ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കലിപ്പിലാണ്
text_fieldsകൊച്ചി: ‘എന്തിനാണ് നമ്മള്‍ ഈ ടീമിനെ പിന്തുണച്ച് സമയം പാഴാക്കുന്നത്. സചിനും മറ്റു പാര്‍ട്ണര്‍മാര്‍ക്കും ഇതൊരു ബിസിനസ് മാത്രമാണ്. നമ്മള്‍ മലയാളികള്‍ ഇനിയെങ്കിലും ഉണര്‍ന്നു ചിന്തിക്കണം. ഇത്രയും പിന്തുണ നല്‍കിയിട്ടും അവര്‍ ഈ ടീമിനെവെച്ച് കച്ചവടംമാത്രം ലക്ഷ്യമിടുകയാണ്’ -വിപിന്‍ ഗോപന്‍ എന്ന ഫുട്ബാള്‍ പ്രേമി കേരള ബ്ളാസ്റ്റേഴ്സിന്‍െറ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തതാണിത്. ഡല്‍ഹിക്കെതിരെ ഞായറാഴ്ച അടുത്ത കളിയെന്ന അറിയിപ്പിനുതാഴെ പോസ്റ്റ് ചെയ്ത 100ഓളം കമന്‍റുകളില്‍ ഏറിയകൂറും വിപിന്‍െറ കാഴ്ചപ്പാടിനെ പിന്തുണക്കുന്നവരാണ്. പ്ളെയേഴ്സ് റിക്രൂട്ട്മെന്‍റ് ഏറ്റവും മോശമാണെന്ന് തുറന്നടിച്ച് കളിക്കമ്പക്കാര്‍ കടുത്ത വിമര്‍ശമുന്നയിക്കുമ്പോള്‍ നിറംമങ്ങിയ പ്രകടനത്തിന് പ്രതിക്കൂട്ടിലാകുന്നത് ടീം മാനേജ്മെന്‍റ് തന്നെയാണ്.
ആദ്യ സീസണിലെ മികച്ച പ്രകടനത്തിനുശേഷം ഐ.എസ്.എല്ലില്‍ കേരള ബ്ളാസ്റ്റേഴ്സിന്‍െറ രണ്ടാം സീസണിലെ പ്രകടനം അമ്പേ മോശമായിരുന്നു.
കഴിഞ്ഞവര്‍ഷം ഓരോ മത്സരങ്ങളിലും ടീം ദയനീയ പ്രകടനം കാഴ്ചവെക്കുമ്പോഴും കലൂരിലെ സ്റ്റേഡിയം മഞ്ഞപുതച്ച് തിരിച്ചുവരവ് പ്രതീക്ഷകളോടെ അവസാനനിമിഷം വരെ ബ്ളാസ്റ്റേഴ്സിന്് നിറഞ്ഞ പിന്തുണ നല്‍കി. എന്നാല്‍, ആരാധക പിന്തുണകൊണ്ട് ലോക ഫുട്ബാളിന്‍െറ ശ്രദ്ധനേടിയ ടീമിനോട് ടീം മാനേജ്മെന്‍റ് കാട്ടുന്ന സമീപനം നിരാശാജനകമായിരുന്നു. പുതു സീസണില്‍ മികച്ച കളിക്കാരെ ടീമിലത്തെിക്കാന്‍ മാനേജ്മെന്‍റ് ഒരു താല്‍പര്യവും കാട്ടിയില്ല. ഡിഫന്‍സില്‍ ആരോണ്‍ ഹ്യൂസിനെ കൊണ്ടുവന്നതും സെഡ്രിക് ഹെങ്ബര്‍ഗിനെ തിരിച്ചത്തെിച്ചതും മാത്രമാണ് എടുത്തുപറയാനുള്ളത്. കഴിഞ്ഞ സീസണില്‍ കാര്‍ലോസ് മാര്‍ച്ചേനയെന്ന മാര്‍ക്വീതാരം മടങ്ങിയതുപോലെ ആദ്യ മത്സരത്തിനൊടുവില്‍ ഹ്യൂസും നാട്ടിലേക്ക് തിരിച്ചുവണ്ടി കയറി. ആദ്യ രണ്ടു മത്സരങ്ങളും തോറ്റതോടെ പോയന്‍റ് നിലയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുകയാണ് ഏറ്റവും ആരാധകരുള്ള ഐ.എസ്.എല്‍ ടീം.
എന്തുകൊണ്ട് മാനേജ്മെന്‍റ് വിമര്‍ശിക്കപ്പെടുന്നു?
