ജനാധിപത്യത്തിനു മേലെ പറക്കുന്ന 'ചാര'ക്കുതിരകൾ
text_fieldsപെഗസസ് ചാരസംവിധാനം ഉപയോഗിച്ച് ലോകത്തെമ്പാടുമുള്ള അരലക്ഷത്തോളം വ്യക്തികളുടെ ഫോണുകൾ ചോർത്തിയ വിവാദം കൊടുമ്പിരിക്കൊള്ളുകയാണ്. ഇന്ത്യയിൽ പ്രതിപക്ഷനേതാക്കളുടെയും പത്രപ്രവർത്തകരുടെയും പോരാഞ്ഞിട്ട് കേന്ദ്രമന്ത്രിമാരുടെ ഫോണുകൾപോലും ചോർത്തിയെന്നാണ് വിവരം. ചോർത്തപ്പെട്ടവരുടെ ആദ്യ പട്ടികയിലെ പേരുകളിലൊന്ന് നിർഭയ പത്രപ്രവർത്തകനും ഗ്രന്ഥകാരനും ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലി മുൻ എഡിറ്ററുമായ പരഞ്ജോയ് ഗുഹ ഠാകുർതയുടേതാണ്. അദാനി, അംബാനി ബിസിനസ് ഗ്രൂപ്പുകൾക്ക് മോദി സർക്കാർ നൽകിയ ശതകോടികളുടെ നികുതിസൗജന്യങ്ങളെക്കുറിച്ചെഴുതിയതിന് നിയമനടപടികൾ നേരിടേണ്ടിവന്നിട്ടും പിൻതിരിയാൻ കൂട്ടാക്കാഞ്ഞ ഇദ്ദേഹത്തിെൻറ ഫോൺ 2018 മാർച്ച് മാസം തൊട്ട് സ്പൈ വെയർ ആക്രമണത്തിന് ഇരയായി. പരഞ്ജോയ് 'മാധ്യമ'ത്തിന് അനുവദിച്ച അഭിമുഖത്തിൽനിന്ന്:
നേതാക്കളുടെയും പത്രപ്രവർത്തകരുടെയും ഫോൺ ചോർത്തൽ ഇന്ത്യയിൽ ആദ്യമായല്ല. എന്നിട്ടും പെഗസസ് വിഷയത്തിൽ ഇത്രയധികം ഒച്ചപ്പാടുണ്ടാകാൻ കാര്യമെന്താണ്?
ഫോൺ ചോർത്തൽ ഇന്ത്യയിൽ നടാടെയല്ലെന്നത് സത്യമാണ്. ഇന്ദിര ഗാന്ധിയുടെ കാലംതൊട്ട് അതുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.ആർ പ്രതിപക്ഷാംഗങ്ങളെ മാത്രമല്ല, സ്വന്തം കൂട്ടത്തിലുണ്ടായിരുന്ന ജയലളിതയുടെ ഫോൺപോലും ചോർത്തിെയന്നാണ് ആക്ഷേപം. ഈയടുത്ത കാലത്ത് രാജസ്ഥാൻ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവർക്കിടയിലും ഫോൺ സംഭാഷണം ചോർത്തൽ തർക്കം ഉയർന്നിരുന്നു. ഇസ്രായേലി കമ്പനിയായ എൻ.എസ്.ഒ 2019ൽതന്നെ ഇന്ത്യയിലെ ചില വ്യക്തികളുടെ ഫോൺ മാൽവെയർ ഉപയോഗിച്ച് ചോർത്തുന്നതായി വിവരം ലഭിച്ചിരുന്നു. മൊബൈലിലേക്കു വരുന്ന മാൽവെയർ സന്ദേശങ്ങളിൽ വിരലമർത്തിയാൽ ഫോൺ ഇൻഫെക്ടഡ് ആവുകയും സന്ദേശങ്ങൾ ചോർത്തപ്പെടുകയും ചെയ്യുന്നതായിരുന്നു രീതി. എന്നാൽ, പെഗസസ് അതിൽനിന്ന് ഭിന്നമാകുന്നത് ഏതു രീതിയിലാണ് മാൽവെയർ നിങ്ങളുടെ ഫോണിലേക്ക് കടന്നുവരുന്നതെന്ന് വ്യക്തമല്ല എന്നതുകൊണ്ടാണ്. ആരാണ് അത് ചെയ്യുന്നതെന്നും അറിയാൻ കഴിയില്ല.
എൻ.എസ്.ഒ അവകാശപ്പെടുന്നതനുസരിച്ച്, മയക്കുമരുന്ന് ഡീലർമാർ, പെഡോഫീലേർസ്, ഭീകരവാദികൾ എന്നിവരെ നിരീക്ഷിക്കാനുള്ള സംവിധാനമാണ് പെഗസസ്. എന്നാൽ, രാഷ്ട്രനായകർ തൊട്ട് മാധ്യമപ്രവർത്തകർ വരെ നിരവധി പേരുടെ ഫോൺ ചോർത്തപ്പെട്ടതായാണ് വിവരം. ഏതൊരു വ്യക്തിയെയും ഏതു പദവിയിലിരിക്കുന്ന ആളുകളെയും രഹസ്യമായി പിന്തുടരാനും നിരീക്ഷിക്കാനും അവസരമൊരുക്കുന്നു.
