ആധാർ: നാലാം തലമുറ വിപ്ലവത്തിലെ ബ്രഹ്മാസ്ത്രം
text_fields‘ആധാർ’ എന്തിനാണെന്നത് കൃത്യമാണ്. ഒരാളുടെ ബയോ മെട്രിക് അടയാളങ്ങൾ ആ വ്യക്തിയുടെ സ്വകാര്യതയുടെ ഭാഗമാണ്. അത് മറ ്റൊരു ഏജൻസി (ഭരണകൂടമായാലും സ്വകാര്യകമ്പനിയായാലും ശേഖരിച്ചുവെക്കുന്നു എന്നത് ആ വ്യക്തിയുടെ സ്വകാര്യതക്കും ജന്മാവകാശത്തിനും മേലുള്ള ഏറ്റവും വലിയ കടന്നുകയറ്റമാണ്). പ്രത്യേകിച്ച് അത് രേഖപ്പെടുത്തപ്പെടുന്നിടത്ത് സംശയത്തിെൻറ നിഴൽ പതിഞ്ഞുകിടക്കുന്ന സാഹചര്യം കൂടിയുണ്ടെങ്കിൽ അത് അത്യധികം ഭയപ്പെേടണ്ടതുമാണ്. കാരണം ഒരിക്കൽ നഷ്ടപ്പെട്ടുകഴിഞ്ഞാൽ ഒരുതരത്തിലും തിരിച്ചെടുത്ത് സ്വകാര്യമാക്കാൻ കഴിയാത്ത ഒന്നാണ് ഒരാളുടെ ജനിതക/ജൈവ അടയാളങ്ങൾ.
അത്രമേൽ സൂക്ഷിച്ചും അവധാനതയോടെയും മാത്രം കൈകാര്യം ചെയ്യേണ്ട ഒരു സംഗതിയുടെമേൽ സംശയങ്ങളുടെ ശൃംഖലകൾ തന്നെ ബലപ്പെട്ടുവരുന്നതിനിടെയാണ് തികച്ചും ഭരണഘടനാ വിരുദ്ധമായ രൂപത്തിൽ ഒരു ഫാഷിസ്റ്റ് സർക്കാർ അത് കൊണ്ടുവരുന്നതും പരമോന്നത നീതിപീഠത്തിലൂടെ നിയമസാധുത നേടിയെടുക്കുന്നതും. അതുകൊണ്ടു തന്നെ അത് നടപ്പാക്കുന്നതിെൻറ പിന്നിലുള്ള ലക്ഷ്യങ്ങളെയും അത്ര ലളിത യുക്തിയോടെ സമീപിക്കാനാവില്ല.
ഇതുവരെയുള്ള സാഹചര്യങ്ങൾ എല്ലാം ചേർത്തുവായിക്കുേമ്പാൾ അതിവിദൂര പ്രത്യാഘാതങ്ങൾ ആധാർ ഉൾക്കൊള്ളുന്നുണ്ട്. ആധാറിനോട് വിയോജിച്ച് ചില നിരീക്ഷണങ്ങൾ നടത്തിയ ചെറുപ്പക്കാരനായ ജഡ്ജ് ചന്ദ്രചൂഡിന് മാത്രമാണ് അത് കൃത്യമായി തിരിച്ചറിഞ്ഞത്. സ്വകാര്യത മൗലികാവകാശമാണെന്ന് പറഞ്ഞ അതേ നീതിപീഠത്തിൽ നിന്നാണ് ഇൗ വിധിയും എന്നത് ഒരു െഎറണിയാണ്. കോടതിക്ക് മറുത്ത് ഇടപെടേണ്ടതായ ഒരു ഘട്ടംവരും എന്നത് തീർച്ച. അപ്പോഴേക്കും ഒരുപക്ഷേ, കാര്യങ്ങൾ തിരിച്ചുപിടിക്കാൻ കഴിയാത്ത വിധം കൈവിട്ടുപോയിട്ടുമുണ്ടാവും. ഇപ്പോൾ തന്നെ ഒെട്ടാക്കെ അതു സംഭവിച്ചുകഴിഞ്ഞിരിക്കുന്നു.
