ഒരു പുസ്തകവും വിലപ്പെട്ട ചില വികസന ചിന്തകളും
text_fields2019ൽ സാമ്പത്തികശാസ്ത്ര നൊബേൽ സമ്മാനം നേടിയ മസാചുസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി.) പ്രഫസർ അഭിജിത് ബാനർജി കഴിഞ്ഞ മാസം തിരുവനന്തപുരം സന്ദർശിച്ചിരുന്നു. എം.ഐ.ടി പ്രഫസറായ ഭാര്യ എസ്തേർ ഡഫ്ലോയും ഷികാഗോ യൂനിവേഴ്സിറ്റിയിലെ മൈക്കിൾ ക്രെയിമറും ചേർന്നാണ് 2019ലെ നൊബേൽ സമ്മാനം പങ്കിട്ടത്.
സർക്കാർ ക്ഷണമനുസരിച്ചാണ് ബാനർജി വന്നതെന്ന് മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം ധൈഷണികമോ നയപരമോ ആയ സന്ദർഭമായി മാറ്റിയില്ലെന്നു മാത്രമല്ല, മാധ്യമങ്ങൾപോലും ആ സന്ദർശനത്തെ അവഗണിച്ചു.
മാർച്ച് ഒമ്പതിന്, പഴയതലമുറയിലെ പ്രഗല്ഭ അധ്യാപകരെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനായി സംസ്ഥാന സാംസ്കാരിക വകുപ്പും ബുക്ക്മാർക്കും ചേർന്ന് ഒരുക്കിയ ബൃഹത് പരിപാടിയിലെ ആദ്യ ക്ലാസ് എടുക്കാനുള്ള നിയോഗം എനിക്കായിരുന്നു.
യൂനിവേഴ്സിറ്റി കോളജിലെ ഇക്കണോമിക്സ് എം.എ വിദ്യാർഥികളും അധ്യാപകരും സാംസ്കാരിക മന്ത്രി സജിചെറിയാൻ, മുൻ മന്ത്രി സി. ദിവാകരൻ, മുൻ സ്പീക്കർ എം. വിജയകുമാർ, മുൻ ഡി.ജി.പി പി.ജെ. അലക്സാണ്ടർ തുടങ്ങി കോളജിലെ നിരവധി പൂർവ വിദ്യാർഥികളും ക്ലാസിൽ പങ്കെടുത്തു. പണ്ഡിതലോകം അംഗീകരിച്ച മൂന്നു പുസ്തകങ്ങളാണ് ക്ലാസിൽ പരിചയപ്പെടുത്താൻ ശ്രമിച്ചത്.
തോമസ് പിക്കറ്റിയുടെ കാപിറ്റൽ ഇൻ ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി (Capital in the Twenty-First Century) (2014ൽ പ്രസിദ്ധീകരിച്ച പുസ്തകം ആ വർഷം മാത്രം 30 ലക്ഷം കോപ്പി വിറ്റഴിഞ്ഞു, 33 ഭാഷകളിൽ തർജമചെയ്യപ്പെട്ടു ), ബാനർജിയും ഡഫ്ലോയും 2011ൽ പുറത്തിറക്കിയ പുവർ ഇക്കണോമിക്സ് (Poor Economics), 2019 ൽ ഇറങ്ങിയ അവരുടെ ഗുഡ് ഇക്കണോമിക്സ് ഫോർ ഹാർഡ് ടൈംസും (Good Economics for Hard Times) എന്നീ പുസ്തകങ്ങൾ ഓരോന്നായി ഞാൻ ക്ലാസിൽ ഉയർത്തിയപ്പോൾ അവ വായിച്ചിട്ടുള്ളവർ അക്കൂട്ടത്തിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ‘ദുഷ്കാലത്തേക്കുള്ള നല്ല സാമ്പത്തികശാസ്ത്രം’ ഈ പംക്തിയിൽ ചർച്ചചെയ്യുവാൻ തീരുമാനിച്ചത്.
