്‍ കാത്തിരുന്ന അമിത് ഷാക്ക് കിട്ടിയ പറ്റിയ ഉരുപ്പടിയായിരുന്നു വെള്ളാപ്പള്ളി. ഇടുക്കിയിലെ മണിയാശാനെ കരിങ്കുരങ്ങെന്നും ബിജി മോളെ കൊക്കയില്‍ തള്ളണമെന്നും പറഞ്ഞിട്ടും വെള്ളാപ്പള്ളിയുടെ ജീവന് യാതൊരു ഭീഷണിയുമുണ്ടായിട്ടില്ല നാളിതുവരെ. ആ വെള്ളാപ്പള്ളിയാണ് കേന്ദ്രത്തില്‍നിന്ന് കരിമ്പൂച്ചകളെയും ഹെലികോപ്റ്ററും വാങ്ങി പടക്കോപ്പുമായി ഇടതുപക്ഷത്തിന്‍െറ നെഞ്ചത്ത് ക്രാഷ്ലാന്‍ഡ് ചെയ്തത്. തങ്കക്കുടത്തില്‍ താമര വിരിയുമെന്ന് വീമ്പു പറഞ്ഞത്.
പക്ഷേ, നടേശന്‍ വെള്ളാപ്പള്ളിയുടെ തട്ടകമായ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, കുട്ടനാട്, വൈക്കം, ഏറ്റുമാനൂര്‍ തുടങ്ങിയ എല്ലായിടത്തും ഇടതുപക്ഷമാണ് തൂത്തുവാരിയത്. ആലപ്പുഴ ജില്ലയില്‍ ഹരിപ്പാടൊഴികെ എവിടെയും ഇടതുപക്ഷം പരാജയമറിഞ്ഞില്ല. തോറ്റു തൊപ്പിയിടുമ്പോള്‍ പതിവുപോലെ കൂടെ നില്‍ക്കുന്നവരെ തെറി പറയുന്ന കച്ചേരി ഇനി കണിച്ചുകുളങ്ങരയില്‍നിന്നുയരും. അതോടെ ഈ ബാന്ധവം അബദ്ധമായെന്ന പതിവ് കോറസും കേള്‍ക്കാം. കാരണം, വാഗ്ദാനം ചെയ്ത രാജ്യസഭാംഗത്വം സുരേഷ് ഗോപി കൊണ്ടുപോയി. എല്ലാ കുടത്തിലും ഓട്ട വീഴുകയും ചെയ്തു. കുട്ടനാട്ടില്‍ മോദിയെക്കൊണ്ടിറക്കിയിട്ടും ചാണ്ടി മുതലാളി തന്നെ പിടിച്ചുകയറി. സുഭാഷ് വാസു മുതലാളി മൂന്നാമതാവുകയും ചെയ്തു. മാത്രവുമല്ല, വാമൊഴി വഴക്കത്തിന്‍െറ മേന്മ കൊണ്ട് ഇടുക്കിയില്‍നിന്ന് മണിയാശാനെയും വണ്ടിപ്പെരിയാറില്‍ നിന്ന് ബിജിമോളെയും തിരുവനന്തപുരത്തെ ത്തിക്കുകയും ചെയ്തു.
