ബി.ജെ.പിയുടെ കേരളാ അജണ്ട
text_fieldsകൃത്യമായ ഇടതു- വലതുചായ് വുകളില്‍ മുന്നോട്ടു നീങ്ങിവന്ന കേരളത്തില്‍ മുന്നേറ്റമുണ്ടാക്കുക എന്നത് ബി.ജെ.പിയുടെ ചിരകാല സ്വപ്നമാണ്. ഈ സ്വപ്നത്തിന് നിറം നല്‍കുന്നതായിരുന്നു, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും അതിനു മുമ്പു നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും. ഇടതുപക്ഷത്തിനു ശക്തമായ വേരോട്ടവും മതന്യൂനപക്ഷങ്ങള്‍ക്കു പ്രമുഖ്യവുമുള്ള ഒരു സംസ്ഥാനമാണ് കേരളം. വളരെ ചെറിയ സംസ്ഥാനമാണെങ്കിലും ഇവിടെ ഒരു മുന്‍കൈ നേടാനായാല്‍ ദക്ഷിണേന്ത്യയില്‍ അത് മികച്ച നേട്ടങ്ങള്‍ക്കു വഴിതെളിക്കും എന്നതാണ് കേരളത്തോടുള്ള ഈ പാര്‍ട്ടിയുടെ താല്പര്യത്തിനു പിന്നിലുള്ളത്. കേരളത്തിലെ ഇടതുപക്ഷത്തിന് വിള്ളലുണ്ടാകുകയും ന്യൂനപക്ഷവിഭാഗങ്ങളെ ദുര്‍ബലമാക്കുകയും ചെയ്യുന്നതിലൂടെ സമീപ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് സുഗമമായി രാഷ്ട്രീയ അധീശത്വം നേടാനാകുമെന്നതാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്‍െറ കണക്കുകൂട്ടല്‍. അതിനാല്‍ തന്നെ, ഇടതുപക്ഷത്തിനെതിരായ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസിനെ അപ്രസക്തമാക്കുകയും ചെയ്യുക എന്നതാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. പാര്‍ട്ടി ദേശീയസമ്മേളനത്തിന് കേരളത്തെ വേദിയാക്കിയത് ദീനദയാല്‍ ഉപാധ്യായയുടെ സമ്മേളനസ്മരണ പുതുക്കാന്‍ മാത്രമല്ല എന്ന് സാരം.
ബി.ഡി.ജെ.എസ് എന്ന പുതിയ സംവിധാനത്തിന്‍െറ ഉദയം ഈ പശ്ചാത്തലത്തിലാണ് ഉണ്ടായത്. കുറഞ്ഞൊരു കാലം കൊണ്ട് പാര്‍ട്ടിയുടെ നയത്തിലുണ്ടായ മാറ്റമാണ് ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടിക്കു കാരണമായതെന്നു പറഞ്ഞാല്‍ തെറ്റാവില്ല. ബി.ജെ.പിയുടെ പരിവാറില്‍ പെടുക എന്ന പൂര്‍ണമായ ഉദ്ദേശ്യത്തോടെ തന്നെയാണ് ആ പാര്‍ട്ടി ഉദയം കൊണ്ടത്. ഭാവിയില്‍ നയവും ചേരിയുമൊക്കെ മാറിയാല്‍പോലും അവതാരോദ്ദേശ്യം മേല്‍ പറഞ്ഞതുതന്നെ. ഇടതുപക്ഷത്തിന് നേതൃത്വം നല്‍കുന്ന, ഇടതുപക്ഷത്തെ ഏറ്റവും ജനസ്വാധീനമുള്ള സി.പി.എമ്മിനെ ദുര്‍ബലമാക്കാനാണ് ബി.ഡി.ജെഎസിനെ ഉണ്ടാക്കിയതെന്നതില്‍ ഇപ്പോള്‍ സി.പി.എം നേതൃത്വത്തിനും സംശയമുണ്ടാകില്ല. സി.പി.എമ്മിന്‍െറ അടിത്തറയെന്നു കരുതിവന്ന ഒരു വിഭാഗത്തെ ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കാന്‍ ബി.ജെ.പി പല അടവുകളും പയറ്റിയിരുന്നു. എന്നാല്‍ സവര്‍ണ ഹൈന്ദവതയുടെ രാഷ്ട്രീയസംഘടനയെന്ന പ്രതിഛായ കേരളത്തിലെ പിന്നാക്ക ഹൈന്ദവവിഭാഗങ്ങളെ ബി.ജെ.പിയില്‍ നിന്ന് മുഖം തിരിച്ചു നിര്‍ത്തി. കേന്ദ്രത്തില്‍ നരേന്ദ്ര മോഡിയും അമിത്ഷായും നേതൃത്വം ഏറ്റതോടെ അടവുനയത്തില്‍ മാറ്റമുണ്ടായി. പിന്നാക്ക ഹൈന്ദവവിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ അവര്‍ പദ്ധതികള്‍ ഉണ്ടാക്കി. അതിലൊന്ന് കേരളത്തെ ലക്ഷ്യമിട്ടുള്ളതു തന്നെയായിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ പാര്‍ട്ടിയുണ്ടാക്കുക, അതിനു നേതൃത്വം നല്‍കാന്‍ അവരില്‍ സ്വാധീനമുള്ള നേതാക്കളെ നിയോഗിക്കുക, അവരെ ഘടകകക്ഷിയാക്കി, കൂടെ നിര്‍ത്തുക.