ഗുഡ് ഇക്കണോമിക്സ്, അഭിജിത്തിന്റെയും എസ്തേറിന്റെയും നൊബേൽ സമ്മാന തീരുമാനശേഷം പ്രസിദ്ധീകരിച്ച പുസ്തകമാണ്. ഇരുപുസ്തകങ്ങളും ആഴത്തിൽ വായിച്ചിട്ടുള്ള എനിക്ക് പുവർ ഇക്കണോമിക്സിനേക്കാൾ പ്രതിപത്തി ഈ രചനയോടാണ്. എന്നാൽ, നൊബേൽ കമ്മിറ്റിയുടെ ഭാഷയിൽ പറഞ്ഞാൽ ‘‘ആഗോള ദാരിദ്യ്രം കുറക്കുന്നതിന് പരീക്ഷണ സമീപനം സ്വീകരിച്ചതിനുള്ള’’ അംഗീകാരമായിരുന്നു സമ്മാനം.
തീർച്ചയായും പുവർ ഇക്കണോമിക്സ് എന്ന പുസ്തകമാണ് അംഗീകാരത്തിന്റെ മുഖ്യസാക്ഷ്യപത്രം. ദാരിദ്യ്ര ലഘൂകരണത്തിൽ ഗണ്യമായ പുരോഗതി ഉണ്ടെങ്കിലും ഇന്നും വർഷം തോറും തങ്ങളുടെ അഞ്ചാം ജന്മദിനം കാണാതെ വർഷം തോറും മരണമടയുന്ന കുഞ്ഞുങ്ങളുടെ എണ്ണം 50 ലക്ഷത്തിൽ അധികമാണ്.
ലോകത്തിലെ കുട്ടികളിൽ 50 ശതമാനം നിരക്ഷരരാണ്. ഒത്തിരി കുടുംബങ്ങൾ ഇന്നും ഒഴിഞ്ഞവയറോടെ അന്തിയുറങ്ങുന്നു. എന്തായാലും പാവപ്പെട്ടവരെ കാർട്ടൂൺ കഥാപാത്രങ്ങളെപ്പോലെ കണ്ടു സിദ്ധാന്തങ്ങൾ പടച്ചുണ്ടാക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇവരെ ഉൾപ്പെടുത്താനാവില്ല.
18 രാജ്യങ്ങളിലെ തിരഞ്ഞെടുത്ത ആയിരക്കണക്ക് പാവപ്പെട്ട കുടുംബങ്ങളെ സസൂക്ഷ്മം പഠിച്ചുള്ള അനുമാനങ്ങളാണ് അവർ മുന്നോട്ടുവെച്ചത്. അവർ ഉപയോഗിച്ച പഠനസമ്പ്രദായത്തെ റാന്റമൈസിഡ് കൺേട്രാൾഡ് ട്രയൽസ് (Randomized controlled trials (RCT)) എന്നാണ് ലോകമെങ്ങും അറിയപ്പെടുക.
വിദഗ്ധരുടെ ഇടയിൽ നിലവിലുള്ള പല തെറ്റിദ്ധാരണകൾ മാറ്റാൻ അവർക്ക് സാധിച്ചു. പാവപ്പെട്ടവനും പണക്കാരനും തമ്മിൽ തീരുമാനങ്ങൾ എടുക്കുന്ന യുക്തിയിൽ വലിയ മാറ്റമില്ല. ചെറിയ തീരുമാനങ്ങൾക്ക് വലിയ മാറ്റങ്ങൾ വരുത്താൻ കഴിവുണ്ട്.
ഉദാഹരണത്തിന് വിരയിളക്കാനുള്ള മരുന്നും കൊതുകുവലയും സൗജന്യമായി നൽകുക, തടസ്സമില്ലാതെ ശുദ്ധജലം എത്തിക്കുക, പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രത്യേക ബോധനസൗകര്യങ്ങളും പാഠ്യപദ്ധതികളും ഏർപ്പാടാക്കുക, സ്ഥിരം അധ്യാപകരേക്കാൾ കോൺട്രാക്ട് അധ്യാപകരാണ് ഫലപ്രദം എന്നിങ്ങനെ നിരവധി ചെറിയ കാര്യങ്ങളുടെ പരിണിതഫലം വലുതാണെന്ന് അവർ ഫീൽഡ് അനുഭവത്തിലൂടെ സ്ഥാപിച്ചെടുത്തു.
