സ്ത്രീകളുടെ ഫോൺ ചോർത്തുന്ന എ.സി.പി; ഗൂഗ്ൾ പേ വഴി കൈക്കൂലി
text_fieldsഫോണോ മറ്റു വ്യക്തിപരമായ വിവരങ്ങളോ ചോർത്തപ്പെട്ടാൽ നമ്മൾ പരാതിയുമായി സമീപിക്കുക പൊലീസിനെയാണ്. എന്നാൽ, സുഹൃത്തിനുവേണ്ടി അദ്ദേഹത്തിന്റെ ഭാര്യയുടെ ഫോൺ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് ചോർത്തുന്ന ഉന്നത ഉദ്യോഗസ്ഥരുള്ള നാട്ടിൽ ഈ പരാതിപറച്ചിലിന് എന്താണ് പ്രസക്തി? കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിന് എന്ന വ്യാജേനയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ അസി. കമീഷണർ സുഹൃത്തിന്റെ ഭാര്യയുടെ ഫോൺ...
ഫോണോ മറ്റു വ്യക്തിപരമായ വിവരങ്ങളോ ചോർത്തപ്പെട്ടാൽ നമ്മൾ പരാതിയുമായി സമീപിക്കുക പൊലീസിനെയാണ്. എന്നാൽ, സുഹൃത്തിനുവേണ്ടി അദ്ദേഹത്തിന്റെ ഭാര്യയുടെ ഫോൺ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് ചോർത്തുന്ന ഉന്നത ഉദ്യോഗസ്ഥരുള്ള നാട്ടിൽ ഈ പരാതിപറച്ചിലിന് എന്താണ് പ്രസക്തി? കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിന് എന്ന വ്യാജേനയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ അസി. കമീഷണർ സുഹൃത്തിന്റെ ഭാര്യയുടെ ഫോൺ ചോർത്തിയത്. പരസ്പരം വഴക്കിട്ടപ്പോൾ ഫോൺ വിവരങ്ങൾ ഭർത്താവ് ഭാര്യയോട് പറഞ്ഞതോടെ, അദ്ദേഹം ഫോൺ ചോർത്തിയെന്ന സംശയത്തിലാണ് യുവതി പരാതിയുമായി പൊലീസിലെത്തിയത്. അന്വേഷണത്തിൽ അസി. കമീഷണറാണ് ഫോൺ ചോർത്തിയത് എന്ന് വ്യക്തമായി. തുടർന്ന് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അസി. കമീഷണറെ സേനയിൽനിന്ന് മാറ്റിനിർത്തുക പോലും ചെയ്തില്ല. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്ത് വീട്ടമ്മയുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയ സംഭവം കേസെടുക്കാവുന്ന കുറ്റമായിട്ടും തെളിവില്ലെന്ന് വിധിയെഴുതി അന്വേഷണം പൊടുന്നനെ അവസാനിപ്പിക്കുകയായിരുന്നു. വാഹനാപകടക്കേസൊഴിവാക്കാൻ ഭാര്യയുടെ ഗൂഗ്ൾ പേ നമ്പറിലേക്ക് സീനിയർ പൊലീസുകാരൻ അരലക്ഷം രൂപ ‘കൈക്കൂലി’ അയപ്പിച്ചതിന്റെ പൂർണ തെളിവ് ലഭ്യമായിട്ടും ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയല്ലാതെ കേസെടുത്ത് നിയമനടപടി സ്വീകരിക്കാത്ത സംഭവവും കോഴിക്കോട്ട് നടന്നു.
മാമി കേസ്: ‘തലയൂരി’ എസ്.ഐ.ടി
കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂർ (മാമി) തിരോധാന കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണമാണിപ്പോൾ ഉയർന്നത്. നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം എങ്ങുമെത്താത്തതോടെ, മാമിയുടെ ബന്ധുക്കളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും മുഖ്യമന്ത്രിയെക്കണ്ട് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാൻ നിവേദനം നൽകി. തുടർന്ന് എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാർ ഉത്തരവിറക്കി രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) തലവനായി നിശ്ചയിച്ചത് മലപ്പുറം എസ്.പി ടി. ശശിധരനെയാണ്. കോഴിക്കോട്ടെ കേസന്വേഷണത്തിന്റെ മേൽനോട്ട ചുമതലയിൽനിന്ന് സിറ്റി പൊലീസ് മേധാവിയെ ഒഴിവാക്കി പകരം മലപ്പുറം എസ്.പിയെ നിയോഗിച്ചതെന്തിനാണെന്ന ചോദ്യമാണ് ഉയർന്നത്.
