കണക്കെടുപ്പുകളെ ഭയക്കുന്ന ഭരണകൂടം
text_fieldsഎല്ലാ ഗ്രാമങ്ങളും പൊതുസ്ഥല വിസർജനരഹിതമാണ് എന്ന സർക്കാറിന്റെ 2019ലെ അവകാശവാദം നിലനിൽക്കുമ്പോഴാണ്, കണക്കെടുപ്പിൽ ഉൾപ്പെടുത്തിയ 19 ശതമാനം വീടുകളിലും ഒരു ടോയ്ലറ്റ് സൗകര്യവും ലഭ്യമല്ലെന്ന് സർവേ വ്യക്തമാക്കിയത്. പെട്രോൾ വിലവർധന ന്യായീകരിക്കാൻ ബി.ജെ.പി പ്രോപഗണ്ടിസ്റ്റുകൾ പ്രധാനമായി പറഞ്ഞിരുന്ന രണ്ടുകാര്യങ്ങൾ ഗ്രാമീണ ശുചിത്വത്തിനും ഗ്രാമങ്ങളിൽ നിർധനർക്ക് പാചകവാതകം എത്തിക്കുന്നതിനുമാണ് അധികവരുമാനം ഉപയോഗിക്കുന്നതെന്നായിരുന്നു
രണ്ടാം ബി.ജെ.പി സർക്കാറിനെക്കുറിച്ചുള്ള ചർച്ചകളിൽ കശ്മീരിനൊപ്പം, സി.എ.എക്കൊപ്പം, കർഷക സമരങ്ങൾക്കൊപ്പം, ആൾക്കൂട്ട കൊലപാതകങ്ങൾക്കൊപ്പം, ഐ.പി.സി മാറ്റിമറിക്കുന്നതിനൊപ്പം, നേരിട്ടും അല്ലാതെയുമുള്ള സെൻസറിങ്ങിനൊപ്പം, മണിപ്പൂരിനും ഹരിയാനക്കുമൊപ്പം, അക്കാദമിക് മേഖലയുടെ പൊലീസ് വത്കരണത്തിനൊപ്പം, ഡേറ്റ സംരക്ഷണ ബില്ലിലെ അപകടങ്ങൾക്കൊപ്പം, സിവിൽസമൂഹം ഗൗരവമായിക്കാണേണ്ട വിഷയമാണ് 2021ലെ പതിവുള്ള ദശവത്സര സെൻസസ് (കാനേഷുമാരി) നടത്താൻ ഭരണകൂടം വിസമ്മതിക്കുന്നു എന്നുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുന്നു എന്നുപറഞ്ഞ സെൻസസ് വീണ്ടും തുടങ്ങാനുള്ള ഒരു തയാറെടുപ്പും സർക്കാർ നടത്തുന്നതായി കാണുന്നില്ല. വിവരശേഖരണത്തോട് പൊതുവേ ബി.ജെ.പി സർക്കാറുകൾ കാണിക്കുന്ന വിമുഖതയും ഭീതിയും ഞെട്ടിപ്പിക്കുന്നതാണ്. ഇപ്പോഴാവട്ടെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപുലേഷൻ സയൻസസിന്റെ (ഐ.ഐ.പി.എസ്) ഡയറക്ടർ സ്ഥാനത്തുനിന്ന് എന്റെ സുഹൃത്തും തിരുവനന്തപുരം വികസന പഠനകേന്ദ്രത്തിൽ (സി.ഡി.എസ്) എന്റെ സമകാലികനുമായിരുന്ന പ്രഫ. കെ.എസ്. ജെയിംസിനെ സസ്പെൻഡ് ചെയ്തത് ഔദ്യോഗിക വിവരങ്ങളോടുള്ള ബി.ജെ.പിയുടെ സമീപനത്തെയും അതിന്റെ സുതാര്യതയെയുംകുറിച്ചുള്ള ചർച്ചയിലേക്ക് മറ്റൊരു പാതകൂടി തുറന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ സസ്പെൻഷൻ
ആരോഗ്യ മന്ത്രാലയത്തിന് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഐ.ഐ.പി.എസിന്റെ ‘നാഷനൽ ഫാമിലി ഹെൽത്ത് സർവേകൾ’ (എൻ.എഫ്.എച്ച്.എസ്) ഗവൺമെന്റിന്റെ ചില അവകാശവാദങ്ങളെക്കുറിച്ചുള്ള അസൗകര്യകരമായ വിവരങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട് എന്നതിലാണെന്നതാണ് ഒരു വലിയ വിഭാഗം അക്കാദമിക് വിദഗ്ധരും മാധ്യമങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ഈ അടുത്തകാലത്തായി സർക്കാർ ഏജൻസികൾ ശേഖരിക്കുന്ന ഔദ്യോഗിക വിവരങ്ങൾപോലും മൂടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്?
