Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവിശുദ്ധ റമദാനിൽ ഒരു...

വിശുദ്ധ റമദാനിൽ ഒരു വായനാ അജണ്ട

text_fields
bookmark_border
Ramadan Reading
cancel
camera_alt

മൊറോക്കോ തലസ്ഥാനമായ റബാത്തിലെ പുസ്തകക്കടയിലിരുന്ന് വായിക്കുന്ന വയോധികൻ

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്‍ലിംകൾക്ക് റമദാൻ ഏറ്റവും പുണ്യകരമായ മാസമാണ്. ഇത് ഉപവാസം മാത്രമല്ല, പ്രാർഥനക്കും ആത്മപരിശോധനക്കുമുള്ള സമയം കൂടിയാണ്. റമദാൻ മാസത്തെ കൂടുതൽ സവിശേഷമാക്കുന്നത്, ഖുർആൻ ആദ്യമായി മുഹമ്മദ് നബിക്ക് വെളിപ്പെടുത്തിയ മാസമാണെന്ന വിശ്വാസമാണ്. ഖുർആനിൽ നിന്ന് അദ്ദേഹത്തിന് ആദ്യം നൽകപ്പെട്ട വാക്ക് ‘ഇഖ്‌റഅ്’ ആയിരുന്നു, അതിനർഥം ‘വായിക്കുക’ എന്നാണ്. ലളിതസുന്ദരമായ ആ വാക്ക് മതാതീതമായ ശക്തമായൊരു സന്ദേശമാണ് ഉൾക്കൊള്ളുന്നത്. അറിവുതേടാനും പുതുകാര്യങ്ങൾ പഠിക്കാനും ജ്ഞാനത്തിലൂന്നി വളരാനും ഇത് എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.

ചരിത്രം പരിശോധിച്ചാൽ, അറിവിനും വായനക്കും വില കൽപിച്ചപ്പോഴാണ് മഹത്തായ നാഗരികതകൾ വളർന്നതെന്ന് നമുക്ക് കാണാൻ കഴിയും. ഇസ്‍ലാമിക സുവർണ കാലഘട്ടം തന്നെ അതിനുദാഹരണം. അത് ശാസ്ത്രം, വൈദ്യശാസ്ത്രം, ഗണിതം, തത്ത്വചിന്ത എന്നിവയിൽ അത്ഭുതകരമായ പുരോഗതിയുടെ കാലമായിരുന്നു. ബഗ്ദാദിലെ ഹൗസ് ഓഫ് വിസ്ഡം (ബൈതുൽ ഹിക്മ) പോലുള്ള ലൈബ്രറികൾ ലോകമെമ്പാടുമുള്ള മഹാചിന്തകരുടെ കൃതികൾ വിവർത്തനം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്ത പണ്ഡിതന്മാരാൽ നിറഞ്ഞിരുന്നു. അവർ പുസ്തകങ്ങളെ നിധികളായി കാണുകയും ഏറ്റവും മൂല്യവത്തായ സമ്പത്തായി വിദ്യാഭ്യാസത്തെ കണക്കാക്കുകയും ചെയ്തു.