എന്നാൽ, ഇത്തരം ഫീൽഡ് പഠനമല്ല ദുഷ്കാലത്തേക്കുള്ള നല്ല സാമ്പത്തികശാസ്ത്രം. ‘‘നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾക്കുള്ള ഉത്തമമായ ഉത്തരങ്ങളാണ്’’ പുസ്തകമെന്ന രചയിതാക്കളുടെ അവകാശവാദം അല്പം അതിരുകടന്നതാണ്. പക്ഷേ, വർത്തമാന സാമ്പത്തിക വിദഗ്ധരുടേതിൽനിന്ന് വ്യത്യസ്തമാണ് അവരുടെ നിലപാടെന്ന് അവിതർക്കം പറയാം.
ചാൾസ് ഡിക്കൻസിന്റെ പ്രസിദ്ധ നോവലാണ് ഹാർഡ് ടൈംസ് അഥവാ ദുഷ്കാലം. സമ്പത്തിന്റെ പറുദീസയിൽ അഭിരമിച്ച 19ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് വരേണ്യവർഗത്തെ പരിഹസിക്കുന്നതാണ് നോവൽ. വർത്തമാനലോകം ഗുരുതര പ്രതിസന്ധിയെ നേരിടുമ്പോൾ ഗണിതശാസ്ത്ര മേലങ്കിയിട്ടു പണ്ഡിതമന്യരാവാൻ ഈ പ്രഫസറന്മാർ തുനിഞ്ഞില്ല. കോവിഡ് മഹാമാരിയിൽ നിന്നു നാം ഇനിയും മുക്തമല്ല.
കാലാവസ്ഥവ്യതിയാനം ഭീതിദമാണ്. സമ്പത്തിന്റെ വളരുന്ന അസമത്വം മനുഷ്യരാശിയെ ഭിന്നചേരിയിൽ അകറ്റി നിർത്തുന്നു. കുടിയേറ്റപ്രശ്നം രൂക്ഷമാണ് പലയിടത്തും. മതം, വംശീയത, ദേശീയത തുടങ്ങി സാധാരണ മനുഷ്യരുടെ പേശല വികാരങ്ങളെ മുതലെടുത്തുള്ള ജനാധിപത്യ ധ്വംസനം എന്നിങ്ങനെ സാമ്പ്രദായിക സാമ്പത്തിക ശാസ്ത്രജ്ഞർ അറച്ചുനിൽക്കുന്ന ഇടങ്ങളിൽ അനായാസം അവർ ഇറങ്ങിച്ചെല്ലുന്നു.
വരുമാനം, ഭൗതിക ഉപഭോഗം, സാമ്പത്തിക വളർച്ചനിരക്ക് എന്നിങ്ങനെയുള്ള നിലവിലെ പരിഹാരങ്ങൾ നമ്മെ ഒരിടത്തും എത്തിക്കുന്നില്ല എന്നിടത്തു നിന്നാണ് അഭിജിത്തും, സഹധർമിണിയും തുടക്കമിടുന്നത്. സാമ്പ്രദായിക സാമ്പത്തികശാസ്ത്ര സിദ്ധാന്തങ്ങളും പരിഹാരങ്ങളും അവർ പാടെ അവഗണിക്കുന്നു.
സാമ്പത്തിക വളർച്ചയെ ഒരു രാജ്യത്തിന്റെ ആത്യന്തിക വികസനലക്ഷ്യമാക്കുന്നതിൽ പതിയിരിക്കുന്ന അപകടം ഞാൻ ഈ പംക്തിയിൽ പലവട്ടം പറഞ്ഞിട്ടുണ്ട്. ഈ അപകടം കാര്യകാരണ സഹിതം പുസ്തകം വരച്ചു കാട്ടുന്നു. മുതൽമുടക്ക് പ്രോത്സാഹനത്തിന്റെ പേരിൽ വ്യവസായി വർഗത്തിന് നികുതി ആനുകൂല്യങ്ങൾ നല്കുന്നത് ഒരു മിത്താണെന്നും അവക്കുവേണ്ട തെളിവുകൾ നല്കാതെ വരേണ്യ വർഗ പോഷണം നടത്തുന്നതിന്റെ പൊള്ളത്തരവും അവർ ചൂണ്ടിക്കാണിക്കുന്നു.