ഐ.ഐ.പി.എസിന്റെ 2019-21ലെ ഫാമിലി സർവേ ഫലങ്ങൾ പൊതുവിൽ സർക്കാറിന് ഹിതകരമായ ഡേറ്റയല്ല പുറത്തുകൊണ്ടുവന്നത്. എല്ലാ ഗ്രാമങ്ങളും പൊതുസ്ഥല വിസർജനരഹിതമാണ് (Open Defecation Free) എന്ന സർക്കാറിന്റെ 2019ലെ അവകാശവാദം നിലനിൽക്കുമ്പോഴാണ്, കണക്കെടുപ്പിൽ ഉൾപ്പെടുത്തിയ 19 ശതമാനം വീടുകളിലും ഒരു ടോയ്ലറ്റ് സൗകര്യവും ലഭ്യമല്ലെന്ന് സർവേ വ്യക്തമാക്കിയത്. മറ്റു വിവരശേഖരണ ഏജൻസികളും സമാനമായ നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് സർവേ, ദേശീയ വാർഷിക ഗ്രാമീണ ശുചിത്വ സർവേ, മൾട്ടിപ്പിൾ ഇൻഡിക്കേറ്റർ സർവേ എന്നിവയും സമാനമായ കണക്കുകളാണ് പുറത്തുവിട്ടത്. മാത്രമല്ല, കുടുംബസർവേ, ഗ്രാമീണ ആരോഗ്യത്തിലെ വലിയ ചില തിരിച്ചടികളുടെ സൂചനകൾകൂടി നൽകിയിരുന്നു. പെട്രോൾവില വർധന ന്യായീകരിക്കാൻ ബി.ജെ.പി പ്രോപഗണ്ടിസ്റ്റുകൾ പ്രധാനമായി പറഞ്ഞിരുന്ന രണ്ടുകാര്യങ്ങൾ ഗ്രാമീണ ശുചിത്വത്തിനും ഗ്രാമങ്ങളിൽ നിർധനർക്ക് പാചകവാതകം എത്തിക്കുന്നതിനുമാണ് അധികവരുമാനം ഉപയോഗിക്കുന്നതെന്നായിരുന്നു. ഇത് നാം കണ്ടില്ലെന്നുവെച്ചാൽപോലും സർക്കാറിന്റെ അവകാശവാദത്തിനുതന്നെ വിരുദ്ധമായി ഇപ്പോഴും 57 ശതമാനം ഗ്രാമങ്ങളിലും പാചകവാതകം എത്തിയിട്ടില്ലെന്നും സർവേകൾ വ്യക്തമാക്കിയിരുന്നു. ഉപഭോക്തൃ വിലസൂചിക, തൊഴിലില്ലായ്മയെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങി ഔദ്യോഗികമായി മുമ്പ് ശേഖരിക്കുകയും സർക്കാറുകൾ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുകയും ചെയ്തിരുന്ന അനവധി സർവേ ഫലങ്ങളെയാണ് തങ്ങളുടെ ഭരണത്തിന്റെ ശോഭ കുറയുമല്ലോ എന്നും പ്രധാനമന്ത്രിയുടെതന്നെ അവകാശവാദങ്ങളെ പൊള്ളയാക്കുമല്ലോ എന്നും ഭയന്ന് ഭരണകൂടം ഇപ്പോൾ തള്ളിക്കളയുകയോ ഒളിച്ചുവെക്കുകയോ ചെയ്യുന്നത്.
ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമീഷൻ അംഗങ്ങൾ പി.സി.മോഹനനും ജെ.വി. മീനാക്ഷിയും രാജിവെച്ചത് സർവേ ഫലങ്ങൾ കൈകാര്യം ചെയ്യുന്ന രീതികളിൽ പ്രതിഷേധിച്ചായിരുന്നു. സാമ്പത്തിക വളർച്ചാ നിരക്കിനെക്കുറിച്ചുള്ള അസൗകര്യ പൂർണമായ സത്യങ്ങൾ മറച്ചുവെക്കാൻ, ആസൂത്രണ ബോർഡ് പിരിച്ചുവിട്ട് രൂപവത്കരിച്ച നീതി ആയോഗിനെ ഉപയോഗിക്കുന്നതും ഇവരുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. സത്യം സർക്കാറിന്റെ വാദങ്ങളെ മുറിവേൽപിക്കും ഭീതിയുടെ അടിസ്ഥാനത്തിലാണ് സർക്കാറിന്റെ സാമ്പത്തിക ഉപദേശകസമിതി അംഗം ഡോ. ഷാമിക രവി ഇന്ത്യയുടെ ദേശീയ സർവേകൾ - നാഷനൽ സാമ്പിൾ സർവേ (എൻ.എസ്.എസ്), പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പി.എൽ.എഫ്.എസ്), നാഷനൽ ഫാമിലി ഹെൽത്ത് സർവേ (എൻ.എഫ്.എച്ച്.എസ്) എന്നിവ ശേഖരിക്കുന്ന ഡേറ്റയുടെ ഗുണനിലവാരത്തെ വിമർശിച്ച് ലേഖനമെഴുതാൻ നിർബന്ധിതയായത്. ഇതിലെ വാദങ്ങളെ ഖണ്ഡിക്കുന്നതും, തെളിവുകളെയാണ് അല്ലാതെ ആഖ്യാനങ്ങളെയല്ല വിവരശേഖരണത്തിൽ ആധാരമാക്കേണ്ടതെന്നും സൂചിപ്പിച്ച് സിദ്ധേഷ് സാഡെ, പുഷ്കർ നിംകർ, പാർത്ഥ് ശർമ എന്നിവർ കഴിഞ്ഞ ദിവസത്തെ ‘ ദ ഹിന്ദു’വിൽ അഭിപ്രായ ലേഖനവും എഴുതിയിരുന്നു.
ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം വിവരശേഖരണം എന്നത് ഒഴിവാക്കാനാവുന്ന കാര്യമല്ല. യൂറോപ്പിൽ ജ്ഞാനോദയത്തിനുശേഷം നിലവിൽവന്നുവെന്ന് ഫൂക്കോയെപ്പോലുള്ള പ്രമുഖ ചിന്തകർ കണ്ടെത്തിയിട്ടുള്ള ആധുനിക ദേശരാഷ്ട്രത്തിന്റെ ഭരണയുക്തി അതിന്റെ ഏറ്റവും ശക്തമായ അടിസ്ഥാനശിലയായി കരുതുന്നത് രാഷ്ട്രത്തിലെ പൗരജനങ്ങളുടെ ജീവിതാവസ്ഥകളെക്കുറിച്ചുള്ള വിവരശേഖരണമാണ്. ഇത് തീർച്ചയായും ഭരണകൂടത്തിന്റെ സൗകര്യങ്ങൾക്കും പൗരപങ്കാളിത്തത്തിലൂടെ അച്ചടക്കം ഉറപ്പുവരുത്തുന്നതിനുമൊക്കെയാണ് എന്ന കാര്യത്തിൽ സംശയമില്ല. കൊളോണിയൽ കാലത്ത് ഈ ഭരണയുക്തി യൂറോപ്യൻ സാമ്രാജ്യത്വ ശക്തികൾ കോളനികളിൽ പരക്കെ ഉപയോഗിച്ചതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥ ഭരണത്തിന്റെ പ്രധാനഘടകമായി ഇന്ത്യയടക്കമുള്ള പ്രദേശങ്ങളിൽ വിവരശേഖരണം മാറിയത്. ഇന്ത്യയിൽ കൊളോണിയൽ അധിനിവേശത്തിനു മുമ്പുതന്നെ മുഗൾ ഭരണകാലത്ത്, ‘ഐൻ-ഇഅക്ബരി’ എന്ന ഭരണനിർവഹണ റിപ്പോർട്ടിൽ ജനസംഖ്യ, വ്യവസായം, സമ്പത്ത്, മറ്റ് നിരവധി സ്ഥിതിവിവരക്കണക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട സമഗ്രമായ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇത്തരം വിവരശേഖരണ സമ്പ്രദായത്തെ അതിന്റെ ‘ശുദ്ധ’ യൂറോപ്യൻ സന്ദർഭത്തിലും കൊളോണിയൽ മർദക സന്ദർഭത്തിലും ഭരണകൂടത്തിന്റെ ജൈവരാഷ്ട്രീയ പരിഗണനയുടെ ഭാഗമായി കണക്കാക്കിപ്പോന്നിരുന്നു.
