വട്ടവട വരള്‍ച്ചയിലേക്ക്
text_fieldsസംസ്ഥാനത്ത് ഏറ്റവും കുടതല്‍ ശീതകാല പച്ചക്കറി ഉല്‍പാദിപ്പിച്ചിരുന്ന അതിര്‍ത്തി ഗ്രാമമായ വട്ടവട രൂക്ഷമായ വരള്‍ച്ചയിലേക്ക്. മഴ പെയ്തിട്ട് ഒന്നര മാസത്തോളമായി. കുടിവെള്ളത്തിനും ക്ഷാമം നേരിട്ടതോടെ മഴക്കായി പ്രത്യേക പൂജകള്‍ നടത്താനും മന്ത്രവാദം നടത്താനും കഴിഞ്ഞ ദിവസം ചേര്‍ന്ന ഗ്രാമക്കാരുടെ യോഗം തീരുമാനിച്ചു. മൂന്നാറില്‍ നിന്നും 42 കിലോ മീറ്റര്‍ കിഴക്കാണ് വട്ടവട.
സമുദ്ര നിരപ്പില്‍ നിന്നും 1600 മീറ്റര്‍ മുതല്‍ 2400 മീറ്റര്‍ വരെ ഉയരത്തിലുള്ള വട്ടവടയെ വരള്‍ച്ചയിലേക്ക് നയിച്ചത് ഗ്രാന്‍റിസ് കൃഷിയാണ്. നീലകുറിഞ്ഞി സങ്കേതവും ഷോല ദേശിയ ഉദ്യാനവും ഉള്‍പ്പെടുന്നതാണ് വട്ടവട പഞ്ചായത്ത്. തമിഴ്നാടിലെ കൊടൈക്കനാലിനോട് തൊട്ടു ചേര്‍ന്ന് കിടക്കുന്ന മഴ നിഴല്‍ പ്രദേശമായ ഇവിടെ വടക്ക് കിഴക്കന്‍ മണ്‍സൂണിലാണ് മഴ ലഭിക്കുക.
ഏറ്റവും കൂടുതല്‍ ഇംഗ്ളിഷ് പച്ചക്കറികളും വെളുത്തുള്ളിയും ഉല്‍പാദിപ്പിച്ചിരുന്ന പശ്ചിമഘട്ട മലനിരകളില്‍പ്പെട്ട ഗ്രാമമാണ് വട്ടവട. എന്നാല്‍, ‘വനവല്‍വല്‍ക്കരണത്തെ’ തുടര്‍ന്ന് ഈ ഗ്രാമം വരള്‍ച്ചയിലാണ്. ഒരിക്കല്‍ കഞ്ചാവ് കൃഷിയിലുടെ കുപ്രസിദ്ധി നേടിയ വട്ടവടയില്‍ യൂക്കാലിയും ഗ്രാന്‍റിസും വ്യവസായികാടിസ്ഥാനത്തില്‍ നട്ടു വളര്‍ത്തിയതോടെയാണ് സംസ്ഥാനാതിര്‍ത്തിയിലെ ഈ ഗ്രാമത്തില്‍ ജലക്ഷാമം രൂക്ഷമായത്.
തമിഴ് സംസ്കാരം നിലനില്‍ക്കുന്ന ഇവിടെ ഗ്രാമ പഞ്ചായത്തും രാജാവും മന്ത്രിയൂമൊക്കെ നിലനില്‍ക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത യോഗത്തിലാണ് മഴയും ജലക്ഷാമവും ചര്‍ച്ചയായത്. മഴക്കായി പ്രത്യേക പൂജകള്‍ നടത്തും. മഴക്കായി തമിഴ്നാടില്‍ ചിലയിടത്ത് നടത്താറുള്ള മന്ത്രവാദത്തിന്‍റ സാധ്യതയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. അതും പരീഷിക്കാന്‍ തന്നെയാണ് തീരുമാനം.
ഗ്രാന്‍റിസ് വ്യവാസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്തു തുടങ്ങിയതോടെ കാരറ്റ്,ബീന്‍സ്, പട്ടാണി, വെളുത്തുള്ളി,ഉരുള കിഴങ്ങ് കൃഷികള്‍ ഏതാണ്ട് അവസാനിച്ചിരുന്നു. ഗ്രാന്‍റിസിന് എതിരെ കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങളാണ് പച്ചക്കറി കൃഷി തിരിച്ചു വരുവാന്‍ കാരണമായത്. 1057 ഹെക്ടര്‍ സ്ഥാലത്ത് കൃഷിയുണ്ടെന്നാണ് കണക്ക്. എന്നാല്‍, ജലസേചന പദ്ധതികളൊന്നും നിലവിലില്ല. ഗ്രാന്‍റിസ് ഉപേക്ഷിക്കുന്നവര്‍ക്ക് ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കുന്നുണ്ട്. കാവേരി നദിജല തര്‍ക്ക ട്രൈബ്യൂണല്‍ ജലം ഉപയോഗിക്കാന്‍ പദ്ധതിയില്ലാത്തതിനാല്‍ ഈ വെള്ളം തമിഴ്നാടിലേക്കാണ് ഒഴുകുന്നത്. ഈ പദ്ധതികള്‍ നടപ്പാക്കുന്നില്ളെങ്കില്‍ വട്ടവട മരുഭൂമിയായി മാറിയേക്കും.
