Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightനഗ്നതാ പ്രദര്‍ശനം...

നഗ്നതാ പ്രദര്‍ശനം രോഗമോ?

text_fields
bookmark_border
നഗ്നതാ പ്രദര്‍ശനം രോഗമോ?
cancel

സ്കൂള്‍ വിദ്യാര്‍ഥിനികളുടെ മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് മലയാള സിനിമയിലെ പ്രമുഖ യുവനടന്‍ അറസ്റ്റിലായതോടെ സംഭവം വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചൂടുള്ള വാര്‍ത്തയാവുകയും ഒളിഞ്ഞും തെളിഞ്ഞും ചര്‍ച്ചയാവുകയും ചെയ്തിരിക്കുകയാണല്ലോ. അറസ്റ്റിനും വാര്‍ത്തകള്‍ക്കും കാരണമായ നഗ്നതാ പ്രദര്‍ശനം ഇതോടെ വായനക്കാര്‍ക്ക് മുന്നില്‍ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. എന്തിനാണ് ഇത്രയും പ്രശസ്തനായ ഒരു നടന്‍ ഇത്തരം വൃത്തികേടുകള്‍ക്ക് പോകുന്നതെന്ന ചോദ്യം പലരും പരസ്പരം ചോദിക്കുന്നുമുണ്ട്. ഒരു ആഭാസത്തരമെന്നോ വളഷത്തരമെന്നോ കുറ്റകൃത്യമെന്നോ ഒക്കെ പറഞ്ഞ് എഴുതിതള്ളുന്നതിന് മുമ്പായി യഥാര്‍ഥ പ്രശ്നമെന്താണെന്നും സമൂഹത്തില്‍ ഇത്തരം ‘വൃത്തികേടു’കളുടെ സാന്നിധ്യം എത്രത്തോളമുണ്ടെന്നും നമുക്ക് പരിശോധിക്കാവുന്നതാണ്.

എക്സിബിഷനിസ്റ്റിക് ഡിസോഡര്‍ (Exhibitionistic disorder) എന്ന് പൊതുവില്‍ മനശാസ്ത്രം വിളിക്കുന്ന ഒരു രോഗത്തിന്‍െറ ലക്ഷണമാണിത്. അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ ഈ രോഗത്തെ പാരാഫിലിക് ഡിസോഡര്‍ (paraphilic disorders) അഥവാ രതിവൈകൃതങ്ങള്‍ എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒളിഞ്ഞുനോട്ടം, എതിര്‍ലിംഗത്തിലുള്ളവരുടെ അടിവസ്ത്രങ്ങള്‍, നഗ്നത പ്രദര്‍ശനം തുടങ്ങിയവയില്‍ നിന്ന് ലൈംഗിക സംതൃപ്തി കണ്ടെത്തുന്നതിനെയാണ് പാരാഫിലിക് ഡിസോഡര്‍ എന്ന് വിളിക്കുന്നത്.

എന്നാല്‍, എക്സിബിഷനിസ്റ്റിക് ഡിസോഡറിന് മറ്റ് ചില മാനങ്ങള്‍ കൂടിയുണ്ട്. സാമൂഹിക വിരുദ്ധ വ്യക്തിത്വം ഉള്ളവരില്‍ ചിലരും നഗ്നതാ പ്രദര്‍ശനം നടത്താറുണ്ട്. ഇതിന് പിന്നില്‍ മറ്റുള്ളവരെ അപമാനിക്കുക, ഉപദ്രവിക്കുക തുടങ്ങിയ പ്രകൃയകളിലൂടെ ലഭിക്കുന്ന സന്തോഷമാണ് ലക്ഷ്യമിടുന്നത്. ഇക്കൂട്ടര്‍ അവരുടെ പ്രവര്‍ത്തിയിലൂടെ ലൈംഗിക സംതൃപ്തിയല്ല അനുഭവിക്കുന്നത് എന്ന് ചുരുക്കം. അതേസമയം, എക്സിബിഷനിസ്റ്റിക് ഡിസോഡര്‍ എന്ന രോഗമുള്ളവര്‍ നഗ്നതാ പ്രദര്‍ശനത്തിലൂടെ കൃത്യമായി ലൈംഗിക സംതൃപ്തി അനുഭവിക്കുന്നുണ്ട്. അപരിചിതരും ഇത്തരമൊരു അനുഭവം തീരെ പ്രതീക്ഷിക്കാത്തവരുടെ മുന്നിലുമായിരിക്കും ഇവര്‍ ലൈംഗിക അവയവത്തിന്‍െറ പ്രദര്‍ശനം നടത്തുക. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ മുന്നിലും ഇവര്‍ ഇങ്ങിനെ ചെയ്യാറുണ്ട്. നമ്മുടെ നാട്ടില്‍ പുരുഷന്മാരിലാണ് ഈ പ്രവണത കൂടുതല്‍ കണ്ടുവരുന്നതെങ്കില്‍ പാശ്ചാത്യ നാടുകളില്‍ സ്ത്രീകളിലുമുണ്ട് ഈ വൈകല്യം. ചെറിയ പ്രായത്തില്‍ ലൈംഗിക പീഢനങ്ങള്‍ക്ക് വിധേയരായവരില്‍ ഈ രോഗത്തിന് സാധ്യതയേറെയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

