Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഖിലാഫത്തില്‍നിന്ന് ...

ഖിലാഫത്തില്‍നിന്ന് നവസലഫിസത്തിലെത്തുമ്പോള്‍

text_fields
bookmark_border
ഖിലാഫത്തില്‍നിന്ന്  നവസലഫിസത്തിലെത്തുമ്പോള്‍
cancel

ഖിലാഫത്ത് എന്ന വാക്കിന് മലയാളത്തില്‍ തര്‍ജമ ആവശ്യമില്ല. ഇരുപതാം നൂറ്റാണ്ടിന്‍െറ ആദ്യപാദം മുതല്‍ മലബാറിന്‍െറ രാഷ്ട്രീയവ്യവഹാരങ്ങളില്‍ അതു പതിഞ്ഞുകിടക്കുന്നുണ്ട്. മലയാളിയെ സംബന്ധിച്ച് ഖിലാഫത്ത് ദേശീയ പ്രസ്ഥാനത്തിന്‍െറ ഭാഗമായ ഒരു സമരത്തിന്‍െറ പേരാണ്. അതിലുപരി ഹിന്ദു, മുസ്ലിം സ്നേഹവും ഐക്യവും നിറഞ്ഞുകവിഞ്ഞ ഒരു കാലഘട്ടത്തിന്‍െറ ഓര്‍മയാണ്. ഒരുപക്ഷേ, ലോകത്ത് ഒരിടത്തും ഖിലാഫത്തിന് ഇത്തരമൊരനുഭവം ഉണ്ടായിട്ടില്ല. ഒന്നാം ലോകയുദ്ധത്തിന്‍െറ പശ്ചാത്തലത്തില്‍ (1914-18) ദുര്‍ബലമായ ഉസ്മാനിയ ഖിലാഫത്തിനെ (ഓട്ടോമന്‍) പുനരുജ്ജീവിപ്പിക്കാന്‍ രാജ്യാന്തരതലത്തില്‍ മുസ്ലിംകള്‍ നടത്തിയ ഒരു പോരാട്ടം, തുര്‍ക്കിക്കെതിരായ സഖ്യകക്ഷികളില്‍ പ്രബലസ്ഥാനത്ത് ഫ്രാന്‍സിനും റഷ്യക്കുമൊപ്പം ബ്രിട്ടനുള്ളതുകൊണ്ടുമാത്രമാണ് ഇന്ത്യയില്‍ ദേശീയ പ്രസ്ഥാനത്തില്‍ കണ്ണിചേര്‍ക്കപ്പെട്ടത്. അങ്ങനെ തുര്‍ക്കി സുല്‍ത്താന് ജയ് വിളിച്ച്, തുര്‍ക്കിതൊപ്പിയണിഞ്ഞ് മലബാറിലെ ഹിന്ദു, മുസ്ലിം നേതാക്കളുമൊന്നിച്ച് സമരം നയിച്ചു. 1921ലെ മലബാര്‍ സമരം ദൗര്‍ഭാഗ്യകരമായ ചില പരിണതികളില്‍ കലാശിച്ചുവെങ്കിലും ആ സമരചരിത്രത്തില്‍ ഈ നാട്ടില്‍ പുലര്‍ന്നുപോന്ന ഹിന്ദു-മുസ്ലിം സാഹോദര്യത്തിന്‍െറ അഭൂതപൂര്‍വമായ ഒട്ടേറെ അടരുകളുണ്ട്. കലാപാനന്തരവും പോറലുകളോടെ ആ സാഹോദര്യം നിലനിന്നിരുന്നു. ബ്രിട്ടീഷ് പൊലീസ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മലബാറില്‍നിന്ന് നാടുവിട്ടുപോയ പലര്‍ക്കും അഭയവും ആശ്വാസവും നല്‍കിയത് ഹിന്ദു സുഹൃത്തുക്കളായിരുന്നു. ഖിലാഫത്ത് സമരപോരാളികളില്‍ പ്രമുഖനായ തയ്യില്‍ മുഹമ്മദ് കുട്ടി മുസ്ലിയാര്‍ 1922 ജനുവരിയില്‍ കൊടുങ്ങല്ലൂരിലേക്ക് പലായനംചെയ്ത ഒരു സംഭവമുണ്ട്. അന്ന് കൊടുങ്ങല്ലൂര്‍ തിരുകൊച്ചി സ്റ്റേറ്റിന്‍െറ ഭാഗമായിരുന്നു. കൊടുങ്ങല്ലൂരില്‍ ചെന്നിട്ട് ബ്രിട്ടീഷ് പൊലീസ് അദ്ദേഹത്തെ അന്വേഷിച്ചവിടെ എത്തുകയും നിരന്തരം ശല്യംചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. ഒരുഘട്ടത്തില്‍ മലബാറില്‍നിന്നുള്ള ഒരു സബ് ഇന്‍സ്പെക്ടറും സംഘവും മുഹമ്മദ് കുട്ടി മുസ്ലിയാരെ അറസ്റ്റ്ചെയ്യാനുള്ള പൂര്‍ണസന്നാഹത്തോടെ കൊടുങ്ങല്ലൂരിലത്തെി. അദ്ദേഹത്തിന്‍െറ ഒളിയിടം തിരയുന്നതിനിടയില്‍ പൊലീസ് പൗരപ്രമുഖനായ കെ.സി. കുട്ടികൃഷ്ണ മേനോന്‍െറ അരികിലത്തെി. മലബാര്‍ ‘കലാപ’ത്തിലെ പിടികിട്ടാപ്പുള്ളിയെ തേടിയാണ് തങ്ങള്‍ എത്തിയതെന്ന വിവരം പൊലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചപ്പോള്‍ മേനോന്‍ പ്രതിവചിച്ചത് ഇപ്രകാരമായിരുന്നു: ‘‘തയ്യില്‍ മുഹമ്മദ് കുട്ടി മുസ്ലിയാര്‍ ഇവിടെയുണ്ട്. അദ്ദേഹത്തെ ഞങ്ങള്‍ വിട്ടുതരില്ല. ഇവിടത്തെ ഹിന്ദുക്കളുടെ ശവശരീരത്തില്‍ ചവിട്ടിയല്ലാതെ മുസ്ലിയാരെ അറസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല.’’ 

കെ.എം. മൗലവി, കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാര്‍
 

ഇസ്ലാമിക ഖിലാഫത്തിന്‍െറ പോരാളിയായ തയ്യില്‍ മുഹമ്മദ് കുട്ടി മുസ്ലിയാരെ കുട്ടികൃഷ്ണ മേനോന്‍ അതിരറ്റു സ്നേഹിച്ചിരുന്നു. ‘ഖിലാഫത്ത്’ എന്ന പദവും വ്യവഹാരവും അദ്ദേഹത്തില്‍ ഒട്ടും ഭയമുണ്ടാക്കിയിരുന്നില്ല. കാരണം, അക്കാലത്തെ മനുഷ്യബന്ധങ്ങളുടെ ആത്മാര്‍ഥത അത്രമേല്‍ ബലിഷ്ഠമായിരുന്നു. ചരിത്രത്തില്‍ മറഞ്ഞുകിടക്കുന്ന അത്തരം ഏടുകള്‍ നമ്മുടെ കാലത്തെ ഉണര്‍ത്തുന്നില്ല എന്നതാണ് നമ്മുടെ ദുര്യോഗം. 