കൊലമാസ് പി.സി
ഫാസിസത്തിനെതിരായ പോരാട്ടം ഇനിയും ഏറ്റെടുക്കുകയോ അതില്‍ ആത്മാര്‍ഥമായി പങ്കു ചേരുകയോ ചെയ്യാന്‍ തയാറാവാത്ത മധ്യകേരളത്തിലെ, ന്യൂനപക്ഷമെങ്കിലും പ്രബലമായ സമുദായത്തിന്‍െറ കേന്ദ്രങ്ങളില്‍ ഇത്തവണയും കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും വലിയ നഷ്ടങ്ങള്‍ വന്നിട്ടില്ല. കുഞ്ഞൂഞ്ഞും മാണിയും പി.ജെ. ജോസഫുമൊക്കെ സുഖമായി ജയിച്ചുകയറി. അഴിമതിയെക്കുറിച്ചും അക്രമത്തെക്കുറിച്ചും ഞങ്ങള്‍ക്കിത്രയൊക്കെ വേവലാതിയേയുള്ളുവെന്ന് കേരള കോണ്‍ഗ്രസ് ബെല്‍ട്ട് ഒരിക്കല്‍ കൂടി തെളിയിച്ചു. അതേസമയം, പൂഞ്ഞാറില്‍ ഇരു മുന്നണികളെയും ‘വാടാ പോടാ..’ എന്ന് വെല്ലുവിളിച്ചിറങ്ങിയ പി.സി. ജോര്‍ജ് ആരുടെയും സഹായമില്ലാതെ പൂഞ്ഞാറുകാരുടെ മാത്രം കൃപാകടാക്ഷങ്ങള്‍ കൊണ്ട് പാറിച്ച വിജയമാണ് ഈ തെരഞ്ഞെടുപ്പിലെ പഞ്ച്. ആള്‍ക്കൂട്ടത്തെ ഇടിച്ചുനിരത്തുന്ന തമിഴ് സിനിമയിലെ നായകന്‍െറ പകിട്ടാണിപ്പോള്‍ ജോര്‍ജിന്. കെലമാസെന്ന് ഫ്രീക്കന്‍ പിള്ളേര് സോഷ്യല്‍ മീഡിയയില്‍ പി.സിയെ അരിയിട്ട് വാഴിക്കുന്നു.
എന്നാല്‍, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ പിളര്‍ത്തി പുതുതായി രൂപവത്കരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് കിട്ടിയത്. തൊട്ടുതലേന്നുവരെ ചാനലിന്‍െറ ചാരുപടിയിലിരുന്നു ഇടതുപക്ഷത്തെ ഗോഷ്ഠി കാണിച്ച ആന്‍റണി രാജുവൊക്കെ അടുത്ത ദിവസം താറുടുത്ത് ഇടതു ലേബലില്‍ എത്തിയപ്പോള്‍ ജനം ഇടംവലം നോക്കാതെ വെട്ടിയിട്ടു. ഇടതു പിന്തുണയോടെ നാലിടത്ത് മത്സരത്തിനിറങ്ങിയ പാര്‍ട്ടിക്ക് ദയനീയ പരാജയം കേരളം സമ്മാനിച്ചു. എന്‍.ഡി.എയുടെ ഭാഗമായ കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തിനും കിട്ടി വട്ടപ്പൂജ്യം. ഇടതുപക്ഷത്തു നിന്ന് ഇടക്കാലത്ത് ഉമ്മന്‍ ചാണ്ടിക്കൊപ്പം കൂടിയ എന്‍.കെ. പ്രേമചന്ദ്രന്‍െറ ആര്‍.എസ്.പിയെയും നേരത്തേ ചാടിപ്പോന്ന വീരേന്ദ്ര കുമാറിന്‍െറ ജനതാദള്‍ (യു)വിനെയും സി.പി. ജോണിന്‍െറ സി.എം.പിയെയുമൊന്നും അക്കൗണ്ട് തുറക്കാന്‍ ഇത്തവണ ജനം അനുവദിച്ചതുമില്ല. കല്‍പ്പറ്റയില്‍ സര്‍വ സന്നാഹങ്ങളുമായിറങ്ങിയ എം.വി. ശ്രേയാംസ് കുമാറിനെ, സാക്ഷാല്‍ വീരേന്ദ്ര കുമാറിന്‍െറ പുത്രനെ സി.കെ. ശശീന്ദ്രന്‍ എന്ന സാധാരണക്കാരന്‍ മലര്‍ത്തിയടിച്ചത് 13,803 വോട്ടിനായിരുന്നു. ജെ.ഡി (യു)വിനെക്കൊണ്ട് പ്രയോജനമുണ്ടാകുമെന്നു കരുതി വീരേന്ദ്ര കുമാറിന് രാജ്യസഭാ സീറ്റുകൊടുത്ത കോണ്‍ഗ്രസ് ഇപ്പോ ശശിയായി.
