അക്ഷര മുറ്റത്തേക്ക് വീണ്ടും...
text_fieldsകുന്നോളം പ്രതീക്ഷകളുമായി സംസ്ഥാനത്ത് മൂന്നുലക്ഷത്തോളം കുരുന്നുകള്‍ അക്ഷര മുറ്റത്തേക്ക് വരികയായി. അമ്മയുടെ കൈയില്‍ മുറുക്കിപ്പിടിച്ച് പുത്തനുടുപ്പും പുതിയ ബാഗും കുടയുമൊക്കെയായാണ് ആ വരവ്. കുട്ടികള്‍ക്ക് തീര്‍ത്തും പുതിയ ലോകം. നവാഗതരെ വരവേല്‍ക്കാന്‍ സ്കൂളുകളും അണിഞ്ഞൊരുങ്ങി. വര്‍ണ ബലൂണുകളും കൊടിത്തോരണങ്ങളും കൊണ്ട് സ്കൂളാകെ അലങ്കരിച്ചു കഴിഞ്ഞു. ചുമരുകളില്‍ പുതിയ ചായം തേച്ചു മിനുക്കി. ചിലയിടത്ത് മനോഹരമായ ചിത്രപ്പണികള്‍. പുഴയും കാട്ടരുവിയും ഉദയ സൂര്യനും കിണറും തൊട്ടിയുമൊക്കെയാണ് ചുമരുകളില്‍ കോറിയിട്ടത്. വലതുകാല്‍ വെച്ച് എത്തുന്ന കുട്ടികള്‍ക്ക് മധുരവും പായസവുമൊക്കെ റെഡി. മുതിര്‍ന്ന കുട്ടികളും അധ്യാപകരും പി.ടി.എ ഭാരവാഹികളുമൊക്കെയാണ് ചുറ്റിലും. കരയുന്നവര്‍ക്ക് ബലൂണുകളും മിഠായിയും ഇഷ്ടം പോലെ. ക്ലാസ് മുറിയില്‍ രക്ഷിതാക്കളും കൂടിയാവുമ്പോള്‍ ആകെ ഒരുല്‍സവ പ്രതീതി. ഇതുതന്നെയാണ് പ്രവേശനോല്‍സവം. സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകളിലും പ്രവേശനോല്‍സവമുണ്ട്.
ഇതിനു മുന്നേ ഒരുങ്ങിയതാണ് വീടുകളിലെ ഉല്‍സവം. അണ്‍ എയ്ഡഡ് സ്കൂളുകളില്‍ മാസങ്ങള്‍ക്കു മുമ്പേ പ്രവേശ നടപടികള്‍ തുടങ്ങി. വന്‍ തുക സംഭാവനയും ട്യൂഷന്‍ ഫീസും നല്‍കിയാണ് കുട്ടികളുടെ സീറ്റുറപ്പിച്ചത്. മികച്ച ബ്രാന്‍ഡിലുള്ള ബാഗും വര്‍ണ കുടയും ടിഫിന്‍ ബോക്സും (പഴയ ചോറ്റുപാത്രം) രണ്ട് സെറ്റ് യൂനിഫോമും ഷൂസും ബെല്‍റ്റും. പുതിയ വീട്ടിലേക്ക് കയറിക്കൂടുന്നത്രയും സാധനങ്ങള്‍ വാങ്ങിക്കൂട്ടിയാണ് ഉല്‍സവത്തിന് നിലമൊരുക്കിയത്. വീടുകളില്‍ ഇതെല്ലാം അടുക്കിവെക്കാന്‍ പുതിയ റൂം വരെ സെറ്റ് ചെയ്തു കഴിഞ്ഞു. സ്കൂള്‍ ബസിന്‍റെ റൂട്ടും ഫീസുമൊക്കെ നിശ്ചയിച്ചു. ഇത്രയും ഉറപ്പാക്കിയ ശേഷമാണ് പുസ്തകങ്ങളും മറ്റും ആലോചിക്കേണ്ടത്. കുട്ടികളുടെ കാര്യത്തില്‍ ഒരു കുറവും വരാതിരിക്കാന്‍ കടം വാങ്ങിയും എല്ലാം ഒപ്പിച്ചു. ശരാശരി മലയാളിയുടെ കീശ ഇതിനു കണക്കാക്കി നേരത്തേ റെഡിയാക്കി വച്ചിരിക്കും. അല്ലാത്തവര്‍ കടം വാങ്ങും.