സാേങ്കതിക വിദ്യ കൈവരിച്ച മുന്നേറ്റവും അതിെൻറ ഗുണഫലങ്ങളും അളക്കാനാവാത്തതാണെന്നത് ശരി തന്നെ. എന്നാൽ, ഇതേ സാേങ്കതികവിദ്യകളെ ഭരണകൂടം ഒട്ടും നിഷ്കളങ്കമല്ലാതെ ഉപയോഗിക്കുന്ന കാലത്ത് ആധാറുമായി ബന്ധപ്പെട്ട വിധി അത്യന്തം ആശങ്കയുളവാക്കുന്നുണ്ട്.
നാലാം തലമുറ വ്യവസായ വിപ്ലവത്തോടെ അതിജീവനം സാധ്യമാവുന്നവരും അസാധ്യമാവുന്നവരും എന്ന കള്ളികളിൽ ഭരണകൂടങ്ങൾക്ക് തങ്ങളുടെ പൗരൻമാരെ /ജനവിഭാഗങ്ങളെ കൃത്യമായി അളന്നുതിരിക്കേണ്ടതായുണ്ട്. അങ്ങനെ കളം തിരിച്ച് പൗരനെ ഏതു സമയത്തും വീഴ്ത്താവുന്ന ബ്രഹ്മാസ്ത്രമാണ് വാസ്തവത്തിൽ ഇൗ ആധാർ. വിഭവ വൈവിധ്യങ്ങളെയും അതോടൊപ്പം വൈരുധ്യങ്ങളെയും ഉൾകൊള്ളുന്ന വിശാല ഭൂമികയായ ഇന്ത്യയാണ് അതിനു പറ്റിയ ഏറ്റവും മുന്തിയ പരീക്ഷണശാല. അതിവികസിത രാജ്യമായ ഇംഗ്ലണ്ട് പോലും വേണ്ട എന്നു വെച്ച് വലിച്ചെറിഞ്ഞ ഒന്നാണിതെന്ന് ഒാർക്കുക. സുരക്ഷാവീഴ്ച ഇല്ലാത്തതാണെന്ന് ഉറപ്പുണ്ടെങ്കിൽ എന്തുകൊണ്ട് വികസിത- മുതലാളിത്ത രാജ്യങ്ങൾ ആധാർ നിർബന്ധമാക്കുന്നില്ല എന്ന സാമാന്യമായ ചോദ്യമുണ്ടല്ലോ? അതുകൊണ്ടുതന്നെ ഇതിൽ കൃത്യമായ ഗൂഢാലോചനയുണ്ട്. അത് നിർമല സീതാരാമൻ ആരോപിക്കുന്നത് പോലെ ബി.ജെ.പിക്ക് എതിരായ ഗൂഢാലോചനയല്ല. നേരെ തിരിച്ചാണ്. മോദി യുഗത്തിനും അതുവഴിയുള്ള കോർപറേറ്റ് സാമ്രാജ്വത്വത്തിനും അനുകൂലമായ അന്താരാഷ്ട്ര ഗൂഢാലോചനയാണ് നടക്കുന്നത്. അതുകൊണ്ടാണ് ട്രംപും നെതന്യാഹുവും മാക്രോണുമൊക്കെ ‘മോദിക്കുവേണ്ടി’ ആഞ്ഞുപിടിച്ച് കൈകോർക്കുന്നത്. ‘ഗൂഢാലോചന സിദ്ധാന്തം’ എന്ന് പരിഹാസ ശരമെയ്യുന്നവർ പ്രത്യക്ഷമായിത്തന്നെയുള്ള ഇൗ കൂട്ടുകെട്ടിനെ കുറിച്ച് മാത്രം ഒരക്ഷരം മിണ്ടില്ല.
