സൂക്ഷിക്കുക; അണുനാശിനികള്‍ ആരോഗ്യം തകര്‍ക്കും
text_fieldsആരോഗ്യ-വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത് ‘കേരള മോഡല്‍’ സംഭാവന നല്‍കിയ മലയാളികള്‍ ഇതോടൊപ്പം തന്നെ കാത്തുസൂക്ഷിക്കുന്ന മറ്റൊരു സ്വഭാവ വിശേഷമാണ് ശുചിത്വത്തിന്‍െറ കാര്യത്തിലുമുള്ളത്. അതുകൊണ്ടു തന്നെയാവാം വൃത്തിയുമായി ബന്ധപ്പെട്ട എല്ലാ ഉപഭോക്തൃ ഉത്പന്നങ്ങളുടെയും ഏറ്റവും വലിയ വിപണിയായി കേരളം മാറിയത്. സോപ്പുകള്‍, വാഷിങ് പൗഡറുകള്‍, ടൂത്ത് പേസ്റ്റുകള്‍, അണുനാശിനികള്‍, ടോയ് ലറ്റ് ക്ലീനറുകള്‍ എന്നുവേണ്ട പാത്രം കഴുകാനും നിലം വൃത്തിയാക്കാനും വരെയുള്ള രാസവസ്തുക്കള്‍ക്ക് സംസ്ഥാനത്ത് വന്‍ഡിമാന്‍റാണ്. കുത്തക കമ്പനികള്‍ നിര്‍മിക്കുന്ന ഇത്തരം ഉത്പന്നങ്ങള്‍ രാജ്യത്ത് എറ്റുവും കൂടുതല്‍ വിറ്റുപോകുന്നതും കേരളത്തില്‍തന്നെ. ഇതില്‍തന്നെ ഫേസ് വാഷുകള്‍, ഹാന്‍റ് വാഷുകള്‍ എന്നിങ്ങനെ പ്രത്യേക ഉത്പന്നങ്ങള്‍ക്കും ഇവിടെ ചാകരതന്നെ.
മലയാളിയുടെ ഈ സ്വഭാവത്തിന് ആക്കംകൂട്ടുന്ന വാര്‍ത്തകളും പരസ്യങ്ങളും സുലഭമായതോടെ ഇത്തരം വസ്തുക്കളുടെ വില്‍പന കുതിച്ചു ഉയര്‍ന്നിരിക്കുകയുമാണ്. രണ്ട് മിനിറ്റ് നേരം സോപ്പുപയോഗിച്ച് കൈകഴുകിയാല്‍ മിക്കരോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം എന്ന തരത്തില്‍ സര്‍ക്കാറും പ്രത്യേക ബ്രാന്‍ഡ് സോപ്പ് തേച്ച് കുളിച്ചാല്‍ എല്ലാ രോഗാണുക്കളില്‍ നിന്നും സംരക്ഷണം ലഭിക്കുമെന്ന രീതിയില്‍ സ്വകാര്യ കുത്തക കമ്പനികള്‍ പരസ്യം ചെയ്യുകയും ആരോഗ്യമാസികളടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ രോഗാണു ഭീതിയുണര്‍ത്തുന്ന ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ മലയാളി വൃത്തിയുടെ കാര്യത്തില്‍ വീണ്ടും ബേജാറാവുകയും ഇത്തരം ഉത്പന്നങ്ങളില്‍ അഭയം പ്രാപിക്കുകയും ചെയ്യുകയാണ്. അതുകൊണ്ടൊക്കെയാവാം സാമ്പത്തിക പ്രതിസന്ധികളുള്ള ഇടത്തരം വീടുകളില്‍പ്പോലും മുന്തിയ ബ്രാന്‍ഡുകളിലുള്ള സോപ്പുകളും ടോയ് ലറ്റ് ക്ലീനറുകളും ഹാന്‍ഡ് വാഷുകളും ഇടം പിടിക്കുന്നത്.
എന്നാല്‍, വൃത്തിയെക്കുറിച്ചുള്ള ഇത്തരം ‘ശാസ്ത്രീയ നിഗമനങ്ങളെ’ അപ്പാടെ ചോദ്യംചെയ്തു കൊണ്ട് അമേരിക്കയില്‍ നിന്ന് ഒരു വാര്‍ത്ത എത്തിയിരിക്കുന്നു. അവിടെ വ്യാപകമായി ഉപയോഗിച്ചു വരുന്ന വിവിധ ബ്രാന്‍ഡുകളിലുള്ള ഹാന്‍ഡ് വാഷുകളും അണുനാശിനി സോപ്പുകളും നിരോധിച്ചു എന്നാണത്. സെപ്റ്റംബര്‍ 16നാണ് അമേരിക്കയിലെ ‘ദ ഫുഢ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍’ (US Food and Drug Administration) ഇത്തരം ഉത്പന്നങ്ങള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. ഹാന്‍ഡ് വാഷുകളിലും അണുനാശക സോപ്പുകളിലും (Antibacterial soaps) ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ഗുണമേന്മയെക്കുറിച്ച് ശാസ്ത്രീയമായ തെളിവുകള്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്നാണ് നിരോധം. ഇത്തരം വസ്തുകള്‍ ദീര്‍ഘകാലം ഉപയോഗിക്കുകയാണെങ്കില്‍ വ്യക്തികളില്‍ മരുന്നുകളെ പ്രതിരോധിക്കുന്ന അണുക്കളുടെ സാന്നിധ്യവും അതുമൂലമുള്ള അസുഖങ്ങളുണ്ടാവുമെന്ന കണ്ടെത്തലും നടപടിക്ക് കാരണമാണ്.