എന്നാൽ, അപകോളനീകരണത്തിന്റെ കാലത്ത് ജനാധിപത്യ ഭരണകൂടങ്ങൾ ഉണ്ടായത് വിവരശേഖരണത്തിന്റെ ലക്ഷ്യങ്ങളിൽ മനുഷ്യാവകാശ മൂല്യങ്ങൾക്കൂടി കൊണ്ടുവരുന്നതിന് ഇടയായി. മാത്രമല്ല, യൂറോപ്യൻ ഭരണയുക്തിയിൽനിന്നും വ്യത്യസ്തമായി രൂപംകൊണ്ട സോവിയറ്റ് കമ്യൂണിസ്റ്റ് ഭരണകൂടവും വിപുലമായ ഡേറ്റ ആവശ്യമുള്ള ആസൂത്രണ സംവിധാനമാണ് സ്വീകരിച്ചിരുന്നത്. ഇൻപുട്ട്-ഔട്ട്പുട്ട് പട്ടികയും മറ്റും ഉപയോഗിച്ചുള്ള സങ്കീർണമായ വിവരസംസ്കരണം ആസൂത്രണത്തിന്റെ നടത്തിപ്പിന് ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ നെഹ്റുവിയൻ കാലത്ത് ഇന്ത്യ മിശ്രസമ്പദ്വ്യവസ്ഥ സ്വീകരിച്ചുകൊണ്ട് സ്വകാര്യ മേഖലയോടൊപ്പം ശക്തമായ ഒരു പൊതുമേഖലയും സൃഷ്ടിക്കാൻ ശ്രമിച്ച പഞ്ചവത്സര പദ്ധതികളുടെ അടിസ്ഥാനംതന്നെ ഇന്ത്യയുടെ വിവിധമേഖലകളെക്കുറിച്ചും വിവിധ ജനവിഭാഗങ്ങളുടെ ജീവിതാവസ്ഥകളെക്കുറിച്ചുമുള്ള അറിവുകൾ തിട്ടപ്പെടുത്തുക എന്നതായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തു തുടങ്ങിയ കാനേഷുമാരി (census) സ്വാതന്ത്ര്യാനന്തരകാലത്തും അനിവാര്യമായി കരുതപ്പെട്ടിരുന്നു. ഇതുകൂടാതെ, കാർഷിക മേഖലയെക്കുറിച്ച്, സ്വകാര്യ മേഖലയിലെ മൂലധനത്തെക്കുറിച്ച്, ഉൽപാദനക്ഷമതയെക്കുറിച്ച്, ചെറുകിട മേഖലകളെക്കുറിച്ച്, പൊതുമേഖലയിലെ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച്, കുടുംബങ്ങളെക്കുറിച്ച്, സ്ത്രീകളെക്കുറിച്ച്, ദാരിദ്ര്യത്തെക്കുറിച്ച്, പോഷകാഹാര ലഭ്യതയെക്കുറിച്ച്, അസംഘടിത മേഖലയെക്കുറിച്ച്, പിന്നാക്ക വിഭാഗങ്ങളെക്കുറിച്ച് ഒക്കെയുള്ള സ്ഥിതിവിവരക്കണക്കുകൾ പൊതു സർവേകളിലൂടെയും സാമ്പിൾ സർവേകളിലൂടെയും മറ്റ് രീതികളിലൂടെയും ശേഖരിക്കുക വികസന പ്രവർത്തനങ്ങൾക്ക് അനിവാര്യമായിരുന്നു. ഇപ്പോഴും അതങ്ങനെയാണ്. ശേഖരിച്ച വിവരങ്ങൾ സുതാര്യതയോടുകൂടി പ്രസിദ്ധീകരിക്കുകയും ഉദ്യോഗസ്ഥരും ഗവേഷകരും സാമ്പത്തിക-സാമൂഹിക നിരീക്ഷകരും മാധ്യമങ്ങളുമെല്ലാം ഈ സ്ഥിവിവരക്കണക്കുകൾ ഉപയോഗിച്ച് രാഷ്ട്രത്തിന്റെ വികാസത്തിന്റെ വിവിധ മാനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും നിലപാടുകൾ രൂപവത്കരിക്കുകയും ചെയ്തുപോന്നിരുന്നു.
