’അച്ഛാ, നിങ്ങളാകാനാണ് ഞാനും ഷാനും ഓരോ ദിനവും പരമാവധി ശ്രമിക്കുന്നത്!’ -ഹൃദയം തുറന്ന് സഞ്ജീവ് ഭട്ടിന്റെ മക്കൾ
text_fieldsഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദി സർക്കാറിന്റെ പങ്ക് വെളിപ്പെടുത്തിയതിന്റെ പേരിൽ പ്രതികാര നടപടിക്കിരയായി, അഞ്ചുവർഷമായി ജയിലിൽ കഴിയുന്ന ഗുജറാത്തിലെ മുൻ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ടിന് മക്കളായ ആകാശി ഭട്ടും ശാന്തനുഭട്ടും എഴുതിയ വൈകാരികമായ കുറിപ്പ്:
ആകാശിയും ശാന്തനുഭട്ടുമാണിത്...
ഒരു വർഷം കൂടി കടന്നുപോയി, പോരാട്ട മുഖത്ത് മറ്റൊരു ദിനവും...
ഇത് കുറിക്കുമ്പോൾ, രണ്ട് വിരുദ്ധ ലോകങ്ങൾക്ക് നടുവിലാണ് ഞങ്ങൾ.... ഒരു ലോകം പോയിമറഞ്ഞതാണ്, സന്തോഷവും അടുപ്പവും നിറഞ്ഞുനിന്നത്. രണ്ടാമത്തേതാകട്ടെ, പരസ്പരം വേറിട്ട്, ഓരോ ദിനവും ഓരോ നിമിഷവും ഈ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ നിലകൊള്ളുന്ന പോരാട്ടവഴിയിലും...
രണ്ട് ദിവസം മുമ്പായിരുന്നു, ഈ ദയയറ്റ ഭരണകൂടം നമ്മെ വേറിട്ടുനിർത്തിയ ശേഷമുള്ള നാലാമത്തെ പിതൃദിനം. ഈ കുറിപ്പെഴുതിയ ഇന്ന് (ചൊവ്വ) നിങ്ങളെ (സഞ്ജീവ് ഭട്ടിനെ) ഹീനമായി തടവിലാക്കിയതിന്റെ നാലാം വാർഷികവും. ഒരിക്കലും ചെയ്യാത്ത തെറ്റിന്റെ പേരിൽ അഞ്ചു വർഷമായി നിങ്ങൾ ജയിലിൽ നരകിക്കുന്നു.
നാം ഒന്നിച്ച് ആഘോഷിച്ച പിതൃദിനങ്ങളുടെ ഗൃഹാതുരത നിറഞ്ഞ ഓർമകളുടെ വല്ലാത്ത വേലിയേറ്റത്തിന് നടുക്കായിരുന്നു ഈ ദിനങ്ങൾ. അതുകഴിഞ്ഞ്, അവസാനിക്കാത്ത ദുഃസ്വപ്നമായി നമ്മുടെ ജീവിതം മാറ്റിമറിച്ച ജൂൺ 20 എന്ന ദിനവും.
മനസ്സ് മഥിക്കുന്നതാണ് 2019 ജൂൺ 20ലെ ഓർമകൾ. ഭരണകൂടം അട്ടിമറി നടത്തി എങ്ങനെയാണ് വിചാരണ തുടങ്ങുംമുമ്പുതന്നെ കോടതിയുടെ അന്തിമ വിധി നേരത്തെ തീരുമാനിച്ചുകളഞ്ഞത്. ന്യായമായ പ്രക്രിയകകൾ നീതിപീഠം നിഷ്‍കരണം അവഗണിച്ചുതള്ളിയത്. അതും ഏകപക്ഷീയമായി നടത്തിയ മോശം വിചാരണ നടപടികളിലൂടെ, തെളിവുകൾ പരിഗണിക്കുകപോലും ചെയ്യാതെ, പ്രതിഭാഗം സാക്ഷികളെ എത്തിക്കാൻ അവസരമില്ലാതെ..
രാഷ്ട്രീയത്തിലെ രണ്ടുപേരെ സംരക്ഷിക്കാനും നിങ്ങളുടെ ശബ്ദം നിശ്ശബ്ദമാക്കപ്പെടാനും വേണ്ടി നീതിന്യായ സംവിധാനം തന്നെയായിരുന്നു സമ്പൂർണമായി അപഹസിക്കപ്പെട്ടത്. അഞ്ചു വർഷമായി, നാം മറ്റൊരു ഹീനമായ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്തു വില കൊടുത്തും നിങ്ങളെ നിശ്ശബ്ദമാക്കാൻ ഭരണകൂടം നടത്തുന്ന മറ്റൊരു ശ്രമം.
പിന്നിട്ടുപോകുന്ന ഓരോ വർഷവും, പരസ്പരം അകന്നുകഴിയേണ്ടിവരുന്ന ഓരോ ദിവസത്തിനു വേണ്ടിയും ഞാൻ ഈ പോസ്റ്റിടുകയാണ്. ഒരുനാൾ വീട്ടിലെ സുഖസന്തോഷശീതളിമയിൽ നിങ്ങൾക്കവ വായിക്കാനാവുമെന്ന പ്രതീക്ഷയോടെ. അന്ന്, ഈ ഇരുണ്ട കാലങ്ങൾ വിദൂര ഓർമ മാത്രമാകുമായിരിക്കുന്ന പ്രതീക്ഷയിൽ.