രോഗാണുക്കളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്‍െറ സ്വാഭാവിക കഴിവുകളെ ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം ഇല്ലാതാക്കുകയും പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നുമാണ് നിരോധനം നടപ്പാക്കിയ ദ ഫുഢ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ മേധാവി ഡോ. ജാനറ്റ് വുഡ്കോക് പറയുന്നത്. ഹാന്‍ഡ് വാഷുകളും അണുനാശിനി സോപ്പുകളും കൂടുതല്‍ വൃത്തിയും സുരക്ഷിതത്വവും നല്‍കുമെന്നാണ് പൊതുജനം കരുതുന്നത്. എന്നാല്‍, സാധാരണ സോപ്പും വെള്ളവും ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതലായി എന്തെങ്കിലും ഗുണം ഇവയില്‍ നിന്ന് ലഭിക്കുമെന്നതിന് ശാസ്ത്രീയ അടിസ്ഥാനമില്ല. മറിച്ച് ഇവ നിരന്തരം ഉപയോഗിച്ചാല്‍ ഭാവിയില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാവുമെന്നും അവര്‍ പറഞ്ഞു.
അലക്കുസോപ്പുകളില്‍ ഉപയോഗിക്കുന്ന ട്രൈക്ലോസാന്‍, ട്രൈക്ലോകാര്‍ബണ്‍ (Triclosan, Triclocarban) എന്നി രാസ സംയുക്തങ്ങള്‍ തുടങ്ങി 17 ഇനം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസവസ്തുക്കള്‍ ഇത്തരം ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നും നിരോധനത്തിന്‍െറ കാരണമിതാണെന്നും അധികൃതര്‍ പറയുന്നു.
പ്രകൃതിയിലും ജീവജാലങ്ങളുടെ ശരീരത്തിലും ബാക്ടീരകളുടെ സാന്നിധ്യം സാധാരണമാണെന്നും ഇവയില്‍ ഭൂരിപക്ഷവും ജീവന്‍െറ സംതുലിതാവസ്ഥക്ക് അത്യന്താപേക്ഷിതമാണെന്നും ശാസ്ത്രം നേരത്തെ കണ്ടത്തെിയിട്ടുണ്ട്. മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ കുടലിലും ആമാശയത്തിലുമുള്ള പ്രത്യേക ഇനം ബാക്ടിരിയകള്‍ ദഹനത്തിനും ശരീരത്തിനാവശ്യമായ ഹോര്‍മോണുകളുടെ ഉത്പാദനത്തിനും തലച്ചോറിലേക്ക് സന്ദേശങ്ങള്‍ കൈമാറുന്ന പ്രക്രിയക്കും അത്യാവശ്യമാണ്. എന്നാല്‍, വിവിധ രോഗങ്ങളുടെ ശമനത്തിനായി ആന്‍റിബയോട്ടിക്കുകള്‍ പോലുള്ള മരുന്നുകള്‍ കഴിക്കുമ്പോള്‍ രോഗകാരികളായ ബാക്ടിരിയകളോടൊപ്പം ഇവയും നശിപ്പിക്കപ്പെടുകയാണ്. ഇത് മറ്റ് രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് നയിക്കുക. ചുരുക്കത്തില്‍ വൃത്തിയുടെ ഭാഗമായി നാം ഉപയോഗിക്കുന്ന അണുനാശിനികള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ നമ്മളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയില്ല എന്ന് മാത്രമല്ല നമ്മെ രോഗികളാക്കി തീര്‍ക്കുമെന്നുമാണ് ഇത്തരം ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്.
പൗരന്‍െറ ആരോഗ്യത്തിനും സുരക്ഷതിത്വത്തിനും മുന്തിയ പരിഗണന നല്‍കുന്ന അമേരിക്ക പോലുള്ള പാശ്ചാത്യരാജ്യങ്ങളില്‍ കാലാകാലങ്ങളിലായി നിത്യോപയോഗ വസ്തുക്കളെക്കുറിച്ച് പഠനം നടക്കുകയും ഹാനികരമെന്ന് കണ്ടാല്‍ അവ നിരോധിക്കുകയും ചെയ്യാറുണ്ട്്. എന്നാല്‍ ഇന്ത്യയെപ്പോലെ കുത്തക കമ്പനികളൂടെ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കപ്പെടുന്ന ഒരു വ്യവസ്ഥിതിയില്‍ പൗരന്മാര്‍ അവരുടെ ആരോഗ്യത്തെക്കുറിച്ച് സ്വയം ബോധവാന്മാരാകുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
വാല്‍ക്കഷ്ണം: വിലകൂടിയ സോപ്പുകള്‍ ഉപയോഗിച്ച് രണ്ട് നേരം കുളിപ്പിക്കുയും തിളപ്പിച്ചാറിയ വെള്ളവും വൃത്തിയും ചൂടുമുള്ള ആഹാരവും നല്‍കി, മണ്ണില്‍ ചവിട്ടാനും വെള്ളത്തില്‍ കളിക്കാനും സമ്മതിക്കാതെ വളര്‍ത്തുന്ന നമ്മുടെ കുഞ്ഞുങ്ങളെ ഇടക്കിടക്ക് ശിശുരോഗ വിദഗ്ദരെ കാണിക്കേണ്ടി വരികയും ആന്‍റിബയോട്ടിക്കുകള്‍ നല്‍കുകയും ചെയ്യേണ്ടി വരുമ്പോള്‍ റോഡരുകില്‍ കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കരിപുരണ്ട കുഞ്ഞുങ്ങള്‍ കിട്ടുന്നതെന്തും കഴിച്ച് വൃത്തിഹീനമായ ചുറ്റുപാടില്‍ വലിയ കുഴപ്പങ്ങളില്ലാതെ വളരുന്നതെന്തു കൊണ്ടാണ്...?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.