പാഴാക്കപ്പെടുന്ന കേരള മനുഷ്യശേഷി
text_fieldsഒക്ടോബര്‍ 31ന് പിണറായി സര്‍ക്കാര്‍ ചില പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 60 ആയി ഉയർത്തി ഉത്തരവിറക്കി. ആ ദിവസം വിരമിക്കാനിരുന്നവര്ക്കും ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നെന്നു പറയാതെ, വ്യത്യസ്ത സ്ഥാപനങ്ങളിലെ പെന്ഷന് പ്രായത്തിന്റെ ഏകീകരണം എന്നമട്ടിലാണ് തീരുമാനം വിളംബരം ചെയ്യപ്പെട്ടത്. സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നു പൊതുമേഖലാ സ്ഥാപനങ്ങളെ ഉത്തരവിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതെല്ലാം തീരുമാനത്തോട് രാഷ്ട്രീയകക്ഷികളുടെ കൊടിക്കീഴിലുള്ള യുവജന സംഘടനകളില്‍നിന്ന് പ്രതീക്ഷിക്കാവുന്ന എതിര്‍പ്പിനെ മറികടക്കാനുള്ള ചെപ്പടിവിദ്യയായിരുന്നു.
ആയുര്‍ദൈർഘ്യം ഏറെ വർധിച്ചിട്ടും യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ഒരുക്കുന്നതിനുവേണ്ടി പതിറ്റാണ്ടുകളായി പെന്‍ഷന്‍പ്രായം താഴ്ത്തിപ്പിടിച്ചു നിര്‍ത്തിയിരിക്കുന്ന സംസ്ഥാനമാണ് കേരളം.
ഉയര്‍ന്നുവരുന്ന തലമുറക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകണമെന്നത് ഏതൊരു സമൂഹത്തിന്റെയും ആവശ്യമാണ്. ജനസംഖ്യാ വളര്‍ച്ചയും വിദ്യാഭ്യാസ പുരോഗതിയും സംബന്ധിച്ച കണക്കുകള്‍ പഠിച്ചാല്‍ ഓരോ ഘട്ടത്തിലും എന്തു യോഗ്യതയുള്ള, എത്ര പേരാണ് തൊഴില്‍ വിപണിയിലെത്തുകയെന്ന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയും. ആവശ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സമയവും അത് ഭരണാധികാരിക്ക് നല്‍കും. ആ ചുമതല നിര്‍വഹിക്കുന്നതില്‍ നിരന്തരം പരാജയപ്പെടുന്ന ചരിത്രമാണ് കേരളം ഭരിക്കുന്ന രണ്ട് മുന്നണികളുടേതും. തങ്ങളുടെ പരാജയം തൊഴില്‍തേടുന്ന യുവജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാന്‍ അവയെ നയിക്കുന്ന പാര്‍ട്ടികള്‍ കണ്ടെത്തിയ പൊതുമിനിമം പരിപാടിയാണ് പെന്‍ഷന്‍പ്രായം താഴ്ത്തിനിര്ത്തുകയെന്നത്.
മലയാള പത്രങ്ങളുടെ പഴയകാല ഫയലുകള്‍ നോക്കിയാല്‍ അമ്പതാം വയസ്സിലെ മരണം വാര്‍ധക്യസഹജമായ സുഖക്കേട് മൂലമാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളത് കാണാനാകും. അന്ന് അമ്പതുകാരന് വൃദ്ധനായിരുന്നു. ഇന്ന് നാല്പതുകാരന് യുവാവും അമ്പതുകാരന് മധ്യവയസ്കനുമാണ്. സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് 1961ല്‍ ഇന്ത്യയിലെ ആയുര്ദൈർഘ്യപ്രതീക്ഷ 42 മാത്രമായിരുന്നു. ഇപ്പോള്‍ അത് 70നടുത്താണ്. കേന്ദ്രവും സംസ്ഥാന സര്‍ക്കാറുകളും ഉയരുന്ന ആയുര്‍ദൈർഘ്യം കണക്കിലെടുത്ത് കാലാകാലങ്ങളില്‍ പെന്‍ഷന്‍പ്രായം ഉയർത്തുകയുണ്ടായി. ജനസംഖ്യ വലിയതോതില്‍ വളരുകയും തൊഴിലവസരങ്ങള്‍ അതിനൊത്ത് വളരാതിരിക്കുകയും ചെയ്തപ്പോൾ തൊഴിലില്ലായ്മ വർധിച്ചു. ആയുര്‍ദൈർഘ്യത്തില്‍ മുന്‍നിര സംസ്ഥാനമായ കേരളം ആ ഘട്ടത്തില്‍ ആയുര്‍ദൈർഘ്യം പരിഗണിച്ച് പെന്ഷന് പ്രായം ഉയര്‍ത്തുന്ന നയം ഉപേക്ഷിച്ചു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ക്രിയാത്മകമായ ഒരാശയവും കണ്ടെത്താനാകാഞ്ഞ ഏതോ ഭരണാധികാര മനസ്സില്‍ പൊന്തിവന്ന കൗശലമായിരുന്നു പെന്‍ഷന്‍പ്രായം മരവിപ്പിക്കൽ. ഇടതു-വലതു ഭേദമെന്യേ രാഷ്ട്രീയകേരളം അതിനെ പുല്കി. യുവജനങ്ങള്‍ക്ക് തൃപ്തിയായി. പുതിയ തൊഴിലുകള്‍ ഉണ്ടായില്ലെങ്കിലെന്ത്, വര്‍ഷാവര്‍ഷം സര്‍ക്കാറില്‍ നാലഞ്ചു ലക്ഷം ജോലികള്‍ തങ്ങള്‍ക്കായി ഉറപ്പിച്ചുനിർത്തിയിരിക്കുന്നു!
