ആം ആദ്മി പാർട്ടി, ശഹീൻ ബാഗിൽ നിങ്ങൾക്ക് തെറ്റിയിരിക്കുന്നു
text_fieldsപ്രതിഷേധ സമരങ്ങളെ ഭീകരമുദ്ര ചാർത്താനും വഴികൾ പലതുണ്ട്. എന്നാലും, ഷഹീൻബാഗ് സമരങ്ങളെ ലക്ഷ്യം വെക്കുന്നത് തീർച്ചയായും ജുഗുപ്സാവഹമാണ്. ആം ആദ്മി പാർട്ടി വക്താവും എം.എൽ.എയുമായ സൗരഭ് ഭരദ്വാജിെൻറ വകയായിരുന്നു ഇതിൽ ഒടുവിലത്തേത്. ഡൽഹി തെരഞ്ഞെടുപ്പിനെ വർഗീയവത്കരിക്കാൻ ബി.ജെ.പി ആസൂത്രണം ചെയ്ത പ്രക്ഷോഭമെന്നായിരുന്നു, ശഹീൻബാഗ് സമര നേതാക്കളെന്ന് സ്വയം വിശേഷിപ്പിച്ച ചിലയാളുകൾക്ക് ബി.ജെ.പി അംഗത്വം നൽകിയതിനു പിന്നാലെ അദ്ദേഹത്തിെൻറ പ്രതികരണം. ''യഥാർഥത്തിൽ, ജനാധിപത്യത്തോട് ഒപ്പംനിൽക്കുന്ന ചിലരും അവിടെ പോയിരുന്നു, ജനാധിപത്യത്തിനു വേണ്ടിയാണിതെന്നു തന്നെയാണ് അവർ വിശ്വസിച്ചത്, പക്ഷേ, അവർ വഞ്ചിക്കപ്പെടുകയായിരുന്നു. ഹഹീൻബാഗ് സമരം ബി.ജെ.പി പദ്ധതിയിട്ടതായിരുന്നു''.
ശഹീൻബാഗ് വിഷയത്തിൽ ബി.ജെ.പിയുടെ കാപട്യത്തെ ആക്രമിക്കാൻ ശ്രമിച്ച് അവരുടെ പാളയത്തിൽ ചെന്നുചാടുകയെന്ന വൈരുധ്യം. ബി.ജെ.പിയിൽ ചേർന്നത് ആരൊക്കെയെന്ന് പ്രദേശത്തെ സഹപ്രവർത്തകനായ സ്വന്തം എം.എൽ.എയോട് ചോദിച്ചാൽ അറിയാമായിരുന്നു. അവർ സമരനായകരല്ലെന്നു മാത്രമല്ല, പന്തലിന്‍റെ പരിസരത്തുപോലും എത്തിനോക്കാത്ത ചിലരാണെന്ന്.
ഒരു ജനകീയ സമരത്തിന്‍റെ ഉപോൽപന്നമായ എ.എ.പിയുടെ വക്താവായ ഭരദ്വാജും സഹപ്രവർത്തകരും അവരുടെ രാഷ്ട്രീയ ജനിതകഘടനയിൽ ഉൾചേർന്നുനിൽക്കേണ്ട ചില പാഠങ്ങൾ മറന്നുപോകുന്നുണ്ട്. അതായത്, സ്വന്തം അനുഭവങ്ങളുടെ മൂശയിൽ രൂപമെടുത്ത മുദ്രാവാക്യം ഉറക്കെവിളിക്കുന്ന പ്രസ്ഥാനത്തിൽ പങ്കുചേരുന്ന ജനാവലിയുടെ സ്വാഭാവികമായ പങ്ക് എന്താകുമെന്ന്. അഴിമതി വിരുദ്ധ പ്രസ്ഥാനവും ലോക്പാൽ ബില്ലിനായുള്ള മുദ്രാവാക്യവുമായിരുന്നു ഡൽഹിയിലെയും രാജ്യം മുഴുക്കെയുമുള്ള ആയിരങ്ങളെ രാംലീല മൈതാനിയിലെ അനിശ്ചിതകാല സമരപ്പന്തലിലെത്തിച്ചത്. കുപ്രസിദ്ധനായ കപിൽ മിശ്രയുൾപെടെ ബി.ജെ.പിയിലെ പലരും 'ആപി'ൽ ചേർന്നിരുന്നു.
അവർക്ക് നിയമസഭയിലേക്ക് ടിക്കറ്റ് ലഭിക്കുകയും ചെയ്തു. ഷീല ദീക്ഷിത് നയിച്ച ഡൽഹി സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി ലക്ഷ്യമിട്ട സമരമായിരുന്നു അതെന്ന് ഇതിെൻറ പേരിൽ മാത്രം നമുക്ക് പറയാനൊക്കുമോ? അങ്ങനെയൊരു ആേരാപണം 'ആപി'െൻറ പിറവിക്കും ആ പ്രസ്ഥാനത്തിനും എത്രകണ്ട് അപമാനകരവും അസംബന്ധവുമാണോ അതിനു സമാനമാണ് ശഹീൻബാഗ് സമരക്കാരെ ബി.ജെ.പിയുടെ കരുക്കളെന്ന് മുദ്രകുത്തുന്നതും.