അതുകൊണ്ട് ഞാൻ ഇരുന്ന് എന്റെ ചിന്തകൾ ഇവിടെ കുറിച്ചിടുകയാണ്. ആ ദിനത്തിൽ നേരിട്ട് പറയാനാകാത്തവയെല്ലാം. പറയാതെ പോയ വാക്കുകൾ, അനുഭവിക്കാനാവാതെ നഷ്ടമായ നിമിഷങ്ങൾ, സൃഷ്ടിച്ചെടുക്കാമായിരുന്ന ഓർമകൾ...
അച്ഛാ, ഞാനും ഷാനും ജീവിതത്തിലെ ഓരോ ദിനവും പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്നത് നിങ്ങളാകാനാണ്, ഭാവിയിലും അത് തുടരും. നിങ്ങളാണ് ഞങ്ങൾക്ക് ധൈര്യം. ഞങ്ങളൂടെ ഹൃദയത്തിലെ യുക്തിയുടെയും വിവേകത്തിന്റെയും ശബ്ദം, ഞങ്ങളുടെ ഉത്തര താരകം, ഞങ്ങളുടെ ഹൃദയമിടിപ്പ്... നിങ്ങൾക്ക് നന്ദി, ഞങ്ങൾ ലഭിക്കാൻ കൊതിച്ച ഏറ്റവും മഹാനായ പിതാവായതിന്...
അന്യായമായ കുറ്റം ചുമത്തലിന്റെ നാലാം വാർഷികവും പ്രതികാരബുദ്ധിയോടെ ജയിലിലടച്ചതിന്റെ അഞ്ചാം വാർഷികവുമായ ഈ ദിനത്തിൽ അമ്പരപ്പോടെ നിൽക്കാനല്ലാതെ ആകുന്നില്ല. ഞങ്ങൾ ഒരു കുടുംബമെന്ന നിലക്കും ഒരു രാജ്യമെന്ന നിലക്കും നിങ്ങളുടെ വിഷയത്തിൽ പരാജയപ്പെട്ടുപോയിരിക്കുന്നു.
ശബ്ദമില്ലാത്തവനെ നിങ്ങൾ സംരക്ഷിച്ചു. വെറുപ്പിന്റെയും ഹിംസയുടെയും ഇരകളായ ആയിരങ്ങളെയും. എന്നാൽ, സംരക്ഷകന് പരിരക്ഷ വേണ്ട സമയത്ത് നിങ്ങൾ ജീവൻ നൽകിയ അതേ സമൂഹം ബധിരത ആവേശിച്ചവരെ പോലെ മൗനം പൂണ്ടുനിന്നു. നിസ്സംഗതയും ഭീതിയും ചിലപ്പോഴെങ്കിലും ആർത്തിയും അവരിൽ ജഡത പടർത്തി. അനുസ്യൂതം ധീരമായാണ് നിങ്ങൾ പൊരുതി നിന്നത്. അതും രണ്ടു പതിറ്റാണ്ടിലേറെ കാലം. എന്നിട്ടും നിങ്ങളെ കാക്കാൻ ഞങ്ങൾക്കായില്ല.
ഒരു രാജ്യമെന്ന നിലക്ക് ഞങ്ങൾ പരാജയപ്പെട്ടുപോയി. കാരണം നീതിമാനായ ഉദ്യോഗസ്ഥനാവുന്നതിൽ മാതൃകയായിട്ടും ഈ സന്ധിയിൽ നിശ്ശബ്ദരായിരിക്കുകയായിരുന്നു ഞങ്ങൾ.
21 വർഷം പിന്നിടുമ്പോൾ, ഹൃദയം തകർന്ന്, മുറിവേറ്റ്, ചോരവാർന്ന് നിൽക്കുന്നു ഞങ്ങൾ. എന്നാൽ, കൂട്ടക്കുരുതിയിലെ ഇരകൾക്ക് നീതി നടപ്പാക്കാനും, വംശഹത്യ ആസൂത്രണം ചെയ്ത ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും നിങ്ങൾ പ്രകടിപ്പിച്ച ഇച്ഛാശക്തി അസാമാന്യമായിരുന്നു.
അനീതി അടയാളപ്പെട്ട് നിങ്ങളെ തടവിലാക്കിയതിന്റെ 1750ാം ദിനമാണിന്ന്.
നീതിക്കായി ഞങ്ങളുടെ പോരാട്ടം തുടരുകയാണ്...
നിങ്ങൾ എപ്പോഴും പറയാറുണ്ടായിരുന്നത് പോലെ: ഞങ്ങൾ പൊരുതും. ഞങ്ങൾ ചെറുത്തുനിൽക്കും. ഞങ്ങൾ അതിജയിക്കും. അത് എനിക്കുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.