കടുത്ത പോരാട്ടങ്ങളില്‍ ചങ്കുറപ്പോടെ പൊരുതിക്കയറാന്‍ കരുത്തില്ലാത്ത താരങ്ങളെക്കൊണ്ട് വമ്പന്‍ ടൂര്‍ണമെന്‍റുകള്‍ ജയിക്കാന്‍ കഴിയില്ളെന്ന് ആരേക്കാളും നന്നായി അറിയുന്നയാളാണ് സചിന്‍ ടെണ്ടുല്‍കര്‍. തന്‍െറ വ്യക്തിഗത മികവിനെ മാത്രം ആശ്രയിച്ച് ഒരുപാടുകാലം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്നോട്ടുപോയത് സചിന് ബോധ്യമുണ്ട്. എന്നാല്‍, മറ്റു ടീമുകള്‍ മികച്ച വിദേശതാരങ്ങളെ അണിയറയിലത്തെിക്കാന്‍ കാശെറിയുമ്പോള്‍ റിക്രൂട്ട്മെന്‍റിന് അറച്ചുനില്‍ക്കുകയാണ് ബ്ളാസ്റ്റേഴ്സ് ഉടമകള്‍. ഒന്നാം സീസണില്‍ ടീമിന്‍െറ മുന്നേറ്റത്തില്‍ അതിനിര്‍ണായക പങ്കുവഹിച്ച ഇയാന്‍ ഹ്യൂമിനെ അടുത്ത സീസണില്‍ ടീമില്‍ നിലനിര്‍ത്താന്‍പോലും അവര്‍ മുന്‍കൈയെടുത്തില്ല.
ഇത്രമാത്രം ഫാന്‍ബേസുള്ള ടീമിലേക്ക് കളി മെനയാനും ഗോള്‍ നേടാനും കഴിയുന്ന പ്രതിഭാധനരായ കളിക്കാരെ എത്തിക്കാന്‍ മാനേജ്മെന്‍റ് കാര്യമായൊന്നും ചെയ്തില്ല. ആരാധകര്‍ കുറ്റപ്പെടുത്തുന്നതുപോലെ, ചുരുങ്ങിയ കാശ് ചെലവിട്ട് കൂടുതല്‍ ലാഭം എന്ന സമീപനമാണ് അവര്‍ പുലര്‍ത്തുന്നതെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലാണ് മാനേജ്മെന്‍റിന്‍െറ ഇടപെടലുകള്‍. ഡീഗോ ഫോര്‍ലാന്‍, നികളസ് അനല്‍ക്ക, എലാനോ, ലൂസിയോ, റോബര്‍ട്ടോ കാര്‍ലോസ്, ഹെല്‍ഡര്‍ പോസ്റ്റിഗ തുടങ്ങിയവര്‍ ബൂട്ടുകെട്ടിയ ഐ.എസ്.എല്ലിന്‍െറ കളിയരങ്ങില്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ പോന്നൊരു പ്രമുഖതാരത്തെ ബ്ളാസ്റ്റേഴ്സ് ഇതുവരെ ടീമിലെടുത്തിട്ടില്ല.
പുതു സീസണില്‍ ഏറ്റവും ദുര്‍ബലമായ ടീമിനെവെച്ചാണ് ബ്ളാസ്റ്റേഴ്സ് അങ്കത്തിനിറങ്ങുന്നത്. മധ്യനിരയും മുന്‍നിരയും തീര്‍ത്തും ദുര്‍ബലം. മധ്യനിരയില്‍ കളി മെനയാന്‍ മിടുക്കുള്ള താരത്തിന്‍െറ അഭാവം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പ്രകടമായിരുന്നു. ഡിഫന്‍സിവ് മിഡ്ഫീല്‍ഡര്‍മാരെ മാത്രം അണിനിരത്തി മുന്നേറ്റം ചമയ്ക്കാനിറങ്ങുന്ന അതിസാഹസികത അതിശയിപ്പിക്കുന്നതായിരുന്നു. മികച്ച താരങ്ങളെ ടീമിലത്തെിച്ചില്ളെങ്കില്‍ തനിക്കെന്തു ചെയ്യാനാവുമെന്ന് കോച്ച് സ്റ്റീവ് കോപ്പലിന് തുറന്നു ചോദിക്കേണ്ടിവന്നു. ഉള്ള കളിക്കാരെവെച്ച് തന്ത്രം മെനയാന്‍ കോച്ച് നിര്‍ബന്ധിതനായപ്പോള്‍ താരതമ്യേന ക്രിയേറ്റിവ് ഫുട്ബാള്‍ കളിക്കുന്ന മിഡ്ഫീല്‍ഡര്‍ ഹൊസു പ്രീറ്റോ പ്രതിരോധക്കാരനാകുന്നതുവരെ കാണേണ്ടിവന്നു. രണ്ടു കളികളിലായി 180 മിനിറ്റിനിടെ ഒരുതവണ എതിരാളികളുടെ വല ലക്ഷ്യമിട്ട് ഷോട്ടുതിര്‍ക്കാന്‍ പോലും കഴിയാത്ത നിസ്സഹായതയില്‍ ബ്ളാസ്റ്റേഴ്സിന്‍െറ ദൗര്‍ബല്യം മുഴുവന്‍ പ്രതിഫലിക്കുന്നുണ്ട്.