പെഗസസ് വിഷയവുമായി ബന്ധപ്പെട്ട് താങ്കൾ സുപ്രീംകോടതിയെ സമീപിച്ചതായി അറിഞ്ഞു. കോടതിയിൽനിന്ന് എന്തുതരം ഇടപെടലാണ് പ്രതീക്ഷിക്കുന്നത്?
ദ ഹിന്ദു എഡിറ്റർ എൻ. റാം, മുതിർന്ന മാധ്യമപ്രവർത്തകരായ േപ്രംശങ്കർ ഝാ, ശശികുമാർ, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് തുടങ്ങിയവരും എഡിറ്റേഴ്സ് ഗിൽഡും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഞങ്ങൾ പ്രധാനമായും നാലു കാര്യങ്ങളിലെ ഇടപെടലാണ് അഭ്യർഥിച്ചിരിക്കുന്നത്. പെഗസസ് സ്പൈ വെയർ ഇൻസ്റ്റാൾ ചെയ്യുന്നത് നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമായി പ്രഖ്യാപിക്കുക. പെഗസസ് ഉപയോഗം സംബന്ധിച്ച അന്വേഷണം, അംഗീകാരം, ഉത്തരവുകൾ എന്നിവ സംബന്ധിച്ച രേഖകൾ വെളിപ്പെടുത്താൻ കേന്ദ്രത്തിന് നിർദേശം നൽകുക. സൈബർ ആയുധങ്ങൾ/മാൽവെയറുകൾ ഉപയോഗിക്കുന്നതിൽനിന്ന് ഇന്ത്യൻ ജനതയെ സംരക്ഷിക്കുന്ന നടപടി കൈക്കൊള്ളാൻ സർക്കാറിനോട് നിർദേശിക്കുക. സ്വകാര്യത ലംഘനങ്ങളും ഹാക്കിങ്ങും സംബന്ധിച്ച പരാതികൾ കൈകാര്യംചെയ്യുന്നതിനും ഉത്തരവാദികളായ എല്ലാ ഉദ്യോഗസ്ഥരെയും ശിക്ഷിക്കുന്നതിനും ജുഡീഷ്യൽ മേൽനോട്ട സംവിധാനം ഏർപ്പെടുത്താൻ കേന്ദ്രത്തോട് നിർദേശിക്കുക എന്നിവയാണവ. ഇന്ത്യ ഗവൺമെൻറ് നിയോഗിച്ച ഏതെങ്കിലും ഏജൻസി എെൻറ ഫോൺ ചോർത്തുന്നുണ്ടോ? ഏത് ഏജൻസിയാണ് ഈ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നത്? എത്ര പണം ഇതിനായി ചെലവഴിക്കപ്പെടുന്നുണ്ട്? എപ്പോഴാണ് ഇതു വാങ്ങിയത്? ഈ രാജ്യത്തെ ഒരു പൗരനെന്നനിലയിൽ, ഒരു നികുതിദായകനെന്നനിലയിൽ എനിക്ക് ഇക്കാര്യങ്ങൾ അറിയാൻ അവകാശമുണ്ട്. അനധികൃത മാർഗങ്ങളിലൂടെ ഒന്നും ചെയ്യുന്നില്ലെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എങ്കിൽ ആരാണ് ഇത്തരം കാര്യങ്ങൾ ചെയ്യാൻ അനുവാദം നൽകിയത് എന്ന ചോദ്യം ഉയരുന്നുണ്ട്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പൗരന്മാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഫോൺ ചോർത്താനും അധികാരമുണ്ടെന്നാണ് സർക്കാറിെൻറ വാദം
എന്താണ് നിയമം പറയുന്നത് എന്ന് നോക്കുക, ഒരു പൗരെൻറ ഫോൺ ചോർത്തുന്നത് ആ വ്യക്തി ഗുരുതര രാജ്യേദ്രാഹ-ഭീകരവാദ പ്രവർത്തനങ്ങളിലോ അതിനിഷ്ഠുരമായ ക്രൂരകൃത്യങ്ങളിലോ ഏർപ്പെടുമ്പോഴാണ്. അതിന് കൃത്യമായ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ ഔപചാരിക അനുമതിയോടെ മാത്രമേ ഒരു വ്യക്തിയുടെ ഫോൺ ചോർത്താൻ പാടുള്ളൂ. പെഗസസ് ഉപയോഗിച്ച് ഫോൺ ചോർത്തപ്പെട്ടവരുടെ ലിസ്റ്റിൽ ആഭ്യന്തര മന്ത്രാലയ സെക്രട്ടറി, നാൽപതിലധികം പത്രപ്രവർത്തകർ, രാഹുൽ ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ, മുൻ തെരഞ്ഞെടുപ്പ് കമീഷണർ അശോക് ലവാസ, പ്രമുഖ വൈറോളജിസ്റ്റായ ഗാംഗ്ദീപ് കാങ് തുടങ്ങിയവരൊക്കെ ഉൾപ്പെടുന്നു. ഈ ആളുകളെല്ലാം ദേശസുരക്ഷക്ക് ഭീഷണിയാണെന്നാണോ പറയുന്നത്?