ആദ്യമൊക്കെ ഇതൊരു തമാശയായി പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ കരുതി. എന്നാല്‍ നിസ്സാരമായി തള്ളാവുന്നതല്ല, ബി.ജെ.പിയുടെ പുതിയ നീക്കമെന്ന് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പോടെ ബോധ്യമായി. ഈ ഭീഷണി തിരിച്ചറിഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാട്ടിയ ജാഗ്രതയാണ്, ഇടതുപക്ഷത്തെ അധികാരത്തില്‍ എത്തിച്ചത്. ന്യൂപപക്ഷ വിഭാഗങ്ങളെ അവഗണിക്കാനാവില്ളെന്ന തിരിച്ചറിവ് ഈ തെരഞ്ഞെടുപ്പോടെ സി.പി.എമ്മിനും ഉണ്ടായി എന്നു വേണം കരുതാന്‍. ഗുജറാത്തിലും രാജസ്ഥാനിലും പരാജയപ്പെട്ട പദ്ധതിയാണ്, കേരളത്തില്‍ ബി.ജെ.പി പരീക്ഷിച്ചത്. അവിടെ പിന്നാക്കഹൈന്ദവ വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ ബി.ജെ.പിയുടെ അടിസ്ഥാന വര്‍ഗമായ മുന്നാക്ക ഹൈന്ദവ വിഭാഗങ്ങള്‍ സമ്മതിച്ചിട്ടില്ല. അതേസമയം ഉത്തര്‍ പ്രദേശില്‍ ഏറെക്കുറേ വിജയിച്ച ഒരു പദ്ധതിയായാണ്, ബി.ജെ.പി നേതാക്കള്‍ ഇതിനെ വിലയിരുത്തിയിട്ടുള്ളത്.
നിയമസഭയില്‍ ബി.ജെ.പി ഉണ്ടാക്കിയ നേട്ടം ചെറുതായിരുന്നില്ല. ഒരു സീറ്റിലേ ജയിച്ചുള്ളു എങ്കിലും പലതിലും കനത്ത വെല്ലുവിളി ഉയര്‍ത്തി. ചിലതില്‍ രണ്ടാം സ്ഥാനത്തത്തെി. ശക്തമായ മുന്നണി സംവിധാനങ്ങളില്‍ സുദൃഢമെന്നു കരുതിയിരുന്ന സംസ്ഥാനത്ത് മുന്നണികളെ ഈ നീക്കം അല്പമെങ്കിലും ഉലച്ചു. യു.ഡി.എഫിന് ആഘാതവുമായി. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് യു.ഡി.എഫില്‍ ഉണ്ടായ നേതൃത്വ പ്രതിസന്ധിയും കോണ്‍ഗ്രസിന്‍െറ ദുര്‍ബലാവസ്ഥയും മുന്നണിയുടെ ഏകോപനമില്ലായ്മയും പ്രതിപക്ഷത്തെ ദുര്‍ബലമാക്കി. കേരളാ കോണ്‍ഗ്രസ് മുന്നണി വിടുകയും ചെയ്തു. ഈ ആശയക്കുഴപ്പം ബി.ജെ.പിക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. കൂട്ടത്തില്‍ ഇടതുപക്ഷത്തിന്‍െറ അടിസ്ഥാന വോട്ട്ബാങ്കില്‍ ഒരു പങ്ക് ബി.ഡി.ജെ.എസിലുടെ തങ്ങള്‍ നേടിയെന്ന ആത്മ വിശ്വാസം അവര്‍ക്കുണ്ട്. അതോടൊപ്പം യു.ഡി.എഫിന്‍െറ ദൗര്‍ബല്യം മുതലെടുക്കാനാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