ഇ. മൊയ്തു മൗലവി
 

1920കളില്‍ ലോകത്തുനിന്ന് നിഷ്ക്രമിച്ച ഇസ്ലാമിക ഖിലാഫത്തിന്‍െറ അനന്തരാവകാശമേറ്റ്, അതിന്‍െറ ഉയിര്‍പ്പാളുകളായി ഒരു പറ്റം പ്രത്യക്ഷപ്പെട്ട കാലമാണിത്. ഖിലാഫത്ത് പുന$സ്ഥാപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവര്‍ ചുരുങ്ങിയ കാലംകൊണ്ടുതന്നെ തങ്ങളുടെ ഭാവനാശൂന്യതയും നിഷ്ഠുരതയും പ്രാകൃതത്വവും അനാവരണംചെയ്തുകഴിഞ്ഞിരിക്കുന്നു. നമ്മുടെ മണ്ണില്‍ ഒരുകാലത്ത് മതസൗഹാര്‍ദത്തിന്‍െറ പര്യായ വാക്കായി മാറിയ ‘ഖിലാഫത്ത്’ നമ്മുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയ സന്ദര്‍ഭത്തിലാണ് ഇപ്പോള്‍ നാമത്തെിനില്‍ക്കുന്നത്. ഖിലാഫത്ത് പോരാളികളെ ബ്രിട്ടീഷ് പട്ടാളക്കാരില്‍നിന്നൊളിപ്പിച്ച് സംരക്ഷിച്ച സഹജീവിത സുകൃതത്തെ അറപ്പോടെ വലിച്ചെറിഞ്ഞ്, ‘വിശുദ്ധ ഖിലാഫത്ത്’ തേടിപ്പോകുന്ന വിഡ്ഢിക്കൂട്ടങ്ങളില്‍ മലയാളി യുവാക്കള്‍കൂടിയുണ്ടെന്നറിയുമ്പോള്‍ നാം ലജ്ജിച്ചു തലതാഴ്ത്തിപ്പോകുന്നു. ഇതാണ് ചരിത്രത്തിന്‍െറ കറുത്ത തമാശ. 
പ്രബുദ്ധതയുടെ ഉദയം 
മലബാര്‍ സമരത്തിന്‍െറ അനന്തരഫലമായുണ്ടായ രാഷ്ട്രീയവും സാമൂഹികവുമായ സന്ദിഗ്ധതകളില്‍നിന്നാണ് കേരള മുസ്ലിംകള്‍ക്കിടയിലേക്ക് പ്രബുദ്ധതയുടെ ഒരു വെട്ടം കത്തിവീണത്. കേരളത്തിലെ മുസ്ലിം ആവിര്‍ഭാവത്തിന്‍െറ സ്മാരകദേശംതന്നെയാണ് ഇരുപതാം നൂറ്റാണ്ടിലെ മുസ്ലിമിലും ഉണര്‍വിന്‍െറ ഗര്‍ഭഗൃഹമായി മാറിയതും. കേരള നവോത്ഥാന നായകന്മാരില്‍ പ്രമുഖനായ സയ്യിദ് സനാവുല്ല മക്തി തങ്ങള്‍ (1847-1912) പരിഷ്കരണ ചിന്തയുടെ വിത്തെറിഞ്ഞ മണ്ണാണ് കൊടുങ്ങല്ലൂരിന്‍േറത്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹികവും സാംസ്കാരികവുമായി ജീര്‍ണിച്ച മുസ്ലിം സമുദായത്തെ സമുദ്ധരിക്കാന്‍ സാധിക്കൂ എന്നുറച്ചു വിശ്വസിച്ച ശൈഖ് ഹമദാനി തങ്ങള്‍ (മരണം 1922) തന്‍െറ കര്‍മകേന്ദ്രമായി തിരഞ്ഞെടുത്തതും ഈ പ്രദേശം തന്നെയായിരുന്നു. ഇത്തരം പരിഷ്കര്‍ത്താക്കളുടെ നിരന്തര ശ്രമത്തിലൂടെ അക്കാലത്തെ കൊടുങ്ങല്ലൂരിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളില്‍ പരിഷ്കരണ വാഞ്ഛ സൃഷ്ടിക്കപ്പെട്ടിരുന്നു. നമ്പൂതിരി മഠത്തില്‍ സീതി മുഹമ്മദ് (പില്‍ക്കാലത്ത് കേരള രാഷ്ട്രീയത്തില്‍ തിളങ്ങിയ കെ.എം. സീതി സാഹിബിന്‍െറ പിതാവ്), മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി തുടങ്ങിയവര്‍ സമുദായത്തിന്‍െറ ഉത്ഥാനം ലക്ഷ്യമിട്ട് ചില സംഘടിതനീക്കങ്ങള്‍ക്കും ആരംഭംകുറിച്ചിരുന്നു. ആണ്‍കുട്ടികളോടൊപ്പം പെണ്‍കുട്ടികള്‍ക്കും ആധുനിക വിദ്യാഭ്യാസം നല്‍കണമെന്ന് ആഹ്വാനംചെയ്തുകൊണ്ടവര്‍ ആരംഭിച്ച ലജ്നതുല്‍ ഹമദാനിയ്യ സഭയും ലജ്നതുല്‍ ഇസ്ലാം സഭയും (1912) അതില്‍പെടുന്നു. ഈ പശ്ചാത്തലത്തിലാണ് മലബാര്‍ സമരത്തെ തുടര്‍ന്ന് രാഷ്ട്രീയ അഭയം തേടി മലബാറില്‍നിന്നുള്ള ഉല്‍പതിഷ്ണുക്കളുടെ ഒരു സംഘം കൊടുങ്ങല്ലൂരിലത്തെുന്നത്. മുകളില്‍ സൂചിപ്പിക്കപ്പെട്ട തയ്യില്‍ മുഹമ്മദ് കുട്ടി മുസ്ലിയാര്‍ എന്ന കെ.എം. മൗലവി (1886-1964), മഹാരാജാസ് കോളജില്‍ അധ്യാപകനായിരുന്ന ഇ.കെ. മൗലവി (1891-1974), കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാര്‍, എം.സി.സി. അബ്ദുറഹ്മാന്‍ മൗലവി, ഇ. മൊയ്തു മൗലവി, ടി.കെ. മുഹമ്മദ് മൗലവി തുടങ്ങിയ പ്രഗല്ഭരുടെ ഒരു നിരതന്നെ അവിടെ സംഗമിച്ചു. ആ ചരിത്രനിയോഗമാണ് മുസ്ലിംകളുടെ പ്രഥമ നവോത്ഥാന സംഘടനയായ മുസ്ലിം ഐക്യസംഘത്തിന് (1922-1934) ബീജാവാപം നല്‍കിയത്. ബ്രിട്ടീഷ് ഭരണം രാഷ്ട്രീയവും സാമൂഹികവുമായി ദുര്‍ബലമാക്കുകയും മതപൗരോഹിത്യത്തിന്‍െറ യാഥാസ്ഥിതികത സാംസ്കാരികമായി മുരടിപ്പിക്കുകയും ചെയ്ത സമുദായത്തെ ആധുനീകരിച്ച് ഉദ്ധരിക്കുക എന്നതായിരുന്നു ഐക്യസംഘത്തിന്‍െറ ലക്ഷ്യം. ‘ഐക്യം’, ‘സംഘം’ തുടങ്ങിയ ആശയങ്ങള്‍തന്നെ മലബാര്‍ കലാപം, സമുദായത്തിലുണ്ടാക്കിയ ശൈഥില്യവും തകര്‍ച്ചയും നല്‍കിയ ഉള്‍വെളിച്ചത്തില്‍നിന്ന് ഉടലെടുത്തതാണ്. മതപരമായ വൈകാരികതയും അതിഭാവുകത്വപരമായ എടുത്തുചാട്ടങ്ങളും ക്ഷണിക സാഹസികതകളും സമുദായത്തെ മുന്നോട്ടുനയിക്കുകയില്ളെന്ന അനുഭവപാഠമാണ് ഖിലാഫത്ത് പോരാളികളെ സാമൂഹിക നവോത്ഥാനത്തിന്‍െറ വഴിയിലേക്കത്തെിച്ചത്. 

ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, എ.പി. അബൂബക്കര്‍ മുസ്ലിയാര്‍
 

ഐക്യസംഘം തദ്ദേശീയമായ സാഹചര്യത്തില്‍നിന്ന് പ്രകൃതംകൊണ്ട ഒരു പ്രസ്ഥാനമായിരുന്നു. സൈദ്ധാന്തികമായ ഭാരങ്ങള്‍ അതിനെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നില്ല. നൈതികവും ധാര്‍മികവുമായ മതത്തിന്‍െറ ആന്തരിക സത്തയില്‍ ഊന്നിനിന്ന്, സമൂഹത്തിന്‍െറ വളര്‍ച്ചയും പുരോഗതിയുമായിരുന്നു അതിന്‍െറ മുന്‍ഗണനാവിഷയം. എന്നാല്‍, മതത്തിന്‍െറ മറപറ്റിയുള്ള വിശ്വാസ ചൂഷണങ്ങളെയും പൗരോഹിത്യാധികാരത്തെയും ‘ഐക്യ സംഘം’ നിഷ്കരുണം ചോദ്യം ചെയ്തു. സമൂഹത്തെ പിറകോട്ടു വലിക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അത് തള്ളിക്കളഞ്ഞു. 
കേവല ആചാരബദ്ധമായ ഒരു ജീവിതക്രമത്തില്‍നിന്ന് വിമോചനമൂല്യമുള്ള ഒരു സാമൂഹിക കാഴ്ചപ്പാടിലേക്ക് കേരളത്തിലെ മുസ്ലിം സമൂഹത്തെ വിക്ഷേപിക്കാന്‍ ഒരു വ്യാഴവട്ടക്കാലത്തെ ഐക്യസംഘത്തിന്‍െറ ശ്രമങ്ങള്‍കൊണ്ട് സാധിച്ചു. കേരളത്തിലെ ഇതര സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങളില്‍നിന്ന ് ഐക്യസംഘം വ്യത്യസ്തമാകുന്നത് അത് ദൈവവിശ്വാസത്തിനും മതത്തിനും നല്‍കിയ പ്രാധാന്യംകൊണ്ടാണ്. ‘‘ഒരു ജാതി ഒരു മതം ഒരു ദൈവം’’ എന്നു പ്രഖ്യാപിച്ച നാരായണഗുരു പിന്നീട് ‘‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’’ എന്ന് സ്വയം തിരുത്തി. സഹോദരന്‍ അയ്യപ്പനിലത്തെുമ്പോള്‍, ‘‘മതം വേണ്ട, ജാതി വേണ്ട, ദൈവം വേണ്ട, മനുഷ്യന്’’ എന്ന ദൈവനിരാസത്തിലേക്ക് വഴിമാറി. എന്നാല്‍, ഐക്യസംഘമാകട്ടെ പ്രത്യേകമായ മതപണ്ഡിത സഭ (കേരള ജംഇയ്യത്തുല്‍ ഉലമ - 1924) സ്ഥാപിച്ച് നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് മതപരമായ അടിത്തറ ഉറപ്പാക്കുകയാണ് ചെയ്തത്. പുതിയ കാലത്തിന്‍െറ സമസ്യകളെ അഭിമുഖീകരിക്കാന്‍, മതപ്രമാണങ്ങളെ ഗവേഷണാത്മകമായി സമീപിക്കുകയും പ്രായോഗികമായി വ്യാഖ്യാനിക്കുയും ചെയ്യേണ്ടതുണ്ടെന്ന വിപ്ളവകരമായ സന്ദേശമാണ് അത് സമൂഹത്തിന് നല്‍കിയത്. ‘‘മതത്തെ തള്ളിമാറ്റി മുന്നോട്ടുപോവുകയല്ല മതത്തോടൊപ്പം മുന്നോട്ടുപോവുക’’ എന്നതായിരുന്നു നവോത്ഥാന വാദികളുടെ നിലപാട്. 
ആധുനിക വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന് പൊതുവിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിന് ‘ഐക്യസംഘം’ മുന്‍കൈയെടുത്തു. നിരവധി സ്കൂളുകള്‍ അവര്‍ സ്ഥാപിച്ചു. ഈഴവ, ദലിത് വിദ്യാര്‍ഥികള്‍ക്കും അതില്‍ പ്രവേശം നല്‍കി. കൊടുങ്ങല്ലൂര്‍ പരിസരങ്ങളില്‍ അന്ന് സ്ഥാപിക്കപ്പെട്ട മിക്ക സ്കൂളുകളും പിന്നീട് സര്‍ക്കാര്‍ സ്കൂളുകളായി മാറുകയാണുണ്ടായത്. മതപ്രഭാഷണങ്ങളും വെള്ളിയാഴ്ചയിലെ ‘ഖുത്തുബ’കളും മാതൃഭാഷയില്‍ നിര്‍വഹിക്കപ്പെടണമെന്ന് അവര്‍ നിഷ്ഠവെച്ചു. ഭാഷപോലെ മലയാളികളുടെ പൊതുവേഷത്തിന് അവര്‍ പ്രോത്സാഹനം നല്‍കി. ഐക്യസംഘം നേതാക്കള്‍ സ്വന്തം ഭാര്യമാരെയും മക്കളെയും സാരി ധരിക്കാന്‍ പ്രേരിപ്പിച്ചിരുന്നു (അക്കാലത്ത് പര്‍ദ കേരളത്തില്‍ കടന്നുവന്നിട്ടുണ്ടായിരുന്നില്ല). സമൂഹത്തില്‍ നവോത്ഥാന ചിന്ത തട്ടിയുണര്‍ത്തുന്ന പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കിയതാണ് മറ്റൊരു പ്രവര്‍ത്തനം. വാര്‍ഷിക സംഗമങ്ങള്‍ സംഘടിപ്പിച്ച് സമൂഹത്തിന് ദിശാബോധം നല്‍കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. 12 വാര്‍ഷിക സംഗമങ്ങള്‍ ഐക്യസംഘം സംഘടിപ്പിച്ചു. 1933ല്‍ എറിയാട്ട് നടന്ന വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് വിപുലമായ ഒരു കാര്‍ഷിക പ്രദര്‍ശനംകൂടി സംഘടിപ്പിച്ചിരുന്നുവെന്നത് അവരുടെ സാമൂഹിക കാഴ്ചപ്പാടിന്‍െറ നിദര്‍ശനമാണ്. ‘ഐക്യസംഘ’ത്തിന്‍െറ ചരിത്രത്തിലെ അവിസ്മരണീയ സംഭവമാണ്, മണപ്പാട് കുഞ്ഞിമുഹമ്മദ് സാഹിബും കെ.എം. സീതിസാഹിബും ചേര്‍ന്ന് കൊച്ചിയില്‍ ആരംഭിച്ച ബാങ്ക്. അത് വമ്പിച്ച വിവാദ കൊടുങ്കാറ്റുയര്‍ത്തി. ‘ഹീലത്തുരിബ’ എന്നാണത് അറിയപ്പെടുന്നത്. ബാങ്ക് വിവാദമായ സാഹചര്യത്തില്‍ അതിനെ മതപരമായ വീക്ഷണകോണില്‍ വിശകലനംചെയ്ത് കെ.എം. മൗലവി ഒരു ലഘുലേഖ പുറത്തിറക്കി. മുഹമ്മദ് അബ്ദുറഹ്മന്‍ സാഹിബ് ബാങ്ക് സ്ഥാപിച്ച നടപടിയെ എതിര്‍ത്തു. കെ.എം. മൗലവിയുടെ ലഘുലേഖക്കും നിലപാടുകള്‍ക്കും അദ്ദേഹം ‘അല്‍ അമീന്‍’ പത്രത്തില്‍ രൂക്ഷമായി മറുപടിയെഴുതി. കൊച്ചിയിലെ ബാങ്ക് അധികകാലം മുന്നോട്ടുപോയില്ളെങ്കിലും ഗവേഷണ, ധൈഷണിക രംഗത്ത് ധീരമായ ഒരു ചരിത്രം കുറിക്കാന്‍ ‘ഐക്യസംഘ’ത്തിനു സാധിച്ചു എന്നത് ചെറിയ കാര്യമല്ല. 
ആധുനിക കേരളത്തിന്‍െറ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ, ധൈഷണിക ഭൂപടത്തില്‍ ഉജ്ജ്വല സാന്നിധ്യങ്ങളായി മാറിയ മുസ്ലിം ധിഷണാശാലികളില്‍ പ്രമുഖര്‍ ഐക്യസംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരായിരുന്നുവെന്നത് യാദൃച്ഛികമല്ല. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, കെ.എം. സീതി സാഹിബ്, മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി, കെ.എം. മൗലവി സാഹിബ്, ഇ. മൊയ്തു മൗലവി തുടങ്ങിയവരും അവരുടെ പിന്‍ഗാമികളുമാണ് കോണ്‍ഗ്രസ്, മുസ്ലിംലീഗ്, മുജാഹിദ്, എം.ഇ.എസ് പ്രസ്ഥാനങ്ങളുടെ അമരക്കാരായി പിന്നീട് മാറിയത്. ആധുനിക കേരളത്തിലെ മുസ്ലിമിന്‍െറ മനോഭാവരൂപവത്കരണത്തിലും ശാക്തീകരണത്തിലും ഈ പ്രസ്ഥാനങ്ങള്‍ക്കുള്ള പങ്ക് അനിഷേധ്യമാണ്. 
1934ല്‍ ഐക്യസംഘം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചുവെങ്കിലും അതുണ്ടാക്കിയ ചലനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഐക്യസംഘത്തിന്‍െറ പരിപാടികളില്‍ മതപ്രബോധനത്തിന് കാര്യമായ ഇടമുണ്ടായിരുന്നില്ല. ഐക്യസംഘത്തിന്‍െറ രൂപവത്കരണത്തിന് മുമ്പ്, മക്തി തങ്ങള്‍ ക്രൈസ്തവ മിഷനറിയുടെ മതപ്രബോധനങ്ങള്‍ക്ക് തത്തുല്യ രീതിയില്‍ മറുപടി നല്‍കിയിരുന്നുവെങ്കിലും ഐക്യസംഘം ആ വഴി തുടര്‍ന്നിരുന്നില്ല. സാമൂഹിക നവീകരണത്തിനായിരുന്നു അത് പ്രാമുഖ്യം കൊടുത്തത്. മുപ്പതുകളുടെ അവസാനത്തോടെ, കേരള ജംഇയ്യത്തുല്‍ ഉലമക്ക് സംഘടിത എതിരാളികള്‍ രംഗത്തുവന്നു. മതപരമായ വിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തു. വിശ്വാസജീര്‍ണതകളെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ പിന്നീട് ആചാരങ്ങളെയും കര്‍മാനുഷ്ഠാനങ്ങളിലെ സൂക്ഷ്മാംശങ്ങളെയും പറ്റിയായി. അങ്ങനെ കാലക്രമത്തില്‍ സാമൂഹികോദ്ധാരണവും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സ്ത്രീ ശാക്തീകരണവുമെല്ലാം ക്ഷയിക്കുകയും തല്‍സ്ഥാനത്ത് മതാത്മക പ്രബോധനം ശക്തിപ്പെടുകയും ചെയ്തു. അതിനിടെ ഐക്യസംഘം സ്ഥാപക നേതാവും ആത്യന്ത ജനറല്‍ സെക്രട്ടറിയുമായിരുന്ന മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജിയെപോലുള്ളവര്‍ നിര്‍ജീവമാകുകയും ചെയ്തു.

