തീവ്ര ഹിന്ദുത്വത്തിൽ മത്സരിച്ചത് വെറുതെ; ബി.ജെ.പി വോട്ടുകൾ തൊടാനാകാതെ ആപ്
text_fieldsന്യൂഡൽഹി: തീവ്ര ഹിന്ദുത്വത്തിൽ മത്സരിച്ചത് കൊണ്ട് ബി.ജെ.പിയുടെ വോട്ട് ബാങ്കിൽ ഒരു ഇളക്കവുമുണ്ടാക്കാൻ കഴിയില്ലെന്നതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ആം ആദ്മി പാർട്ടിക്ക് നൽകിയ പാഠം. കോൺഗ്രസിന്റെ വോട്ടുകളിലും ഇടങ്ങളിലുമാണ് ആപ് ചോർച്ചയുണ്ടാക്കുന്നതെന്നതിന് ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിന് പിറകെ വന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലവും തെളിവായി.
സൂറത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ 27 സീറ്റുകളിൽ നേടിയ വിജയം കണ്ട് ഗുജറാത്തിൽ ആപിനെ തീവ്ര ഹിന്ദുത്വ വഴിയിലേക്ക് കൊണ്ടുപോയ പട്ടേൽ നേതാക്കളായ സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയക്കും അൽപേഷിനും ബി.ജെ.പിക്ക് ക്ഷീണമുണ്ടാക്കാൻ കഴിഞ്ഞില്ല. ഡൽഹിയിലെ ക്ഷേമ പ്രവർത്തനങ്ങൾ വോട്ടർമാർക്കിയിൽ ചർച്ചയാക്കുന്നതിൽ ഏറെ മുന്നോട്ടുപോയ ശേഷമായിരുന്നു ബി.ജെ.പിയെ നേരിടാൻ അവരുടെ ഹിന്ദുത്വ കാർഡുകൾ ആപ് തന്നെ ഏറ്റെടുക്കുന്നത് കണ്ടത്. അതോടെ കറൻസിയിലെ ഹിന്ദു ദൈവങ്ങളിലേക്കും ഏക സിവിൽ കോഡിലേക്കും ആപ് തന്നെ വോട്ടർമാരുടെ ശ്രദ്ധ ക്ഷണിച്ചു. കെജ്രിവാളും ആപും ചേർന്ന് ഗുജറാത്തി വോട്ടർമാരിൽ ഹിന്ദുത്വ വികാരമുയർത്തിയത് ഹിന്ദുത്വ വോട്ടുകൾ ബൂത്തിലെത്തുന്നതിലും ബി.ജെ.പിക്ക് അനുഗുണമായി ഭവിക്കുന്നതിലും കലാശിച്ചു.
ഗുജറാത്തിൽ ഒന്നാം ഘട്ട സ്ഥാനാർഥി പട്ടികയോടെ തന്നെ തീവ്ര ഹിന്ദുത്വത്തിൽ തങ്ങളോട് മത്സരിക്കാൻ നിൽക്കേണ്ടെന്ന സന്ദേശം ബി.ജെ.പി ആം ആദ്മി പാർട്ടിക്കും കെജ്രിവാളിനും നൽകിയിരുന്നു.
2002ലെ ഗുജറാത്ത് വംശഹത്യയിൽ 97 മുസ്‍ലിംകളെ കൂട്ടക്കൊല ചെയ്തതിന് അഹ്മദാബാദ് വിചാരണ കോടതി ശിക്ഷിച്ച മനോജ് കുൽകർണിയുടെ മകളായ പായൽ ബി.ജെ.പിയുടെ ആദ്യ പട്ടികയിൽ ഇടം പിടിച്ചിരുന്നു. നരോദപാട്യ കൂട്ടക്കൊലയിൽ വിചാരണ കോടതി ശിക്ഷിക്കുകയും മേൽകോടതി കുറ്റമുക്തമാക്കുകയും ചെയ്ത അന്നത്തെ എം.എൽ.എ മായ കൊഡ്നാനിയുടെ മണ്ഡലമാണിത്.
വോട്ടെടുപ്പിന്റെ പ്രചാരണം മുറുകിയതോടെ തീവ്ര ഹിന്ദുത്വ കാർഡിറക്കി ഭൂരിപക്ഷ വോട്ടുകൾ കുടെ നിർത്താനുള്ള തന്ത്രങ്ങൾ ബി.ജെ.പി ശക്തമാക്കിയിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി വോട്ടർമാരുടെ ശ്രദ്ധ ക്ഷണിച്ചത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അന്ന് ബി.ജെ.പി നേടിയ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ഓർമിപ്പിക്കാൻ കൂടിയായിരുന്നു.
ആ വംശഹത്യക്ക് ശേഷം ബി.ജെ.പി ഗുജറാത്തിൽ അധികാരം വിട്ടൊഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ അമിത് ഷാ നടത്തിയ വിവാദ പ്രസ്താവനയോട് കോൺഗ്രസും ആം ആദ്മി പാർട്ടിയും മൗനം പൂണ്ട് അകലം പാലിച്ചപ്പോൾ പ്രതികരണവുമായി രംഗത്തുവന്ന അസദുദ്ദീൻ ഉവൈസി വിഷയം ചർച്ചയാക്കാൻ നോക്കി. 2002ൽ ഗുജറാത്തിലെ സാമൂഹിക വിരുദ്ധരെ ഒരു പാഠം പഠിപ്പിച്ചതോടെ 22 വർഷമായി ഗുജറാത്ത് സമാധാനപൂർണമാണ് എന്നാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ പറഞ്ഞത്.
പ്രത്യേകിച്ചൊരു തരംഗവുമില്ലാത്ത ഗുജറാത്തിൽ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അന്ത്യഘട്ടത്തിലേക്ക് നീങ്ങുമ്പോൾ, നിയുക്ത സമിതി റിപ്പോർട്ട് സമർപ്പിച്ചാലുടൻ ഏക സിവിൽകോഡ് നടപ്പാക്കുമെന്നും ബി.ജെ.പി പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.