നിര്‍ബന്ധിത മതപരിവര്‍ത്തനം: പെരുംനുണയുടെ പൊളിച്ചെഴുത്ത്
text_fieldsഎൻ.ഡി.ടി.വിയിലെ ജനപ്രിയ മാധ്യമപ്രവര്ത്തകൻ ശ്രീനിവാസന് ജെയിന് ഇന്ത്യന്‍ ഭരണഘടനക്കും അതുവഴി ഇന്ത്യന്‍ ജനതക്കുതന്നെയും വലിയൊരു സേവനം ചെയ്തു. നവംബര്‍ 19ന് പ്രക്ഷേപണം ചെയ്ത തന്റെ പ്രതിവാര പരിപാടിയായ 'ട്രൂത്ത് വേഴ്സസ് ഹൈപ്പി'ല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ഊഹാപോഹത്തിനു ചുറ്റുമുള്ള വസ്തുതകളെ സംശയാതീതമായി തുറന്നുകാട്ടിയതാണ് ആ സേവനം. നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തില്‍ സുപ്രീംകോടതിയില്‍ പരാതി നല്കിയ അശ്വിനി കുമാര്‍ ഉപാധ്യായയുടെ അഭിമുഖം സഹിതമായിരുന്നു ആ പെരുംനുണയുടെ പൊളിച്ചെഴുത്ത് ശ്രീനിവാസന് ജെയിന് നടത്തിയത്.
ഉപാധ്യായ സുപ്രീംകോടതിയില്‍ നല്കിയ 65 പേജുള്ള ഹരജിയിലെ ഓരോ വാദവും അടിസ്ഥാനരഹിതമെന്ന് തുറന്നുകാട്ടുംവിധമായിരുന്നു ശ്രീനിവാസന്റെ അവതരണം. ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്ന ഒറ്റ ഉദാഹരണംപോലും നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ആരോപണവുമായി ഒട്ടുംതന്നെ ചേര്‍ന്നുനില്‍ക്കുന്നതായിരുന്നില്ല. മാത്രമല്ല, അതിൽ ഉദാഹരണമായി ഉന്നയിച്ചിരിക്കുന്ന ഒരു സംഭവം വ്യാജമാണെന്നുകൂടി അദ്ദേഹം സ്ഥാപിച്ചു. അശ്വിനി കുമാര്‍ ഉപാധ്യായ തന്റെ വാദങ്ങളെ പൊടിപ്പും തൊങ്ങലുംവെച്ച് ന്യായീകരിക്കാന്‍ കിണഞ്ഞുപരിശ്രമിക്കവേ തികച്ചും യുക്തിരഹിതമായ പരാതി എന്ന് അടിവരയിട്ടു സ്ഥാപിക്കാന്‍ തന്നെ ശ്രീനിവാസന് ജെയിന് എന്ന മാധ്യമപ്രവര്‍ത്തകനു സാധിച്ചു.
ആരാണീ ഹരജിക്കാരൻ?