ജനസംഖ്യയിലും വികസനത്തിനും ഏറ്റവും പിന്നിലാണെങ്കിലും ഇംഗ്ളിഷ് പച്ചക്കറി ഉല്‍പാദനത്തിലൂടെയാണ് വട്ടവട പഞ്ചായത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നത്. കാരറ്റ്, കബേജ്, ബട്ടര്‍ ബീന്‍സ്, ബീന്‍സ് തുടങ്ങിയവക്ക് പുറമെ, പ്രത്യകേ തരം സൂചി ഗോതമ്പും ഉരുളകിഴങ്ങും വെളുത്തുള്ളിയും ധാരാളമായി ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നു. പട്ടുനൂല്‍ പുഴു വളര്‍ത്തലിനായി മള്‍ബറി വ്യാപകമായപ്പോഴും വട്ടവടയിലെ പച്ചക്കറി കൃഷി അതേപോലെ തുടര്‍ന്നു. എന്നാല്‍, ഗ്രാന്‍റിസും യൂക്കാലിയുമാണ് വട്ടവടക്ക് ഭീഷണിയായത്.
എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ് ഭൂമി വാങ്ങി അവിടങ്ങളില്‍ യൂക്കാലിയും ഗ്രാന്‍റിസും നട്ടു വളര്‍ത്തുന്നത്. തുടക്കത്തില്‍ ഇതിന്‍െറ ഗൗരവം ഗ്രാമവാസികള്‍ക്ക് മനസിലാക്കിയില്ല. യൂക്കാലിയും ഗ്രാന്‍റിസും വളര്‍ന്ന് തുടങ്ങിയതോടെ സമീപ പ്രദേശങ്ങളില്‍ ജലക്ഷാമവും അനുഭവപ്പെട്ട് തുടങ്ങി. മൂന്ന് വര്‍ഷംമുമ്പ് കുണ്ടള അണക്കെട്ടില്‍ നിന്ന് ട്രാക്ടറിലും ജീപ്പിലും വെള്ളമത്തെിച്ചാണ് ക്ഷാമം നേരിട്ടത്. മരം വളര്‍ത്തല്‍ ലാഭകരമാണെന്ന് കണ്ടതോടെ ഇവിടെ ഭൂമി തേടി എത്തുന്നവരുടെ സംഖ്യയും വര്‍ദ്ധിച്ചു. ഭൂമിക്ക് വിലയും വര്‍ദ്ധിച്ചു.ഉയര്‍ന്ന വിലക്ക് ഭൂമി വിറ്റ് തമിഴ്നാടിലേക്ക് പാലായനം ചെയ്യകയാണ് ഗ്രാമവാസികള്‍.വട്ടവട, കോവിലൂര്‍,പഴന്തോട്ടം, ചിലന്തിയാര്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് മരം വളരുന്നത്. പഞ്ചായത്ത് ആസ്ഥാനമായ കോവിലൂര്‍ ഗ്രാമത്തിലൂടെ ഒഴുകിയിരുന്ന തോട് വറ്റിവരുളുകളയും ചെയ്തു.
യൂക്കാലിയും ഗ്രാന്‍റിസും വെട്ടിതുടങ്ങിയതോടെ ഗ്രാമവാസികള്‍ പച്ചക്കറി കൃഷി ഉപേക്ഷിച്ചു. ദിവസം 350 രൂപ വരെ കൂലി ലഭിക്കുന്നതിനാല്‍, സ്ത്രീകള്‍ അടക്കമുള്ളവര്‍ കൂപ്പ് ജോലിക്ക് പോകുന്നു.
പഞ്ചായത്തിലെ മറുഭാഗത്ത് നിന്നുള്ള വട്ടവട, ചെങ്കലാര്‍ എന്ന അരുവികളില്‍ വിഭാവനം ചെയ്ത ജലസേചന പദ്ധതികള്‍ എത്രയും വേഗം നടപ്പാക്കിയില്ളെങ്കില്‍ വട്ടവട പഞ്ചായത്തില്‍ കുടിക്കാന്‍ പോലും വെള്ളമുണ്ടാകില്ല. ഈ രണ്ട് അരുവികളിലേയും വെള്ളം ഇപ്പോള്‍ തമിഴ്നാടിലേക്കാണ് ഒഴുകുന്നത്. അതിര്‍ത്തിക്കപ്പുറത്തെ മഞ്ഞപ്പെട്ടി, തളി എന്നിവിടങ്ങളിലൂടെ അമരാവതി അണക്കെട്ടില്‍ ചേരുന്നു. പിന്നിട് അമരാവതിയാറായി കാവേരിയില്‍ ചേരും. പാമ്പാര്‍ നദിതടത്തില്‍പ്പെടുന്ന ഈ രണ്ട് അരുവികളിലെയും ജലം ഉപേയോഗിക്കാന്‍ കാവേരി ട്രൈബ്യുണല്‍ കേരളത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇനിയും പദ്ധതികള്‍ തയ്യറാക്കിയിട്ടില്ല. ജലസേചന പദ്ധതികള്‍ നടപ്പാക്കുന്നിനൊപ്പം വെള്ളമൂറ്റുന്ന കൃഷിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.