അടുത്തിടെ വായിച്ച കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച ‘ദി മെഷർ ഓഫ് റിയാലിറ്റി’ എന്ന പുസ്തകത്തിൽ ഇബ്നു ഖുറദാദ്ബെയുടെ ‘കിതാബ് അൽ-മസാലിക് വ അൽ-മമാലിക്’ (“പാതകളുടെയും രാജ്യങ്ങളുടെയും പുസ്തകം”) എന്ന കൃതിയെ പരാമർശിച്ചുകൊണ്ട് 9-ാം നൂറ്റാണ്ടിൽ യൂറോപ്പ് എങ്ങനെയായിരുന്നുവെന്ന് വിവരിക്കുന്നുണ്ട്. അടിമകളും വാളുകളും പോലുള്ള അസംസ്കൃത വസ്തുക്കൾ മാത്രം ലഭിക്കുന്ന ഒരു ഇടമായാണ് ഇതിൽ യൂറോപ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്. വികസിത ഇസ്‍ലാമിക ലോകവുമായി താരതമ്യപ്പെടുത്തുമ്പോൾ പടിഞ്ഞാറൻ യൂറോപ്പ് അക്കാലത്ത് അറിവിന്റെയും സംസ്കാരത്തിന്റെയും കാര്യത്തിൽ വികസിതമല്ലെന്നും അദ്ദേഹം എഴുതി. ഒരു നൂറ്റാണ്ടിനുശേഷം, മറ്റൊരു ചരിത്രകാരനായ അൽ മസൂദി എഴുതി, ‘‘ യൂറോപ്പിൽ കൂടുതൽ വടക്കോട്ട് സഞ്ചരിക്കുംതോറും യൂറോപ്യൻ ജനത കൂടുതൽ വിഡ്ഢികളും, വൃത്തിഹീനരും, ക്രൂരരും ആണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും’’. എന്നിരുന്നാലും, കാലക്രമേണ, പുസ്തകങ്ങൾ, വിദ്യാഭ്യാസം, നൂതനാശയങ്ങൾ എന്നിവയെ വിലമതിച്ചുകൊണ്ട് യൂറോപ്പ് മുന്നേറി. ഈ പരിവർത്തനം യൂറോപ്പിന്റെ വളർച്ചക്ക് വഴിതെളിയിച്ചു. നാം ഇന്ന് ജീവിക്കുന്ന ആധുനിക ലോകത്തെ രൂപപ്പെടുത്താൻ യൂറോപ്പ് എത്രത്തോളം സഹായിച്ചുവെന്നും നമുക്ക് കാണാൻ കഴിയും.


എന്നാൽ, ഇന്ന് ആളുകൾക്കിടയിൽ വായന കുറഞ്ഞതായി കാണാനാവും. നമ്മുടെ തന്നെ കാര്യമെടുക്കൂ, സ്കൂൾ പാഠപുസ്തകങ്ങളല്ലാതെ മറ്റെന്തെങ്കിലും വായിക്കാൻ നാം മക്കളെ പ്രോത്സാഹിപ്പിക്കാറുണ്ടോ? അറിവും കഥകളും നിറഞ്ഞ ഒരു ഇടം സൃഷ്ടിക്കാൻ എത്ര വീടുകളിലാണ് വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ളത്? എത്ര നാടുകളിൽ ലൈബ്രറികൾ പരിപാലിക്കപ്പെടുന്നുണ്ട്? ദൗർഭാഗ്യകരമായ കാര്യം, പലയിടങ്ങളിലും ലൈബ്രറികൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. പുസ്തകങ്ങൾ വിസ്മൃതിയിലേക്ക് പോകുന്നു. ആളുകൾ വായന കൈയൊഴിഞ്ഞ് മൊബൈൽ ഫോണിലും സമൂഹ മാധ്യമങ്ങളിലും സമയം ചെലവഴിക്കുന്നു.

ശക്തവും വിവേകപൂർണവുമായ ഒരു സമൂഹം കെട്ടിപ്പടുക്കണമെങ്കിൽ വായനയോടുള്ള സ്നേഹം തിരികെ കൊണ്ടുവരേണ്ടതുണ്ട്. അല്ലെങ്കിൽ നമുക്ക് പുസ്തകങ്ങൾ മാത്രമല്ല, ജ്ഞാനം, സർഗാത്മകത, പുരോഗതി എന്നിങ്ങനെ മുന്നോട്ടു നയിക്കേണ്ട സകല ഗുണങ്ങളും നഷ്ടമാവും. നമ്മുടെ ചെറുപ്പക്കാരിൽ ഇതിനകം തന്നെ അത് പ്രകടമായിരിക്കുന്നു. പലരും ചെറുപ്രായത്തിൽ തന്നെ മദ്യം, മയക്കുമരുന്ന് തുടങ്ങിയ മോശം ശീലങ്ങളിലേക്ക് തിരിയുകയും നെഗറ്റിവ് ചിന്തകളാൽ എളുപ്പത്തിൽ സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു.

യഥാർഥത്തിൽ ആരാണ് ഇതിന് ഉത്തരവാദികൾ? ഒരുപക്ഷേ, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം, ഒരു സമൂഹം എന്ന നിലയിൽ വായനക്കും അറിവിനും നാം എങ്ങനെ മുൻഗണന നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നതിലാണ്. അതിനാൽ, വായനയോടുള്ള സ്നേഹം വീണ്ടും ജ്വലിപ്പിക്കുകയും അത് അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.