സുപ്രീംകോടതിയില്‍ ഫയല്‍ചെയ്യുന്ന പൊതുതാൽപര്യ ഹരജികളിലൂടെ പതിവായി വാര്‍ത്തകളില്‍ ഇടംകണ്ടെത്തുന്ന ആളാണ് ബി.ജെ.പി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ. അദ്ദേഹം ഫയല്‍ചെയ്ത പല പൊതുതാൽപര്യ ഹരജികളും ഇതിനോടകം സുപ്രീംകോടതി ചവറ്റുകുട്ടയിലേക്ക് ജീവപര്യന്തത്തിന് അയച്ചിട്ടുണ്ടെന്നത് മറ്റൊരു വസ്തുത. 2021 ആഗസ്റ്റില്‍ ഡല്‍ഹിയില്‍ ഒരു പ്രതിഷേധപ്രകടനത്തിനിടെ മുസ്ലിംവിരുദ്ധ വിദ്വേഷ മുദ്രാവാക്യം മുഴക്കിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2021 ഏപ്രിലില്‍ ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്, ബി.ആര്. ഗവായ്, ഋഷികേശ് റോയ് എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ സുപ്രീംകോടതി ബെഞ്ച് നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തില്‍ ഉപാധ്യായ നല്കിയ ഒരു ഹരജി തള്ളിയിരുന്നു. ഇതേ പരാതിയുമായി ഇനിയും വന്നാല്‍ കനത്ത പിഴ ചുമത്തുമെന്നു താക്കീതും നല്‍കിയാണ് വിട്ടത്. ഭരണഘടന പൗരന് ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ അനുമതി നല്‍കുന്നുണ്ടെന്നിരിക്കെ മതപരിവര്‍ത്തനം തടയുന്ന ഏതൊരു നിയമവും ഭരണഘടനവിരുദ്ധമാണെന്നും മൂന്നംഗ സുപ്രീംകോടതി ബെഞ്ച് അന്നു വ്യക്തമാക്കിയിരുന്നു. മതപരിവര്‍ത്തനം തടയാന്‍ കേന്ദ്ര സര്ക്കാന് നിയമം പാസാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിതന്നെ അങ്ങേയറ്റം അപായകരമാണ്. മാത്രമല്ല, മുതിര്‍ന്ന ഒരാള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള എല്ലാവിധ സ്വാതന്ത്ര്യവുമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇഷ്ടമുള്ള മതം ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശം നല്കുന്ന ഭരണഘടനയുടെ 25ാം വകുപ്പ് ഉയര്‍ത്തിക്കാട്ടി ഇതെന്തു തരം പരാതിയാണെന്നാണ് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന് ഉപാധ്യായയോട് ചോദിച്ചത്. ഇതൊരു അപകടകരമായ ഹരജിയാണ്. ഇതിലെ വാദങ്ങളില്‍ ഉറച്ചുനിന്നാല്‍ നിങ്ങളുടെ മേല്‍ കനത്ത പിഴ ചുമത്തേണ്ടിവരും. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പ്രചരിപ്പിക്കുക എന്ന വാക്കുതന്നെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നില്‍ ഒരു കാരണമുണ്ട്. അതിന്റെ അര്‍ഥം ഉള്‍ക്കൊള്ളുക തന്നെ വേണം. 18 വയസ്സിനുമേലുള്ള ഏതൊരാള്‍ക്കും ഇഷ്ടമുള്ള ഏതു മതവും സ്വീകരിക്കാം എന്നു വ്യക്തമാക്കിക്കൊണ്ടാണ് അന്നു സുപ്രീംകോടതി അശ്വിനി കുമാര്‍ ഉപാധ്യായയുടെ ഹരജി തള്ളിയത്.
2022 ജൂണില്‍ ഡല്‍ഹി ഹൈകോടതിയില്‍ അശ്വിനി കുമാര്‍ ഉപാധ്യായ ഇതേ വിഷയത്തില്‍ നല്കിയ ഒരു ഹരജിയുടെയും വിധി മറ്റൊന്നായിരുന്നില്ല. 25ാം വകുപ്പിന്റെ മൗലിക സ്വഭാവം ഉയര്‍ത്തിക്കാട്ടി ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ മതപരിവര്‍ത്തനം നിയമംമൂലം നിരോധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഏതൊരു വ്യക്തിക്കും ഏതൊരു മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും അവകാശവും സ്വാതന്ത്ര്യവും ഉണ്ടെന്നും അതു ഭരണഘടന നല്കുന്ന അവകാശമാണെന്നും വ്യക്തമാക്കി. ആരെയെങ്കിലും നിര്‍ബന്ധപൂര്‍വം മതപരിവര്‍ത്തനം നടത്തുന്നുവെങ്കില്‍ അതു മറ്റൊരു വിഷയമാണ്. എന്നാല്‍, മറ്റൊരു മതം സ്വീകരിക്കുന്നത് ഒരു വ്യക്തിയുടെ യുക്തിയാണെന്ന് വ്യക്തമാക്കിയ ഹൈകോടതി ഉപാധ്യായയുടെ പരാതിയുടെ അടിസ്ഥാനം എന്താണെന്നും ആരാഞ്ഞു. പരാതിയില്‍ ആധികാരികതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൂട്ട മതപരിവര്‍ത്തനം നടന്നു എന്ന ഉപാധ്യായയുടെ ആരോപണത്തിന് തെളിവുകളും കണക്കുമുണ്ടോ എന്നും കോടതി ആരാഞ്ഞു.