ഈ പ്രതീക്ഷയില്‍ നിന്നുകൊണ്ടാണ് കോഴിക്കോടു സമ്മേളനത്തിലോക്ക് ദേശീയ നേതാക്കള്‍ എത്തുന്നത്. കേരളത്തില്‍ ഹിന്ദുത്വ വര്‍ഗീയപ്രചാരണം താല്‍ക്കാലം കുറച്ചുകൊണ്ട് മിനിമം പരിപാടികള്‍ വച്ച് ഒരു ഹൈന്ദവ കണ്‍സോര്‍ഷ്യം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. എന്‍.ഡി.എ സഖ്യത്തിലൂടെ പിന്നാക്ക ഹൈന്ദവ വിഭാഗങ്ങളുടെ അസ്പര്‍ശ്യത മാറ്റിയെടുക്കാനാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഹിന്ദുത്വ അജണ്ട പറയുന്നതിനെക്കകാള്‍ ഈ നയമാണ് കേരളത്തിലും തെന്നിന്ത്യയിലും ഗുണകരമെന്നും അവര്‍ കരുതുന്നു. അങ്ങനെ ഈ പരിപാടി വിജയിക്കുന്ന അവസ്ഥയില്‍ മാത്രം ന്യൂപപക്ഷ വിഭാഗങ്ങളുമായി ചര്‍ച്ച തുടങ്ങാം എന്നതാണ് മനസ്സിലിരിപ്പ്. അതിനാല്‍ ഇപ്പോള്‍ മുന്നണിരഹിതനായിരിക്കുന്ന മാണിയുമായോ കേരളാ കോണ്‍ഗ്രസുമായോ ഒരു ചര്‍ച്ച ബി.ജെ.പി നേതൃത്വം ആഗ്രഹിക്കുന്നില്ല. പകരം, പറ്റിയ ഒരു അന്തരീക്ഷം ഉണ്ടാക്കിയ ശേഷം മതനേതൃത്വങ്ങളുമായുള്ള ചര്‍ച്ചയാണ് അവര്‍ ആഗ്രഹിക്കുന്നത്. തല്‍ക്കാലം ലക്ഷ്യം ഹൈന്ദവ വര്‍ഗീയ ധ്രുവീകരണം തന്നെ.
തീര്‍ച്ചയായും ബി.ജെ.പിയുടെ നേതൃത്വം പുതിയ നയം കൊണ്ട് നേട്ടമുണ്ടാക്കുന്നുണ്ട്. അതിലുപരി ഒരു കുതിച്ചു ചാട്ടം പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ എന്‍.ഡി.എ സഖ്യത്തിനു നിന്നു കൊടുക്കുന്ന ബി.ഡി.ജെ.എസിനും മറ്റും എന്താണ് നേട്ടമെന്നത് അവര്‍തന്നെ വിലയിരുത്തേണ്ട കാര്യമാണ്. നേതാക്കളുടെ സ്വകാര്യമായ നേട്ടങ്ങളാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതേക്കുറിച്ച് ചര്‍ച്ച ആവശ്യമില്ല. അതല്ല, അവര്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങളുടെ നേട്ടമാണെങ്കില്‍ അതെന്താണെന്ന് അറിയാനും മനസ്സിലാക്കാനും അവരുടെ അണികള്‍ക്ക് അവകാശമുണ്ട്. പിന്നാക്ക വിഭാഗങ്ങള്‍ക്കായി നിലകൊണ്ട പ്രസ്ഥാനങ്ങളെ തള്ളി പുതിയ വികാരങ്ങള്‍ക്കു വശംവദരാകുമ്പോള്‍ ഇനിവരുന്ന തലമുറകളോടു നീതി പുലര്‍ത്താനാകുമോയെന്ന് അണികളും ചിന്തിക്കേണ്ടതുണ്ട്. പരീക്ഷണം നേരിടുന്നത് ഈ വിഭാഗങ്ങള്‍ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.