സംഘടനകളുടെ സുവര്‍ണകാലം
20ാം നൂറ്റാണ്ടിന്‍െറ മധ്യകാലംതൊട്ടാണ് കേരളത്തില്‍ നിരവധി മുസ്ലിം സംഘടനകള്‍ പിറവിയെടുക്കുന്നത്. 1924ല്‍ രൂപവത്കൃതമായ ജംഇയ്യത്തുല്‍ ഉലമയുടെ ആശയാടിത്തറയില്‍ രൂപവത്കരിക്കപ്പെട്ട ബഹുജന സംഘടനയാണ് കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം -1950). അതിന് രണ്ടുവര്‍ഷം മുമ്പ് തന്നെ ജമാഅത്തെ ഇസ്ലാമിയുടെ കേരളഘടകം നിലവില്‍ വന്നു കഴിഞ്ഞിരുന്നു. കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുരോഗമന നിലപാടില്‍ പ്രതിഷേധിച്ച് വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തില്‍ 1926ല്‍ രൂപവത്കരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, അതിന്‍െറ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി 1954ല്‍ സുന്നി യുവജനസംഘത്തിന് രൂപംനല്‍കി. പുരോഗമന പക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വിദ്യാഭ്യാസ പ്രചാരണ പ്രസ്ഥാനം എന്ന നിലയില്‍ 1964ല്‍ മുസ്ലിം എജുക്കേഷനല്‍ സൊസൈറ്റി നിലവില്‍ വന്നു. മുസ്ലിം സര്‍വിസ് സംഘടനയായ എം.എസ്.എസ് 1980ലും രൂപവത്കരിക്കപ്പെട്ടു. ഇതിനിടെ ഇപ്പറഞ്ഞ എല്ലാ സംഘടനകള്‍ക്കും വിദ്യാര്‍ഥി യുവജന പോഷക വിഭാഗങ്ങളും രൂപവത്കരിക്കപ്പെട്ടിരുന്നു. സുന്നി സംഘടനകള്‍ ഒഴികെയുള്ളവ, വനിതാഘടകങ്ങള്‍ക്കും രൂപം നല്‍കി.

ഡോ.ഹുസൈന്‍ മടവൂര്‍, ചേകന്നൂര്‍ മൗലവി, മഅ്ദനി
 

നിരവധി സംഘടനകളുടെ ആവിര്‍ഭാവം പള്ളികള്‍, മതപഠന സൗകര്യത്തിനുള്ള മദ്റസകള്‍, അറബി/മത ഉന്നത മതപഠന കേന്ദ്രങ്ങള്‍ മുതലായവ സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് കാരണമായിട്ടുണ്ട്. എണ്ണത്തില്‍ കുറവാണെങ്കിലും സെക്കുലര്‍ കോളജുകളും സ്കൂളുകളും ഈ കാലയളവില്‍ സ്ഥാപിതമായി. ഓരോ സംഘടനയും പ്രസാധനാലയങ്ങളും പത്രപ്രസിദ്ധീകരണങ്ങളും ആരംഭിച്ചു. ശൃംഖലിതവും വ്യവസ്ഥാപിതവുമായ സംഘടനാ സംവിധാനം ആസൂത്രണംചെയ്ത് സംഘടനകള്‍ അവയുടെ അടിത്തറ വിപുലീകരിച്ചു. അംഗബാഹുല്യം വര്‍ധിച്ചതോടെ പരിപാടികള്‍ക്ക് ശക്തിപ്രകടനത്തിന്‍െറ സ്വഭാവം വന്നുതുടങ്ങി. മുസ്ലിം സമുദായത്തിന്‍െറ പൊതുവായ സമുദ്ധാരണം എന്ന ലക്ഷ്യത്തില്‍നിന്ന് മാറി സംഘടനകള്‍ പരസ്പരം മത്സരിക്കുന്ന അവസ്ഥയിലത്തെി. എണ്ണത്തിന് വലിയ വിലയുള്ള ഒരു ജനാധിപത്യക്രമത്തില്‍ രാഷ്ട്രീയ-അധികാര കേന്ദ്രങ്ങളെ തങ്ങളുടെ അംഗബലം ബോധ്യപ്പെടുത്താന്‍ സംഘടനകള്‍ ശ്രമിക്കുക സ്വാഭാവികമാണ്. ഭരണാധികാരികളെയും രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മഹാസമ്മേളനങ്ങള്‍ സംഘടനകളുടെ പതിവ് പരിപാടികളില്‍ ഇടംപിടിക്കുന്നത് അങ്ങനെയാണ്. അതേസമയം, വ്യത്യസ്ത ജാതി, മത, രാഷ്ട്രീയ ആശയക്കാരായ പൊതുപ്രവര്‍ത്തകരെ തങ്ങളുടെ വേദിയില്‍ കൊണ്ടുവരുകവഴി കേരളത്തിലെ മുഖ്യധാരാ മതസംഘടനകള്‍ പൊതു മണ്ഡലവുമായി ഈടുറ്റ ബന്ധം സൂക്ഷിക്കുന്നു എന്ന ധനാത്മകവശവും കാണാതിരുന്നുകൂടാ.
മതസംഘടനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഗൗരവമുള്ളതും നിസ്സാരമായതുമായ വിഷയങ്ങളിലുള്ള അഭിപ്രായ ഭിന്നത നേര്‍ക്കുനേരെയുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുന്ന കാഴ്ചയാണ് എഴുപതുകള്‍ക്കു ശേഷമുണ്ടായത്. അഭിപ്രായഭിന്നതയും വീക്ഷണ വ്യത്യാസങ്ങളും ഉണ്ടായിരിക്കേതന്നെ പരസ്പരം മര്യാദയോടെ സംവദിക്കുകയും വിയോജിപ്പില്ലാത്ത വിഷയങ്ങളില്‍ യോജിക്കുകയും ചെയ്യുന്ന മുന്‍കാല അനുഭവങ്ങള്‍ തിരസ്കൃതമായി. കക്ഷിത്വവും അതിരുവിട്ട സംഘടനാ ശാഠ്യങ്ങളും പൊതുവില്‍ മത കാര്‍ക്കശ്യത്തിന് വളമായിട്ടുണ്ട്.

