വിജയരാഘവനിതെന്തു പറ്റി ?
text_fieldsമലപ്പുറം ജില്ലയുടെ മർമസ്ഥാനമായ മലപ്പുറം കുന്നുമ്മലിൽ ആലമ്പാടൻ പറങ്ങോടന്റെയും മാളുക്കുട്ടിയുടെയും മകനായി ജനിച്ച വിജയരാഘവനെ വർഗീയവാദിയായോ മുസ്ലിം വിരുദ്ധനായോ കാണാൻ, ചിത്രീകരിക്കാൻ മലപ്പുറത്തുകാർക്കാവുമെന്ന് തോന്നുന്നില്ല. കുന്നുമ്മലെ ഹേഗ് ബാരക്സി (ഇപ്പോഴത്തെ കലക്ടറേറ്റ്)നോട് ചേർന്നുള്ള വീട്ടിൽ മലപ്പുറത്തെ മാപ്പിളപ്പിള്ളേർക്കൊപ്പം കളിച്ചും പഠിച്ചും മാപ്പിളമാരുടെ ചൂടും ചൂരും ചിന്തയും വ്യാപാരവുമറിഞ്ഞും അനുഭവിച്ചും, മതജാതി ചിന്തകളില്ലാതെ കമ്യൂണിസ്റ്റായി വളർന്നവനാണ് വിജയരാഘവൻ. മാപ്പിളമാരുടെ ജീവിതം അദ്ദേഹത്തിന് വെള്ളം പോലെ അറിയാം.
പോരാത്തതിന് മലപ്പുറത്തെ സർക്കാർ കോളജിൽനിന്ന് ഇസ്ലാമിക ചരിത്രത്തിൽ റാങ്കോടെ നേടിയ ബിരുദവും കൂട്ടായുണ്ട്. പിന്നീട് നിയമബിരുദവും കരസ്ഥമാക്കി. എസ്.എഫ്.ഐയിലൂടെ വളർന്ന് പാർട്ടി പദവികൾ ഒന്നൊന്നായി ചവിട്ടിക്കയറി. പിന്നീട് കർഷക പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ അമരക്കാരനായി. ലോക്സഭയിലും രാജ്യസഭയിലും പാർട്ടി പ്രതിനിധിയായി. മുസ്ലിം ലീഗ് അംഗങ്ങൾ പോലും പാക് പക്ഷപാതിത്തം ഭയന്ന് അറച്ചുനിൽക്കേ, പാർലമെന്‍റിൽ മലബാറിലെ പാക് പൗരന്മാരുടെ വിഷയം ഉന്നയിച്ച് കൈയടി നേടിയ ജനപ്രതിനിധി. ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാനത്തെ ഉന്നത പദവിയിൽ. ഇങ്ങനെയൊരാളെ എങ്ങിനെയാണ് വർഗീയവാദിയെന്നു വിളിക്കാനാവുക.
കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജനുവരി 27ന് പാണക്കാട്ടെത്തി മുസ്ലിംലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ കണ്ടപ്പോൾ അതിലെ രാഷ്ട്രിയ സന്ദേശം വിജരാഘവൻ വായിച്ചെടുത്തു. മതമൗലിക വാദികളുമായുള്ള കൂട്ടുകെട്ട് വിപുലപ്പെടുത്താനാണെന്ന്. കോൺഗ്രസ് നേതാക്കൾ പാണക്കാട്ട് വരുന്നത് ഇതാദ്യമല്ല. മാത്രമല്ല, ഒരു മുന്നണിയിലെ രണ്ട് ഘടക കക്ഷികൾ തമ്മിലെ കൂടിക്കാഴ്ചയായേ അതിനെ കാണാൻ കഴിയൂ.