സാമാന്യ യുക്തിക്ക് നിരക്കാത്ത ടീം സെലക്ഷന്‍
നാലു ഗോളിമാരാണ് ടീമിലുള്ളത്. ഏഴു സ്ട്രൈക്കര്‍മാരും. എന്നാല്‍, ഒരു അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ പോലുമില്ല. ലെഫ്റ്റ് ബാക്കിന്‍െറ പൊസിഷനിലും ആളില്ല. സാമാന്യ യുക്തിക്കു നിരക്കാത്ത ടീം സെലക്ഷന്‍െറ പരിഹാസ്യത അത്യാവശ്യം ധാരണയുള്ള ഏതു ഫുട്ബാള്‍ പ്രേമിക്കും മനസ്സിലാവും. എന്നാല്‍, ടീം മാനേജ്മെന്‍റിനുമാത്രം അതേക്കുറിച്ച് നിശ്ചയമില്ല. എന്തെങ്കിലുമൊരു ടീമിനെ തട്ടിക്കൂട്ടി കളത്തിലിറങ്ങിയാല്‍ കാണികള്‍ ഒച്ചവെച്ച് കളിപ്പിച്ചോളുമെന്ന ധാരണയാവാം ടീം ഉടമകള്‍ക്കെന്ന് ആരാധകര്‍ പരിഭവിക്കുന്നു. ഒട്ടും മാച്ച് പ്രാക്ടീസും ഫിറ്റ്നസുമില്ലാത്ത, നല്ല പ്രായം കഴിഞ്ഞ കുറെ ആഭ്യന്തരതാരങ്ങളെ തിരുകിക്കയറ്റി എങ്ങനെയെങ്കിലും തോല്‍ക്കാതെ പിടിച്ചുനില്‍ക്കുക എന്ന അജണ്ട മുഖ്യമായപ്പോള്‍ വിജയതൃഷ്ണയില്ലാത്ത ടീമായി ബ്ളാസ്റ്റേഴ്സ് മാറി. ഹെങ്ബര്‍ട്ടിനെപ്പോലെ മറ്റു 10 പേരും 90 മിനിറ്റും വിയര്‍ത്തുകളിക്കേണ്ട കളത്തിലാണ് ഉഴപ്പിനടക്കുന്ന കുറെ കളിക്കാരുമായി ബ്ളാസ്റ്റേഴ്സ് തോല്‍വി ചോദിച്ചുവാങ്ങുന്നത്. പ്രസാദ് വി. പൊട്ലൂരി ചെയര്‍മാനായ പി.വി.പി വെങ്ച്വേഴ്സില്‍നിന്ന് ഓഹരികള്‍ സ്വന്തമാക്കി തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവിയും നാഗാര്‍ജുനയും അടങ്ങുന്ന കണ്‍സോര്‍ഷ്യം സചിനൊപ്പം സഹ ഉടമകളായെങ്കിലും സമീപനത്തില്‍ ഒരു മാറ്റവുമുണ്ടായില്ല.
മാറ്റം ടിക്കറ്റ് നിരക്കില്‍ മാത്രം
കഴിഞ്ഞ സീസണില്‍നിന്ന് ഈ സീസണിലത്തെുമ്പോള്‍ ബ്ളാസ്റ്റേഴ്സില്‍ വന്ന മാറ്റം ടിക്കറ്റിന് കൂടുതല്‍ വിലയേറി എന്നതു മാത്രമാണ്.’ - ഒരു ആരാധകന്‍ അരിശം കൊള്ളുന്നു. മതിയായ സ്പോണ്‍സര്‍മാരെ കണ്ടത്തെുന്നതില്‍പോലും പരാജയപ്പെട്ട ടീം ധനസമ്പാദനത്തിനായി ഇക്കുറി കണ്ടത്തെിയ വഴി ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുക എന്നതുമാത്രമാണ്. എന്നിട്ടും 60,000ത്തോളം കാണികള്‍ സ്റ്റേഡിയം നിറഞ്ഞത്തെിയത് ടീമിനോടുള്ള അവരുടെ കൂറുകൊണ്ടു മാത്രമായിരുന്നു. പക്ഷേ, അവര്‍ക്ക് ടീം മാനേജ്മെന്‍റ് പകരം നല്‍കുന്നത് നന്ദികേട് മാത്രവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.