കൊച്ചുബാവ എന്ന വലിയ ബാവ
text_fields‘ഓരോരുത്തരുടെയും വിധി’ എന്ന ടി.വി. കൊച്ചുബാവയുടെ ഒരു കഥയുണ്ട്: ‘ജീവിതത്തെ സംബന്ധിക്കുന്നതെല്ലാം തീരുകയാണ്. നനുനനുത്ത സ്വപ്നങ്ങള്‍, സ്നേഹ വചനങ്ങള്‍, കിളികളുടെ ചിലപ്പ് എല്ലാം എല്ലാം’.
പതിനാറ് വര്‍ഷം കഴിഞ്ഞുപോയി. അന്ന് മൂഴിക്കലിലെ ‘തളിയപ്പാടത്ത്’ നിന്ന് പള്ളിയിലത്തെി മയ്യിത്ത് നമസ്കരിച്ചശേഷം ചുമലില്‍ പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് അക്ബര്‍ കക്കട്ടില്‍ പറഞ്ഞു: ‘പി.കെ, നമുക്കിതും ചെയ്യേണ്ടിവന്നല്ളോ’. ഞങ്ങള്‍ പരസ്പരം സമാധാനിപ്പിച്ചു. ഇപ്പോള്‍ സൗഹൃദങ്ങളുടെ ഒരു വലിയ നിരയും കേരളത്തിലങ്ങോളം ബാക്കിവെച്ച് അക്ബറും യാത്രയായി.
ഇത്രയേറെ വര്‍ഷങ്ങള്‍ക്കുശേഷവും ഓര്‍ക്കുന്നു. അപ്രതീക്ഷിതമായ ഒരു നിമിഷത്തില്‍ എന്‍െറ ഫോണ്‍ ബെല്ലടിക്കും. അപ്പുറത്തുനിന്ന് കനത്ത മുഴക്കമുള്ള സ്വരത്തില്‍ എന്‍െറ പ്രിയസുഹൃത്ത് പറയും: ‘കൊച്ചു ബാവ’.
അത്ര, കൊച്ചുബാവ കഥാരംഗത്ത് വലിയ ബാവയായിരുന്നു. കേരളത്തില്‍ വൃദ്ധസദനങ്ങള്‍ പൊട്ടിമുളക്കും മുമ്പേ ‘വൃദ്ധസദനം’ എന്നൊരു ഗംഭീരമായ നോവലെഴുതിയവന്‍. കഥകളുടെ എല്ലാ സാധ്യതകളുമുപയോഗിച്ച് കഥകളെഴുതി എന്‍െറ തലമുറയിലെ ഏറ്റവും മുന്നിലത്തെിയവന്‍. രചനകളില്‍ പുതിയ പുതിയ പരീക്ഷണങ്ങളിലേര്‍പ്പെടുമ്പോഴും അതിന്‍െറ പൂര്‍ണതയിലത്തൊന്‍ കൊതിച്ചവന്‍.
സംഭാഷണങ്ങളത്രയും പരിഭവങ്ങളും പരാതികളുമായിരുന്നു. അവസാനത്തെ തവണ ഗള്‍ഫില്‍നിന്ന് വന്നപ്പോള്‍ വിളിച്ച് നാട്ടിലത്തെിയ വിവരം പറയുന്നു. സംസാരിച്ചുകൊണ്ടിരിക്കേ ‘നിന്‍െറ സ്വരത്തിന് പഴയ സ്നേഹമില്ല’ എന്ന് അവന്‍ കുറ്റപ്പെടുത്തുന്നു.
ബാവ ഇങ്ങനെയൊക്കെയാണ്. കണ്ടുമുട്ടുന്ന സന്ദര്‍ഭങ്ങളിലത്രയും പിണക്കങ്ങളും കലഹങ്ങളും പരിഭവങ്ങളുമൊക്കെയായിരുന്നു. ക്രൂരമായി കുറ്റപ്പെടുത്തുമ്പോഴും പരിഭവം പറയുമ്പോഴും സ്നേഹത്തിന്‍െറ ഒരു കടല്‍ ഉള്ളിലൊളിപ്പിച്ചിരുന്നു എന്ന് ആരും അറിഞ്ഞില്ല.
എത്ര ഓര്‍മകള്‍-
മോന്‍െറ ജന്മദിനത്തിന് വിളിക്കാതെ ഞാനും അക്ബറും മാതൃഭൂമിയിലെ ചീഫ് ആര്‍ട്ടിസ്റ്റായിരുന്ന പ്രസാദും അവന്‍െറ വീട്ടില്‍ പോയത് - അന്നും ഏറെ സംസാരിച്ചത് ബാവ തന്നെ.
ചിലപ്പോള്‍ മറ്റാര്‍ക്കും വായിക്കാനാവാത്ത നാടകീയതയോടെ വീട്ടില്‍ നിന്ന് എഴുതിവെച്ച പുതിയ കഥ വായിച്ചു തരും. ചിലപ്പോള്‍ പാട്ട് വെച്ച് അതിന്‍െറ സവിശേഷതകള്‍ വിവരിച്ചുതരും.