സാമ്പത്തിക വളർച്ചയിലൂടെയുള്ള അരിച്ചിറങ്ങൽ വഴി താഴെ തട്ടുകാരുടെ പട്ടിണി മാറ്റാമെന്ന സിദ്ധാന്തത്തെ (Trickle-down theory) പുച്ഛിച്ചു പുറംതള്ളുന്നു. സാമ്പത്തിക വളർച്ച കാലാവസ്ഥയെ പ്രതികൂലമായി എങ്ങനെ ബാധിക്കുന്നുവെന്നു മാത്രമല്ല, സമ്പന്ന വർഗത്തിന്റെ ആർത്തി നികത്താൻ ഭൂഗോളത്തെ കൊള്ളയടിച്ചു (വനം, കടൽ, വായു, സസ്യസമ്പത്ത്, ധാതുസമ്പത്ത് ഇത്യാദി) മുന്നേറുന്ന ഇന്നത്തെ സാമ്പത്തിക വളർച്ച പാവങ്ങളുടെമേൽ കെട്ടിവെക്കുന്ന ദുരവസ്ഥ ഭയാനകമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ദൂഷ്യഫലം ഏറെ അനുഭവിക്കുന്നത് പാവങ്ങളാണ്.
മനുഷ്യരുടെ അന്തസ്സിനെ വിലമതിക്കാത്ത സാമ്പത്തികശാസ്ത്രവും സാമൂഹികശാസ്ത്രവും നമ്മെ ഒരിടത്തും എത്തിക്കുന്നില്ല. ‘‘മാനിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും’’ എന്ന് പാടിയ മലയാള കവിയെ ഞാൻ ഓർക്കുന്നു. മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാത്ത ജനാധിപത്യത്തിനും വികസനത്തിനും മൂല്യമില്ലെന്നു മാത്രമല്ല, നിലനില്പുമില്ല.
ദാരിദ്യ്രം, ഇല്ലായ്മ, കൃത്രിമബുദ്ധി തുടങ്ങിയ വികസനപ്രശ്നങ്ങൾ ചർച്ചചെയ്യുമ്പോൾ വിലകുറഞ്ഞ മനുഷ്യരെ വിസ്മരിക്കുന്ന വർത്തമാനകാല പ്രതിഭാസത്തെ അവർ നന്നായി വരച്ചുകാട്ടുന്നു. മനുഷ്യത്വവും ദയയും പ്രതിഫലിക്കുന്ന ഒരു സാമൂഹിക ക്രമത്തിന് എന്തുകൊണ്ടു നാം അംഗീകാരം നല്കുന്നില്ല? അവർ ഉയർത്തുന്ന ഈ ചോദ്യം വിലപ്പെട്ടതാണ്, വികസനസാരാംശം മറ്റൊന്നല്ല.
സാമ്പത്തിക ശാസ്ത്രജ്ഞർ പൊതുവെ സാമ്പത്തിക അസമത്വത്തെ തള്ളിപ്പറയാത്തവരാണ്. അത് കൂടിയേ കഴിയൂ എന്ന് ശാഠ്യംപിടിക്കുന്നവരും കുറവല്ല. നിയമങ്ങളും നയങ്ങളും ഒരു വലിയ അളവിൽ സമ്പന്നർക്കുവേണ്ടിയാണെന്നതാണ് അസമത്വത്തിന്റെ ഒരു മുഖ്യകാരണം.