ഏതാനും ആഴ്ച മുമ്പ്, എഴുത്തുകാരിയും പാർലമെന്റ് അംഗവുമായ ഡോ. സുധാമൂർത്തി രാജ്യസഭയിൽ ശ്രദ്ധേയമായ ഒരു നിർദേശം മുന്നോട്ടുവെച്ചു. സ്കൂളുകളിൽ കഥപറച്ചിലിനായി സർക്കാർ ഒരു ബജറ്റ് നീക്കിവെക്കണമെന്നായിരുന്നു അത്. കുട്ടികളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ സയൻസ്, കണക്ക് തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്നതിൽ മാത്രമാണ് നമ്മുടെ ശ്രദ്ധയെന്നും അവരെ നല്ല മനുഷ്യരാക്കുന്നതിൽ ശ്രദ്ധയില്ലെന്നുമാണ് അവരുടെ അഭിപ്രായം.

ഞാൻ ഇതിനോട് പൂർണമായും യോജിക്കുന്നു. വിദ്യാഭ്യാസം എന്നത് കഴിവുകൾ നേടൽ മാത്രമല്ല; സ്വഭാവം, മൂല്യങ്ങൾ, ധാർമികത എന്നിവ കെട്ടിപ്പടുക്കൽ കൂടിയാണ്. കുട്ടികൾ ഒരുപക്ഷേ ഉന്നത വിദ്യാഭ്യാസം ആർജിച്ചേക്കാം, പക്ഷേ ഉത്തരവാദിത്തമുള്ള പൗരരായിത്തീരണമെന്നില്ല. സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തിൽ ആധിപത്യം പുലർത്തുന്ന ഇന്നത്തെ വേഗതയേറിയ ലോകത്ത്, നമ്മുടെ വ്യക്തിത്വം രൂപപ്പെടുത്തുന്ന മാനുഷിക സ്പർശനവും വികാരങ്ങളും ജ്ഞാനവും അനുഭവങ്ങളും നമുക്ക് നഷ്ടപ്പെടുന്നു.

നമ്മുടെ സംസ്കാരത്തിൽനിന്ന് ലൈബ്രറികൾ തിരോഭവിക്കുന്നു എന്നത് വായനയോടുള്ള നമ്മുടെ അവഗണനയുടെ ഏറ്റവും പ്രകടമായ അടയാളമാണ്. വർഷങ്ങൾക്കുമുമ്പ് ബംഗളൂരുവിൽ താമസിക്കുമ്പോൾ ആയിരക്കണക്കിന് പുസ്തകങ്ങളാൽ സമ്പന്നമായിരുന്ന ബ്രിട്ടീഷ് ലൈബ്രറിയിലെ പതിവു സന്ദർശകനായിരുന്നു ഞാൻ. കഴിഞ്ഞ വർഷം കുടുംബസമേതം ആ നഗരത്തിലെത്തിയപ്പോൾ അവരെയും കൂട്ടി ബ്രിട്ടീഷ് ലൈബ്രറിയിലേക്ക് കൊണ്ടുപോകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ, അത് അടച്ചുപൂട്ടിയെന്ന വിവരമാണ് ലഭിച്ചത്. മറ്റൊരു വിപുലമായ ലൈബ്രറി കണ്ടെത്താൻ കഴിഞ്ഞില്ല എന്നതാണ് അതിലേറെ ഞെട്ടിച്ചത്. ഇത് ബംഗളൂരുവിലെ മാത്രം പ്രശ്നമല്ല. നമ്മുടെ ഏതാണ്ടെല്ലാ നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ലൈബ്രറികൾ നാമമാത്രമായിരിക്കുന്നു. രാജ്യതലസ്ഥാന നഗരിയിൽ വായനാ​പ്രേമികളെ ഏറെ ആകർഷിച്ചിരുന്ന പുസ്ത​കക്കടകൾ ഒന്നൊന്നായി അടച്ചുപൂട്ടുന്ന വാർത്തകളും കേൾക്കുന്നു.