ഈ തെരഞ്ഞെടുപ്പിലെ താരം
ഇരു മുന്നണികളെയും വെല്ലുവിളിച്ചു ജയിച്ച പി.സി. ജോര്‍ജോ, ആദ്യമായി താമര വിരിയിച്ച ഒ. രാജഗോപാലോ അല്ല ഈ തെരഞ്ഞെടുപ്പിലെ താരം. സി.പി. മുഹമ്മദെന്ന അതികായനെ അടിച്ചു നിലംപരിശാക്കിയ മുഹമ്മദ് മുഹ്സിന്‍ എന്ന പയ്യനാണ്. ജെ.എന്‍.യു കാമ്പസില്‍ നിന്ന് ഒരു കൊടുങ്കാറ്റു കണക്കെ ഉയര്‍ന്ന, രോഹിത് വെമുലയും കനയ്യ കുമാറും കൂട്ടരും ഉയര്‍ത്തിയ ‘നീല്‍ സലാം... ലാല്‍ സലാം... ’രാഷ്ട്രീയത്തിന് കേരളം നല്‍കിയ അംഗീകാരമാണ് മുഹ്സിന്‍ എന്ന ജെ.എന്‍.യു വിദ്യാര്‍ഥിയുടെ വിജയം. സി.പി.എമ്മിന്‍െറ മണ്ണും ചാരി നിന്ന് 19 സീറ്റ് സംഘടിപ്പിച്ച് സി.പി.എമ്മിനും കോണ്‍ഗ്രസിനും പിന്നില്‍ മൂന്നാമത്തെ ഒറ്റപ്പാര്‍ട്ടിയായി മാറിയ സി.പി.ഐക്ക് ഭാവി നല്‍കുന്ന വിജയമാണ് മുഹ്സിന്‍െറത്.
കനയ്യ കുമാര്‍ നേരിട്ടെ ത്തി നടത്തിയ പ്രചാരണം മുഹ്സിന്‍െറ വിജയമുറപ്പിച്ചു. ജെ.എന്‍.യുവിനെ വരുതിയില്‍ നിര്‍ത്താന്‍ പടനയിക്കുന്ന മോദിക്ക് കേരളത്തില്‍ നിന്നു കൊടുക്കാവുന്ന ഏറ്റവും ശക്തമായ മറുപടിയാണ് മുഹ്സിന്‍െറ വിജയം. രോഹിത് വെമുലയെയും കനയ്യ കുമാറിനെയും പോസ്റ്ററുകളില്‍ ആവാഹിച്ച എസ്.ഡി.പി.ഐയോടും വെല്‍ഫെയര്‍ പാര്‍ട്ടിയോടും ദേശദ്രോഹി എന്ന് സംഘികളെ പോലെ അലറിയ മുസ് ലിം ലീഗിനോടും പൊരുതിയാണ് മുഹ്സിന്‍ വിജയിച്ചത് എന്നുകൂടി ഓര്‍ക്കണം.
മുറിവാല്‍: ഈ വിജയത്തിനിടയിലും കാണാതിരിക്കാനാവാത്ത മറ്റൊരു വസ്തുതയുണ്ട്. ഒരിടത്ത് താമര വിരിഞ്ഞപ്പോള്‍ ഏഴിടത്ത് അവര്‍ രണ്ടാമതത്തെി. 18 ഇടങ്ങളില്‍ 30,000ല്‍ ഏറെ വോട്ടു വാങ്ങി. കച്ചവടത്തിന് കട തുറന്നിരിക്കുന്ന സമുദായങ്ങളെ പ്രീണിപ്പിച്ച് അന്നന്നത്തെ അന്നത്തിന് വക തേടുന്നതിനു പകരം, വര്‍ഗീയതക്കും ഫാസിസത്തിനും അഴിമതിക്കുമെതിരെ ശക്തമായി പോരടിക്കുന്ന യുവനിരയെ സജ്ജമാക്കേണ്ട ബാധ്യത ഇനി ഇടതുപക്ഷത്തിന്‍െറ ചുമലിലാണ്. അല്ളെങ്കില്‍ അടുത്ത അഞ്ചു വര്‍ഷം കഴിയുമ്പോള്‍ കൂടുതല്‍ കുളങ്ങളില്‍ താമര വിരിയും. വടക്കേയിന്ത്യയിലെ നിരക്ഷരന്‍ താമര ചവിട്ടിയരയ്ക്കുമ്പോള്‍ കേരളത്തിലെ സാക്ഷരക്കോമരങ്ങള്‍ ആത്മാവിലും ശരീരത്തിലും താമരയായി മാറിയിട്ടുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.