അല്ല, ശഹീൻബാഗ് സമരം ബി.ജെ.പി ആസൂത്രിതമായിരുന്നില്ല. ഒരിക്കലും അങ്ങനെയാകാൻ തരമില്ല. പൗരത്വ ഭേദഗതി നിയമം പാസാക്കിയതും തൊട്ടുപിറകെ സി.എ.എ, എൻ.പി.ആർ, എൻ.ആർ.സി എന്നിവക്ക് അമിത്ഷാ പ്രഖ്യാപിച്ച സമയക്രമവും ഒരു സമൂഹത്തിെൻറ ഉള്ളിൽ സൃഷ്ടിച്ച ആഴത്തിലുള്ള ആധിയുടെ പ്രതിഫലനമായിരുന്നു ഇൗ സമരെമന്ന് പ്രതിഷേധവുമായി അകന്ന ബന്ധമുള്ളവർക്കു പോലും അറിയും.
ശഹീൻബാഗിൽ കുത്തിയിരിപ്പ് നടത്തിയ ധീരരായ വനിതകൾ ദശലക്ഷക്കണക്കിന് പേരുടെ ഹൃദയത്തിലേക്കാണ് കൂടുകെട്ടിയത്. ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റിയിലെ അടിച്ചമർത്തലിനെതിരെ ആരംഭിച്ച സമരം അങ്ങനെയാണ് രാജ്യം പതിറ്റാണ്ടുകൾക്കിടെ കണ്ട വനിതകളുടെ ഏറ്റവും വലിയ സമരമായതും രാജ്യം മുഴുക്കെ അലയൊലികൾ സൃഷ്ടിച്ചതും. ഇന്ത്യയുടെ ഭരണഘടനയെ കാത്തിരിക്കുന്ന വിധിയുമായി ബന്ധപ്പെട്ടതാണ് തങ്ങളുടെ തുല്യാവകാശമുള്ള പൗരത്വമെന്ന തിരിച്ചറിവിൽനിന്നായിരുന്നു ആളുകളുടെ, വിശിഷ്യാ വനിതകളുടെ കൂട്ടമായ ഒഴുക്ക്. ഒാരോ കേന്ദ്രത്തിലും ദേശീയ പതാക ഉയർന്നുപാറി. ഇവിടെ എത്തിയ യുവാക്കൾ ഭരണഘടനയുടെ പകർപ്പിനായി പരതിനടന്നു.
ഭരണഘടനയെ കുറിച്ച വാക്കുകൾക്കും ചർച്ചകൾക്കും അവർ ചെവിയോർത്തു. ഒാരോ ദിനവും നടന്ന എണ്ണമറ്റ പ്രഭാഷണങ്ങളിൽ മതേതരത്വം, ജനാധിപത്യം, തുല്യപൗരത്വാവകാശങ്ങൾ തുടങ്ങിയ പദങ്ങളായി കൂടുതൽ ഉയർന്നുകേട്ടത്. ശഹീൻബാഗ് മോഡലിെൻറ പേരിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഒരേ സമയം ഉയർന്നത് 100ലധികം സമരപ്പന്തലുകൾ.
മറ്റൊരു സവിശേഷത, ഇതിനെ ഒരു ഹിന്ദു-മുസ്ലിം വിഷയമാക്കി മാറ്റിയെടുക്കാൻ മതമൗലികവാദികൾ നിരന്തര ശ്രമവുമായി മുന്നിൽനിന്നിട്ടും വേദികളിലെവിടെയും മതധ്രുവീകരണത്തെ പ്രോൽസാഹിപ്പിക്കുന്ന വാക്കുകൾ ഉയരുന്നില്ലെന്ന് ശഹീൻബാഗ് വനിതകൾ ഉറപ്പാക്കി. ഒരു പ്രഭാഷകൻ 'സമുദായത്തെ ഒന്നിപ്പിക്കുന്നതിനെ' കുറിച്ച് സംസാരിച്ചയുടൻ ഇൗ സ്ത്രീകൾ ഇടപെടുന്നത് ഞാൻ നേരിട്ട് സാക്ഷിയായതാണ്. 'ഇത് എല്ലാ ഇന്ത്യക്കാർക്കുമുള്ളതാണ്, ഒരു സമുദായത്തിന് മാത്രമല്ല' എന്നായിരുന്നു അവരുടെ തിരുത്ത്. ഹിന്ദുത്വ വലതുപക്ഷത്തെ വനിതകൾ വിഷം വമിച്ച് രാഷ്ട്രീയ ശ്രേണിയിൽ ഉയരങ്ങൾ കീഴടക്കുന്നത് നാം കാണുന്നതാണ്. മുസ്ലിം മതമൗലിക സംഘടനകളിലും ഇതിെൻറ ആവർത്തനം കാണാം.മറിച്ച്, പൂർണമായി മതേതര, ജനാധിപത്യ, സമാധാന മാർഗങ്ങളിൽ വിശ്വസിച്ച മുസ്ലിം വനിതകൾക്കായിരുന്നു ഇവിടെ നേതൃത്വം.