ഗള്‍ഫ് പ്രവാസവും ആഗോള ഇസ്ലാമും
അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ കണ്ടത്തെിയതോടെ എഴുപതുകളില്‍ കേരളത്തില്‍നിന്ന് വിശിഷ്യാ മലബാറില്‍നിന്ന് അങ്ങോട്ട് കുടിയേറുന്നവരുടെ എണ്ണം പെരുകി. എണ്‍പതുകളില്‍ സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ മലയാളി പ്രവാസികളുടെ സംഘടിത കൂട്ടായ്മകള്‍ നിലവില്‍ വന്നുതുടങ്ങി. കേരളത്തിലുള്ള മിക്ക മതസംഘടനകള്‍ക്കും പ്രവാസി വിങ്ങുകളുണ്ടായി. അത്തരം പ്രവാസിസംഘടനകള്‍ ഗള്‍ഫ് രാജ്യങ്ങളിലെ മതകാര്യ കേന്ദ്രങ്ങളുമായി ബന്ധം സ്ഥാപിക്കുകയും അവരുടെ ശൈലിയും സമീപനങ്ങളും അല്‍പാല്‍പമായി പിന്തുടരുകയും ചെയ്യാന്‍ തുടങ്ങി. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രമുഖ പണ്ഡിതന്മാര്‍ സലഫി ആശയധാരയുമായി ആഭിമുഖ്യമുള്ളവരോ ബ്രദര്‍ഹുഡ് ആശയങ്ങളുമായി ആഭിമുഖ്യമുള്ളവരോ ആണ്. എണ്‍പതുകളില്‍ ഇവ രണ്ടും കൂടിക്കലര്‍ന്ന ചിന്താഗതി പുലര്‍ത്തുന്നവരുമുണ്ടായി. ഇത്തരം പണ്ഡിതരുടെ ചിന്തകള്‍ക്കും പുസ്തകങ്ങള്‍ക്കും മലയാളികളില്‍ വലിയ സ്വീകാര്യത ലഭിക്കുകയും അവര്‍ അവ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്ത് കേരളത്തിലെ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. എത്ര വലിയ പണ്ഡിതന്മാരായാലും അവര്‍ എഴുതുന്ന ലേഖനങ്ങള്‍ക്കും നല്‍കുന്ന ഫത്വകള്‍ക്കും അവര്‍ ജീവിക്കുന്ന പരിസരത്തിന്‍െറ പരിമിതികളെ മറികടക്കാനാകില്ല. അറേബ്യന്‍ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ലേഖനങ്ങളും പുസ്തകങ്ങളും ഇന്ത്യപോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടാക്കും. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഇസ്ലാമിക സര്‍വകലാശാലകള്‍ സൗജന്യ ഇസ്ലാമിക പഠനത്തിന് വാതിലുകള്‍ തുറന്നതിന്‍െറ ഫലമായി കേരളത്തില്‍നിന്ന് ആ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ ധാരാളം പേര്‍ക്ക് അവസരം ലഭിച്ചതും അവിടെ നിലനില്‍ക്കുന്ന ഇസ്ലാമിക ചിന്തകളും നിലപാടുകളും മലയാളികളിലേക്ക് സംക്രമിക്കാനിട നല്‍കി. ഫലത്തില്‍ തദ്ദേശീയമായ ഇസ്ലാമികാവബോധത്തിനും പ്രവര്‍ത്തനരീതിക്കും ഇളക്കം തട്ടുകയും ഒരു ‘വിദേശ റോള്‍മോഡല്‍’ സ്വാധീനം നേടുകയും ചെയ്തു. പില്‍ക്കാലത്ത് ഗള്‍ഫ് പിന്തുണയോടെ കേരളത്തില്‍ വളര്‍ന്നുവന്ന സ്ഥാപനങ്ങള്‍ക്കും സംഘടനാ സംസ്കാരത്തിനും മുകളില്‍ അത്തരമൊരു മാതൃകയുടെ സ്വാധീനം പ്രകടമായി കാണാം.
ഗള്‍ഫ് ബന്ധം ശക്തിപ്പെട്ടതുമുതലാണ് കേരളത്തില്‍ നടക്കുന്ന മത സമ്മേളനങ്ങളില്‍ അറബ് ശൈഖുമാരുടെ സാന്നിധ്യം പതിവ് അലങ്കാരമായി മാറിയത്. 1921 മുതല്‍ നടന്ന ഐക്യസംഘത്തിന്‍െറ പന്ത്രണ്ട് വാര്‍ഷിക സമ്മേളനങ്ങളില്‍ ഒന്നില്‍പോലും ഒരു അറബ് പ്രതിനിധി പങ്കെടുത്തിരുന്നില്ല. ഏതാണ്ട് അറുപതുകള്‍വരെ ഈ നിലതന്നെയാണ് തുടര്‍ന്നത്. എന്നാല്‍, എഴുപതുകള്‍ക്കുശേഷം പ്രമുഖ മതവിഭാഗങ്ങളുടെ സമ്മേളനങ്ങളില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ അറബ് ശൈഖുമാര്‍ പങ്കെടുത്തു. പ്രസംഗകരായും അതിഥികളായും പ്രതിനിധികളായും വ്യത്യസ്ത മതക്കാരും സ്ത്രീകളുമുള്‍പ്പെടെയുള്ള ബഹുജനങ്ങളും പങ്കെടുക്കുന്നത് അവര്‍ക്ക് പുതിയ അനുഭവമായിരുന്നു. ചിലര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍പോലും സാധിക്കാതെവരുകയും ചെയ്തിരിക്കാം. എന്തായാലും അവരുടെ സമീപനങ്ങള്‍ക്ക് അനുയോജ്യമായ മാറ്റങ്ങള്‍ തങ്ങളുടെ നിലപാടില്‍ വരുത്താന്‍ മുസ്ലിം സംഘടനകള്‍ തയാറായി എന്നുതന്നെ പറയാം. ഇക്കാര്യത്തില്‍ കേരളത്തിലെ പ്രമുഖ മതസംഘടനകളെല്ലാം സമാന നിലപാട് തന്നെയാണ് പിന്തുടര്‍ന്നത്.