ആധാർ മാത്രമല്ല, ഇ.വി.എമ്മും, ഡിജിറ്റൽ സമ്പദ്ഘടനയും ബാങ്കുകളും അന്താരാഷ്ട്ര കൺസൾട്ടൻസികളും എന്തിന് സാമൂഹ്യ മാധ്യമങ്ങൾ അടക്കം ആ ഗൂഢാലോചനയിലെ ഏറ്റവും നല്ല മൂലധന ഉരുപ്പടികൾ ആണിന്ന്. ഇത് ഒെട്ടാക്കെ മനസ്സിലാക്കാൻ ‘ഇരുമ്പ് തിരൈ’ എന്ന തമിഴ് ചിത്രം കണ്ടാൽ മതി. തമിഴനത് തിരിഞ്ഞു. ഡിജിറ്റൽ വിപ്ലവത്തിലൂടെ വികസനം സ്വപ്നം കാണുന്ന ‘വരേണ്യർക്ക്’ ഇനിയും അത് തിരിഞ്ഞിട്ടില്ല. ‘ഇരുമ്പ് തിരൈ’യിൽ ഒരു വ്യക്തിയാണ് എ.ടി.എം^ ആധാർ^ ഫേസ്ബുക്ക് വഴി പൗരെൻറ വിവരങ്ങൾ ചോർത്തി സ്വന്തം സാമ്രാജ്യം വികസിപ്പിക്കുന്നതെങ്കിൽ യാഥാർത്ഥ്യത്തിൽ ഭരണകൂടം തന്നെയാണ് പ്രതിസ്ഥാനത്ത് വരുന്നത്. ആധാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള സ്വകാര്യ കമ്പനികളെ നിയമം മൂലം നിയന്ത്രിക്കാനായേക്കും. എന്നാൽ, ഭരണകൂടത്തെയോ? ഇതെല്ലാമുപയോഗിച്ച് ഭരണകൂടത്തിന് ഞാൻ/ നിങ്ങൾ എന്ന വ്യക്തിയെ തന്നെ ‘അപ്രത്യക്ഷ’മാക്കാനാവും. ഇന്ന സ്ഥലത്ത് ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നിേട്ട ഇല്ല എന്ന് വരുത്തിത്തീർക്കാനാവും. നുഴഞ്ഞുകയറ്റക്കാരനാക്കാം. ദേശവിരുദ്ധനുമാക്കാം. ഭീകരവാദിയാക്കാനും (അർബൻ)നക്സലാക്കാനും കഴിയും. വെറുതേ കഴിയുന്നല്ല. അതിനനുകൂലമായി പൗരത്വ രേഖകൾ/ബയോമെട്രിക് വിവരങ്ങൾ അവർക്കുവേണ്ടി സംസാരിക്കും. ഒരു റേഡിയോ കോളർ പോലെ ഇതുപയോഗിച്ച് നിങ്ങളെ ‘ട്രാക്ക്’ ചെയ്യാൻ കഴിയും. കാരണം, ഇൗ ജനാധിപത്യ രാഷ്ട്രത്തിൽ ഇനി പൗരൻമാരില്ല. കണ്ണും, കൈയും പതിച്ച 12 അക്ക നമ്പറുകളേയുള്ളൂ.
ഒരൊറ്റ ഉദാഹരണം നോക്കൂ, ഇതിൽ ആദ്യം കുരുക്കു വീഴാൻ പോവുന്നത് ഇന്ത്യയിലെ റോഹിങ്ക്യകൾക്കു മേൽ ആണ്. അവരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിക്കഴിഞ്ഞു. ഇൗ വിവര ശേഖരണം അവർക്ക് തിരിച്ചറിയൽ കാർഡ് ലഭ്യമാക്കാനല്ലെന്നും അവരെ പുറന്തള്ളാനാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കുറച്ചുനാളുകൾക്ക് മുമ്പ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് കേരളത്തിൽ വന്നപ്പോൾ പറഞ്ഞതുകേട്ടില്ലേ. റോഹിങ്ക്യൻ അഭയാർഥികളെ നാടുകടത്തുമെന്ന്. ഇതിേപ്പാൾ റോഹിങ്ക്യകളല്ലേ? അനധികൃത കുടിയേറ്റക്കാരല്ലേ? എന്നൊക്കെ നമുക്ക് വാദിച്ച് അതിനെ ന്യായീകരിക്കാനായേക്കും. എന്നാൽ, നാളെ അഭയാർഥിയല്ലാത്ത, ഭരണകൂടത്തിെൻറ നെറികേടുകൾക്കുനേരെ വിരൽ ചൂണ്ടുന്ന സ്വന്തം പൗരൻമാർക്കു നേരെയാണെങ്കിലോ? അവരെയൊക്കെ തരംേപാലെ കൈകാര്യം ചെയ്യാനുള്ള ലൈസൻസ് ആണ് ആധാറിന് നിയമപരമായ സാധുത നൽകിയതിലൂടെ സുപ്രീംകോടതി ഭൂരിപക്ഷ ബെഞ്ച് നൽകിയിരിക്കുന്നത്. സത്യത്തിൽ സമ്പൂർണമായും ഒരൊറ്റ സ്റ്റേറ്റിനു വഴങ്ങുന്ന ഒരു സാമൂഹ്യക്രമത്തിലേക്കുള്ള മുന്നൊരുക്കമാണ് ഇതിലൂടെ നടക്കുന്നത്.