പിന്നീട് 2022 നവംബര്‍ 14ന് അശ്വിനി കുമാര്‍ ഉപാധ്യായ നല്കിയ പരാതി ജസ്റ്റിസുമാരായ എം.ആര്. ഷാ, ഹിമ കോഹ്ലി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് പരിശോധിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് കോടതി ആരായണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പുതിയ ഹരജി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍ അതു രാജ്യത്തിന്റെ സുരക്ഷക്ക് എതിരാണെന്നും മതസ്വാതന്ത്ര്യത്തിനുള്ള പൗരസ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്യാനും കോടതി നിര്‍ദേശിച്ചു.
കബളിപ്പിച്ച് മതപരിവര്‍ത്തനം ചെയ്യുന്നത് തടയാന്‍ കേന്ദ്ര നിയമം വേണമെന്നാണ് ഉപാധ്യായയുടെ ആവശ്യം. കബളിപ്പിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതപരിവര്‍ത്തനം നടത്തുന്നത് ഭരണഘടനയുടെ 14, 21, 25 വകുപ്പുകളുടെ ലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്. മന്ത്രവാദം, അന്ധവിശ്വാസം, മതപരിവര്‍ത്തനം എന്നിവ നടക്കാത്ത ഒരു ജില്ലപോലുമില്ല. എല്ലാ ആഴ്ചകളിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പാരിതോഷികങ്ങള്‍ നല്‍കിയും പണം നല്‍കിയും മതപരിവര്‍ത്തനം നടത്തുന്നു എന്നും ഉപാധ്യായയുടെ പരാതിയില്‍ ആരോപിക്കുന്നു. പരാതി പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയ സുപ്രീംകോടതി കേസ് നവംബര്‍ 28ലേക്കു മാറ്റിവെച്ചിരിക്കുകയാണ്.
ഹിന്ദുക്കൾ ന്യൂനപക്ഷമാകുമോ?
അശ്വിനി കുമാര്‍ ഉപാധ്യായയുടെ ഹരജിയില്‍ നവംബര്‍ 14നു നടന്ന വാദത്തിനിടെ അരിസഞ്ചികള്ക്കുവേണ്ടി പോലും ആളുകള്‍ മതം മാറുന്നുണ്ടെന്നാണ് ജസ്റ്റിസ് എം.ആര്. ഷാ പരാമര്‍ശിച്ചത്. അതിലൊരു സത്യവശം ഉണ്ട് എന്നാണെങ്കില്പോലും അതൊരു തെറ്റിദ്ധാരണജനകമായ പരാമർശമാണ്. അനാവശ്യ പ്രതിമകള്‍ സ്ഥാപിക്കുകയും പ്രധാനമന്ത്രി പതിവായി ഉല്ലാസയാത്രകള്‍ നടത്തുകയും ചെയ്യുന്ന നാട്ടിൽ അരിസഞ്ചിക്കുവേണ്ടി ആളുകൾ മതം മാറുന്നുവെങ്കിൽ എന്തുകൊണ്ടാണ് രാജ്യത്ത് ഇത്രമാത്രം ദാരിദ്ര്യവും പട്ടിണിയുമെന്ന് സർക്കാറിനോടാണ് കോടതി ചോദിക്കേണ്ടിയിരുന്നത്. ഇന്ത്യയിലാണ് ഇപ്പോഴും ഏറ്റവും കൂടുതല്‍ ദരിദ്ര ജനത ഉള്ളതെന്ന സത്യവസ്തുതയിലേക്കായിരുന്നു ന്യായാധിപന് ശ്രദ്ധ പതിപ്പിക്കേണ്ടിയിരുന്നത്. 