ബംഗാളിലെ കാറ്റ് മാറ്റത്തിന്റേതോ?
text_fieldsഈ വിജയം നിയമസഭയിൽ കാര്യമായ ഒരു ചലനവുമുണ്ടാക്കാൻ പോകുന്നില്ല. ഭരണകക്ഷിയായ തൃണമൂലിന്റെയും പ്രതിപക്ഷമായ ബി.ജെ.പിയുടെയും അംഗങ്ങൾക്ക് പുറമെ ഒരാൾ മാത്രമാണ് സഭയിലുണ്ടായിരുന്നത്, അത് രണ്ടായി-അത്രമാത്രം
ബശീർഹട്ട് ദക്ഷിൺ നിയമസഭ മണ്ഡലത്തിലേക്ക് 2014 സെപ്റ്റംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വിജയം ഒരു ദിശാമാറ്റ സൂചനയായിരുന്നു. എട്ടുതവണ തുടർച്ചയായി അവിടെ ജയിച്ചുപോന്ന സി.പി.എം നേതാവ് നാരായൺ മുഖോപാധ്യായയുടെ വിയോഗം മൂലം വേണ്ടിവന്ന തെരഞ്ഞെടുപ്പിലെ ബി.ജെ.പി ജയം പരമ്പരാഗത ഇടതുപക്ഷ വോട്ടുകൾ വലതുപക്ഷത്തേക്ക് മറിയുന്നതിന്റെ സൂചനയായിരുന്നു.
2019 നവംബറിൽ നടന്ന കലിയാഗഞ്ജ്, കരിംപൂർ ഉപതെരഞ്ഞെടുപ്പുകളിൽ തൃണമൂൽ കോൺഗ്രസ് നേടിയ വിജയവും ഒരു സൂചനയായിരുന്നു. ഏതാനും മാസം മുമ്പ് നടന്ന പൊതു തെരഞ്ഞെടുപ്പിൽ കൈവിട്ടുപോയ കളം ബി.ജെ.പിയിൽനിന്ന് തൃണമൂൽ തിരിച്ചുപിടിക്കുന്നതിന്റെ സൂചന.
അങ്ങനെയെങ്കിൽ ഇക്കഴിഞ്ഞയാഴ്ച ഉപതെരഞ്ഞെടുപ്പ് ഫലം വന്ന സാഗർദിഘിയിൽ ഇടതുപിന്തുണയുള്ള കോൺഗ്രസ് സ്ഥാനാർഥി ബൈറോൺ ബിശ്വാസ് കൈവരിച്ച വിജയത്തെ അത്തരമൊരു സൂചനയായി വായിക്കാനാകുമോ?
ഈ വിജയം നിയമസഭയിൽ കാര്യമായ ഒരു ചലനവുമുണ്ടാക്കാൻ പോകുന്നില്ല. ഭരണകക്ഷിയായ തൃണമൂലിന്റെയും പ്രതിപക്ഷമായ ബി.ജെ.പിയുടെയും അംഗങ്ങൾക്ക് പുറമെ ഒരാൾ മാത്രമാണ് സഭയിലുണ്ടായിരുന്നത്, അത് രണ്ടായി-അത്രമാത്രം. പക്ഷേ, അടിസ്ഥാനപരമായി രാഷ്ട്രീയം ചൂടുപിടിക്കുക സഭക്ക് പുറത്താണല്ലോ.
സാഗർദിഘി ഉൾക്കൊള്ളുന്ന മുർഷിദാബാദും മാൾഡയുമടക്കം മുസ്ലിം ഭൂരിപക്ഷ ജില്ലകൾ പരമ്പരാഗതമായി കോൺഗ്രസിനെയാണ് തുണച്ചുപോന്നിരുന്നത്. 2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വന്നേക്കുമെന്ന ഭീതിയിൽ അറ്റകൈ ശ്രമം എന്നനിലയിലാണ് അവർ തൃണമൂലിനെ വരിച്ചത്.
എന്നാൽ, അതിനും പത്തു വർഷം മുമ്പേ മേഖലയിൽ കാര്യമായ പിന്തുണയുള്ള സുബ്രതാ സാഹ സാഗർദിഘിയെ തൃണമൂലിന്റെ അക്കൗണ്ടിലാക്കിയിരുന്നു. 2021ൽ 51 ശതമാനം വോട്ടുകളാണ് അദ്ദേഹം നേടിയത്. 24 ശതമാനം വോട്ടുമായി ബി.ജെ.പി രണ്ടാമതെത്തിയപ്പോൾ ഇടതുപിന്തുണയുള്ള കോൺഗ്രസ് സ്ഥാനാർഥിക്ക് 19.5 ശതമാനം വോട്ടേ ലഭിച്ചിരുന്നുള്ളൂ.