കുറഞ്ഞ പെന്‍ഷന്‍പ്രായം സമൂഹത്തിനുണ്ടാക്കുന്ന നഷ്ടം ഭരണാധികാരികള്‍ക്കോ യുവജനങ്ങൾക്കോ പ്രശ്നമല്ല. പത്തോ പതിനഞ്ചോ കൊല്ലം ജോലിയില്‍ തുടരാനുള്ള ആരോഗ്യമുള്ളവരെ സർവിസില്‍നിന്ന് പറഞ്ഞുവിടുമ്പോള്‍ സമൂഹത്തിന് അവരുടെ മനുഷ്യശേഷി നഷ്ടപ്പെടുകയാണ്.
സര്‍ക്കാറിനെ പിന്‍പറ്റി പെന്ഷന് പ്രായം താഴ്ത്തിനിർത്തിയിട്ടുള്ള മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കണക്കുകൂടി ചേര്‍ക്കുമ്പോഴേ ബോധപൂര്‍വം പാഴാക്കപ്പെടുന്ന മനുഷ്യശേഷിയുടെ തോത് അറിയാനാകൂ.
തൊഴിലില്ലാത്ത യുവാക്കളുടെ മനുഷ്യശേഷിയും സമൂഹത്തിന്റെ നഷ്ടങ്ങളില്പെടുന്നതുതന്നെയാണ്. അതിലൊരാള്‍ പെന്ഷന് പറ്റിയ ഒരാളുടെ സ്ഥാനമെടുക്കുമ്പോള് സമൂഹത്തിന്റെ നഷ്ടം പൂര്‍ണമായും നികത്തപ്പെടുന്നില്ല. എന്തെന്നാല്‍ പുറത്തുപോയ ആള് ജോലി ചെയ്യാനുള്ള കഴിവു കൂടാതെ വലിയ അനുഭവസമ്പത്തുള്ളയാള്‍ കൂടിയാണ്.
കുറഞ്ഞ പെന്‍ഷന്‍പ്രായം സമൂഹ താൽപര്യങ്ങള്ക്ക് അനുസൃതമല്ലെന്നു മനസ്സിലാക്കാന്‍ കഴിവില്ലാത്തവരല്ല നമ്മുടെ ഭരണാധികാരികള്‍. പക്ഷേ, അവരെ നയിക്കുന്നത് വിശാല സമൂഹ താൽപര്യങ്ങളല്ല, സങ്കുചിത രാഷ്ട്രീയതാൽപര്യങ്ങളാണ്. അത് സ്വാഭാവികമായും അവരുടെ സമീപനങ്ങളില്‍ പ്രതിഫലിക്കുന്നു.
പെന്‍ഷന്‍പ്രായം ഉയര്‍ത്തില്ലെന്ന് പ്രകടനപത്രികയില്‍ എഴുതിവെച്ചാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ സി.പി.എം കേരളത്തില്‍ അത്യപൂര്‍വമായ ഭരണത്തുടര്‍ച്ച നേടിയത്. തെരഞ്ഞെടുപ്പ് വാഗ്ദാനം തെറ്റിച്ചില്ലെന്ന് യുവജനതയെ തെറ്റിദ്ധരിപ്പിക്കാനായി പ്രയോഗിച്ച ചെപ്പടിവിദ്യ ഫലിച്ചില്ല. പെന്‍ഷന്‍പ്രായം ഉയര്‍ത്തുകയാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവരും തിരിച്ചറിഞ്ഞു. ഇതിനുശേഷം അവശേഷിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലും ഒടുവില്‍ സര്‍ക്കാറിലും പെന്‍ഷന്‍പ്രായം ഉയർത്തപ്പെടുമെന്ന് അവര്‍ ന്യായമായും അനുമാനിച്ചു. പ്രതിപക്ഷ കക്ഷികളുടെ യുവജന സംഘടനകള്‍ ഉടന്‍ പ്രക്ഷോഭം പ്രഖ്യാപിച്ചു. ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയുടെ യുവജന സംഘടന പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ സി.പി.എമ്മിന്റെ യുവജന സംഘടനയും പ്രതികരിക്കാന്‍ നിര്‍ബന്ധിതമായി. വിശ്വവിഖ്യാതമായ ചങ്ക് പതറി. മുന്നോട്ടുവെച്ച കാല് തല്ക്കാലം പിന്നോട്ടെടുക്കാന്‍ മുഖ്യമന്ത്രി തയാറായി.