വിവിധ രാജ്യങ്ങളിലെ ഭരണകർത്താക്കളെയൊക്കെ ഇത്തരത്തിൽ ചോർത്തിയിരിക്കുന്നു-എന്തായിരിക്കും ഇതിെൻറ അന്താരാഷ്ട്ര മാനങ്ങൾ?
കാലത്തിനു മാത്രമേ ഇതിന് മറുപടി പറയാൻ കഴിയൂ. 45 രാജ്യങ്ങളിലെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഭരണാധികാരികളുമൊക്കെ ഈ സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇന്ത്യൻ ആഭ്യന്തരമന്ത്രി പറഞ്ഞത്, പാർലമെൻറിെൻറ മൺസൂൺകാല സമ്മേളനത്തിന് തൊട്ടുമുമ്പാണ് പെഗസസ് വിഷയം പുറത്തുവിടപ്പെട്ടത് എന്നതുകൊണ്ടുതന്നെ ഇതൊരു അന്താരാഷ്ട്ര ഗൂഢാലോചനയാണോ എന്ന് ശങ്കിക്കേണ്ടതുണ്ട് എന്നായിരുന്നു. ഇന്ത്യക്കെതിരായി ഇത്ര വലിയ ഗൂഢാലോചന നടക്കുന്നുവെന്നാണോ ആഭ്യന്തരമന്ത്രി അമിത് ഷാ പറയാൻ ശ്രമിക്കുന്നത്?
മറ്റു രാജ്യങ്ങളിലെ സർക്കാറുകളുടെ നിലപാടുകൾ എന്താണ്?
ഫ്രഞ്ച് ഗവൺമെൻറ് അന്വേഷണ കമീഷനെ നിയോഗിച്ചു. മൊറോക്കോയിൽ അന്വേഷണം നടക്കുന്നു. ഇസ്രായേലിലെ പുതിയ സർക്കാറിെൻറ പ്രതിരോധ വകുപ്പിലെയും ചാര ഏജൻസിയായ മൊസാദിലെയും പ്രതിനിധികൾ എൻ.എസ്.ഒ ഗ്രൂപ് ഓഫിസ് സന്ദർശിക്കുകയും വിശദാംശങ്ങൾ ആരായുകയുമുണ്ടായി. അമേരിക്കൻ സെനറ്റർമാരിൽ വലിയൊരു ഭാഗം അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇന്ത്യൻ സർക്കാർ മാത്രം ഇക്കാര്യത്തിൽ നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്.
വിയോജിപ്പുള്ള ഏതു ശബ്ദത്തെയും അടിച്ചമർത്തുന്ന പ്രവണത അടുത്തകാലത്തായി വർധിച്ചുവരുന്നതായി തോന്നുന്നുണ്ടോ?
തീർച്ചയായും. പൗരനെന്നനിലയിലെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഹനിക്കുന്നതോടൊപ്പം പത്രപ്രവർത്തകനെന്ന നിലയിൽ തൊഴിലിനെ നിയന്ത്രിക്കാനും അത് ശ്രമിക്കുന്നു. അംബാനിയുടെ ബിസിനസ് സാമ്രാജ്യവുമായി ബന്ധപ്പെട്ട് ലേഖനങ്ങൾ എഴുതാൻ ആവശ്യമായ വിവരങ്ങൾ ശേഖരിച്ച േസ്രാതസ്സുകൾ അടക്കം നിരീക്ഷണത്തിലാണ്. ഇത് ഒരു വ്യക്തിപരമായ വിഷയം എന്നതിനപ്പുറം ജനാധിപത്യത്തിനുതന്നെ ഭീഷണിയായി മാറുന്നുണ്ട്. ചാരപ്രവർത്തനവും മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇടപെടുന്നതുമൊക്കെ ചാണക്യെൻറ കാലംതൊട്ടുതന്നെയുണ്ടെന്ന് ചില ആളുകൾ പറയുന്നു. എന്നാൽ, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വർത്തമാനകാല ചാരപ്രവർത്തനം വ്യത്യസ്തവും കൂടുതൽ അപകടം നിറഞ്ഞതുമാണ്. ഭരണകൂടത്തിനു പുറത്തുള്ള ശക്തികൾകൂടി ഇത് ഉപയോഗപ്പെടുത്താൻ തുടങ്ങുമ്പോൾ അതിെൻറ അപകടം പതിന്മടങ്ങ് വർധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.