രണ്ടു പിളര്‍പ്പുകള്‍
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ 1989ല്‍ പിളര്‍ന്നത് കേരള മുസ്ലിംകളുടെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍ വമ്പിച്ച പ്രത്യാഘാതമുണ്ടാക്കിയിട്ടുണ്ട്. 1985ലെ ഷാബാനു കേസ് വിധിയെ തുടര്‍ന്ന് രൂപവത്കരിക്കപ്പെട്ട മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡിന്‍െറ നേതാക്കളായ അബുല്‍ ഹസന്‍ അലി നദ്വിയും മുജാഹിദുല്‍ ഇസ്ലാം സാഹിബും കേരളം സന്ദര്‍ശിച്ചപ്പോള്‍ എല്ലാ മതസംഘടനകളും ഒന്നിച്ച് കോഴിക്കോട് വെച്ച് ഒരു വിശദീകരണ യോഗം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതാണ് ‘സമസ്ത’ പിളര്‍പ്പിലേക്ക് നയിച്ച പ്രധാനഘടകം. മുജാഹിദ്, ജമാഅത്ത്, സമസ്ത നേതാക്കള്‍ ഒരുമിച്ചാണ് ആ യോഗത്തിന് ആതിഥേയത്വം വഹിച്ചത്. എന്നാല്‍, മുജാഹിദിനും ജമാഅത്തിനുമൊപ്പം സമസ്തയുടെ അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ പങ്കെടുത്തതിനെതിരെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ഒരു വിമതസംഘം രംഗത്തു വന്നു. നേരത്തേതന്നെ മുസ്ലിംലീഗില്‍ മുജാഹിദിന്‍െറ അതിപ്രസരമുണ്ടെന്നും അതിനാല്‍ ലീഗിനോട് അകലം പാലിക്കണമെന്നും കാന്തപുരത്തിന്‍െറ നേതൃത്വത്തില്‍ ഒരു വിഭാഗം വാദിക്കുന്നുണ്ടായിരുന്നു. ഈ അഭിപ്രായസംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിച്ച് 1989 ഫെബ്രുവരി 18ന് സമസ്ത മുശാവറ എ.പി. അബൂബക്കര്‍ മുസ്ലിയാരെ സംഘടനയില്‍നിന്ന് പുറത്താക്കി. അതു മുതല്‍ അദ്ദേഹവും അനുയായികളും സംഘടിച്ച് ബദല്‍സംഘടന രൂപവത്കരിക്കുകയും ചെയ്തു.
സമസ്തയുടെ പിളര്‍പ്പ് സംഘടനാപരവും ആദര്‍ശപരവുമായ കാര്‍ക്കശ്യത്തിലേക്ക് സമുദായത്തെ എടുത്തെറിയുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പരസ്പരം സലാം (അഭിവാദ്യം) അര്‍പ്പിക്കുന്നതുപോലും നിഷിദ്ധമാണെന്ന് ഒരു വിഭാഗം വാദിച്ചു. പള്ളികളും സ്ഥാപനങ്ങളും സംരക്ഷിക്കുന്നതിനും പിടിച്ചടക്കുന്നതിനുംവേണ്ടി ഇരു വിഭാഗങ്ങളും തമ്മില്‍ സംഘട്ടനങ്ങളും കൊലപാതകങ്ങളും അരങ്ങേറി. തങ്ങളുടെ ആസ്തികള്‍ സംരക്ഷിക്കാന്‍വേണ്ടി കാന്തപുരം വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ചു എന്ന് പറയപ്പെടുന്ന സുന്നി ടൈഗര്‍ ഫോഴ്സ് ത്രീവപ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദികുറിച്ചു. കോഴിക്കോട് മുജാഹിദ് സെന്‍റര്‍ ബോംബാക്രമണം, മുഹിയുദ്ദീന്‍ പള്ളി പിടിച്ചടക്കാന്‍ നടത്തിയ ശ്രമങ്ങള്‍, ചേകന്നൂര്‍ മൗലവിയുടെ തിരോധാനം എന്നിവയിലെല്ലാം സുന്നി ടൈഗര്‍ ഫോഴ്സിന്‍െറ കരങ്ങളുണ്ടെന്ന് സംശയിക്കപ്പെട്ടിട്ടുണ്ട്. ‘സുന്നി ഐഡന്‍റിറ്റി’ സ്വന്തമാക്കാന്‍ മറ്റു മതവിഭാഗങ്ങളോട് കടുത്ത കാര്‍ക്കശ്യം നിലനിര്‍ത്തുകയും പ്രഭാഷണവേദികളിലും പ്രസിദ്ധീകരണങ്ങളിലും ഉഗ്ര നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ കാന്തപുരം വിഭാഗത്തിനെതിരെ മറ്റു സമുദായ സംഘടനകളും ശക്തമായ നിലപാട് കൈക്കൊണ്ടു. ഇത് സമുദായികാന്തരീക്ഷം കലുഷമാക്കാനും പൊതുരംഗം സംഘര്‍ഷഭരിതമാക്കാനും ഇട നല്‍കുകയും ചെയ്തു.
ഐക്യസംഘത്തിന്‍െറ പാരമ്പര്യം അവകാശപ്പെടുമ്പോഴും എഴുപതുകള്‍ക്കുശേഷം കേരളത്തിലെ മുജാഹിദ് സംഘടനയില്‍ ഒരു വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങിയിരുന്നു. ആശയത്തിലും നിലപാടിലും അതേറെ സങ്കോചിച്ചു. തനിമയുള്ള തദ്ദേശീയ നവോത്ഥാന പാരമ്പര്യങ്ങളില്‍നിന്ന് അത് അറേബ്യന്‍ സലഫിസത്തോട് കടുത്ത ആഭിമുഖ്യം കാട്ടിത്തുടങ്ങി. മുജാഹിദ് പ്രസ്ഥാനം പൊതുവില്‍ കൈക്കൊണ്ട വിശാലവും ഉദാരവുമായ കാഴ്ചപ്പാട്, ഗള്‍ഫ് സലഫിസവുമായി താളപ്പെടുന്നതായിരുന്നില്ല. മതപ്രമാണങ്ങള്‍ക്ക് യുക്തിപരമായ വ്യാഖ്യാനങ്ങള്‍ നല്‍കി രംഗത്തുവന്ന സി.എന്‍. അഹ്മദ് മൗലവിയുടെയും ചേകന്നൂര്‍ മൗലവിയുടെയുമൊക്കെ നിലപാടുകള്‍, മുജാഹിദ് സംഘടനക്കകത്ത് ‘അക്ഷരവാദ’ സമീപനം പുലര്‍ത്തുന്ന ഒരു ധാര രൂപപ്പെടുന്നതിന് ന്യായീകരണവുമായിത്തീര്‍ന്നു. മുകളില്‍ വിവരിച്ച ഗള്‍ഫ് ബന്ധങ്ങളുടെ തീക്ഷ്ണത ഏറ്റവും കൂടുതല്‍ ബാധിച്ചത് മുജാഹിദ് പ്രസ്ഥാനത്തെയായിരുന്നു.
തൊണ്ണൂറുകളില്‍ മുജാഹിദ് യുവജന വിഭാഗമായ ഐ.എസ്.എം, ശക്തമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഹുസൈന്‍ മടവൂരിന്‍െറ നേതൃത്വത്തില്‍ യുവസംഘടന സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ രംഗങ്ങളില്‍ ഉജ്ജ്വലമായ ഇടപെടലുകള്‍ നടത്തിവരുകയായിരുന്നു.
പരിസ്ഥിതി സംരക്ഷണം, അഗതി സംരക്ഷണം, ഫാഷിസത്തിനെതിരിലുള്ള കൂട്ടായ്മകള്‍, മെഡിക്കല്‍ സഹായ സംരംഭങ്ങള്‍, സ്പോര്‍ട്സ് മീറ്റുകള്‍ തുടങ്ങി അക്കാലത്ത് നടത്തപ്പെട്ട വൈവിധ്യമാര്‍ന്ന പദ്ധതികള്‍ സലഫി രീതിശാസ്ത്ര (മന്‍ഹജ്) മനുസരിച്ച് തെറ്റാണെന്ന് വാദമുയര്‍ന്നു. സംഘടനക്കകത്ത് രൂപപ്പെട്ടുവന്ന ‘സലഫി ധാര’യാണ് ആ വാദം ശക്തമായി ഉന്നയിച്ചത്. മത പ്രബോധനവും ഏകദൈവാരാധന (തൗഹീദ്)യുടെ പ്രചാരണവുമൊഴിച്ചുള്ള പരിപാടികള്‍ സലഫി വിരുദ്ധമാണെന്ന് അവര്‍ സംഘടനാവേദികളില്‍ ഉന്നയിച്ചു. ഈ വാദം തെളിയിക്കാന്‍ ഗള്‍ഫ് സലഫി മുഫ്തിമാരുടെ ഫത്വകളും പ്രബന്ധങ്ങളുമാണവര്‍ തെളിവ് ഹാജരാക്കിയത്. 1991 മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിശിഷ്യാ സൗദി അറേബ്യയില്‍ സലഫികള്‍ക്കിടയിലുണ്ടായ അഭിപ്രായ ഭിന്നതകളുടെയും തര്‍ക്കങ്ങളുടെയും പശ്ചാത്തലത്തില്‍ എഴുതപ്പെട്ട പ്രബന്ധങ്ങളുടെയും കൃതികളുടെയും ചുവട് പിടിച്ചാണ് കേരളത്തിലും മുജാഹിദ് സംഘടനയില്‍ അഭിപ്രായ സംഘര്‍ഷത്തിന് സൈദ്ധാന്തികന്യായം ചമയ്ക്കപ്പെട്ടത്. ഒടുവില്‍ ഹുസൈന്‍ മടവൂരിന്‍െറ പ്രവര്‍ത്തനങ്ങളിലും യുവജന പ്രസ്ഥാനത്തിന്‍െറ രീതിശാസ്ത്രത്തിലും സലഫിസത്തില്‍നിന്നുള്ള വ്യതിയാനമുണ്ടായിട്ടുണ്ടെന്ന വാദം അംഗീകരിച്ച് 2002ല്‍ കേരള നദ്വത്തുല്‍ മുജാഹിദീന്‍ യുവജനവിഭാഗത്തെ പിരിച്ചുവിട്ടു. ഹുസൈന്‍ മടവൂരിന്‍െറ നേതൃത്വത്തിലുള്ള വിഭാഗം സംഘടിക്കുകയും അതേ പേരില്‍ മുന്നോട്ടുപോകുകയും ചെയ്തു. മുജാഹിദ് സംഘടനയിലെ പിളര്‍പ്പും കേരളത്തിലെ മുസ്ലിം സമുദായത്തിനകത്ത് വലിയ ഉലച്ചിലുകളുണ്ടാക്കി. രാഷ്ട്രീയവും സാമൂഹികവുമായ നിരവധി പ്രത്യാഘാതങ്ങളാണ് അതിനെതുടര്‍ന്ന് ഉണ്ടായിത്തീര്‍ന്നത്.

