തകരുന്ന ബി.ജെ.പി, പൊരുതുന്ന ഇൻഡ്യ സഖ്യം
text_fieldsസാമ്പത്തിക മേഖലയിലെ തകര്‍ച്ച ഇന്ത്യയുടെ ഭാവി അവതാളത്തിലാക്കുന്ന ഗൗരവതരമായ സ്ഥിതിവിശേഷത്തോട് ഇന്ത്യന്‍ ജനത പ്രതികരിക്കാന്‍ ഒരുങ്ങുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. ഗ്രാമീണ-നഗര മേഖലകളിലെ തൊഴിലാളി-കര്‍ഷക സമൂഹവും ഇടത്തരക്കാരും ഇപ്രാവശ്യം വോട്ടുചെയ്യുന്നത് രാജ്യം നേരിടുന്ന സാമ്പത്തിക ദുസ്ഥിതിക്കുള്ള പരിഹാരംകൂടി തേടിക്കൊണ്ടാണ്
ഇന്ത്യയില്‍ ഭരണമാറ്റം അനിവാര്യമാണ് എന്ന നിഗമനത്തിലേക്ക് ജനം എത്തിച്ചേരുന്നു എന്ന ആശാവഹമായ മാറ്റമാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം പൊതുവില്‍ ഉണ്ടായിട്ടുള്ളത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് എല്ലാക്കാലത്തും ബി.ജെ.പിയെ തുണച്ചിട്ടുള്ളതെങ്കില്, ആ പിന്തുണയുടെ ആവേഗം മുമ്പില്ലാത്ത വിധം കുറയുകയാണ് എന്നാണ് പല ഇലക്ഷന് സര്‍വേ ഫലങ്ങളും സൂക്ഷ്മമായി പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത്.
ബി.ജെ.പി ഭൂരിപക്ഷം നേടുമെന്നുപറയുന്ന സര്വേകളില്പോലും കാണുന്നത് ആവേശരഹിതമായ ഒരു വിജയത്തിന്റെ ലാഞ്ചനകളാണ്. ഇൻഡ്യ സഖ്യം നേടുന്ന മേല്‍ക്കൈ അക്ഷരാർഥത്തില്‍ വ്യക്തമാവുന്നതാണ് അവരുടെ റാലികളിലേക്ക് ഒഴുകിയെത്തുന്ന നൈസർഗിക ജനപങ്കാളിത്തം.
നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും ജയിലിലടക്കാനും നിരന്തരം ശ്രമിക്കുന്നതിനു പുറമേ, സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതാക്കിയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിക്ഷേപങ്ങള്‍ മരവിപ്പിച്ചും കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും നിര്‍വീര്യമാക്കി തെരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാമെന്ന ബി.ജെ.പി തന്ത്രം ഉത്തരേന്ത്യയില്‍ തിരിച്ചടിച്ചിരിക്കുകയാണ്.
മാറുന്ന ഉത്തരേന്ത്യ, മാറാത്ത ദക്ഷിണേന്ത്യ
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വൻ വിജയം നേടിയ രാജസ്ഥാന്, മധ്യപ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇൻഡ്യ സഖ്യം ഉണ്ടാക്കിയ മുന്നേറ്റം ബി.ജെ.പി അനുകൂല സര്വേകളിൽപോലും പ്രതിഫലിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇൻഡ്യ സഖ്യം നേട്ടമുണ്ടാക്കുമെന്നതില്‍ പൊതുവേ സര്‍വേകളില്‍ അഭിപ്രായ ഐക്യമുണ്ട്.
ഉത്തര്‍പ്രദേശില്‍ ബി.എസ്.പി ഇൻഡ്യ സഖ്യത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും കോണ്‍ഗ്രസ്-എസ്.പി മുന്നണി 40 ശതമാനം സീറ്റുകളിലെങ്കിലും വിജയിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. രാജസ്ഥാനില്‍ വിവിധ ജനവിഭാഗങ്ങള്‍ ബി.ജെ.പിയില്‍നിന്ന് അകലുകയും ഇൻഡ്യ സഖ്യത്തോട് അടുക്കുകയും ചെയ്യുന്നു.
ജാട്ട് കര്‍ഷകരും രജപുത്ര വിഭാഗങ്ങളും ദലിത്-മുസ്ലിം വോട്ടുകളും ഇൻഡ്യ സഖ്യത്തിലേക്ക് പ്രവഹിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ രാജസ്ഥാനിലെ തെരഞ്ഞെടുപ്പുരംഗത്തുള്ളത്. ഡല്‍ഹിയിൽ കെജ്രിവാളിന്റെ അറസ്റ്റ് സൃഷ്ടിച്ച രാഷ്ട്രീയതരംഗം ഉത്തരേന്ത്യയിലെമ്പാടും ബി.ജെ.പിവിരുദ്ധതക്ക് തുടക്കമിട്ടിട്ടുണ്ട്.
വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും പഞ്ചാബിലും മറ്റു ചെറിയ സംസ്ഥാനങ്ങളിലും ഇതേ അവസ്ഥയാണ്. ദക്ഷിണേന്ത്യയില്‍ കടന്നുകയറാമെന്ന ബി.ജെ.പി മോഹത്തിന് ഈ തെരഞ്ഞെടുപ്പിലും വലിയ തിരിച്ചടിയാണ് ഉണ്ടാകാന്‍ പോകുന്നത്. ഞാന്‍ താമസിക്കുന്ന തെലങ്കാനയില്‍ ഏതാണ്ട് എല്ലാ സീറ്റുകളിലും കോണ്‍ഗ്രസും സഖ്യകക്ഷികളും വിജയിക്കുന്ന സ്ഥിതിയാണുള്ളത്.
കർണാടകയില്‍ സര്‍വേകള്‍ പ്രവചിക്കുന്നത് കൂടുതല്‍ സീറ്റുകള്‍ ഇൻഡ്യ സഖ്യം നേടുമെന്നുതന്നെയാണ്. ആന്ധ്രയില്‍ വൈ.എസ്.ആര് കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. അവരിപ്പോള്‍ ബി.ജെ.പി സഖ്യത്തിലില്ല. പൊതുവിലുള്ള മോദിവിരുദ്ധ വികാരം ആന്ധ്രയിലും ഇൻഡ്യ സഖ്യത്തിന് സഹായകമാവുന്നുണ്ട്.
തമിഴ്നാട്ടില്‍ മുമ്പില്ലാത്തവിധം ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം ദൃഢമായിരിക്കുന്നു. രാഹുൽ ഗാന്ധിക്കുള്ള സ്വീകാര്യത അവിടെയും ഒരു വിജയഘടകമായിട്ടുണ്ട് എന്നത് മുഖ്യമന്ത്രി സ്റ്റാലിന്‍തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു.
കേരളത്തില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് മത്സരം കൂടുതല്‍ വിദ്വേഷപരമാക്കുക എന്ന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. സി.പി.എം ഭരണത്തിനെതിരെ കോണ്‍ഗ്രസ് ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ കേന്ദ്രാന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഇരുകൂട്ടരെയും അമ്പരപ്പിലാക്കാനും അതില്‍നിന്ന് മുതലെടുക്കാനും ബി.ജെ.പി ശ്രമിക്കുന്നു.
സ്ഥാനാര്‍ഥികളുടെ രാഷ്ട്രീയേതരമായ പ്രാമുഖ്യംകൊണ്ട് ഒന്നോ രണ്ടോ സീറ്റുകളിൽ ചെറിയൊരു ഹൈപ്പ് സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതിനപ്പുറം ബി.ജെ.പി കേരളത്തിലെ തെരഞ്ഞെടുപ്പു ചിത്രത്തില്‍ അപ്രസക്തമാവുകയാണ്. പ്രത്യയശാസ്ത്രപരമായി കേരളം ഒരു ബി.ജെ.പി സംസ്ഥാനമാണ്.
ജാതി സെന്‍സസിനോട് നിഷേധാത്മക നയം സ്വീകരിച്ചും സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയും ക്ഷേത്രങ്ങളിലെ ബ്രാഹ്മണ്യാധിപത്യത്തിന് വഴങ്ങിയും അതിനെ പിന്തുണക്കുന്ന നയങ്ങള്‍ നടപ്പാക്കിയും വലത്തോട്ട് ഏറെ സഞ്ചരിച്ച ഒരു സംസ്ഥാനമാണ് കേരളം. ഉത്സവങ്ങള്‍ കൂടുതല്‍ കൂടുതല്‍ ബ്രാഹ്മണ്യവത്കരിക്കപ്പെടുന്നു.
പൂരത്തിലെ അയോധ്യയും രാംലല്ലയും കാണുമ്പോള്‍ ഞെട്ടുന്നവര്‍ ആദ്യം ഞെട്ടേണ്ടത് സാമ്പത്തിക സംവരണം കേരളത്തിൽ വന്ന വഴിയെക്കുറിച്ചോര്ത്താണ്. തങ്ങള്‍ക്ക് എന്തും ചെയ്യാവുന്ന സ്ഥലമാണ് കേരളം എന്ന പ്രതീതി സൃഷ്ടിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ പൊതുമണ്ഡലത്തിന്റെ ഈ വലതുവത്കരണം വലിയൊരു ഘടകമാവുന്നില്ല.