കോൺഗ്രസ് നേതാക്കളുടെ പാണക്കാട്ടെ സന്ദർശനത്തെയല്ല വിജയരാഘവൻ വിമർശിച്ചതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശദീകരണമുണ്ടായി. കോൺഗ്രസും ലീഗും വർഗീയതയുമായും മതമൗലിക വാദവുമായും സമരസപ്പെട്ടു പോവുന്നതിനെയാവും വിജയരാഘവൻ വിമർശിച്ചിട്ടുണ്ടാവുക എന്നും മുഖ്യമന്ത്രി അനുമാനിച്ചു.
പാണക്കാട്ടെ മതമൗലിക വാദം
കോൺഗ്രസ് നേതാക്കൾ പാണക്കാട് സന്ദർശിച്ചതിനൊപ്പം ഇരു സമസ്തയുടെയും നേതാക്കൾ, ബിഷപ്പുമാർ, വെള്ളാപ്പള്ളി ഉൾപ്പെടുന്ന എസ്.എൻ.ഡി.പി നേതാക്കൾ എന്നിവരെയെല്ലാം സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. ഇതൊന്നും മതമൗലിക വാദികളുമായുള്ള കൂട്ടുകെട്ട് വിപുലപ്പെടുത്താനാണെന്ന് വ്യാഖ്യാനിക്കാൻ വിജയരാഘവൻ മുതിർന്നതായി കണ്ടില്ല. മുസ്ലിം ലീഗിന്‍റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് നേതൃത്വം ചുമതലപ്പെടുത്തിയ ശേഷം അദ്ദേഹം പല ബിഷപ്പുമാരെയും സന്ദർശിച്ചിരുന്നു. അതിന്‍റെ തുടർച്ചയായി കഴിഞ്ഞ ദിവസം മലങ്കര ഓർത്തഡോക്സ് സഭാ മേധാവികളും പാണക്കാട്ടെത്തിയിരുന്നു. ഈ സന്ദർശനങ്ങളും മതമൗലിക കൂട്ടകെട്ടിനുള്ള മുന്നൊരുക്കങ്ങളായി കാണാൻ വിജയരാഘവൻ മുതിർന്നില്ല. അപ്പോൾ മുസ്ലിംകളും മുസ്ലിം പാർട്ടികളുമാണോ വിജയരാഘവന്‍റെയും സി.പി.എമ്മിന്‍റെയും പ്രശ്നം?
തദ്ദേശ തെരഞ്ഞെടുപ്പിൽ തങ്ങൾക്കനുകൂലമായെന്ന് ഇടതുമുന്നണിയും സി.പി.എമ്മും കരുതുന്ന പ്രചാരണത്തിന്‍റെ കുറേക്കൂടി ശക്തമായ പതിപ്പായേ ഇതിനെ കാണാൻ കഴിയൂ. ഐക്യമുന്നണി വെൽഫെയർ പാർട്ടിയുമായി പ്രാദേശികമായുണ്ടാക്കിയ ധാരണയെ തുടർന്ന് യു.ഡി.എഫ് മതമൗലിക വാദികളുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന് പ്രചരിപ്പിച്ച് മലബാറിലടക്കം ക്രിസ്ത്യൻ വോട്ടിൽ വിള്ളലുണ്ടാക്കാൻ സി.പി.എമ്മിനും മുന്നണിക്കും കഴിഞ്ഞിട്ടുണ്ട്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്‍റെ മുന്നണി മാറ്റം തെക്കൻ ജില്ലകളിൽ ഇടതു മുന്നണിയെ സഹായിച്ചതോടൊപ്പം തന്നെയാണ് യു.ഡി.എഫിലെ വർഗീയതക്കെതിരായ പ്രചാരണം വടക്കൻ ജില്ലകളിലും ഇടതു മുന്നണിയെ സഹായിച്ചത്. ഈ പ്രചരണത്തിന് അൽപം കൂടി ശക്തി കൂട്ടിയാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ഉറപ്പാണെന്ന കണക്കുകൂട്ടലാണ് ഇടതുമുന്നണിക്കുള്ളത്.
