രണ്ട് ദേവാലയങ്ങളുടെ കഥ
text_fieldsകഴിഞ്ഞ ദിവസം കലാപം നടന്ന നൂഹിലും ഗുരുഗ്രാമിലും സഞ്ചരിച്ച scroll.in റിപ്പോർട്ടർ അരുനാഭ് സൈകിയ എഴുതുന്നു.
ചൊവ്വാഴ്ച ഉച്ചക്കുള്ള ട്രെയിനിൽ ബിഹാർ സിതാമറിയിലുള്ള വീട്ടിലേക്ക് പോകാനിരുന്നതാണ് മുഹമ്മദ് സാദ്. പക്ഷേ, ചൊവ്വാഴ്ച ഉച്ചക്ക് ആ 22കാരന്റെ ജീവൻ വേർപെട്ട ശരീരവും വഹിച്ച് ഒരു ആംബുലൻസാണ് സിതാമറിയിലേക്ക് പുറപ്പെട്ടത്.
തിങ്കളാഴ്ച രാത്രി ഗുരുഗ്രാമിലെ അൻജുമൻ മസ്ജിദിന് തീവെച്ച ആക്രമിക്കൂട്ടമാണ് പള്ളിയിലെ ഇമാമായിരുന്ന സാദിന്റെ ജീവനെടുത്തത്.
പള്ളിക്കുനേരെയുള്ള ആക്രമണത്തിന് മണിക്കൂറുകൾ മുമ്പുതന്നെ അവിടെ നിന്ന് 60 കിലോമീറ്റർ അകലെയുള്ള നൂഹിൽ അതിക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കുനേരെ നാട്ടുകാരായ മുസ്ലിംകൾ കല്ലെറിയുകയും അത് സംഘർഷമാവുകയും ചെയ്തു, നാലുപേരുടെ ജീവനും നഷ്ടപ്പെട്ടു.
ആക്രമിക്കൂട്ടം വളഞ്ഞതിനെത്തുടർന്ന് ഘോഷയാത്രയിൽ പങ്കെടുത്ത നിരവധി ഹിന്ദു വിശ്വാസികൾ മണിക്കൂറുകളോളം ഒരു ക്ഷേത്രവളപ്പിൽ കുടുങ്ങിയെന്നായിരുന്നു അക്രമം സംബന്ധിച്ചുവന്ന ആദ്യ റിപ്പോർട്ടുകൾ. 3,000-4,000 ആളുകൾ അമ്പലത്തിൽ കുടുങ്ങിയെന്നാണ് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് ‘ഇന്ത്യൻ എക്സ്പ്രസി’നോട് പറഞ്ഞത്. വൈകീട്ട് പൊലീസെത്തി വിശ്വാസികളെ രക്ഷപ്പെടുത്തിയെന്നും റിപ്പോർട്ടുകൾ കൂട്ടിച്ചേർത്തു.
scroll.inനുവേണ്ടി സംഭവം റിപ്പോർട്ട് ചെയ്യാൻ ഈ ലേഖകൻ ചൊവ്വാഴ്ച ക്ഷേത്രം സന്ദർശിച്ചിരുന്നു. അവിടത്തെ മുഖ്യപൂജാരി ദീപക് ശർമ പറഞ്ഞത്, സ്ഥിതിഗതികൾ സംഘർഷാത്മകമായിരുന്നുവെങ്കിലും ജനക്കൂട്ടത്തെ കുറഞ്ഞത് ഒരു കിലോമീറ്ററെങ്കിലും അകലത്തിൽ നിർത്താൻ പൊലീസിന് സാധിച്ചുവെന്നാണ്. ക്ഷേത്രത്തിനുനേരെ ഒരു കുഴപ്പവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗുരുഗ്രാമിൽ അൻജുമാൻ പള്ളിയുടെ മുറ്റത്ത് പൊലീസ് സാന്നിധ്യമുണ്ടായിട്ടും ജനക്കൂട്ടത്തിന് അകത്തു കയറാനും സാദിനെ കൊലപ്പെടുത്താനും സാധിച്ചു. സംഭവത്തിനിടെ കാലിന് വെടിയേറ്റ ഖുർഷിദ് ആലം എന്നയാളെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുന്നു.