കുട്ടിയെ അണിയിച്ചൊരുങ്ങലാണ് മറ്റൊരു ജോലി. അണ്‍എയ്ഡഡ് സ്കൂളിലെ കുട്ടിക്കാണെങ്കില്‍ ടിഫിന്‍ ബോക്സില്‍ ഭക്ഷണം ഒരുക്കണം. വലിയ ബാഗിന്‍റെ ഇങ്ങേ അറ്റത്തെ പ്രത്യേക സ്ഥാനത്ത് വെള്ളം നിറച്ച കുപ്പി വേണം. ഈ ജോലികള്‍ ഇനിയുള്ള ദിവസങ്ങള്‍ തുടരും. കുട്ടികളുടെ കലപിലകള്‍ക്ക് അപ്പുറത്ത് ആശങ്കയുടെ പുതിയ ലോകവും രക്ഷിതാക്കളുടെ മനസ്സില്‍ രൂപപ്പെട്ടു. രാവിലെ കുട്ടി സ്കൂളില്‍ പോയി വൈകീട്ട് വീട്ടിലെത്തുന്നതുവരെ നീളുന്നതാണ് ഈ ആശങ്ക. കുട്ടിയുടെ സുരക്ഷ തന്നെയാണ് രക്ഷിതാക്കളുടെ വേവലാതി. മുഴുനേരം ഒപ്പം നിന്ന കുട്ടിയെ മറ്റൊരിടത്തേക്ക് അയക്കുന്നതിലെ വിഷമം. കാലത്തിന്‍റെ മാറ്റവും ആരെയും വിശ്വസിക്കാനാവാത്തതും തുടങ്ങി ആശങ്കയുടെ വലിയ പുസ്തകമാണ് രക്ഷിതാക്കള്‍ പേറുന്നത്.
ഇടവപ്പാതിയും മഴയും
ഇടവപ്പാതിയിലാണ് ഇത്തവണ സ്കൂള്‍ തുറക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഇടവം 18ന്. കുട വാങ്ങിയെങ്കിലും മഴയുടെ കുറവുണ്ട്. സംസ്ഥാനം കണ്ട ഏറ്റവും വലിയ ചൂടില്‍ മിക്ക കിണറുകളും വറ്റിയിട്ടുണ്ട്. സ്കൂള്‍ കിണറുകളിലും വെള്ളമില്ല. കിണറുകളില്‍ ഉറവ വരാനുള്ള മഴയൊന്നും പെയ്തിട്ടില്ല. ചില സ്കൂളുകളില്‍ ക്ലാസ് കാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതിനാല്‍, ഇടതോരാതെ പെയ്യുന്ന മഴയൊന്നും പുതിയ വര്‍ഷമില്ല. മഴ കൂടി വന്നെങ്കിലേ പ്രവേശനോല്‍സവത്തിന് മാറ്റ് കൂടുകയുള്ളൂ.
ഗൃഹാതുരത്വത്തിന് വകയില്ല
സ്കൂളിലേക്ക് കുട്ടികളെ കൈപ്പിടിച്ചു പോയതും തനിച്ചു വിട്ടതും വസ്ത്രത്തില്‍ നിറയെ ചെളിപുരണ്ട് തിരിച്ചെത്തുന്നതുമായ പഴയ ഓര്‍മകള്‍ക്കൊന്നും ഇനി വലിയ കാര്യമില്ല. സിമന്‍റ് അടക്കം ചെയ്ത തവിട് നിറമുള്ള കടലാസ് ഉപയോഗിച്ച് പാഠപുസ്തകം പൊതിഞ്ഞ കാലവും മാറി. പുസ്തകം പൊതിയാന്‍ വാട്ടര്‍പ്രൂഫ് കടലാസുകള്‍ നേരത്തേ വാങ്ങിക്കഴിഞ്ഞു. റബര്‍ ബാന്‍ഡിട്ട് അടുക്കിവെച്ച പുസ്തക കെട്ടുകള്‍ അലൂമിനിയം പെട്ടിയിലാക്കി തൂക്കി പിടിച്ച കാലവും ഇന്നില്ല. എല്ലാം ബ്രാന്‍ഡഡ് ആയി. നഗ്നപാദനായി സ്കൂളില്‍ പോയ കാലവും ഓര്‍മയുടെ ചെപ്പിലുണ്ടാവും. കൊച്ചുകുട്ടിയാണെങ്കിലും ബാഗും ഷൂസും ഏതെന്ന് ഇന്ന് അവന് കൃത്യമായി അറിയാം. ടി.വി. പരസ്യത്തിലൂടെ ബാഗിന്‍റെ കളര്‍ വരെ കുട്ടിക്ക് മനപ്പാഠം.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ വരെ യാത്രാസൗകര്യത്തിന് വാഹനം ഏര്‍പ്പെടുത്തിയ കാലമാണ്. സ്കൂളിലെ സൗകര്യങ്ങള്‍ കൃത്യമായി പറയുന്ന ബോര്‍ഡുകള്‍ ഇവര്‍ നേരത്തേ തെരുവുകളില്‍ സ്ഥാപിച്ചു കഴിഞ്ഞു. കുട്ടികള്‍ മാത്രമല്ല, സ്കൂളും അധ്യാപകരും അടിമുടി മാറിയിട്ടുണ്ട്. വലിയ ചൂരലുമായി നില്‍ക്കുന്ന അധ്യാപകനെ മഷിയിട്ട് നോക്കിയാല്‍ പോലും കാണില്ല. തങ്ങളുടെ പൊന്നോമനയെ അടിച്ചു കാണാന്‍ രക്ഷിതാക്കളും ഇഷ്ടപ്പെടുന്നില്ല. വീട്ടില്‍ പറഞ്ഞാല്‍ കേള്‍ക്കാത്തവനെ ശരിയാക്കാന്‍ അധ്യാപകരെ വിശ്വസിച്ചേല്‍പ്പിച്ച കാലമൊക്കെ മാറി.