മാറിമാറിവന്ന സർക്കാറുകൾ തങ്ങളുടെ നയപരിപാടികൾ രൂപവത്കരിക്കുന്നതിന് ഈ സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിക്കുകയും അവയെക്കുറിച്ചുള്ള അക്കാദമിക് പഠനങ്ങളും ഗവേഷണങ്ങളും മാധ്യമ നിലപാടുകളും പരിശോധിച്ച് നയപരമായ തിരുത്തലുകൾ വരുത്തുകയും ചെയ്തിരുന്നു. പലപ്പോഴും ഭരണകൂടത്തിന്റെ അവകാശവാദങ്ങളും ഇത്തരം സ്ഥിതിവിവരക്കണക്കുകളും തമ്മിൽ പൊരുത്തുക്കേടുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഈ വിവരശേഖരണം ഏതാണ്ട് പൂർണമായും സർക്കാർ മുൻകൈയിലാണ് നടന്നിരുന്നത്. അവയുടെ സുതാര്യതയും ജനാധിപത്യ സ്വഭാവവും ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ വിവരശേഖരണ സംവിധാനങ്ങളിലൊന്നായി ഇന്ത്യയിലെ ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്സ് ശൃംഖല മാറുകയുണ്ടായി. ഈ സ്ഥിതിവിവരക്കണക്കുകൾ പലപ്പോഴും ഭരണകൂടത്തിന് അസൗകര്യങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ, അടിയന്തരാവസ്ഥക്കാലത്തുപോലും ഭരണകൂടം സുതാര്യമായ വസ്തുതാശേഖരണത്തോടുള്ള പ്രതിബദ്ധതയിൽനിന്ന് പിറകോട്ടുപോയിരുന്നില്ല.
സെൻസസ് നടത്താൻ തയാറാവാത്തതും എല്ലാ ഔഗ്യോഗിക വിവരശേഖരണ സംവിധാനങ്ങളെയും അവിശ്വസിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ സമീപനം പ്രതിഷേധാർഹമാണ്. ബി.ജെ.പി ഭരണകൂടത്തിന്റെ വർധിച്ചുവരുന്ന ‘വിവരഭീതി’ ഭരണകൂടത്തിന്റെ ആത്മവിശ്വാസക്കുറവിനെയും പിടിപ്പുകേടിനെയുമാണ് കാണിക്കുന്നത്. ഒരുവശത്തു ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഗൂഢമായി തങ്ങൾക്കു ലഭ്യമാവുന്ന രീതിയിൽ ഡേറ്റ സംരക്ഷണബിൽ അവതരിപ്പിക്കുകയും മറുവശത്തു സുതാര്യമായതും ഭരണനിർവഹണത്തിന് അത്യന്താപേക്ഷിതവുമായ ഔദ്യോഗിക വിവരശേഖരണ സമ്പ്രദായത്തെ അട്ടിമറിക്കുകയും ചെയ്യുക എന്ന നയമാണ് ബി.ജെ.പി സ്വീകരിക്കുന്നത്. പ്രതിപക്ഷത്തിനും ഇന്ത്യയിലെ സിവിൽ സമൂഹത്തിനും ഇതിനെ ചോദ്യം ചെയ്യാനുള്ള ധാർമിക ബാധ്യതയുണ്ടെന്നത് അവർ വിസ്മരിക്കരുത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.