തലച്ചോറിന്‍െറ മുന്‍വശത്തായി സ്ഥിതിചെയ്യുന്ന 'ഫ്രോണ്ടല്‍ ലോബ്' (frontal lobe) ലാണ് ഒരു വ്യക്തിയുടെ വികാരങ്ങള്‍ നിയന്ത്രിക്കനുള്ള ശേഷി ഒളിഞ്ഞിരിക്കുന്നത്. പല കാരണങ്ങള്‍ക്കൊണ്ട് ഈ ഭാഗത്തെ പ്രവര്‍ത്തനം മന്ദീഭവിച്ചാല്‍ ആത്മനിയന്ത്രണം നഷ്ടമാവുകയും ഇത്തരം പ്രശ്നങ്ങളിലേക്ക് വഴുതിവീഴുകയും ചെയ്യും. മദ്യവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുമ്പോള്‍ രോഗമുളളയാളാണെങ്കിൽ ഫ്രോണ്ടല്‍ ലോബിന്‍െറ പ്രവര്‍ത്തനം തകരാറുവുകയും അതുവഴി എക്സിബിഷനിസത്തിയേക്ക് നയിക്കപ്പെടുകയും ചെയ്യാറുണ്ട്. ഇങ്ങിനെയുള്ളവരെ മനോരോഗികളാണെന്ന് വൈദ്യശാസ്ത്രം വിളിക്കുമെങ്കിലും സമൂഹം ഇക്കൂട്ടരെ ക്രിമിനലുകളായാണ് നേരിടുന്നത്. ഇത്തരം കേസുകളില്‍ പൊതുജനത്തില്‍ നിന്നുള്ള മര്‍ദ്ദനം, അറസ്റ്റ്, കേസ്, ജയില്‍ശിക്ഷ എന്നിവയെല്ലാം അനുഭവിച്ചു കഴിഞ്ഞാലും ‘രോഗി’ വീണ്ടും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്നതായാണ് കണ്ടുവരുന്നത്.

ശരിയായ മനഃശാസ്ത്ര ചികിത്സ ആവശ്യമായ ഈ പ്രശ്നം ശിക്ഷകളിലൂടെ പരിഹരിക്കാനാണ് സമൂഹവും നിയമ സംവിധനവും എല്ലായിപ്പോഴും ശ്രമിക്കുന്നത്. അതേസമയം, ഇത്തരം വൈകൃതങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുകയും സമൂഹത്തിന്‍െറ സ്വച്ഛത ഇല്ലാതാക്കുകയും ചെയ്യുന്നതിനാല്‍ രോഗത്തിന്‍െറ ആനുകൂല്യം നല്‍കി ഒഴിവാക്കാനും നിയമപാലകര്‍ക്ക് കഴിയില്ല.

ഇതുപോലെയുള്ള സംഭവങ്ങള്‍ അപൂര്‍വമായി മാത്രമാണ് വാര്‍ത്തയാകാറുള്ളുവെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഇത്തരം മാനസിക വൈകല്യങ്ങള്‍ ഉള്ളവര്‍ ചെറിയൊരു ശതമാനമെങ്കിലുമുണ്ടെന്ന് ചങ്ങനാശ്ശേരി സെന്‍റ് തോമസ് ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റും ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ മലയാളം പോര്‍ട്ടലായ ‘മാനസികാരോഗ്യ’ത്തിന്‍െറ എഡിറ്ററുമായ ഡോ. പി.സി. ഷാഹുല്‍ അമീന്‍ പറഞ്ഞു. മെട്രൊ നഗരങ്ങളില്‍ അടുത്ത കാലത്തായി ഇത്തരം പ്രശ്നങ്ങളുള്ളവര്‍ കൂടിവരികയാണെന്നും കുറ്റകൃത്യമായി മാറുന്ന ഒരു മാനിസികരോഗമാണ് ഇതെന്നും അദ്ദേഹം പറയുന്നു. ഇത്തരം രോഗികള്‍ക്ക് നഗ്നതാ പ്രദര്‍ശനത്തിന് ശേഷം കുറ്റബോധം തോന്നുകയും വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ആഗ്രഹം തോന്നുകയും ചെയ്യും. എന്നാല്‍, മനസ്സിന്‍െറ വൈകല്യം മൂലം ഇവര്‍ ഇത് ആവര്‍ത്തിക്കാറാണ് പതിവ്. ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാനായി മനസ്സിനെ നിയന്ത്രിക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല.