229 ദശലക്ഷം ദരിദ്രജനങ്ങള്‍ കഷ്ടപ്പെട്ടു കഴിഞ്ഞുകൂടുന്ന രാജ്യമാണിത്. ദരിദ്ര ബാല്യങ്ങളുടെ എണ്ണത്തിലും ലോക രാജ്യങ്ങളില്‍വെച്ച് ഇന്ത്യതന്നെയാണ് ഏറ്റവും മുന്നിലുള്ളത്. ഇന്ത്യയിലെ ശൈശവ ജനസംഖ്യയുടെ 21.8 ശതമാനം, അതായത് 97 ദശലക്ഷം ബാല്യങ്ങള്‍ പട്ടിണിയിലും ദുരിതങ്ങള്‍ക്കു നടുവിലുമാണ് കഴിഞ്ഞുപോകുന്നത്. ഇന്ത്യന്‍ ജനതയുടെ 16.4 ശതമാനവും ദരിദ്രരാണ്. അതില്‍തന്നെ 4.2 ശതമാനം കൊടിയ ദാരിദ്ര്യത്തിലുമാണ്. 191 രാജ്യങ്ങളുടെ മനുഷ്യ വിഭവ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 132 ആണെന്നുമോര്‍ക്കണം. ആഗോള പട്ടിണിസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 107 ആണ്.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടഞ്ഞില്ലെങ്കില്‍ ഇന്ത്യയില്‍ ഉടന്‍തന്നെ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറുമെന്നാണ് ഒരു അടിസ്ഥാനവുമില്ലാതെ അശ്വിനി കുമാര്‍ ഉപാധ്യായ തന്റെ പരാതിയില്‍ ആരോപിക്കുന്നത്. ഇതേക്കുറിച്ച് ശ്രീനിവാസന് ജെയിന് ചോദിച്ചപ്പോള്‍ ഉപാധ്യായക്ക് ഉത്തരമില്ലായിരുന്നു. ഇതിലും വലിയൊരു നുണ വേറെയില്ലെന്നുതന്നെ പറയാം. 2011 സെന്‍സസ് പരിശോധിച്ചാല്‍തന്നെ അറിയാം ഇന്ത്യയിലെ ന്യൂനപക്ഷത്തിന്റെ വളര്‍ച്ച താഴോട്ടാണെന്ന വസ്തുത.
ഭരണഘടനവിരുദ്ധമാണെങ്കില്പോലും പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ നിലവില്‍വന്നുകഴിഞ്ഞു. എന്നാല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്നു തെളിയിക്കുന്ന ആധികാരികമായ ഒരു രേഖയും ഇതുവരെ ഉയര്‍ന്നു വന്നിട്ടില്ല. നിയമപ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയോ കോടതിയില്‍ കുറ്റം തെളിയിക്കപ്പെടുകയോ ചെയ്തിട്ടില്ല. സംസ്ഥാന നിയമങ്ങള്‍തന്നെ ഇത്തരത്തില്‍ പരാജയപ്പെട്ടു നില്ക്കുമ്പോള് ഇക്കാര്യത്തില്‍ ഒരു കേന്ദ്ര നിയമംകൂടി വേണമെന്ന ആവശ്യത്തില്‍ എന്തു കഴമ്പാണുള്ളത്. 2021 ജനുവരിയില്‍ മധ്യപ്രദേശില്‍ കര്‍ശന വ്യവസ്ഥകളോടെ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. 23 ദിവസത്തിനുള്ളില്‍ 23 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഇതിലൊന്നു പോലും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നു എന്നു തെളിയിക്കപ്പെട്ടിട്ടില്ല. യു.പിയില്‍ രജിസ്റ്റര്‍ ചെയ്ത 16 കേസുകളില്‍ ഒന്നിൽ മാത്രമാണ് കോടതിയില്‍ മതപരിവര്‍ത്തനം തെളിയിക്കപ്പെട്ടത്.
