പി.എഫ് പെൻഷൻ വിധി: ആശ്വാസവും ആശങ്കകളും
text_fieldsരാജ്യത്തെ പൊതു-സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ഓരോ ജീവനക്കാരുടെയും അത്യന്തം ന്യായമായ പി.എഫ് പെൻഷൻ അവകാശത്തിനുമേലുള്ള നിയമയുദ്ധത്തിന് സുപ്രീംകോടതിയിൽ ഇന്നലെ സമാപ്തിയായിരിക്കുന്നു. ജീവനക്കാരുടെ ന്യായമായ അവകാശങ്ങളെ പരിമിതപ്പെടുത്തുകയോ അട്ടിമറിക്കുകയോ ചെയ്യുന്ന 2014ലെ എംപ്ലോയീസ് പെൻഷൻ (ഭേദഗതി) സ്കീം പ്രഖ്യാപിക്കപ്പെട്ട ഘട്ടം മുതൽ ആരംഭിച്ചതാണ് ഇതിനെതിരെ തൊഴിലാളികളുടെ നിയമ പോരാട്ടം. തുടർന്ന് പിഎഫ് നിയമഭേദഗതി റദ്ദാക്കിയ കേരള ഹൈകോടതി വിധിക്കെതിരെ ഇ.പി.എഫ്.ഒ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളിയിരുന്നു. ഇതു പുനഃപരിശോധിക്കണമെന്ന ഇ.പി.എഫ്.ഒയുടെ ഹരജിയും തൊഴിൽ മന്ത്രാലയത്തിന്റെ പ്രത്യേകാനുമതി ഹരജിയും പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരുൾപ്പെട്ട ബെഞ്ച് വിധി നൽകിയത്.
പി.എഫ്. പെൻഷൻ ഇനി മുതൽ 60 മാസത്തെ ശരാശരിയിൽ കണക്കാക്കാനാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. പെൻഷൻ ലഭിക്കാൻ 15,000 രൂപ മേൽപരിധി ഏർപ്പെടുത്തിയ കേന്ദ്ര ഉത്തരവും 1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നല്‍കണമെന്ന ഭേദഗതിയും സുപ്രീംകോടതി തത്ത്വത്തിൽ റദ്ദാക്കി. സംഘടിത മേഖലയിൽ ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകണമെന്ന കേരള ഹൈകോടതി വിധി ഭാഗികമായി ശരിവെക്കുന്നു ഈ വിധി. ഇത്രയും വായിക്കുമ്പോൾ വിധി ഭാഗികമായി ആശ്വാസകരം തന്നെയാണ്. പക്ഷേ, തൊഴിലാളി താൽപര്യങ്ങൾ പൂർണമായി സംരക്ഷിക്കപ്പെട്ടുവെന്ന് പറയാനാവില്ല. ഒട്ടനവധി പ്രത്യാഘാതങ്ങളും ആശങ്കകളും ബാക്കിനിൽക്കുന്നുണ്ട്.
റിട്ടയർമെന്റിന് മുമ്പുള്ള 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിയിൽ കണക്കാക്കിയിരുന്നതാണ് 60 മാസത്തെ ശമ്പളത്തിന്റെതാക്കി മാറ്റിയത്. ഇത് 2014ലെ ഭേദഗതിയെ ഉപജീവിച്ചുള്ളതാണ്. അത് നീതീകരിക്കാനാവില്ല. 1952ലെ പി.എഫ് ആക്ട് പ്രകാരം തൊഴിലാളികൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ റദ്ദ് ചെയ്യാനോ പരിമിതപ്പെടുത്താനോ പാടില്ല. അതിനെ അട്ടിമറിക്കുന്ന ഭേദഗതിയിലെ വ്യവസ്ഥയെ ശരിവെക്കുന്നത് ഭാവിയിൽ ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും.
നിലവിൽ സർവിസിലുള്ളവർക്ക് ഉയർന്ന പെൻഷൻ ഓപ്റ്റ് ചെയ്യാനാകും എന്നത് ആഹ്ലാദകരമാണ്. 15,000 രൂപയുടെ മേൽപരിധി എടുത്തുകളഞ്ഞതും ശ്രദ്ധേയം. എന്നാൽ, ഈ ആശ്വാസ നടപടികളൊന്നും 2004-2014 കാലത്ത് പെൻഷൻ പറ്റിയ തൊഴിലാളികൾക്ക് ലഭ്യമാവില്ല.
കേന്ദ്ര സര്‍ക്കാറിന്റെ വിജ്ഞാപനം വന്ന 2014 സെപ്റ്റംബര്‍ ഒന്നിനു മുമ്പ് ഉയര്‍ന്ന പെന്ഷന് ഓപ്ഷന് നല്‍കാതെ വിരമിച്ചവര്‍ക്ക് ഉയര്‍ന്ന പെന്ഷന് ലഭിക്കില്ല. പി.എഫ് അട്ടിമറിക്കെതിരായ പോരാട്ടങ്ങൾക്ക് ജീവൻ പകർന്ന് മുന്നിൽനിന്ന് നയിച്ചത് അവരാണ്. അവരുടെ അവകാശങ്ങൾ പിടിച്ചുപറിക്കപ്പെട്ടിരിക്കുന്നു.
2004 വരെ എപ്പോൾ വേണമെങ്കിലും ഉയർന്ന പെൻഷനുവേണ്ടി ഓപ്ഷൻ നൽകാൻ സാധിക്കുമായിരുന്നു. ഇപ്പോഴിത് വെറും നാലു മാസമായി പരിമിതപ്പെട്ടിരിക്കുന്നു. ശമ്പളം 15,000 രൂപയിൽ കൂടുതലാണെങ്കിൽ, ഉയർന്ന പെൻഷൻ ലഭിക്കുന്നതിന് അധിക സംഭാവനയായി 1.16 ശതമാനം വിഹിതം കൂടി നൽകണമെന്ന ഭേദഗതി കോടതി റദ്ദു ചെയ്തെങ്കിലും ഉത്തരവ് നടപ്പാക്കുന്നതിന് ആറു മാസം സമയം കൊടുത്തത് ആശങ്കജനകമാണ്. തൊഴിലാളി അവകാശങ്ങൾ തകിടംമറിക്കാൻ തക്കംപാർത്ത് നടക്കുന്ന സർക്കാറിന് ഉപായങ്ങൾ കണ്ടെത്താൻ ഈ കാലയളവ് ധാരാളമാണ്. തൊഴിലാളി സംഘങ്ങളും രാജ്യത്തെ പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വവും ജാഗ്രതാപൂർവം നിലകൊണ്ടാൽ മാത്രമേ സുപ്രീംകോടതി വിധിയുടെ ഗുണഫലങ്ങൾ ഉറപ്പുവരുത്താനും അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാനും സാധിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.