ന്യൂനപക്ഷ തീവ്രവാദവും ബാബരി ധ്വംസനവും
സംഘടനാ പിളര്‍പ്പിന്‍െറ ബാക്കിപത്രമായി കേരളത്തിലെ മതസംഘടനകള്‍ക്കിടയില്‍ കാര്‍ക്കശ്യവും തീവ്രതയുമുണ്ടായെങ്കിലും അത് സമുദായത്തിനു വെളിയില്‍ കാര്യമായ ആകുലതകള്‍ സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍, രാമജന്മഭൂമി തര്‍ക്കത്തിന്‍െറ പശ്ചാത്തലത്തില്‍ കേരളത്തില്‍ അങ്ങിങ്ങ് ഉയര്‍ന്നുവന്ന ‘ന്യൂനപക്ഷ തീവ്രവാദ’ സംഘടനകളും അതിന്‍െറ രൂപവത്കരണത്തിന് വഴിയൊരുക്കിയ തീപ്പൊരി പ്രഭാഷണങ്ങളും മുസ്ലിം സമുദായത്തിലെ യുവാക്കളില്‍ ആദ്യമായി പ്രതിലോമകരമായ ചിന്തക്ക് വിത്തിട്ടു. ആര്‍.എസ്.എസിനു ബദലായി ഐ.എസ്.എസ് എന്ന പേരില്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട തീവ്ര പ്രതിരോധ സംഘം സമൂഹത്തില്‍ കടുത്ത ആശങ്കകളാണ് വിതച്ചത്. 1992ല്‍ ബാബരി മസ്ജിദിന്‍െറ തകര്‍ച്ചയോടെ ‘ന്യൂനപക്ഷ തീവ്രവാദം’ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു. ബാബരി ധ്വംസനത്തെ തുടര്‍ന്ന് ബി.ജെ.പിക്ക് ദേശീയ തലത്തിലുണ്ടായ വളര്‍ച്ച, സംഘപരിവാരത്തിന്‍െറ മുന്നേറ്റം, 2002ലെ ഗുജറാത്ത് കലാപം തുടങ്ങിയ ഘടകങ്ങള്‍ കേരളത്തിലും ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഭീതിയുളവാക്കുകയും തീവ്രമായ സ്വത്വവിചാരങ്ങളിലേക്ക് തിരിയാന്‍ അവ കാരണമാകുകയും ചെയ്തു. ഐ.എസ്.എസ് നിരോധിക്കപ്പെട്ട ശേഷം അബ്ദുന്നാസിര്‍ മഅ്ദനി 1993ല്‍ പി.ഡി.പി രൂപവത്കരിച്ച് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞുവെങ്കിലും വിവിധ സ്ഫോടനക്കേസുകളില്‍ കുറ്റം ചാര്‍ത്തപ്പെട്ട് 1998 മുതല്‍ ദീര്‍ഘകാലമായി അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. 1993ല്‍തന്നെയാണ് നാഷനല്‍ ഡെവലപ്മെന്‍റ് ഫ്രണ്ട് (എന്‍.ഡി.എഫ്) രൂപവത്കരിക്കപ്പെട്ടതും. പൈപ്പ്ബോംബ്, കൊലക്കേസ് ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ എന്‍.ഡി.എഫ് പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ന്യൂമാന്‍ കോളജിലെ മലയാള അധ്യാപകനായ പ്രഫ.ടി.ജെ. ജോസഫിന്‍െറ കൈവെട്ടിയ സംഭവം, മതതീവ്രവാദ കേസുകളില്‍ ദേശീയ തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട സംഭവമാണ്. ഈ സംഭവത്തിലെ പ്രതികള്‍ എന്‍.ഡി.എഫ് (പോപ്പുലര്‍ ഫ്രണ്ട്) ആയിരുന്നു.


കേരളത്തിലെ മുസ്ലിം മുഖ്യധാര ഇത്തരത്തിലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനകളെയും പ്രവര്‍ത്തനങ്ങളെയും ഒറ്റക്കെട്ടായി എതിര്‍ത്തിട്ടുണ്ട്. ആത്മഹത്യാപരമായ നീക്കമാണ് ന്യൂനപക്ഷ തീവ്രവാദത്തിന്‍െറ ലേബലില്‍ നടക്കുന്ന സംഘാടനമെന്ന നിലപാടാണ് പ്രമുഖ സംഘടനകളെല്ലാം തുടക്കംമുതല്‍ക്കുതന്നെ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ സമുദായത്തിന്‍െറ പൊതുസ്വീകാര്യത നേടാനോ മുഖ്യധാരയില്‍ ഇടം നേടാനോ വ്യാപകമായി യുവജനങ്ങളെ ആകര്‍ഷിക്കാനോ ഇത്തരം സംഘങ്ങള്‍ക്ക് സാധിച്ചിട്ടില്ളെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഈ സംഘടനകളും തീവ്രതയുടെ പാതവിട്ട് നിയമാനുസൃത രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോള്‍.