വേണ്ടത്ര വായിക്കാത്തതിനും ഫോണുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനും നമ്മൾ പലപ്പോഴും കുട്ടികളെ കുറ്റപ്പെടുത്താറുണ്ട്. എന്നാൽ, അവരിൽ വായനയോട് സ്നേഹം വളർത്തുന്ന അന്തരീക്ഷം നമ്മൾ സൃഷ്ടിച്ചിട്ടുണ്ടോ എന്ന് എപ്പോഴെങ്കിലും സ്വയം ചോദിച്ചുനോക്കണം. ലൈബ്രറികളോ നല്ല പുസ്തകങ്ങളോ മുതിർന്നവരുടെ പ്രോത്സാഹനമോ ഇല്ലാതെ, കുട്ടികൾ വായിക്കുമെന്ന് നമുക്ക് എങ്ങനെ പ്രതീക്ഷിക്കാനാവും?

കഴിഞ്ഞ വർഷം, ഐക്യരാഷ്ട്ര സഭയുടെ ശാസ്ത്ര ഉച്ചകോടിയിൽ പങ്കെടുക്കാനായി ന്യൂയോർക് സന്ദർശിച്ചപ്പോൾ, ആ നഗരത്തിൽ കണ്ട മനോഹരമായ ലൈബ്രറി സംവിധാനം ശരിക്കും ആശ്ചര്യപ്പെടുത്തി. നടന്നെത്താവുന്ന ദൂരത്തിലായി നഗരത്തിൽ ഒന്നിലേറെ ലൈബ്രറികൾ കണ്ടു. ന്യൂയോർക് പബ്ലിക് ലൈബ്രറി സന്ദർശിച്ച എനിക്കും കുടുംബത്തിനും ലൈബ്രേറിയൻ ഒരു താൽക്കാലിക ലൈബ്രറി കാർഡ് നൽകി, 20ലധികം പുസ്തകങ്ങളെടുക്കാനും അനുവദിച്ചു. ഞങ്ങൾ 10 ദിവസത്തേക്ക് മാത്രമേ അവിടെയുണ്ടാവൂ എന്നറിയിച്ചപ്പോൾ ആ ദിവസങ്ങളിൽ ലൈബ്രറി പൂർണമായി ഉപയോഗപ്പെടുത്തൂ എന്നായി അവർ. അമേരിക്കയിൽനിന്ന് മടങ്ങിയ ശേഷം മൂന്നുമാസത്തേക്ക് ഡിജിറ്റൽ ലൈബറി സൗകര്യവും ഞങ്ങൾക്ക് അനുവദിച്ചു.

നമ്മൾ പലപ്പോഴും പാശ്ചാത്യ സംസ്കാരത്തെ മുച്ചൂടും വിമർശിക്കാറുണ്ട്. എന്നാൽ, ലൈബ്രറി സംവിധാനത്തിന്റെയും വായനശീലത്തിന്റെയും കാര്യത്തിൽ മാതൃകയാക്കാൻ പറ്റിയ ഒട്ടേറെ ചലനങ്ങൾ അവിടങ്ങളിലുണ്ട് എന്നത് നിഷേധിക്കാനാവില്ല. അമേരിക്കയിൽ ഏതാണ്ടെല്ലാ താമസ മേഖലകളിലും ലൈബ്രറികളുണ്ട്. കുട്ടികൾ അവയിൽനിന്ന് ഒരേ സമയം 30 പുസ്തകങ്ങൾ വരെ വായിക്കാനെടുക്കുന്നത് സാധാരണമാണ്. വായിക്കാനും പഠിക്കാനും ചർച്ചചെയ്യാനുമായി ആളുകൾ പ്രായഭേദമില്ലാതെ ഒത്തുകൂടുന്ന കൂട്ടായ്മകളും അവിടെയുണ്ട്. സഹൃദയരുടെയും വ്യവസായ ഗ്രൂപ്പുകളുടെയും പിന്തുണയോടെ ലൈബ്രറികളിലെ പുസ്തക സഞ്ചയങ്ങൾ പതിവായി പുതുക്കപ്പെടാറുമുണ്ട്.