തങ്ങളുടെ പ്രചാരണം മുസ്ലിംകൾക്കെതിരല്ല, മതമൗലികവാദത്തിനും വർഗീയതക്കുമെതിരാണെന്നാണ് സി.പി.എമ്മിന് പറയാനുള്ള ന്യായം. എന്നാൽ, ഈ പ്രചാരണത്തോടൊപ്പം നിലകൊള്ളാൻ സി.പി.ഐയടക്കമുള്ള ഇടതു മുന്നണി ഘടകകക്ഷികൾ തയാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മുസ്ലിം ലീഗ് മതാധിഷ്ഠിത വർഗീയ പാർട്ടിയാണെന്ന് വിജയരാഘവൻ ആണയിടുേമ്പാഴും മുസ്ലിം ലീഗിൽനിന്ന് വേർപെട്ടു പോന്ന ഇന്ത്യൻ നാഷണൽ ലീഗ് കൂടെയുണ്ടെന്നത് വിസ്മരിക്കപ്പെടുന്നു. സി.പി.എം കേന്ദ്ര നേതൃത്വത്തിന്‍റെ ആവശ്യപ്രകാരം പേരിലെ മുസ്ലിം എന്ന പ്രയോഗം കളഞ്ഞിട്ടും ഐ.എൻ.എല്ലിനെ രണ്ട് പതിറ്റാണ്ട് വാതിൽപടിയിൽ നിർത്തിയെന്നത് വേറെ കാര്യം. ഐ.എൻ.എല്ലിനില്ലാത്ത വർഗീയ, മതമൗലിക വാദം മുസ്ലിം ലീഗിനും വെൽഫെയർ പാർട്ടിക്കുമുണ്ടോ എന്നും പരിശോധിക്കണം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ സഹായിച്ചുവെന്ന് പറയുന്ന എസ്.ഡി.പി.ഐയെ കുറിച്ചും ഏറെക്കാലമായി സി.പി.എം മിണ്ടാറില്ല.
ലീഗുമായുള്ള മുഹബത്ത്
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തിന് ജില്ലാ പദവി നൽകിയതും മുസ്ലിം ലീഗിന് ഭരണ പങ്കാളിത്തം നൽകിയതും വിജയരാഘവന്‍റെ മുൻതലമുറക്കാരാണ്. ജില്ല അനുവദിച്ചതിനു പുറമെ ചില പ്രശ്നങ്ങളെ തുടർന്ന് നിലച്ച മലപ്പുറം നേർച്ച പുനരാരംഭിക്കാൻ പോലും അവസരമൊരുക്കിയത് മലപ്പുറത്തുകാരനായ ഇ.എം.എസ് മുഖ്യമന്ത്രിയായിരിക്കുേമ്പാഴാണ്. പിന്നീട് നേർച്ച നിന്നുപോയത് മറ്റു പല കാരണങ്ങളാലാണ്. സപ്തകക്ഷി മുന്നണിയിൽ ചേർത്ത് മുസ്ലിം ലീഗിന് ഭരണപങ്കാളിത്തം നൽകിയതോടെ സി.പി.എമ്മിന്‍റെയും മുന്നണിയുടെയും ലീഗുമായുള്ള മുഹബത്ത് തീർന്നു എന്നു പറയാനാവില്ല. മുസ്ലിം ലീഗ് ഇടതു മുന്നണിയുമായി അടുക്കുന്നു എന്ന പ്രചാരണം കേരളത്തിൽ പല സമയങ്ങളിലായി ഉയർന്നുവന്നിട്ടുണ്ട്. ആ നിലക്ക് ഇരു പാർട്ടികളും തമ്മിൽ രഹസ്യ ചർച്ചകളും നടന്നിട്ടുണ്ട്. അത്തരം ചർച്ചകളിൽ പാർട്ടി സെക്രട്ടറിയായിരിക്കെ പിണറായി വിജയനും പങ്കാളിയായിട്ടുണ്ട്.