‘പേടിക്കാനില്ല, പൊലീസുണ്ട്’
മസ്ജിദ് ആക്രമിക്കപ്പെടുന്നതിന് കഷ്ടി ഒരു മണിക്കൂർ മുമ്പ് ഏതാനും കിലോമീറ്റർ അകലെ താമസിക്കുന്ന മൂത്ത സഹോദരൻ മുഹമ്മദ് ഷദാബുമായി സംസാരിച്ചിരുന്നു സാദ്. നൂഹിൽ സംഘർഷം നടന്ന സാഹചര്യത്തിൽ ആ രാത്രി പള്ളിയിൽ തങ്ങുന്നതു സംബന്ധിച്ച് താൻ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെങ്കിലും പള്ളിക്കുപുറത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ഒന്നും പേടിക്കാനില്ലെന്നും പറഞ്ഞ് സാദ് അത് തള്ളിക്കളയുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം നടക്കുന്നതിനിടെ ഈ ലേഖകനുമായി സംസാരിച്ച ഷദാബ് പറഞ്ഞു.
സംഭവം സംബന്ധിച്ച വിശദമായ പൊലീസ് റിപ്പോർട്ടിൽ പള്ളിക്കുപുറത്ത് പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നുവെന്ന കാര്യം ശരിവെക്കുന്നു.
‘90-100 ആളുകൾ’ അടങ്ങുന്ന കൂട്ടം പൊലീസിനെ മറികടന്നു കയറി എന്നാണ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഗുരുഗ്രാം പൊലീസിലെ സബ് ഇൻസ്പെക്ടർ സമർപ്പിച്ച പരാതിയിൽ പറയുന്നത്. തങ്ങൾ ഇടപെടാൻ ശ്രമിച്ചപ്പോൾ പള്ളിക്കുപുറത്ത് നിലയുറപ്പിച്ചിരുന്ന പൊലീസ് സംഘത്തിനുനേരെ ആൾക്കൂട്ടം കല്ലെറിയുകയും വെടിയുതിർക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.
‘‘വടികളും തോക്കുകളുമേന്തി, ജയ് ശ്രീറാം മുഴക്കിയെത്തിയ അവർ നാലുഭാഗത്തുനിന്നും പള്ളിയെ വലയം ചെയ്തു’’ എന്നും മസ്ജിദിനുള്ളിൽ എത്തിയതോടെ ആൾക്കൂട്ടം വെടിവെപ്പും തീവെപ്പും ശക്തമാക്കിയെന്നും പരാതിയിൽ പറയുന്നു.
അനുജന്റെ ദേഹത്ത് വെടിയേറ്റ മുറിവുകളും കഴുത്തിൽ വെട്ടുമുണ്ടായിരുന്നുവെന്ന് ഷദാബ് പറയുന്നു.
തിഗ്രി ഗ്രാമത്തിലെ എട്ടുപേരെയും നാതുപൂരിലെ രണ്ടുപേരെയും ‘അജ്ഞാതരായ 90-100 ആളുകളെയും പൊലീസ് എഫ്.ഐ.ആറിൽ പ്രതിചേർത്തിട്ടുണ്ട്.
കൊലപാതകം, കലാപം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അഞ്ചുപേരെ അറസ്റ്റ് ചെയ്തതായും ഗുരുഗ്രാം പൊലീസ് ഡെപ്യൂട്ടി കമീഷണർ ദീപക് ഗഹ്ലാവത് അറിയിച്ചു.
നൂഹിലെ അതിക്രമങ്ങൾ
മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൂടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി ഹിന്ദുത്വ ഘോഷയാത്രകൾ നടത്തുക, മുസ്ലിംകളെ പ്രകോപിപ്പിച്ച് തെരുവിലിറക്കുക എന്ന, സമീപകാലത്ത് ഡൽഹിയിലും മറ്റിടങ്ങളിലുമുണ്ടായ അതിക്രമങ്ങളുടെ അതേ രീതിയാണ് നൂഹിലും പ്രതിഫലിക്കപ്പെട്ടിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, തിങ്കളാഴ്ച നടന്ന അക്രമത്തിന് മറ്റൊരു കാരണം കൂടിയുണ്ട്. ഫെബ്രുവരിയിൽ ഹരിയാനയിലെ ഭിവാനി ജില്ലയിൽ രണ്ട് മുസ്ലിം ചെറുപ്പക്കാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബജ്റങ് ദളിന്റെ മോനു മനേസർ, നൂഹിലെ ഘോഷയാത്രയിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് നുഹിലെ മുസ്ലിം യുവാക്കൾക്കിടയിൽ രോഷാകുലമായ പ്രതികരണങ്ങൾ സൃഷ്ടിച്ചു, ഘോഷയാത്രക്ക് വരാനുള്ള നീക്കത്തിനെതിരെ അവർ മനേസറിന് മുന്നറിയിപ്പ് നൽകി.