അവർ കുട്ടികൾക്കായി കഥപറച്ചിൽ സെഷനുകളും മുതിർന്നവർക്കായി ബുക്ക് ക്ലബുകളും ഡിജിറ്റൽ വായനാ പരിപാടികളും നടത്തുന്നു. സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ എല്ലാവർക്കും പുസ്തകങ്ങൾ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കി ലൈബ്രറികൾ സജീവമാക്കി നിലനിർത്താനുള്ള ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കുന്നു. കുട്ടികൾക്ക് ലൈബ്രറിയിൽ സന്നദ്ധ സേവനം ചെയ്യാനുള്ള അവസരമുണ്ട്.

സമാന രീതിയിൽ എല്ലാ താമസമേഖലകളിലും ഒരു ലൈബ്രറി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർതലത്തിൽ തന്നെ കേരളത്തിൽ ഒരു യജ്ഞത്തിന് തുടക്കമിട്ടുകൂടേ? ഇത് വളരെ എളുപ്പത്തിൽ യാഥാർഥ്യമാക്കാനാവുന്ന ലക്ഷ്യമാണെന്നാണെന്റെ വിശ്വാസം. കേരളത്തിലുടനീളം, എല്ലാ പട്ടണങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലും നമുക്ക് നിരവധി ആരാധനാലയങ്ങളുണ്ട്. എല്ലാം അതത് പ്രദേശത്തെ ജനങ്ങളാൽ പരിപാലിക്കപ്പെടുന്നവ. ഈ ആരാധനാലയങ്ങൾ ആത്മീയ-സാമൂഹിക ജീവിതത്തിന്റെ കേന്ദ്രമായതുപോലെ, ലൈബ്രറികൾക്ക് സർഗാത്മകതയുടെയും സാമൂഹിക വളർച്ചയുടെയും കേന്ദ്രങ്ങളായി വർത്തിക്കാൻ കഴിയും. മറ്റ് അവശ്യ സാമൂഹിക വിഭവങ്ങളിലേക്ക് നമുക്ക് പ്രവേശനം ഉള്ളതുപോലെ, ഓരോ കുട്ടിക്കും വായനയിലൂടെ വളരാൻ അവസരമുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട്, ഈ ലൈബ്രറികൾ നിർമിക്കാനും പരിപാലിക്കാനും പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾക്കോ അയൽ കൂട്ടായ്മകൾക്കോ കൈകോർക്കാനാവും. പാശ്ചാത്യ നാടുകളിലേതുപോലുള്ള ആഡംബര ലൈബ്രറികൾ ഒരു പക്ഷേ നമ്മുടെ നാട്ടിൽ പെട്ടെന്ന് സാധ്യമാവണമെന്നില്ല. എന്നാൽ, നമ്മുടെ കുട്ടികൾ പുസ്തകങ്ങൾ ലഭിക്കാൻ അർഹരാണ്.

ടാബിലും ഫോണിലും കൂടുതൽ സമയം ചെലവഴിക്കുന്നതിന് കുട്ടികളെ കുറ്റപ്പെടുത്തുന്നതിനുപകരം, അവർക്ക് പര്യവേക്ഷണം ചെയ്യാനും ഭാവനകളെ ജ്വലിപ്പിക്കാനും വായനയുമായി പ്രണയത്തിലാകാനും സൗകര്യമുള്ള ഇടങ്ങൾ നാം ഒരുക്കി നൽകണം.

അറിവ് പുരോഗതിയുടെയും പരിവർത്തനത്തിന്റെയും താക്കോലാണെന്ന ശക്തമായ ഓർമപ്പെടുത്തലായിരുന്നു ‘വായിക്കുക’ എന്ന ഖുർആനിലെ ആദ്യ വാക്ക്. നമുക്ക് മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കണമെങ്കിൽ, വായനാ സംസ്കാരം തിരികെപ്പിടിച്ചേ മതിയാകൂ. അതിലൂടെ മാത്രമേ ഭാവി തലമുറകൾക്കായി ജിജ്ഞാസയും ഭാവനയും ജ്ഞാനവും സംരക്ഷിക്കാനാവൂ.

(കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻറിഫിക് റിസർചിൽ ശാസ്ത്രജ്ഞനാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan memoriesRamadan 2025Ramadan Reading
News Summary - A reading agenda for the holy month of Ramadan
Next Story