സുബ്രതാസാഹയുടെ വിയോഗത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. മുഖ്യമന്ത്രി മമതയുടെ അകന്ന ബന്ധുവും മേഖലയിലെ തൃണമൂൽ ഭാരവാഹിയുമായ ദേഭശിഷ് ബാനർജിയെയാണ് മണ്ഡലം നിലനിർത്താനുള്ള നിയോഗം പാർട്ടി ഏൽപിച്ചത്. തൃണമൂലിൽനിന്ന് മറുകണ്ടംചാടിയ ദിലീപ് സാഹ ബി.ജെ.പിക്ക് വേണ്ടി ഇറങ്ങിയപ്പോൾ തികച്ചും പുതുക്കക്കാരനായ ബൈറോൺ ബിശ്വാസിൽ വിശ്വാസമർപ്പിച്ചു കോൺഗ്രസ്. സി.പി.എം പിന്തുണയും നൽകി.
തൃണമൂലിനെ ഞെട്ടിച്ചുകൊണ്ട് 22,986 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വിജയംകണ്ടത്. ആകെ പോൾ ചെയ്തതിൽ 47.35 ശതമാനം വോട്ടുകളും കൈപ്പിടിയിലൊതുക്കിയപ്പോൾ തൃണമൂലിന്റെ വോട്ടുശതമാനം 34.94 ആയും ബി.ജെ.പിയുടേത് 13.94 ആയും ചുരുങ്ങി. രണ്ടു വർഷം മുമ്പ് സമ്പൂർണമായി ഒപ്പം നിർത്തിയിരുന്ന മുസ്ലിം ഭൂരിപക്ഷ മേഖലയിൽ ടി.എം.സിക്ക് പിന്തുണ നഷ്ടമാകുന്നു എന്നാണ് ഈ ഫലം നൽകുന്ന കൃത്യമായ പ്രതിഫലനം.
സംസ്ഥാനരാഷ്ട്രീയം ഇനിമേൽ തൃണമൂൽ-ബി.ജെ.പി പാർട്ടികളിൽ പരിമിതപ്പെടുമെന്ന ധാരണയിൽനിന്നുള്ള വ്യതിചലനമാണ് ഈ ഫലമെന്ന് രാഷ്ട്രീയനിരീക്ഷകനും ജാദവ്പുർ സർവകലാശാലയിലെ അസി. പ്രഫസറുമായ അബ്ദുൽ മതീൻ അഭിപ്രായപ്പെടുന്നു. പൗരത്വപട്ടിക, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകൾ സമ്പൂർണമായി തൃണമൂലിന് അനുകൂലമാക്കിയത്.
എന്നാൽ, മുസ്ലിംകളിൽ ഒരുവിഭാഗം ആ പാർട്ടിയിൽനിന്ന് അകന്നുതുടങ്ങിയിരിക്കുന്നു. ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐ.എസ്.എഫ്) എം.എൽ.എ നൗഷാദ് സിദ്ദീഖിയെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഭവങ്ങളും മുസ്ലിം വോട്ടർമാരിൽ തൃണമൂലിനോട് വിപ്രതിപത്തി സൃഷ്ടിച്ചിരിക്കാം -മതീൻ ചൂണ്ടിക്കാട്ടുന്നു.
ഇടത്-കോൺഗ്രസ് ക്യാമ്പിലെ ഉന്മേഷം
ഏതാനും മാസങ്ങൾക്കകം പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഈ വിജയം ഇടത്-കോൺഗ്രസ് ക്യാമ്പുകൾക്ക് നൽകുന്ന ഉന്മേഷം ചെറുതൊന്നുമല്ല. മമത ബാനർജി അജയ്യയാണ് എന്ന ധാരണയെ പൊളിച്ചടുക്കുന്നതാണ് ഈ വിജയമെന്ന പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി നടത്തിയ പ്രസ്താവന അത് സാക്ഷ്യപ്പെടുത്തുന്നു.
തൃണമൂൽ ബി.ജെ.പിയുടെ ശിങ്കിടികളാണെന്നും അവരുടെ വഞ്ചന ഇന്ത്യയിലെ മുസ്ലിംകൾ തിരിച്ചറിഞ്ഞിരിക്കുവെന്നും മുർഷിദാബാദിൽനിന്നുള്ള ലോക്സഭാംഗമായ അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്റെ പ്രതികരണത്തിനും സമാന സ്വരമായിരുന്നു.
തിന്മയുടെ ഇരട്ടശക്തികൾക്കുമേലുള്ള വിജയം എന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിച്ചത്. ബി.ജെ.പിയെയും തൃണമൂലിനെയും എതിർക്കുന്ന ശക്തികളെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ജനം അംഗീകാരം നൽകിയിരിക്കുന്നുവെന്നും ജനവികാരം തിരിച്ചറിഞ്ഞ് മുന്നേറേണ്ട സമയമായിരിക്കുന്നുവെന്നും മുഹമ്മദ് സലീം ഉണർത്തുന്നു. മമതയുടെ പ്രതികരണം രൂക്ഷമായിരുന്നു.