അതിനിടെ, ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത നിരവധി കേസുകളുണ്ട്. 2014ല്‍ 200 പേരോളം വരുന്ന 57 മുസ്ലിം കുടുംബങ്ങള്‍ ആഗ്രയില്‍ ഹിന്ദു മതത്തിലേക്ക് മാറിയിരുന്നു. 2021ല്‍ ഹരിയാനയില്‍ 300 മുസ്ലിംകളാണ് ഹിന്ദു മതം സ്വീകരിച്ചത്. വിരോധാഭാസം എന്താണെന്നു വെച്ചാല്‍ ഈ സംഭവങ്ങളൊന്നില്പോലും മതപരിവര്‍ത്തന നിരോധന നിയമം പിടിമുറുക്കിയില്ല എന്നതാണ്. അതിനെ ഘർ വാപസി എന്നു വിളിച്ച് കൊട്ടിഘോഷിച്ച് ആഘോഷിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് ഡല്‍ഹിയില്‍ 8000 ദലിതര്‍ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധ മതം സ്വീകരിച്ച സംഭവമുണ്ടായി. എന്തിനുവേണ്ടി? അന്തസ്സുള്ള ഒരു ജീവിതം ആഗ്രഹിക്കുന്നു എന്നതുകൊണ്ടു മാത്രം.
1936ല്‍ ബോംബെയില്‍ മഹര്‍ സമുദായത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ ഭരണഘടന ശില്പി ഡോ. ബി.ആര്. അംബേദ്കര്‍ മതപരിവര്‍ത്തനത്തിന്റെ ആവശ്യകത എന്തെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 'മതം മനുഷ്യനുവേണ്ടിയാണ്, മനുഷ്യന് മതത്തിനുവേണ്ടിയല്ലെന്ന് വളരെ വ്യക്തമായി തന്നെ ഞാന്‍ നിങ്ങളോട് പറയുന്നു. മാനുഷികമായ പരിഗണന ലഭിക്കാന്‍ നിങ്ങള്‍ സ്വയം പരിവര്‍ത്തനം ചെയ്യുക. ഹിന്ദു സമൂഹം ഒരിക്കലും തുല്യ പരിഗണന നല്‍കില്ല. എന്നാല്‍, ആ തുല്യത മതപരിവര്‍ത്തനത്തിലൂടെ കൈവരിക്കാം' എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് അധികാരത്തിലിരിക്കുന്ന ആരെങ്കിലും അംബേദ്കറുടെ വാക്കുകള്‍ക്ക് ചെവികൊടുക്കുന്നുണ്ടോ എന്നുതന്നെ സംശയമാണ്.
നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നതുതന്നെ കെട്ടിച്ചമച്ച വലിയൊരു നുണയാണ്. രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന മറ്റു വലിയ പ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള ഒരു തന്ത്രം മാത്രം. പെരുകുന്ന ദാരിദ്ര്യം, അഴിമതി, ഭരണഘടനാധിഷ്ഠിതമല്ലാത്ത ദുര്‍ഭരണം എന്നിവയില്‍നിന്നു ശ്രദ്ധതിരിക്കാനുള്ള വെറും തന്ത്രം. രാജ്യം ഭരണഘടനാവാരം ആചരിക്കുന്ന വേളയില്‍ രണ്ടംഗ സുപ്രീംകോടതി ബെഞ്ച് ഇത്തരമൊരു വ്യാജ പരാതി ഉന്നയിച്ച പരാതിക്കാരനെ ശിക്ഷിക്കാനുള്ള ധൈര്യമാണ് കാണിക്കേണ്ടത്.
(എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.