ഇതിഹാസ പത്രാധിപരുടെ നൂറ്റാണ്ട്
text_fieldsവായനക്കാരുടെ ‘സൂര്യനു താഴെ’യുള്ള ഏതൊരു ചോദ്യത്തിനും സംശയത്തിനും ഉത്തരം പറയുന്ന പത്രാധിപര്‍! ഈ പംക്തിയില്‍ കെ. ബാലകൃഷ്ണന് ഒരു പ്രവാചകനായും തത്ത്വചിന്തകനായും നിഷേധിയായും കവിയായും കാമുകനായും കുസൃതി നിറഞ്ഞ പത്രാധിപരായും നിറഞ്ഞുനിന്നു
മലയാള പത്രലോകത്ത് വിപ്ലവം സൃഷ്ടിച്ച കൗമുദി പത്രാധിപര്‍ കെ. ബാലകൃഷ്ണന് ഇന്ന് ജന്മശതാബ്ദി. ആര്‍ക്കും അനുകരിക്കാനോ തകര്‍ക്കാനോ കഴിയാത്ത ഇതിഹാസമായി ഇന്നും അദ്ദേഹം ഓർമിക്കപ്പെടുന്നു. പത്രങ്ങളുടെ പേരില്‍ മൂന്നുപേരെ മാത്രമാണ് മലയാളം എക്കാലവും ഓർമിക്കുന്നത്. സ്വദേശാഭിമാനി, കേസരി, കൗമുദി. എന്നാല്‍, കെ. ബാലകൃഷ്ണന്റെ കൗമുദിക്ക് ഒരു സവിശേഷതയുണ്ട്.
വായനക്കാരുടെ ‘സൂര്യനു താഴെ’യുള്ള ഏതൊരു ചോദ്യത്തിനും സംശയത്തിനും ഉത്തരം പറയുന്ന പത്രാധിപര്‍! ഈ പംക്തിയില്‍ കെ. ബാലകൃഷ്ണന് ഒരു പ്രവാചകനായും തത്ത്വചിന്തകനായും നിഷേധിയായും കവിയായും കാമുകനായും കുസൃതി നിറഞ്ഞ പത്രാധിപരായും നിറഞ്ഞുനിന്നു. ഇത്രയധികം ചോദ്യങ്ങളെ അഭിമുഖീകരിച്ച മറ്റൊരാള്‍ മലയാളത്തില്‍ വേറെയുണ്ടായിട്ടില്ല.
‘വായില്‍ വെള്ളിക്കരണ്ടി’യുമായി ജനിച്ച രാജകുമാരനായിരുന്നു കെ. ബാലകൃഷ്ണന്. തിരു-കൊച്ചി മുഖ്യമന്ത്രി സി. കേശവന്റെയും കേരളകൗമുദി സ്ഥാപകന്‍ സി.വി. കുഞ്ഞുരാമന്റെ മകള്‍ വാസന്തിയുടെയും മകനായി 1924 മാര്‍ച്ച് 18ന് മയ്യനാട്ടാണ് ജനനം. കേവലം 20 വയസ്സാകുേമ്പാഴേക്ക് കെ. ബാലകൃഷ്ണന് പ്രശസ്തനായിരുന്നു. പിൽക്കാലത്തു സി. കേശവന് പലയിടത്തും അറിയപ്പെട്ടത് കെ. ബാലകൃഷ്ണന്റെ പിതാവ് എന്ന നിലയിലാണ്. സി. കേശവനില്നിന്ന് ബാലകൃഷ്ണനെടുത്തത് കെ. എന്ന ഇനിഷ്യല്‍ മാത്രം.
ഇരവിപുരത്ത് മത്സരിച്ച സി. കേശവനെതിരെ കെ. ബാലകൃഷ്ണന് മയ്യനാട്ട് നടത്തിയ പ്രസംഗം കേട്ട വാസന്തിയമ്മ സി. കേശവനോട് പറഞ്ഞത് ഇങ്ങനെ: ‘‘അവനെ കണ്ട് പഠിക്ക്! പ്രസംഗിക്കുന്നെങ്കില്‍ അവനെപ്പോലെ പ്രസംഗിക്ക്!’’ ചരിത്രം സൃഷ്ടിച്ച കോഴഞ്ചേരി പ്രസംഗത്തിന്റെ ഉപജ്ഞാതാവിനോടാണ് അവര്‍ ഇപ്രകാരം പറഞ്ഞത്.