വോട്ടുകള്‍ യു.ഡി.എഫ്-എൽ.ഡി.എഫ് മുന്നണികളില്‍നിന്ന് അധികമായി ചോര്‍ന്ന് ബി.ജെ.പിക്ക് പോകുന്ന സാഹചര്യം നിലവിലില്ല. കേരളത്തില്‍ യു.ഡി.എഫ്-എൽ.ഡി.എഫ് മത്സരം കലുഷിതമാക്കാന്‍ മോദിതന്നെ നേരിട്ടിറങ്ങുകയും ആ ചതിക്കുഴിയില്‍ ഇരുപക്ഷത്തെയും ചില നേതാക്കന്മാര് വീണുപോവുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ബി.ജെ.പിക്കുറുക്കന് കുടിക്കാൻ മാത്രം ചോരയൊന്നും ആ ഏറ്റുമുട്ടലില്‍നിന്ന് ഇപ്പോള്‍ പൊഴിയുന്നില്ല.
ബി.ജെ.പി തകര്‍ച്ചയുടെ രാഷ്ട്രീയ പശ്ചാത്തലം
ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ബി.ജെ.പിക്ക് ഉണ്ടാകുന്ന ഈ തിരിച്ചടിയുടെ പശ്ചാത്തലമെന്താണ്? രാഷ്ട്രീയമായി പ്രതിപക്ഷത്തെ നേരിടാന്‍ കഴിയാതെ അറസ്റ്റും അന്വേഷണങ്ങളുംകൊണ്ട് ഭീതി പടര്‍ത്തിയിട്ടും ബി.ജെ.പിയുടെ അടിവേരുകള്‍ ഇളകുന്നത് ഭരണത്തിലെ മൂടിവെക്കാന്‍ കഴിയാത്ത പരാജയംകൊണ്ടുതന്നെയാണ്.
യുവാക്കള്‍ക്കിടയില്‍ നിരാശ പടരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ, 20 മുതൽ 24 വയസ്സുവരെയുള്ള ഇന്ത്യയിലെ യുവാക്കളുടെ തൊഴിലില്ലായ്മ മുൻ പാദത്തിലെ 43 ശതമാനത്തിൽനിന്ന് 44.5 ശതമാനമായി ഉയർന്നു. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കനുസരിച്ച് 25നും 29നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ മുൻപാദത്തിലെ 13.35 ശതമാനത്തിൽനിന്ന് ഇതേ കാലയളവിൽ 14 ശതമാനത്തിലധികമായി ഉയർന്നു.
നോട്ട് റദ്ദാക്കല്‍ നയവും ആഗോള സാമ്പത്തിക കുഴപ്പത്തിന് ഒരു മറുപടിയുമില്ലാതിരുന്നതും ഇന്ത്യയിലെ നഗര-ഗ്രാമീണ മേഖലകളെ തകര്‍ത്തിരിക്കുകയാണ്. ഐ.ടി മേഖലയെക്കുറിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഏറെ വാചാലരാവാറുണ്ടെങ്കിലും വൈറ്റ് കോളർ ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ഐ.ടി, ഐ.ടി-ഇതര സേവന മേഖലകളിലെ നിയമനമാന്ദ്യം നിസ്സാരമല്ല.
ഈയൊരു ദയനീയമായ അവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിട്ടത് പത്തുവര്‍ഷക്കാലത്തെ ബി.ജെ.പി ഭരണമാണ്. അതുകൊണ്ടുതന്നെ ഇൻഡ്യ മുന്നണിയുടെ തെരഞ്ഞെടുപ്പു സാധ്യതകള്‍ പ്രകാശപൂർണമായിരിക്കുന്നു. തമിഴ്നാട്ടിലെ യോഗത്തില്‍ രാഹുൽ ഗാന്ധി പറഞ്ഞത്, ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഒരു പ്രത്യയശാസ്ത്രയുദ്ധമാണ് എന്നായിരുന്നു. മോദി-ആർ.എസ്.എസ് പ്രത്യയശാസ്ത്ര നിലപാടുകള്‍ക്കെതിരെ ജനാധിപത്യത്തിന്റെ ചേരി നയിക്കുന്ന യുദ്ധമാണിത്.
എന്നാല്‍ അതോടൊപ്പംതന്നെ, സാമ്പത്തിക മേഖലയിലെ തകര്‍ച്ച ഇന്ത്യയുടെ ഭാവി അവതാളത്തിലാക്കുന്ന ഗൗരവതരമായ സ്ഥിതിവിശേഷത്തോട് ഇന്ത്യന്‍ ജനത പ്രതികരിക്കാന്‍ ഒരുങ്ങുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. ഗ്രാമീണ-നഗര മേഖലകളിലെ തൊഴിലാളി-കര്‍ഷക സമൂഹവും ഇടത്തരക്കാരും ഇപ്രാവശ്യം വോട്ടുചെയ്യുന്നത് ഇന്ത്യ നേരിടുന്ന സാമ്പത്തിക ദുസ്ഥിതിക്കുള്ള പരിഹാരംകൂടി തേടിക്കൊണ്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.