അമേരിക്കൻ ചാര സംഘടനയായ സി.െഎ.എ ഇതിനകം തന്നെ ഇന്ത്യക്കാരുടെ മുഴുവൻ ആധാർ വിവരങ്ങളും ചേർത്തിയെടുത്തതായി വിക്കിലീക്ക്സ് ഉന്നയിച്ചിരുന്നു. ഇക്കാര്യം ആധാരമക്കി വാർത്താ പോർട്ടലായ ഗ്രേറ്റ് ഗെയിം ഇന്ത്യ ന്യൂസ് (ജി.ജി.െഎ ന്യൂസ്) കഴിഞ്ഞ വർഷം റിപ്പോർട്ട് തയ്യാറാക്കി പുറത്തുവിടുകയും ചെയ്തു.
‘ക്രോസ്മാച്ച് ടെക്നോളജീസ്’ എന്ന യു.എസ് കമ്പനിയെ സൈബർ സ്പൈയായി ഉപയോഗിച്ചായിരുന്നു സി.െഎ.എ ഇത് ചെയ്തതെന്നും വിക്കിലീക്ക്സിനെ ഉദ്ധരിച്ച് അവർ പറഞ്ഞു. ആധാർ വിവരങ്ങളുടെ മൊത്തം മേൽനോട്ട ചുമതലയുള്ള യു.െഎ.ഡി.എ.െഎ സർട്ടിഫൈ ചെയ്ത കമ്പനിയാണ് ‘ക്രോസ്മാച്ച് ടെക്നോളജീസ്’ എന്നു മനസ്സിലാക്കുക. അഥവാ ഇൗ അമേരിക്കൻ കമ്പനി ലഭ്യമാക്കിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ആദ്യഘട്ടത്തിൽ ഇന്ത്യൻ പൗരൻമാരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചത്!
‘എക്സ്പ്രസ് ലൈൻ’ എന്ന പദ്ധതി വഴി നടത്തിയ ഗൂഢമായ ഒരു ഒാപറേഷനിലൂടെയാണ് സി.െഎ.എ ഇൗ വിവരങ്ങളിലേക്ക് നുഴഞ്ഞു കയറിയതെന്നും വിക്കിലീക്ക്സ് പുറത്തുവിട്ടിരുന്നു. സി.െഎ.എക്കകത്തെ ഒരു ശാഖയായ ഒ.ടി.എസ്(ഒാഫീസ് ഒാഫ് ദ ടെക്നിക്കൽ സർവീസസ്) വഴിയാണ് ഇത് സാധ്യമാക്കിയതത്രെ. ബയോമെട്രിക് ശേഖര സംവിധാനമുള്ള ഒ.ടി.എസിന് ലോകത്തുടനീളം ഇതിനായി രഹസ്യബാന്ധവങ്ങൾ ഉള്ളതായും വിക്കിലീക്സ് പറയുന്നു. 2017 ആഗസ്റ്റിൽ പുറത്തുവന്ന ഇൗ വിവരം ഇന്ത്യ ഒൗദ്യോഗികമായി നിഷേധിച്ചിരുന്നുവെങ്കിലും അതിനുശേഷവും ആധാർ വിവര ചോർച്ചയുടെ നിരവധി റിപ്പോർട്ടുകൾ പറുത്തുവന്നു. ട്രായ് ചെയർമാെൻറ അക്കൗണ്ട് തന്നെ ഹാക്കർമാർ മിനുട്ടുകൾക്കകം ചേർത്തി പുറത്തുവിട്ടു.