എ.ഡി.എച്ച്.ഡി (Attention deficit hyperactivity disorder) എന്ന മാനസിക പ്രശ്നമടക്കം മറ്റ് മാനസിക പ്രശ്നങ്ങള്‍ ഉള്ളവരിലും ഇത്തരം വൈകല്യങ്ങള്‍ സാധ്യതയേറെയാണ്. ബിഹേവിയര്‍ തെറപ്പി, കൗണ്‍സലിങ് എന്നിവ കൊണ്ട് ഒരു പരിധിവരെ രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുമെങ്കിലും  വ്യക്തിയെ ബാധിച്ച മറ്റ് മാനസിക പ്രശ്നങ്ങള്‍ക്കുള്ള ചികിത്സയും ആവശ്യമായി വരുമെന്നും ഡോ. ഷാഹുല്‍ അമീന്‍ ചൂണ്ടിക്കാട്ടുന്നു.

സ്കൂളുകളില്‍ ഈ അടുത്ത കാലത്തായി ആരംഭിച്ച ബോധവത്കരം മൂലമാണ് ഇത്തരം വൈകൃതങ്ങളെക്കുറിച്ച് പരാതിപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞതെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്ര (എസ്.സി.ഇ.ആര്‍.ടി) ത്തിലെ മുന്‍ റിസര്‍ച്ച് ഓഫീസറും വിദ്യാഭ്യാസ കൗണ്‍സലറുമായ ഡോ. സി. ഭാമിനി പറഞ്ഞു. പഠനത്തോടൊപ്പം വിദ്യര്‍ഥികള്‍ക്ക് സമൂഹത്തിന്‍െറ ഇത്തരം ഇരുണ്ട വശങ്ങളെക്കുറിച്ച് നിരന്തരം ബോധവത്കരണം നടത്തേണ്ടതുണ്ട്. നിലവില്‍ സ്കൂളുകളില്‍ നടക്കുന്ന കൗണ്‍സലിങ്ങും ജാഗ്രത സമിതികളും ഒ.ആര്‍.സി പ്രവര്‍ത്തനങ്ങളും കുറ്റമറ്റതാക്കേണ്ടതുണ്ടെന്നും പരിചയ സമ്പന്നരായ കൂടുതല്‍ കൗൺസലര്‍മാരെ ഈ വിദ്യാലയങ്ങളില്‍ നിയമിക്കേണ്ടതുണ്ടെന്നും ഡോ. ഭാമിനി പറയുന്നു.
 

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പൊലീസ് ഗൗരവമായാണ് ഇത്തരം കാര്യങ്ങളെ കാണുന്നതെന്ന് കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി മൊയ്തീന്‍ കുട്ടി പറഞ്ഞു. ഇത്തരം കുറ്റങ്ങള്‍ക്കെതിരെ  പോക്സോ (Protection of Children from Sexual Offences Act) നിയമപ്രകാരവും ഐ.പി.സി പ്രകാരവും കേസെടുക്കാവുന്നതാണ്. ഇതുപോലുള്ള കേസുകളില്‍ ശക്തമായ നിയമനടപടികള്‍ ഉണ്ടാവുകയും കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തിലെ ഇത്തരം പ്രശ്നങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാനാവും. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കുകയും സമയത്ത് തന്നെ പരാതിപ്പെടാന്‍ അവരെ പ്രാപ്തരാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടികള്‍ കൂടുതലുള്ള സ്കൂളുകളുടെ പരിസരങ്ങളിലും ലേഡീസ് ഹോസ്റ്റലുകളുടെ ചുറ്റുവട്ടത്തും ഇത്തരം ‘രോഗി’കള്‍ സാധാരണയാണെന്ന് കാലിക്കറ്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയും കൗൺസലറുമായ ഇ.വി. ഹസീന പറഞ്ഞു. മുന്‍കാലങ്ങളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ആരും അതിനെതിരെ പരാതിപ്പെടാന്‍ മുന്നോട്ടു വന്നിരുന്നില്ല. എന്നാല്‍, ഇന്ന് വിദ്യാര്‍ഥിനികളും സ്ത്രീകളും അതിനെതിരെ പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതുപോലുള്ള അനുഭവങ്ങളുമായി വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും തന്നെ സമീപിക്കാറുണ്ടെന്നും പ്രദര്‍ശന രോഗികളുടെ മനോഘടനയില്‍ മാറ്റം വരുത്താന്‍ ‘കൊഗ്നേറ്റീവ് ബിഹേവിയര്‍ തെറപ്പി’ പോലുള്ള മനഃശാസ്ത്ര ചികിത്സ കൊണ്ട് കഴിയുമെന്നും അവര്‍ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:POSCO ActExhibitionistic disordermental diseasenudity exposureindecent Exposure Case
Next Story