ഏത് സൗഹൃദ കൂടിച്ചേരലുകളിലും ബാവ തന്നെയായിരുന്നു നായകന്‍. ഇടക്ക് ബാവയോട് തര്‍ക്കിക്കുക മാത്രമേ ഞങ്ങള്‍ക്ക് ചെയ്യേണ്ടതുണ്ടായിരുന്നുള്ളൂ.
ബംഗളൂരുവില്‍ അരവിയുടെ മിനിമാഗസിന്‍െറ സാഹിത്യപരിപാടികള്‍ക്ക് ഞാനും ബാവയും ഒന്നിച്ചായിരുന്നു പോയിരുന്നത്. ബാവയുടെ ഭാര്യ സീനത്തും മകള്‍ സുനിമയും നബീലുമുണ്ടായിരുന്നു (ഇക്കഴിഞ്ഞ മാസം ഒരു ആക്സിഡന്‍റിനെ തുടര്‍ന്ന് സീനത്തും കൊച്ചുബാവയുടെ അടുത്തേക്കത്തെി). തിരിച്ചുവരുമ്പോള്‍ അവന്‍ എന്‍െറ സീറ്റിന്‍െറ അടുത്തുവന്നിരുന്നു. ഒരു രാത്രി മുഴുവന്‍ ഞങ്ങള്‍ ഉറങ്ങാതെ സംസാരിച്ചിരുന്നു.
മരിക്കുന്നതിന് തലേദിവസം ഉച്ചക്ക് പെട്ടെന്ന് ഓഫിസിലേക്ക് കയറിവന്ന് അവനെത്രയാണ് സംസാരിച്ചത്. അന്നും പരിഭവം പറയാന്‍ എന്‍െറ പ്രിയ സുഹൃത്ത് മറന്നില്ല! വില്ലന്മാര്‍ സംസാരിക്കുമ്പോള്‍ ഒന്നും മറയ്ക്കുന്നില്ല! എന്ന നോവലറ്റ് നീ തിരക്ക് കൂട്ടിയതുകൊണ്ട് എനിക്ക് മാറ്റിയെഴുതാനായില്ല എന്ന് ബാവ പറഞ്ഞു. ഓരോ രചനയും പലതവണ മാറ്റിയെഴുതുന്ന ബാവ രചനാ തന്ത്രത്തിലും ശൈലിയിലുമൊക്കെ വ്യത്യസ്തനായിരുന്നല്ളോ.
പോകുമ്പോള്‍ ഗെയിറ്റിനപ്പുറം ഞാന്‍ ബാവയുടെ ഒപ്പം ചെന്നു. ഊണ് കഴിക്കാന്‍ ക്ഷണിച്ചപ്പോള്‍ പെട്ടെന്ന് ടൗണിലേക്ക് പോകേണ്ടതുണ്ട്, പോവുകയാണ് എന്നു പറഞ്ഞു. നാലു ദിവസം കഴിഞ്ഞ് ഞങ്ങള്‍ ഒന്നിച്ച് ഒരു പുസ്തകത്തിന്‍െറ പ്രകാശനച്ചടങ്ങില്‍ സംബന്ധിക്കേണ്ടതുണ്ടായിരുന്നു.
‘നമുക്ക് ചൊവ്വാഴ്ച കാണാം’ -ബാവ പറഞ്ഞു. പിന്നെ ആഴ്ചകളും തീയതികളുമില്ലാത്ത ലോകത്തേക്ക് എന്‍െറ പ്രിയസുഹൃത്ത് പോവുകയായിരുന്നല്ളോ.
കൊച്ചുബാവ എഴുത്തില്‍ വലിയ ബാവയാണ്. ‘വൃദ്ധസദനം’ എന്ന ഒരൊറ്റ നോവല്‍മതി കൊച്ചുഭാവയുടെ ഇടം നിര്‍ണയിക്കാന്‍, സാഹിത്യത്തില്‍. പൂവുകൊണ്ട് കഴുത്തറുക്കുന്ന ഒരു ലോകത്തിന്‍െറ പരിച്ഛേദമാണ് ‘വൃദ്ധസദനം’. വ്യത്യസ്തമായ പ്രമേയംകൊണ്ടും വ്യത്യസ്തമായ ആഖ്യാനംകൊണ്ടും പുറംലോകത്തിലെ ജീവിതത്തെക്കാള്‍ സങ്കീര്‍ണവും ഇഴപിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ഒരു ജീവിതം വരച്ചിടുകയാണ് ‘വൃദ്ധസദന’ത്തില്‍ കൊച്ചുബാവ.
എന്‍. ശശിധരന്‍െറ ഒരു നിരീക്ഷണം പ്രസക്തമാണ്: ‘വൃദ്ധസദനം വൃദ്ധന്മാരുടെ സദനമല്ല മറിച്ച്, വൃദ്ധമായിക്കൊണ്ടിരിക്കുന്ന ഒരു സംസ്കൃതിയുടെ മഹാസദനമാണ്.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.