വിവരങ്ങൾ അങ്ങനെയൊക്കെ ചോർത്താനാവുമോ എന്ന ‘നിഷ്കളങ്കമായ’ ചോദ്യത്തിന് ജസ്റ്റിസ് കഠ്ജു നൽകിയ മറുപടിയാണ് ഉചിതം. സിലിക്കൻ വാലിയിൽ നിന്ന് രണ്ട് ഹാക്കർമാരെ കൊണ്ടുവന്നാൽ തീരുന്ന പ്രശ്നമേയുള്ളു. ഏതു എൻക്രിപ്റ്റഡ് കോഡും അവർക്ക് സുന്ദരമായി അടിച്ചുമാറ്റാൻ പറ്റും. ഇതിൽ സുപ്രധാനമായ ഒരു കാര്യം, ബയോമെട്രിക് സംവിധാനങ്ങൾ കാലാകാലം സുരക്ഷിതമായിരിക്കും എന്ന ഇന്ത്യയുടെ വീമ്പു പറച്ചിലണ്ടല്ലോ, ഇൗ ഉപകരണങ്ങൾ പുറത്തുനിന്ന് നിർമിക്കുന്നിടത്തോളം കാലം എങ്ങനെ ഭരണകൂടത്തിന് ഇക്കാര്യത്തിൽ ഉറപ്പുനൽകാനാവും? ഏതു കുട്ടിക്കും മനസ്സിലാവുന്ന യുക്തിയാണത്. കാരണം, ഇത് നിർമിക്കുന്നവനാണ് അതിെൻറ യഥാർഥ യജമാനൻ. കൈമാറപ്പെട്ടവരല്ല.
അപ്പോൾ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്.
ഇപ്പോൾ കോടതിയുടെ ചരിത്ര വിധികൾ എന്ന് വാഴ്ത്തിപ്പാടുന്ന ഒന്നും തന്നെ അത്ര നിഷ്കളങ്കമായ ഇടപെടലുകൾ അല്ല. അതിൽ നിഷ്കാമ കർമത്തിലേർപ്പെട്ടിരിക്കുന്നവരുണ്ടാവാം. അവരുടെ നൈതികമായ ഇടപെടലുകൾ പോലും തങ്ങൾക്കനുകൂലമാക്കി ഉപയോഗിക്കാൻ ഇൗ തീവ്ര വലതു വംശീയ^ കോർപറേറ്റ് ബന്ധിത ഭരണകൂടത്തിനാവും എന്നിടത്താണ് ഏറ്റവും വലിയ പ്രതിസന്ധി ഒളിഞ്ഞുകിടക്കുന്നത്. സ്വതന്ത്ര പൗരൻമാർ എന്നത് അപ്രസക്തമായ ആശയം മാത്രമായി മാറുകയാണ്. അവകാശം എന്നത് കേവല വിശ്വാസ ആചാരങ്ങളുമായി കൂട്ടിക്കുഴച്ച് എറിഞ്ഞുകൊടുത്താൽ അതിനുവേണ്ടി കടിപിടിക്കൂടി ഇൗ പൗരൻമാർ സ്വയം കുഴി കുഴിച്ചോളും എന്ന് ഇൗ ശക്തികൾക്ക് നന്നായി അറിയാം. അപ്പോൾ നീതിപീഠങ്ങൾ പോലും അവർക്ക് വേണ്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കും.