ഒരിക്കൽ പരേതനായ മുസ്ലിം ലീഗ് നേതാവ് എ.വി. അബ്ദുറഹിമാൻ ഹാജിയെ പാർട്ടി നേതൃത്വം സി.പി.എമ്മുമായി ചർച്ചക്ക് തിരുവനന്തപുരത്തേക്ക് അയക്കുകയും അദ്ദേഹം പിണറായിയെ കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായി പാണക്കാട് തറവാടും ഇടതു മുന്നണി നേതാക്കളെ സ്വീകരിച്ചിട്ടുണ്ട്. മുൻ മന്ത്രി ശിവദാസമേനോനും സി.പി.ഐ നേതാവ് കെ.ഇ ഇസ്മായിലുമാണ് പാണക്കാട്ടെത്തി അന്നത്തെ ലീഗ് അധ്യക്ഷൻ മുഹമ്മദലി ശിഹാബ് തങ്ങളെ കണ്ട് സംസാരിച്ചത്. പക്ഷെ മുഹമ്മദലി ശിഹാബ് തങ്ങളിൽ നിന്നുള്ള പ്രതികരണം അനുകൂലമായിരുന്നില്ലെന്നാണ് അന്നറിയാൻ കഴിഞ്ഞത്.
തങ്ങൾ മുസ്ലിംകൾക്കെതിരല്ല എന്നു പറയുേമ്പാഴും മലപ്പുറം ജില്ലയിലടക്കം നടന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വർഗീയവാദികളാണെന്ന ആരോപണം സി.പി.എം നേതാക്കളിൽ നിന്നുണ്ടായിട്ടുണ്ട്. ദേശീയപാത സ്ഥലമെടുപ്പിനെതിരെ സ്ഥലം നഷ്ടപ്പെടുന്നവർ പാർട്ടി, ജാതി, മത വേർതിരിവില്ലാതെ പ്രക്ഷോഭത്തിനിറങ്ങിയപ്പോൾ അതിന് പിന്നിൽ മുസ്ലിം തീവ്രവാദികളാണെന്ന് ആരോപിച്ചത് അന്ന് ഇടതു മുന്നണി കൺവീനറായിരുന്ന വിജയരാഘവനായിരുന്നു. മലപ്പുറത്തെ മുസ്ലിംകളെയും പാണക്കാട് തറവാടിനെയും കുറിച്ച് വിജയരാഘവന് നന്നായി അറിയുമെന്ന് പാണക്കാട്ടെ കുടുംബാംഗം സാദിഖലി ശിഹാബ് തങ്ങൾ ഈ വിവാദങ്ങൾക്കിടെ വ്യക്തമാക്കിയിരുന്നു. വിജയരാഘവൻ നാട്ടുകാരനും സഹപാഠിയുമാണെന്ന് പറയുന്ന സാദിഖലി തങ്ങൾ, പാണക്കാട് കുടുംബത്തെയും അതിന്‍റെ നിലപാടുകളെയും ചെറുപ്പംതൊേട്ട അറിയുന്ന ആളാണെന്നും രാഷ്ട്രീയ ലാഭത്തിനു വേണ്ടി അതൊന്നും മറക്കരുതെന്നും ഓർപ്പെടുത്തുന്നുണ്ട്.