എന്തായാലും കഴിഞ്ഞ മൂന്നു പതിറ്റാണ്ടു മേലേക്കിടയിലെ ഒരു ശതമാനക്കാരുടെ സ്വത്തും, വരുമാനവും വർധിപ്പിക്കുന്നതിനു സഹായകരമായ നയങ്ങളാണ് തുടർന്നതെന്ന് ബാനർജിയും ഡഫ്ലോയും പറഞ്ഞുവെക്കുന്നു. ഉയർന്ന കമ്പനി ഉദ്യോഗസ്ഥരുടെ അമ്പരപ്പിക്കുന്ന ശമ്പളവും കായികതാരങ്ങൾ, സിനിമാതാരങ്ങൾ തുടങ്ങിയവരുടെ വമ്പൻ പ്രതിഫലവും അധ്വാനത്തിന്റെയും കഴിവിന്റെയും വേതനമാണെന്ന വാദം അവർ പൊളിച്ചെഴുതുന്നു.
ഇത് തലമുറകളിലേക്ക് കൈമാറുമ്പോൾ തോമസ് പിക്കറ്റിയുടെ സങ്കല്പനം കടമെടുത്താൽ പൈതൃക മുതലാളിത്തത്തിന്റെ (Patrimonial Capitalism) മാത്രമല്ല, അസമത്വത്തിന്റേയും കാരണമാകുന്നു. ഭരണകൂട പിൻബലത്തിലാണ് ഈ വളർച്ചയെന്നും ഓർക്കുക.
കുടിയേറ്റക്കാർ ഇത്തിൾക്കണ്ണികളാണെന്നും തദ്ദേശീയരുടെ സമ്പത്ത് കടത്തിക്കൊണ്ടു പോകുന്നവരാണെന്നുമുള്ള വാദം ഈ പ്രഫസർ ദ്വയങ്ങൾ വസ്തുതകൾ നിരത്തി പൊളിച്ചടുക്കുന്നു. കുടിയേറ്റക്കാർക്ക് എതിരെയുള്ള ഡോണൾഡ് ട്രംപിന്റെ വാദങ്ങൾ കേവലം രാഷ്ട്രീയ പ്രേരിതമാണെന്നും കഴമ്പില്ലെന്നും പുസ്തകം സ്ഥാപിക്കുന്നു.
കമ്പോളം കാര്യക്ഷമമായി മാത്രം പ്രവർത്തിക്കുന്നു. സ്റ്റേറ്റ് (നല്ലപരിഭാഷ ഇനിയും ഉണ്ടായിട്ടില്ല) അഴിമതിയിലും കെടുകാര്യസ്ഥതയിലുമാണ് എപ്പോഴും പ്രവർത്തിക്കുക തുടങ്ങിയ തെറ്റിദ്ധാരണകൾ പൊതുജനങ്ങളുടെ ഇടയിൽ മാത്രമല്ല, ശാസ്ത്രലോകത്തും പ്രബലമായി നിലനില്ക്കുന്നു.
സ്വകാര്യമേഖലയിലെ വൻ ധൂർത്തും വിഭവവിന്യാസത്തിൽ കാട്ടുന്ന കെടുകാര്യസ്ഥതയും അവർ നന്നായി തെളിയിക്കുന്നുണ്ട്. മനുഷ്യ അന്തസ്സിന്റെ വിലയും മനുഷ്യന്റെ വലുപ്പവും എടുത്തുകാട്ടാനും സമൂഹത്തിന്റെ കൂട്ടായ നന്മക്കുവേണ്ടി പ്രവർത്തിക്കുവാനും സ്റ്റേറ്റിന് നിർണായകമായ ഒരു പങ്കുവഹിക്കാനുണ്ട്.
സാമ്പത്തികവളർച്ച എന്ന മരീചികയെ സാകല്യദർശനമായി നിലനിർത്തിക്കൊണ്ട് ലോകത്തിന് എങ്ങനെ മുന്നോട്ടുനീങ്ങാനാവും? രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കൺമുന്നിലെ വ്യക്തമായി തെളിയുന്ന സത്യങ്ങൾ അവഗണിച്ച് എത്രനാൾ മുന്നോട്ടു പോകാനാകും? കോവിഡ് മഹാമാരിയിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളാതെ ഒരു കാലാവസ്ഥ ദുരന്തത്തിനു കാത്തിരിക്കുകയാണോ ആധുനികലോകം?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.