ഇതിനിടയിൽ ആരും ചർച്ചക്കു വിധേയമാക്കാതെ പോയ മറ്റൊരു കാര്യമുണ്ട്. ഇന്ത്യയുടെ ടെലികോം നയം. നേരത്തെ പറഞ്ഞ, മനുഷ്യർ അരികുവൽകരിക്കപ്പെടുകയും കോർപറേറ്റുകളാൽ നിയന്ത്രിക്കപ്പെടുന്ന യന്ത്രമനുഷ്യർ രംഗം വാഴുകയും ചെയ്യുന്ന നാലാം തലമുറ വിപ്ലവത്തിലേക്കുള്ള അതിവേഗതയേറിയ ചുവടുവെപ്പ്. ടെലികോം മേഖലയിൽ സമഗ്രമാറ്റം ലക്ഷ്യമിടുന്ന ‘ദേശീയ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് പോളിസി (എൻ.ഡി.സി.പി) 2018’ ന് കഴിഞ്ഞ ആഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിക്കഴിഞ്ഞു. അതിെൻറ സ്വഭാവം വെച്ചുനോക്കിയാൽ, കർഷകർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങി അതിജീവനത്തിെൻറ വഴിയിൽ നിന്നുപിഴക്കാൻ കഴിയാത്തവരും ഏറ്റവും അടിസ്ഥാന ആവശ്യങ്ങൾ പോലും നിവൃത്തിക്കാൻ കഴിയാത്തവരുമായവരെ പരിഗണിക്കാത്തതും അത്യധികം വരേണ്യ^കോർപറേറ്റ് കേന്ദ്രിതവുമായ നവലോകക്രമത്തിലേക്ക് ഇന്ത്യയെ വിക്ഷേപിക്കാൻ തക്കവണ്ണമുള്ള നയങ്ങൾ ആണ് ഇവയെന്നാണ്.
ഡിജിറ്റൽ പരമാധികാരം ഉറപ്പാക്കും എന്നതാണ് അതിലെ പ്രധാന അജണ്ട. ഇതിനു വേണ്ടി ഇൻറർനെറ്റ് ഗതിവേഗം വർധിപ്പിക്കാനും രാജ്യത്തെ മൊത്തം ഇൻറർനെറ്റ് ശൃംഖലയുമായി ബന്ധിപ്പിക്കാനും ലക്ഷ്യമിട്ടിരിക്കുന്നു. കൂടാതെ നിർമിത ബുദ്ധി, റോബോട്ടിക്സ്, ഇൻറർനെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി), ക്ലൗഡ് കമ്പ്യൂട്ടിങ്, മെഷീൻ ടു മെഷീൻ (എം.ടു.എം) തുടങ്ങിയ നൂതന സംരംഭങ്ങൾക്ക് ഊന്നൽ നൽകുമെന്നും നയത്തിൽ വ്യക്താക്കുന്നുണ്ട്. ടെലികോം മേഖലയിൽ രണ്ടു വർഷത്തിനുള്ളിൽ 100 ബില്യൻ ഡോളര്‍ നിക്ഷേപം പ്രതീക്ഷിക്കുന്നതായും പറയുന്നു.
അപ്പോൾ, മനസ്സിലാക്കേണ്ടത് മനുഷ്യ വിഭവശേഷി ക്രമേണ കുറച്ചുകൊണ്ടുവന്ന്, അത് ആവശ്യമില്ലാതാവുന്ന ഒരു വ്യവസ്ഥയാണ് മോദി സർക്കാറിെൻറ സ്വപ്നം. വരാനിരിക്കുന്നത് സങ്കൽപിക്കാനാവാത്തത്ര ഭീകരമായ തൊഴിൽ നഷ്ടത്തിെൻറ നാളുകൾ ആയിരിക്കുമെന്ന് ചുരുക്കം. ഇത് ഇൗ കാലയളവിൽ തന്നെ നടപ്പാക്കിയെടുത്തതിെൻറ പിന്നിൽ കൃത്യമായ ആഗോള താൽപര്യമുണ്ട്. ഇതൊക്കെ കണ്ട് വികസനത്തള്ളിച്ചയെന്ന് വായ്ക്കുരവയിടുന്നവരോട്, സമീപ ഭാവിയിൽ തന്നെ നിങ്ങളാ പറഞ്ഞത് തിരിച്ചെടുക്കേണ്ടിവരും. ആ പറഞ്ഞവർ അടക്കം തൊഴിൽ മേഖലയിൽ നിന്ന് പുറന്തള്ളപ്പെടുക എന്നതായിരിക്കും ഇതിെൻറ കടുത്ത യാഥാർഥ്യങ്ങളിൽ ഒന്ന്.