രമ്യ ഹരിദാസ് പാണക്കാട്ട് പോയപ്പോൾ
വിജയരാഘവൻ മുമ്പും വിവാദങ്ങളിൽ ചാടിയിട്ടുണ്ട്. അതും പാണക്കാടിന്‍റെ പേരിൽ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ആലത്തൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചയുടനെ രമ്യ ഹരിദാസ് പാണക്കാട് തറവാട് സന്ദർശിച്ചിരുന്നു. ഇത് സംബന്ധിച്ച് 2019 ഏപ്രിലിൽ പൊന്നാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ഇടതു മുന്നണി തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലായിരുന്നു രമ്യ ഹരിദാസിനെതിരെ വിജയരാഘവന്‍റെ വിവാദ പരാമർശം. ആലത്തൂരിൽ രമ്യ ഹരിദാസ് ജയിച്ചു. വിജയരാഘവന്‍റെ പരാമർശം തെരഞ്ഞെടുപ്പിൽ രമ്യയുടെ വിജയത്തെ സഹായിച്ചുവെന്ന് പാർട്ടി തന്നെ വിലയിരുത്തിയതാണ്. പരാമർശം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമീഷനും വിലയിരുത്തിയിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്‍റെ വോട്ടു ബാങ്കിൽ വലിയ ചോർച്ചയുണ്ടാക്കാൻ ഇടതു മുന്നണിക്കായിട്ടില്ല. അതേസമയം കോൺഗ്രസിന്‍റെ കൂട്ട് വർഗീയ പാർട്ടികളുമായാണെന്ന പ്രചാരണത്തിലൂടെ ആ പാർട്ടിയുടെ വോട്ടിൽ ചോർച്ചയുണ്ടാക്കാൻ അവർക്കായിട്ടുണ്ട്. ക്രിസ്ത്യൻ വോട്ടിൽ കണ്ണുവെച്ചുള്ള പ്രചാരണം ബി.ജെ.പി വോട്ടിലെ ചോർച്ചയും ലക്ഷ്യം വെച്ചിരിക്കണം. മുസ്ലിം വിരുദ്ധതയിൽ പാർട്ടി വളർത്തുന്ന ബി.ജെ.പിക്ക് ഇത് തിരിച്ചടിയാവേണ്ടതാണ്.
കോൺഗ്രസ് മുക്ത ഭാരതമാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നത്. കോൺഗ്രസ് മുക്ത കേരളമാണ് (ഇവിടെ മാത്രം ഒതുങ്ങി നിൽക്കുന്നതിനാൽ) സി.പി.എം ലക്ഷ്യം വെക്കുന്നത്. മൃദു ഹിന്ദുത്വം പയറ്റിയതാണ് കോൺഗ്രസിന്‍റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം. പുതിയ പ്രചരണങ്ങളിലൂടെ സി.പി.എമ്മും ഇടതു മുന്നണിയുമാണോ, ബി.ജെ.പിയും ഇടതു മുന്നണിയുമാണോ ഗുണം പിടിക്കുകയെന്ന് തിരിയാൻ അധികം കാത്തിരിക്കേണ്ടി വരില്ല.
വർഗീയതയല്ല; മാനവികത
ഇന്ന് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറക്കടുത്ത് പൊന്നാട് നിന്ന് ഒരു വാർത്തയുണ്ട് മാധ്യമങ്ങളിൽ, ആരോരുമില്ലാത്ത ഒരു ക്രിസ്ത്യൻ വനിത മരണപ്പെട്ടപ്പോൾ അവരുടെ മരണാനന്തര ശുശ്രൂഷകൾക്കായി മദ്രസ വിട്ടുകൊടുത്ത മലപ്പുറത്തിന്‍റെ മാഹാത്മ്യത്തെക്കുറിച്ച്. കോവിഡ് ബാധിച്ച് മരിച്ച അന്യമതസ്തരുടെ സംസ്കാരം നടത്താൻ ബന്ധുക്കൾ മടിച്ചുനിൽക്കുേമ്പാൾ മുസ്ലിം സഹോദരങ്ങൾ മുൻകൈയെടുത്ത് സംസ്കാരച്ചടങ്ങുകൾ നടത്തിയ വാർത്തകളും ഇതിനു മുമ്പ് പല തവണ കാണുകയും വായിക്കുകയും ചെയ്തു.
അതാണ് മുസ്ലിം മനസ്സ്. പാർട്ടിയേതായാലും ഏതു വിഭാഗമായാലും അതിൽ വർഗീയത തൊട്ടുതീണ്ടിയിട്ടില്ല. മാനവികതക്കാണിവിടെ ഊന്നൽ. താൽകാലിക ലാഭത്തിനു വേണ്ടി വർഗീയ വിഷം പുരട്ടാൻ ശ്രമിച്ചാൽ തന്നെയും അതിന് അൽപായുസ്സേ ഉണ്ടാവൂ. കാലം അതിനെ അതിജീവിക്കുക തന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.