അമേറ്റിക്കരയുടെ ഉണ്ണി
text_fieldsഅമേറ്റിക്കരയുടെ വയൽവരമ്പിലും ഇടവഴിയിലുമുണ്ട് ആ കാൽപാടുകൾ. ബാല്യത്തിൽതന്നെ കവിത്വത്തിെൻറ ലക്ഷണങ്ങൾ പ്രകാശിപ്പിച്ച കവിക്ക് കരുത്തും കരുതലും പകർന്നത് അക്കിത്തത്ത് തറവാടും അമേറ്റിക്കര ഗ്രാമവുമാണ്. അക്കിത്തത്ത് മനയിൽ വാസുദേവന്‍ നമ്പൂതിരിക്കും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിനും ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം പിറന്ന ഉണ്ണിയായിരുന്നു അച്യുതൻ നമ്പൂതിരി. അതിനാൽതന്നെ ലാളിച്ചു വളർത്തി. കൂടല്ലൂരിലും പകരാവൂരിലും മനകളിലായിരുന്നു സംസ്കൃത പഠനം. ഒപ്പം ജ്യോതിഷവും പഠിപ്പിച്ചു. തമിഴ് പഠിച്ചെടുത്തത് വി.ടി. ഭട്ടതിരിപ്പാടിൽനിന്ന്. ആഴത്തിലുള്ള വായനയിലൂടെ ഇംഗ്ലീഷിലും അവഗാഹം നേടി.
23ാം വയസ്സിലായിരുന്നു അക്കിത്തത്തിെൻറ വിവാഹം. വധു പട്ടാമ്പി ആയമ്പിള്ളി മനയിലെ ശ്രീദേവി അന്തർജനം. ശ്രീദേവിക്ക് അപ്പോൾ 15 വയസ്സ്. എട്ട് മക്കളുണ്ടായതിൽ രണ്ടു പേർ മരിച്ചു. ബാക്കിയായത് നാല് പെൺമക്കളും രണ്ട് ആൺമക്കളും. ആദ്യമായി ഉണ്ടായ കുഞ്ഞ് മരിച്ചപ്പോൾ തീരാവേദനയിൽ ആണ്ടുപോയ അക്കിത്തം, 'അച്ഛൻ കൃതജ്ഞത പറയുന്നു' എന്നൊരു കവിത എഴുതി.
വേർപിരിയാത്ത ബാല്യകാല സൗഹൃദങ്ങൾ മഹാകവിക്ക് ഉണ്ടായിരുന്നു. കുട്ടിക്കാലത്തെ കൂട്ടുകാരെക്കുറിച്ചും അക്കിത്തം കവിത രചിച്ചിട്ടുണ്ട്. അതിലൊന്നാണ് സുഹൃത്ത് അബ്ദുല്ലയെക്കുറിച്ചുള്ള ഉള്ളുലയ്ക്കുന്ന കവിത. കുമരനെല്ലൂരിലെ ബാപ്പുട്ടിക്ക് അക്കിത്തത്തെക്കാൾ പ്രായക്കൂടുതലുണ്ടെങ്കിലും ഇരുവരും ഉറ്റ ചങ്ങാതിമാരായിരുന്നു. അക്കിത്തത്തെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചത് ബാപ്പുട്ടിയാണ്. അക്കിത്തം മനയിലെ പതിവു സന്ദർശകനായിരുന്ന ബാപ്പുട്ടിയുമായുള്ള അടുപ്പം ജീവിതാന്ത്യംവരെ തുടർന്നു. കുട്ടിക്കാലത്തുതന്നെ അക്കിത്തം ചിത്രകലയോട് വിട ചൊല്ലിയെങ്കിലും പിൽക്കാലത്ത് സഹോദരൻ അക്കിത്തം നാരായണൻ ലോകമറിയുന്ന ചിത്രകാരനായി.
അക്കിത്തത്തിെൻറ മകൻ വാസുദേവനും ഇൗ വഴി പിന്തുടർന്നു. ജീവിതവഴിയിൽ അക്കിത്തത്തിന് താങ്ങും തണലുമായിരുന്നു ഭാര്യ ശ്രീദേവി. ജ്ഞാനപീഠം നേടിയപ്പോൾ അത് അറിയാൻ ശ്രീദേവി ഇല്ലാത്തത് അക്കിത്തത്തിെൻറ സ്വകാര്യദുഃഖമായിരുന്നു. 'എെൻറ കവിതക്ക് ശക്തിനൽകിയത് പത്നി ശ്രീദേവി ആയിരുന്നു, അവരെത്ര കഷ്ടപ്പെട്ടിട്ടുണ്ട് എന്നതിന് കണക്കില്ല, ഇപ്പോൾ അവരെന്നോടൊപ്പമില്ലാത്തത് വലിയ സങ്കടമാണ്'- പുരസ്കാരം ലഭിച്ച വേളയിൽ അക്കിത്തത്തിെൻറ വാക്കുകൾ. ഭാര്യ ശ്രീദേവിയുടെ വിയോഗാനന്തരം ഇളയ മകൻ നാരായണനും കുടുംബത്തിനും ഒപ്പമായിരുന്നു കവിയുടെ ശിഷ്ടകാലം. അക്കിത്തം മനക്ക് അടുത്തുതന്നെയാണ് 'ദേവായനം'. മഹാകവി ഏറെക്കാലം കഴിച്ചുകൂട്ടിയത് ഇൗ വീട്ടിലായിരുന്നു.
ആത്മകഥ എഴുതിക്കൂടെ എന്ന ചോദ്യത്തിന് 'കവിതകൾ ഗദ്യത്തിലാക്കിയാൽ എെൻറ ജീവചരിത്രം കിട്ടും' എന്നായിരുന്നു അക്കിത്തത്തിെൻറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.