ടെക്കിയായ ഒരു ചെറുപ്പക്കാരൻ പറഞ്ഞ അനുഭവം പങ്കുവെയ്ക്കാം. തെൻറ ജോലിയിൽ അഭിമാനിക്കുന്ന വ്യക്തിയാണയാൾ. ഡിജിറ്റൽ ലോകവുമായി കാര്യമായി തന്നെ ഇടപഴകുന്ന ഒരാൾ. ഇയാൾ ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം ആധാർ െഎ.ഡി സബ്മിറ്റു ചെയ്യുന്നു. അടുത്തിടെ പ്രസ്തുത വ്യക്തിക്ക് ഒരു കമ്പനിയിൽ നിന്നും നല്ലൊരു ഒാഫർ ലഭിക്കുന്നു. അതിൽ അതിയായി സന്തോച്ചിരിക്കവെ ഏറ്റവും ഒടുവിൽ തെൻറ അപേക്ഷ നിരസിച്ചതായി അറിയിപ്പ് ലഭിച്ചു. ഇതിെൻറ പിന്നിലെ കാരണം തിരക്കിയപ്പോൾ അറിയാൻ കഴിഞ്ഞത്, നേരത്തെ ജോലി ചെയ്ത കമ്പനികളിൽ ഒന്നിെൻറ മാനേജറുമായുണ്ടായ ഒരു ചെറിയ പ്രശ്നം ബാക്ക്ഗ്രൗണ്ട് ചെക്കിങ്ങിൽ ഇവർ കണ്ടെത്തിയതാണ്. എല്ലായിടത്തും തെൻറ ആധാർ സമർപിച്ചതിനെ ശപിക്കുകയല്ലാതെ അയാൾക്കു മുന്നിൽ വേറെ വഴികൾ ഇല്ലായിരുന്നു.
മധ്യ വയസ്കനായ െഎ.ടി മാനേജർ പങ്കുവെച്ച ഒരു വിവരം കൂടി പറയെട്ട. തൊഴിൽ സംബന്ധമായ സാഹചര്യം മൂലം ഉയർന്ന രക്ത സമ്മർദ്ദത്തിന് ഇയാൾ മരുന്നുകഴിച്ചിരുന്നു. നേരത്തെ കാണിച്ച ക്ലിനിക്കുകളിൽ എല്ലാം ആധാർ നമ്പർചോദിച്ചപ്പോൾ കൊടുക്കുകയും ചെയ്തു. പിന്നീട് ബി.പി നോർമൽ ആയെങ്കിലും ഇൻഷൂറൻസ് പോളിസി എടുക്കാൻ തീരുമാനിച്ചു. അവിടെയും ആധാർ നമ്പർ നൽകാൻ അദ്ദേഹം നിർബന്ധിതനായി. എല്ലാ നടപടിക്രമങ്ങളും കഴിഞ്ഞ് പോളിസി ലഭ്യമായി. എന്നാൽ, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ഇൻഷുറൻസ് കവറേജ് ഇല്ലായിരുന്നു. ഇക്കാര്യം തിരക്കിയപ്പോൾ താങ്കൾക്ക് അമിത രക്തസമ്മർദ്ദം ഉണ്ടായിരുന്നുവെന്ന കാരണമാണ് അവർ നൽകിയത്. കാരണമായത് ആധാർ. ഇയാളുടെ ഗതകാല ആരോഗ്യവാസ്ഥ ഇവർ കണ്ടെത്തിയത് അതിലൂടെ ആയിരുന്നു.
ഇനി സ്വകാര്യ കമ്പനികൾക്ക് നിയന്ത്രണം കൊണ്ടുവന്നാൽ തന്നെ ഇതിനകം ഇവർ കൈക്കലാക്കിയ വിവരങ്ങൾ ഇനി എങ്ങനെ തിരിച്ചുപിടിക്കും. അങ്ങനെ ചെയ്താൽ തന്നെ അതിെൻറ ഇരകൾ ആയ കോടിക്കണക്കിന് പൗരൻമാർക്ക് എന്തുണ്ട് മെച്ചം? അപ്പോൾ ഗുരുതരമായതും പരിഹാരമില്ലാത്തതുമായ സ്വകാര്യതാ ലംഘനമാണ് ഇത്രയും നാൾ ഭരണകൂടത്തിെൻറ ഒത്താശയോടെ നടന്നിരിക്കുന്നത്.
എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ് കണക്‌ഷൻ നല്‍കുന്നതിലൂടെ 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുവഴി ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) ആറ് ശതമാനത്തിൽനിന്ന് എട്ടു ശതമാനമായി ഉയരുമെന്നാണ് ടെലികോം മന്ത്രാലയം അടിച്ചുവിടുന്ന വാണം. തൊഴിലവസരങ്ങളെ കുറിച്ച് പറഞ്ഞ് അധികാരത്തിലേറിയ മോദി സർക്കാർ ഇൗ നാലു വർഷം കൊണ്ട് എത്ര പേർക്ക് തൊഴിൽ കൊടുത്തു എന്നതും എത്ര കോടി യുവാക്കളുടെ തൊഴിൽ ഇതിനകം കളഞ്ഞു എന്നതും നമ്മുടെ മുമ്പിലുണ്ട്. അതിരിക്കെട്ട. ഇൗ ജി.ഡി.പി വളർച്ച എന്നു പറയുന്നത് എന്താണ്? സാധാരണ ഇന്ത്യൻ പൗരെൻറ വളർച്ചയാണെന്നാണ് പ്രചരിപ്പിക്കുന്നതെങ്കിലും അത് അദാനി - അംബാനി- ബാബാ രാംദേവുമാരുടെ വളർച്ചയാണെന്നത് ഇന്ത്യക്കാർക്കറിയാഞ്ഞിട്ടല്ല.
നിർമിത ബുദ്ധിയുടെ കാലമാണ് ഇനിയങ്ങോട്ട്. നയങ്ങളും കരാറുകളും നിക്ഷേപങ്ങളും അതിനെ പരിേപാഷിപ്പിക്കുന്നതായിരിക്കും. ഇൗ ഡിജറ്റൽ വ്യവസ്ഥയുടെയും അതുമായി ബന്ധിതമായ ആഗോള സമൂഹത്തിെൻറയും ഏറ്റവും വലിയ പ്രായോജകർ ആയിരിക്കും പുതിയ കാലത്തെ ധന ശക്തികൾ.
നമ്മൾ കൊണ്ടു നടക്കുന്ന ബന്ധങ്ങൾ, വിശ്വാസം, ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം, നീതി, അവകാശബോധം അങ്ങനെ സകലതും അപ്രസക്തമാവുന്ന ഒരു ലോകമ്രകമാണ് നാലാം വ്യവസായ വിപ്ലവത്തിലൂടെ അതിെൻറ പിന്നിലുള്ളവർ ലക്ഷ്യമിടുന്നത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങൾക്കായിരിക്കില്ല. മനുഷ്യനും റോബോട്ടുകളും തമ്മിലുള്ള ബന്ധങ്ങൾക്കായിരിക്കും അവിടെ സ്ഥാനം. അത്തരം യന്ത്രമനുഷ്യരെ നിർമിക്കാനും
അവയെ സ്വന്തമാക്കാനും നിയന്ത്രിക്കാനും തക്കവണ്ണം ശേഷിയുള്ള രാജ്യങ്ങൾ മാത്രം അധിപൻമാരായി വാഴും. അവർക്കനുകൂലമായി സർവ രാജ്യങ്ങളുടെയും നിയമങ്ങൾ മാറ്റിയെഴുതപ്പെടും. അതിെൻറ തുടക്കമാണ് തൊഴിലാളി വിരുദ്ധമായ പല തൊഴിൽ നയങ്ങൾക്കും മോദി സർക്കാർ ജന്മം നൽകുന്നത്.
ആ അർഥത്തിൽ ഏറ്റവും ബൃഹത്തായ ഒരു വിപണിയായി ഇന്ത്യയെ മോദി ഭരണകൂടം മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.