സര്‍ക്കാർ പെന്‍ഷന്‍പ്രായം ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചു. ഇതാദ്യമല്ല പിണറായി മന്ത്രിസഭ ഒരു യോഗത്തില്‍ എടുത്ത തീരുമാനം അതിവേഗത്തില്‍ ചിലപ്പോള്‍, ഇപ്പോള്‍ സംഭവിച്ചതുപോലെ, അടുത്ത യോഗത്തില്‍തന്നെ തിരുത്തുന്നത്. നല്ലപോലെ ആലോചിക്കാതെ തീരുമാനങ്ങള്‍ എടുക്കുന്നതുകൊണ്ടാണ് പെട്ടെന്ന് തിരുത്തേണ്ടിവരുന്നത്. സാധാരണ ഗതിയില്‍ തിരുത്തലുകളില്‍നിന്ന് മുന്‍ തീരുമാനം തെറ്റായിരുന്നെന്ന സമ്മതവും വായിച്ചെടുക്കാവുന്നതാണ്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നത് ഒരു തെറ്റായ തീരുമാനമല്ല, ശരിയായ തീരുമാനമാണ്. ആ തിരിച്ചറിവു മൂലമാകണം, യുവജന സംഘടനകള്‍ ആവശ്യപ്പെട്ടതുപോലെ ഉത്തരവ് റദ്ദാക്കാതെ, മരവിപ്പിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആവശ്യമായ തയാറെടുപ്പുകള്‍ നടത്തിയശേഷം തീരുമാനവുമായി മുന്നോട്ടുപോകാനുള്ള വഴി അങ്ങനെ തുറന്നുകിടക്കുന്നു.
ശ്ലാഘനീയമായ ഒരു തീരുമാനമാണ് പിണറായി വിജയന് ആദ്യം കൈക്കൊണ്ടത്. പിന്നെ എവിടെയാണ് സര്‍ക്കാറിന് തെറ്റുപറ്റിയത്?
കൊല്ലങ്ങളായി തുടരുന്ന പെന്‍ഷന്‍പ്രായം മരവിപ്പിക്കല്‍ നയം മാറ്റാനുള്ള ശ്രമത്തിനു തുടക്കം കുറിക്കുന്നതിനു മുമ്പ് യുവാക്കളെ സഹായിക്കാന്‍ സ്വീകരിച്ച ഈ നയത്തിന്റെ ഫലമായി മനുഷ്യശേഷി പാഴാക്കപ്പെടുകയാണെന്നും സമൂഹ താൽപര്യങ്ങള്ക്ക് വിരുദ്ധമായ ഈ നയം തിരുത്തപ്പെടേണ്ടതുണ്ടെന്നും ബഹുജനങ്ങളെ, പ്രത്യേകിച്ച് യുവജനങ്ങളെ, ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിക്കേണ്ടതായിരുന്നു. അത് ഇനിയെങ്കിലും അദ്ദേഹം ചെയ്യണം. അതോടൊപ്പം സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഏതാനും പദ്ധതികള്‍ അടിയന്തരമായി ആവിഷ്കരിക്കുകയും വേണം.
എല്ലാ തൊഴിലന്വേഷകരും സര്‍ക്കാറുദ്യോഗം നല്കുന്ന സുഖസൗകര്യങ്ങളും അതിലടങ്ങിയിരിക്കുന്ന മറ്റ് അപാര സാധ്യതകളും തേടുന്നവരല്ല. സര്‍ക്കാറിനു പുറത്ത് യുവാക്കള്‍ക്ക് മാന്യമായി ഉപജീവനം നടത്താന്‍ സഹായകമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെ കുറിച്ച് ഗൗരവപൂര്‍വമായ ആലോചനകള്‍ നടക്കേണ്ടതുണ്ട്. വിദഗ്ദ്ധരില്‍നിന്ന് മാത്രമല്ല തൊഴിലന്വേഷകരില്നിന്നും അഭിപ്രായം ക്ഷണിച്ച് ഇക്കാര്യം പഠിച്ച് ഉചിതമായ ശുപാര്‍ശകള്‍ നല്കാന് ഒരു സമിതിയെ സര്‍ക്കാറിന് നിയോഗിക്കാവുന്നതാണ്.
പെന്ഷന്പ്രായത്തിന്റെ കാര്യത്തില്‍, അധികാരത്തിലിരിക്കെ, യു.ഡി.എഫിന് എല്‍.ഡി.എഫിന്റെതില്നിന്ന് വ്യത്യസ്തമായ സമീപനം ഉണ്ടായിരുന്നില്ല. വിശാല സമൂഹ താൽപര്യങ്ങള്ക്ക് സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങള്ക്കു മുകളില്‍ സ്ഥാനം കൊടുക്കാനുള്ള ചുമതല പ്രതിപക്ഷത്തിനുമുണ്ട്. പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി എടുത്താല്‍, തങ്ങളുടെ യുവജന സംഘടനകളെ തെരുവിലിറക്കാതെ, തെറ്റു തിരുത്തലിന്റെ ഭാഗമാകാനുള്ള വിവേകം അവര്‍ കാട്ടണം.●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.