തെങ്ങോലയോ കൈതയോലയോ കൊണ്ട് മറച്ചുപിടിച്ച ക്ലാസ് മുറിയല്ലയിന്ന്. ചെമ്മണ്ണോ കുമ്മായം കൊണ്ടോ പാകിയ നിലവുമില്ല. ടൈല്‍സോ മാര്‍ബിളോ പാകിയ നിലത്ത് ചെരിപ്പഴിച്ചാണ് കുട്ടികള്‍ കയറുന്നത്. ചുമരുകളും മാറി. സ്മാര്‍ട്ട് ക്ലാസ് റൂമില്‍ എ.സിയോ ഫാനോ സ്ഥാനം പിടിച്ചു. ഇരുട്ടുകയറിയ ക്ലാസ് മുറികളുടെ മൂലക്ക് കിടന്ന ‘ബ്ലാക് ബോര്‍ഡും’ ഹൈടെക് ആയി. ക്ലാസില്‍ എല്‍.ഇ.ഡി ലാമ്പുകള്‍ തെളിഞ്ഞതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ബോര്‍ഡുകളായി.
സ്കൂള്‍ ബസുകളും സുരക്ഷയും
സുരക്ഷ മുന്‍ നിര്‍ത്തിയാണ് മിക്ക രക്ഷിതാക്കളും യാത്രാസൗകര്യമുള്ള സ്കൂളുകളിലേക്ക് കുട്ടികളെ അയക്കുന്നത്. ഉമ്മറപ്പടിയില്‍ എത്തുന്ന ബസില്‍നിന്ന് ക്ലീനര്‍ കുട്ടിയെ രക്ഷിതാക്കളെ ഏല്‍പ്പിച്ചു തരുമെന്ന ഉറപ്പില്‍. പൊതു വിദ്യാലയങ്ങളില്‍നിന്ന് കുട്ടികള്‍ അണ്‍എയ്ഡഡിലേക്ക് മാറാനുണ്ടായിരുന്ന പ്രധാന ഘടകം ഇതാണ്. ഇക്കാര്യം തിരിച്ചറിഞ്ഞ് സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളും ബസ് ഏര്‍പ്പെടുത്തി.
എന്നാല്‍, ഈ ബസുകളുടെ കാര്യത്തില്‍ വലിയ ആശങ്കയാണുള്ളത്. പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള ബസുകളാണ് പലതും. കാലപ്പഴക്കം കാരണം നിരത്തിലിറക്കാന്‍ പറ്റാത്തവ. ഈ ബസുകളുടെ സുരക്ഷാ കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുപാട് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇത്തരം പരിശോധനകള്‍ എല്ലാം പേരിനു മാത്രം. പത്തുവര്‍ഷം പരിചയമുള്ള ഡ്രൈവര്‍ ആയിരിക്കണമെന്നാണ് നിയമം. ഇതൊന്നും കൃത്യമായി പാലിക്കപ്പെടാറില്ല. ഓട്ടോറിക്ഷയില്‍ കുത്തിനിറച്ച് കുട്ടികളെ കൊണ്ടു പോവുന്ന പതിവ് കാഴ്ച ഇനിയും തുടരും. ക്ലീനര്‍ക്കു പകരം പിന്‍വാതിലില്‍ നിന്ന സ്കൂള്‍ കുട്ടിയുടെ തല മരത്തിലിടിച്ചതും മരിച്ചതുമായ സംഭവം കോഴിക്കോട്ട് നടന്നിട്ട് അധികമായില്ല. പുതിയ ദുരന്തങ്ങള്‍ വരുമ്പോഴാണ് അധികൃതര്‍ കണ്ണുതുറക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.