തന്റെ പാർട്ടിയെ തോൽപിക്കാൻ ഇടതരും കോൺഗ്രസും ബി.ജെ.പിയും ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്നാണ് അവർ ആരോപിച്ചത്.
പക്ഷേ, തൃണമൂലിന്റെ വോട്ടുശതമാനം കുറഞ്ഞതെങ്ങനെയെന്ന് മമത വിശദീകരിക്കുന്നില്ല. തെരഞ്ഞെടുപ്പ് തോൽവിക്കപ്പുറം ചൗധരിയുടെ പ്രതികരണമാണ് മമതയെ കൂടുതൽ അരിശപ്പെടുത്തിയതെന്ന് തോന്നിപ്പോകും ചൗധരിയുടെ മകളുടെയും ഡ്രൈവറുടെയും മരണങ്ങളെ വലിച്ചിഴച്ച് അവർ കൊൽക്കത്തയിൽ മാധ്യമപ്രവർത്തകർക്ക് മുന്നിൽ നടത്തിയ പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ. പ്രതികരണം മമതയുടെ പരിഭ്രാന്തിയെയാണ് വെളിപ്പെടുത്തുന്നതെന്ന് ഇടത്-കോൺഗ്രസ് നേതാക്കൾ ഇതിന് മറുപടിനൽകി.
വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ഉപതെരഞ്ഞെടുപ്പ് ഫലം തൃണമൂലിനെ ഓർമപ്പെടുത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് സംഘർഷരഹിതമാണെന്ന് ഉറപ്പാക്കിയാൽ മാത്രമേ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അവർക്ക് പ്രതീക്ഷവെക്കാനാവൂ. മമതയുടെ അനന്തരവനും പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജി സ്വതന്ത്രവും നീതിയുക്തവും അക്രമരഹിതവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുമെന്ന് ആണയിടുന്നു.
2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ഒരു പ്രഹസനമാക്കി മാറ്റിയത് അടുത്തവർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയെ സാരമായി ബാധിച്ചിരുന്നു. താഴേത്തട്ടിലെ നേതാക്കളെ നിയന്ത്രിക്കുക എന്നതാണ് തൃണമൂൽ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളി.
അവരുടെ താഴേത്തട്ടിലുള്ള നേതാക്കളെ നിയന്ത്രിക്കുന്നത്, യഥാർഥത്തിൽ ടി.എം.സിയുടെ ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളികളിലൊന്നായേക്കാം. പുനരുജ്ജീവിപ്പിച്ച ഒരു ഇടതുപക്ഷ-കോൺഗ്രസ് വെല്ലുവിളി കുത്തനെയുള്ളതാക്കാൻ തയാറാണ്.
ഭീഷണിയാവുക ബി.ജെ.പിക്ക്
സ്ഥാനാർഥിനിർണയം മുതലുള്ള പ്രാദേശിക ഘടകങ്ങളാണ് ഇത്തരമൊരു ഫലത്തിന് നിമിത്തമായത് എന്നാണ് കോളമിസ്റ്റും കൊൽക്കത്ത ബംഗബാസി കോളജിലെ രാഷ്ട്രതന്ത്രവിഭാഗം അധ്യാപകനുമായ ഉദയൻ ബന്ദോപാധ്യായ വിലയിരുത്തുന്നത്.
കോൺഗ്രസിന് വീണ്ടുമൊരവസരം നൽകാമെന്ന് ഒരുവിഭാഗം മുസ്ലിം വോട്ടർമാർ കരുതുന്നുണ്ട്. എന്നാലത് തൃണമൂലിന് ഭീഷണി സൃഷ്ടിക്കാനുതകും വിധത്തിലുള്ള തോതിലില്ല. പക്ഷേ, ഇടത്-കോൺഗ്രസ് ധാരണ പുഷ്ടിപ്പെട്ടാൽ ശക്തമായ ഒരു പ്രതിപക്ഷം രൂപപ്പെടുമെന്ന ധാരണ ജനങ്ങൾക്കുണ്ട്. ഇത് ബി.ജെ.പിയുടെ സാധ്യതകൾക്കാണ് തിരിച്ചടിയാവുക - അദ്ദേഹം പറയുന്നു.
ബംഗാളിലെ രാഷ്ട്രീയസമവാക്യം മാറിയോ, മാറുമോ എന്നത് രാഷ്ട്രം ഉറ്റുനോക്കുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പുഫലം വരുമ്പോൾ മാത്രമേ അത് സംബന്ധിച്ച കൃത്യമായ ഒരു ചിത്രം രൂപപ്പെടൂ.
(മാധ്യമ പ്രവർത്തകനും മിഷൻ ബംഗാൾ: എ സഫ്രൺ എക്സ്പ്രിമെന്റ് എന്ന ശ്രദ്ധേയ പുസ്തകത്തിന്റെ രചയിതാവുമായ ലേഖകൻ thewire.in ൽ എഴുതിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.