എ.െഎ.ഡി.ഡബ്ല്യു.എയിലെ സഹപ്രവർത്തകർക്കൊപ്പം പലവട്ടം ഞാൻ െഎക്യദാർഢ്യവുമായി സമരപ്പന്തലിലെത്തിയിട്ടുണ്ട്. സമരം തുടങ്ങിയ ആദ്യ നാളുകളിൽതന്നെയായിരുന്നു ആദ്യ സന്ദർശനം. പ്രദേശത്തെ വനിതകൾ ധീരമായി നേതൃത്വമേറ്റെടുക്കുന്ന വലിയ വിപ്ലവത്തിനാണ് ഞങ്ങൾ അവിടെ സാക്ഷിയായത്. രാഷ്ട്രീയ രംഗത്തുള്ള ഞങ്ങളെ പോലുള്ളവർക്ക് ഇത് വിശ്വസിക്കാൻ ശരിക്കും പ്രയാസമുണ്ടാക്കും.
പുരുഷന്മാരുടെ പാവകൾ മാത്രമാണ് ഇൗ വനിതകളെന്നായിരുന്നു തുടക്കം മുതൽ ബി.ജെ.പിയുടെ പ്രചാരണം. അടുത്തിടെ, ഒരു കോടതി വാദം കേൾക്കലിനിടെ സംഘ് പരിവാർ അനുകൂല പരാതിക്കാരൻ വാദിച്ചത് സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളിലെ വനിതകൾ, 'ഫലസ്തീനിൽ പുരുഷന്മാർക്കു മുന്നിൽ നിർത്തപ്പെടുന്ന വനിതകളെയും കുട്ടികളെയും പോലെയാണെ'ന്നായിരുന്നു. കോടതി ഇതിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്, പുരുഷ മേധാവിത്ത ഭാഷക്കെതിരായിരുന്നുവെന്ന് മാത്രം.സ്ത്രീകൾക്ക് സ്വതന്ത്രമായി സമരം നയിക്കാനാവുമെന്നത് തിരിച്ചറിയാനുള്ള വിമ്മിട്ടമാണ് പ്രശ്നം. 'ആപ്' വക്താവും പറഞ്ഞത് ഇതേ ചിന്തയുടെ തുടർച്ചയാണെന്നത് നിർഭാഗ്യകരമാണ്.
ശഹീൻബാഗിെൻറ പേരിൽ ഡൽഹിയിൽ വർഗീയ ധ്രുവീകരണത്തിനായിരുന്നു ബി.ജെ.പി ശ്രമം നടത്തിയത്. ശഹീൻബാഗിലെ പെണ്ണുങ്ങളും നാട്ടുകാരുമുൾപെട്ട ഡൽഹി ജനത കൂട്ടായാണ് ഡൽഹിയിൽ ബി.ജെ.പി കുതിപ്പ് ചെറുത്തത്. വടക്കുകിഴക്കൻ ഡൽഹിയിലെ വർഗീയ കലാപങ്ങളെ സി.എ.എ വിരുദ്ധ പ്രതിഷേധങ്ങളുമായി കൂട്ടിക്കെട്ടാൻ ഡൽഹി പൊലീസ് കഥകൾ മെനയുള്ള തിരക്കിലാണിപ്പോൾ.
ശഹീൻബാഗ് യഥാർഥത്തിൽ പ്രതിഷേധത്തിെൻറ മുഖമായിരുന്നു. ഇൗ സമരത്തിൽ പങ്കാളികളായവരെ തങ്ങളുടെ ദുർവ്യാഖ്യാനങ്ങൾക്കായിരു ദുരുപയോഗിക്കൽ ബി.ജെ.പിക്ക് മാത്രം പറഞ്ഞതല്ല. എന്നാലും, ശഹീൻബാഗിലെ വനിതകളെ കുറിച്ച് പറഞ്ഞ വാക്കുകൾക്ക് ഭരദ്വാജ് മാപ്പുപറയണം. ശഹീൻബാഗ് പ്രക്ഷോഭത്തെ ലക്ഷ്യമിടാതെതന്നെ ബി.ജെ.പിയുടെ വർഗീയ ഇരട്ടത്താപ്പിന് തെളിവുകളേറെയുള്ളതാണ്.
കടപ്പാട്: ndtv.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.