പിതൃപുത്രബന്ധം ഉലയാതെ നോക്കിയത് വാസന്തിയുടെ ‘ഹീലിങ് ടച്ച്’ ഒന്നുകൊണ്ടു മാത്രമായിരുന്നു.കെ. ബാലകൃഷ്ണന് ജീനിയസായിരുന്നു. രാഷ്ട്രീയവും സാഹിത്യവും പത്രപ്രവര്‍ത്തനവും സിനിമയും ഒരേ ശ്രുതിയില്‍ ഈണമിട്ടു. 20 വര്‍ഷം കൗമുദി ആഴ്ചപ്പതിപ്പില്‍ എഴുതിയ മുഖപ്രസംഗങ്ങളായിരിക്കും അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസുകള്‍.
കെ. ബാലകൃഷ്ണന്റെ അഹന്ത പ്രസിദ്ധമാണ്. ആ ശൈലി എഴുത്തില്‍ മാത്രമല്ല, ജീവിതത്തിലുമുണ്ട്. അദ്ദേഹം ഏറ്റവുമധികം സ്നേഹിച്ചവരെ അഭിസംബോധന ചെയ്തിരുന്നത് ‘എടാ പട്ടി!’ എന്നായിരുന്നു. അതിന് അദ്ദേഹത്തിന്റേതായ ഒരു വാദമുണ്ട്: “ലോകത്ത് ഇത്രമാത്രം സ്നേഹമുള്ള ഒരു ജന്തുവുണ്ടെങ്കില് അതു പട്ടി മാത്രമാണ്.” കൗമുദി ഓണം വിശേഷാൽപ്രതിയില്‍ വായനക്കാരോട് പത്രാധിപർ കൃതജ്ഞത രേഖപ്പെടുത്തുന്നത് ഇപ്രകാരം: “ഞാനൊരു നന്ദിയുള്ള പട്ടിയെപ്പോലെ വാലാട്ടുന്നു.” എല്ലാ ഓണക്കാലത്തും പുറത്തിറങ്ങിയ ‘കൗമുദി ഓണം വിശേഷാല്‍പ്രതി’ ഒരു സാഹിത്യസംഭവമായിരുന്നു.
ഒരൽപം അഹങ്കാരത്തോടെ കെ. ബാലകൃഷ്ണനെഴുതി: “എന്റെ കൗമുദി ഓണം വിശേഷാൽപ്രതിയില്‍ കഥകള്‍ എഴുതാത്തവര്‍ സാഹിത്യകാരല്ല!” സാഹിത്യത്തിലെ മഹാരഥരെയും പുതിയ പ്രതിഭകളെയും ഒന്നിച്ച് അണിനിരത്തിയ ഒരപൂര്‍വതയായിരുന്നു കൗമുദി ഓണം വിശേഷാല്‍പ്രതികള്‍. ബഷീറിന്റെ ‘മതിലുകള്‍’ പ്രസിദ്ധീകരിച്ച ഓണം വിശേഷാല്‍പ്രതി ഇന്ന് ചരിത്രമാണ്. അതിനൊരു രണ്ടാം പതിപ്പുമുണ്ടായി.
ഒരു പുതുലോകം നിർമിക്കാനായി എടുത്തുചാടിയ, പുതിയ എഴുത്തുകാരെ കണ്ടെത്തിയ പത്രാധിപര്‍, രാഷ്ട്രീയ നേതാവ്, പ്രകമ്പനം കൊള്ളിച്ച വാഗ്മി എന്നീ നിലകളിലാവും കൗമുദി ബാലകൃഷ്ണനെ ചരിത്രം ഓര്‍ക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.