ആത്മീയ തീവ്രതയും നവസലഫിസവും
1991ലെ ഗള്‍ഫ്യുദ്ധത്തിന്‍െറ പശ്ചാത്തലത്തില്‍ ഗള്‍ഫ്രാജ്യങ്ങളിലെ സലഫിധാരകള്‍ക്കകത്ത് പൊട്ടിത്തെറി ഉടലെടുത്തു. സദ്ദാമിനെ നേരിടാന്‍ പാശ്ചാത്യ ശക്തികളുമായി സഖ്യമുണ്ടാക്കുന്നതിനെ എതിര്‍ക്കുന്ന ഒരു വിഭാഗം ഉയര്‍ത്തിയ കലാപമാണ് ഇതിന്‍െറ അടിത്തറ. ബ്രദര്‍ഹുഡിന്‍െറ സ്വാധീനവലയത്തില്‍പെട്ട സലഫികളാണ് ഭരണകൂടവിരുദ്ധ നിലപാടുമായി ഇറങ്ങിയതെന്ന ആക്ഷേപമുണ്ട്. അതില്‍പെട്ട ഒരു വിഭാഗമാണ് സായുധ ജിഹാദിന്‍െറ വഴി തേടിയത്. സലഫികള്‍ക്കിടയില്‍ മൂന്നു തരം നിലപാടുകളാണ് പ്രബലമായി രൂപപ്പെട്ടത് എന്ന് സാമാന്യമായി പറയാം. എല്ലാ സാമൂഹിക ഇടപെടലുകളില്‍നിന്നും ഉള്‍വലിഞ്ഞ, സാത്ത്വികരും അരാഷ്ട്രീയവാദികളുമായ ഒരു വിഭാഗം. സായുധ ജിഹാദിലൂടെ പാശ്ചാത്യ ശക്തികളെ നേരിടണമെന്ന വാദമുള്ള ഒരു വിഭാഗം. ഇതിനിടയിലെ മധ്യമാര്‍ഗം സ്വീകരിച്ച മുഖ്യധാരാ വിഭാഗം.
2002ലെ പിളര്‍പ്പിനെ തുടര്‍ന്ന് ഗള്‍ഫിലെ ഈ സലഫി ആശയധാരകള്‍ കേരളത്തിലേക്ക് നുഴഞ്ഞുകയറാന്‍ തുടങ്ങി. പിളര്‍പ്പിന്‍െറ ഘട്ടത്തില്‍ മുജാഹിദ് സംഘടനക്ക് സലഫിസത്തില്‍നിന്ന് വ്യതിയാനമുണ്ടായിട്ടുണ്ടെന്ന വാദം മുന്നോട്ടുവെച്ച സുബൈര്‍ മങ്കട, പിളര്‍ന്നശേഷം അധികം വൈകാതെ അനുയായികളോടൊപ്പം ആശ്രമജീവിതത്തിന്‍െറ വഴി തിരഞ്ഞെടുക്കുകയായിരുന്നു. മതത്തിന്‍െറ പേരില്‍ സംഘടന രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നത് നിഷിദ്ധമാണെന്നായി അദ്ദേഹത്തിന്‍െറ വാദം. മറ്റൊരു വിഭാഗം, സലഫി വിശ്വാസ രീതിയനുസരിച്ച് അദൃശ്യ ജീവികളായ ജിന്ന്, പിശാചുക്കളോട് സഹായാഭ്യര്‍ഥന നടത്തുന്നത് നിഷിദ്ധമല്ല (ശിര്‍ക്ക്) എന്ന ദൈവശാസ്ത്ര പ്രശ്നത്തിന്‍െറ പേരിലാണ് വിഘടിച്ച് പോയത്. ഈ തുടര്‍പിളര്‍പ്പുകളുണ്ടായത് കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംഘടനയിലായിരുന്നു. സമസ്ത പിളര്‍ന്നുവെങ്കിലും ഇതുപോലെ തുടര്‍ പിളര്‍പ്പുകളുണ്ടാവാത്തതിനു കാരണം ആശയപരമായ സംഘട്ടനങ്ങള്‍ അത്രമേല്‍ അവയെ ബാധിച്ചിരുന്നില്ല എന്നതാകാം.
ഈ ലേഖനത്തിന്‍െറ തുടക്കത്തില്‍ വിശദീകരിച്ച അതിസമ്പന്നമായ നവോത്ഥാന പാരമ്പര്യമുള്ള ഒരു സംഘടന എന്തുകൊണ്ട് ഇവ്വിധം പിളര്‍പ്പുകളിലേക്ക് വഴിമാറി? കേരളീയമായ സവിശേഷ സന്ദര്‍ഭത്തില്‍ ഉരുത്തിരിഞ്ഞുവന്ന ഒരു പ്രസ്ഥാനത്തിലേക്ക് തീര്‍ത്തും വിരുദ്ധസാഹചര്യത്തിലുള്ള വരണ്ട ആശയങ്ങള്‍ തിരുകിക്കയറ്റാന്‍ നടത്തിയ ശ്രമങ്ങളുടെ പരിണതിയെന്നേ അതിനെ നിരീക്ഷിക്കാന്‍ കഴിയൂ. ഒരു മതേതര, ബഹുസ്വര സമൂഹത്തിന് യോജിച്ച സഹവര്‍ത്തിത്വത്തിന്‍െറ പാഠങ്ങളാണ് ഐക്യസംഘം പകര്‍ന്നുനല്‍കിയതെങ്കില്‍ നവസലഫിസം ബഹുസ്വരതയെ അപ്പാടെ നിഷേധിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തിലെ മുസ്ലിംകളിലെ യാഥാസ്ഥിതിക വിഭാഗം സ്വീകരിച്ച നിലപാടുകളും വാദങ്ങളുമാണ് ഇപ്പോള്‍ നവസലഫികള്‍ ഉന്നയിക്കുന്നത്. 
സ്ത്രീകള്‍ പൊതുഇടങ്ങളില്‍ വന്നുകൂടാ, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൂടാ, മുഖംമൂടി അണിയാതെ പുറത്തിറങ്ങരുത്, സംഗീതം നിഷിദ്ധം, ഓണം, വിഷു ആശംസിക്കുന്നതുപോലും ഹറാം, ക്രിസ്തുവര്‍ഷം കാലഗണനക്ക് സ്വീകരിക്കരുത് എന്നിങ്ങനെ പോകുന്നു ഇവര്‍ പ്രചരിപ്പിക്കുന്ന അതിവാദങ്ങള്‍. ഇത്തരം പ്രബോധനങ്ങളില്‍ കാല്‍തെറ്റിവീണ യുവാക്കളാണ് ഈ രാജ്യം ജീവിക്കാന്‍ കൊള്ളില്ളെന്ന് ചിന്തിച്ച് ശുദ്ധ സ്വര്‍ഗരാജ്യം തേടി നാടുവിട്ടു പോയത്. നാടുവിടലിനുമുണ്ട്, നവസലഫി തീവ്രവാദത്തിന് പ്രാമാണിക ന്യായം! ദൈവ വിരുദ്ധമായ സാമൂഹിക ക്രമത്തില്‍നിന്ന് ‘കളങ്കരഹിതമായ’ ഇസ്ലാമിക രാജ്യത്തിലേക്കുള്ള പുണ്യ പലായനമാണത്രെ ഇത്! മതത്തിന്‍െറ പേരില്‍ കഠിനമായ കാര്‍ക്കശ്യങ്ങള്‍ പരത്തി വിടുന്ന എല്ലാവര്‍ക്കും, വിവേകം കൈവിട്ട് നാടുവിട്ട ആ ചെറുപ്പക്കാരെ വഴിതെറ്റിച്ചതില്‍ പങ്കുണ്ട്. വിശ്വാസ, ആചാര, അനുഷ്ഠാന രംഗങ്ങളിലെ തീവ്രത എവിടെ ചെന്നവസാനിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല.

(മാധ്യമം വാര്‍ഷികപ്പതിപ്പ് 2016ല്‍നിന്ന്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salafism
Next Story