ഗുരുഗ്രാമിലെ സിവിൽ ലൈനിൽ നിന്നാരംഭിച്ച ഘോഷയാത്ര നൂഹിലെ പുൻഹാനയിലേക്കാണ് പോയത്. അരാവലി പർവതങ്ങളുടെ താഴ്വരയിലുള്ള നൽഹാർ മഹാദേവ ക്ഷേത്രത്തിലായിരുന്നു ഘോഷയാത്രയുടെ ഒരു ഇടത്താവളം. ഘോഷയാത്ര ഉച്ചക്ക് ഒന്നരക്കും രണ്ടിനുമിടയിൽ വിശാലമായ ക്ഷേത്ര സമുച്ചയത്തിൽ എത്തിയെന്ന് മുഖ്യപൂജാരി ദീപക് ശർമ പറയുന്നു. ഉച്ചഭക്ഷണ വിശ്രമ ശേഷം മൂന്നരയോടെ യാത്ര പുനരാരംഭിക്കാനൊരുങ്ങവേ ക്ഷേത്രത്തിനെതിരെയുള്ള റോഡിലെ മുസ്ലിം താമസക്കാരിൽനിന്ന് അക്രമമുണ്ടായി.
സാഹചര്യം ഏറെ പ്രക്ഷുബ്ധമായിരുന്നതിനാൽ 2,500ഓളം ആളുകൾ ക്ഷേത്ര വളപ്പിലാണ് അഭയം തേടിയത്.
എന്നാൽ, ആക്രമികൾ ക്ഷേത്രത്തിനുനേരെ അക്രമമൊന്നും നടത്തിയില്ലെന്നും ഏതാണ്ട് ഒരു കിലോമീറ്റർ അകലെയാണ് അവർ നിലകൊണ്ടതെന്നും ശർമ പറയുന്നു.
താമസംവിനാ പൊലീസ് സ്ഥലത്തെത്തുകയും ഏതാനും മണിക്കൂറിനുള്ളിൽ ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തു. ആറര മണിയോടെ എല്ലാവർക്കും സുരക്ഷിതമായി പുറത്തേക്ക് പോകാവുന്ന സാഹചര്യം കൈവന്നതായി പൂജാരി വ്യക്തമാക്കുന്നു.
ക്ഷേത്രത്തിൽനിന്ന് ഗണ്യമായ അകലത്തിലാണ് ആൾക്കൂട്ടം നിന്നിരുന്നതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന നൂഹ് പൊലീസിലെ അസി. സൂപ്രണ്ട് ഉഷാ കുണ്ടു പറയുന്നു.
നൽഹാർ പൊലീസ് ഔട്ട്പോസ്റ്റിന്റെ ചുമതലയുണ്ടായിരുന്ന ധർമേന്ദ്രർ സിങ് പറയുന്നത്, നൂഹിലെ മുസ്ലിംകൾ കുന്നിൻമേടിൽ കയറിനിന്ന് ക്ഷേത്രത്തിലേക്കുള്ള വഴിയിൽനിന്ന പൊതുജനങ്ങൾക്കുനേരെ നിറയൊഴിച്ചുവെന്നാണ്. ‘‘റോഡിൽ അന്നേരം കൂടുതലായുമുണ്ടായിരുന്നത് ഗോരക്ഷകരായിരുന്നു’’വെന്നും അദ്ദേഹം പറയുന്നു. ഘോഷയാത്രയുടെ ഭാഗമായെത്തിയ നിരവധി വാഹനങ്ങൾ അവർ തീവെച്ചു നശിപ്പിച്ചുവെന്നും ധർമേന്ദ്രർ സിങ് കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച ഉച്ചക്ക് അവിടം സന്ദർശിക്കുമ്പോൾ കത്തിക്കരിഞ്ഞ വാഹനങ്ങൾ നീക്കം ചെയ്തിരുന്നു. പക്ഷേ, ആ റോഡിൽ അവയുടെ ചില്ലുകഷണങ്ങൾ ചിതറിക്കിടപ്പുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.