മലപ്പുറം എസ്.പി ടി. ശശിധരൻ എ.ഡി.ജി.പിയുടെ ‘സ്വന്തം ആളാണെന്നും’ മാമി കേസ് തെളിയാൻ പോവുന്നില്ലെന്നും പി.വി. അൻവർ എം.എൽ.എ പറഞ്ഞതോടെയാണ് അന്വേഷണ സംഘത്തെ സംബന്ധിച്ച് ദുരൂഹതകൾ കൂടുതൽ ശക്തമായത്. 2023 ആഗസ്റ്റിൽ കാണാതായ മാമിയെ കുറിച്ച് ഒരുവർഷമായിട്ടും ഒരു വിവരവും ലഭിക്കാഞ്ഞതോടെ കുടുംബം കടുത്ത വിമർശനവുമായി രംഗത്തുവന്നിരുന്നു. ഇതോടെ അന്വേഷണ ചുമതലയുള്ള ടി. ശശിധരൻ കേസിൽ സി.ബി.ഐ അന്വേഷണമാവാം എന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയാണ് ‘തലയൂരി’യത്. പിന്നാലെയിപ്പോൾ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൊടി സുനിക്കെതിരായ കേസുകളും വഴിമുട്ടി
ആർ.എം.പി.ഐ നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ തടവിൽ കഴിയുന്ന കൊടി സുനി അടക്കമുള്ള പ്രതികൾ ജയിലിലിരുന്ന് കള്ളക്കടത്ത് സ്വർണം പൊട്ടിക്കൽ ആസൂത്രണം ചെയ്തതുമായി ബന്ധപ്പെട്ട് നല്ലളം പൊലീസ് കേസെടുത്തിരുന്നു. കരിപ്പൂർ വഴി കണ്ണൂർ ചൊക്ലി സ്വദേശി കടത്തിക്കൊണ്ടുവന്ന സ്വർണം കാർ തടഞ്ഞ് മോഡേൺ ബസാറിനടുത്തുനിന്ന് നാലുപേർ തട്ടിയതാണ് തുടക്കം. നാലുപേരും പിടിയിലായി തട്ടിയെടുത്ത സ്വർണം കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തിന് നൽകിയെന്നായിരുന്നു ഇവരുടെ മൊഴി. കള്ളക്കടത്ത് സ്വർണം പൊട്ടിക്കാൻ കൊടി സുനിയാണ് തനിക്ക് ക്വട്ടേഷൻ നൽകിയതെന്ന് പിന്നീട് പിടിയിലായ രഞ്ജിത്തും വെളിപ്പെടുത്തി. തുടർന്നാണ് കൊടി സുനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതും വിയ്യൂർ ജയിലിലെത്തി ചോദ്യം ചെയ്തതും. രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് ഭരണതലത്തിൽ നിന്നുള്ള സമ്മർദത്തിലാണ് പൊലീസ് കൊടി സുനിക്കെതിരായ അന്വേഷണം പാതിവഴിയിൽ അവസാനിപ്പിച്ചത്. കൊടുവള്ളി നഗരസഭ മുൻ കൗൺസിലറെ കൊടി സുനി ഭീഷണിപ്പെടുത്തിയതിന് രജിസ്റ്റർ ചെയ്ത കേസും എങ്ങുമെത്തിയില്ല.
സ്വർണം പൊട്ടിക്കൽ കേസിൽ നിന്നൊഴിവാക്കാൻ പണം വാങ്ങി
കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു 2021ലുണ്ടായ രാമനാട്ടുകര സ്വര്‍ണം പൊട്ടിക്കലും തുടർന്നുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിക്കുകയും ചെയ്തത്. പി.വി. അൻവർ എം.എൽ.എ എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനും മലപ്പുറം മുൻ എസ്.പി സുജിത്ത് ദാസിനുമെതിരെ ഗുരുതര ആരോപണമുന്നയിച്ചതിനുപിന്നാലെ, രാമനാട്ടുകര കേസിൽ പണം വാങ്ങിയെന്ന പരാതിയാണ് പ്രതികളിൽ ചിലർ പൊലീസിനെതിരെ ഉന്നയിച്ചത്. പണം വാങ്ങി പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കാൻ, അന്വേഷണത്തിന് മേൽനോട്ടം വഹിച്ച സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ ശ്രമം നടന്നതായാണ് വെളിപ്പെടുത്തൽ. കേസിലെ പ്രതികളുടെ കുടുംബത്തെ ഡൻസാഫ് സ്ക്വാഡിലെ പൊലീസുകാരൻ ബന്ധപ്പെടുകയായിരുന്നു.
പ്രതികളിലൊരാളുടെ വെളിപ്പെടുത്തൽ: ‘‘എന്റെ ഒരു സിംകാര്‍ഡ് അവിടെ ഉണ്ടായിരുന്നെന്ന് പറഞ്ഞാണ് എന്നെ കേസില്‍ പ്രതിചേര്‍ത്തത്. കരിപ്പൂരിന് സമീപമാണ് കുറ്റകൃത്യം നടന്നതെങ്കിലും പിടികൂടിയശേഷം തെളിവെടുപ്പിന് സ്വന്തം നാട്ടിലേക്കാണ് കൊണ്ടുവന്നത്. കേസില്‍ നീ ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ലെന്നും നാട്ടുകാരുടെ മുന്നില്‍ അപമാനിക്കാനാണ് ഇത് ചെയ്യുന്നതെന്നും പറഞ്ഞായിരുന്നു, ഡന്‍സാഫ് അംഗങ്ങള്‍ വാഹനത്തില്‍നിന്ന് വലിച്ചിറക്കിയത്. ഇതുവരെ ഒരു പെറ്റിക്കേസില്‍ പോലും ഉള്‍പ്പെടാത്ത താമരശ്ശേരിയിലെ ആംബുലന്‍സ് ഡ്രൈവറും ഈ കേസില്‍ പ്രതിയായി. രണ്ടുമാസത്തോളമാണ് അയാള്‍ ജയിലില്‍ കിടന്നത്’’. കേസില്‍നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥന് പണം കൊടുത്തിട്ടുണ്ടെന്നും എന്നാൽ ഒന്നും ഉണ്ടായില്ലെന്ന് മറ്റൊരു പ്രതിയും വെളിപ്പെടുത്തിയിട്ടുണ്ട്. കേസിൽ അറുപതിലേറെ പ്രതികളുള്ളതിൽ വിദേശത്തുള്ളവരെയടക്കം ഇനിയും പിടികൂടാനുണ്ട്. പ്രതിസ്ഥാനത്തുള്ള പലരും പൊലീസിന് പണം നൽകിയതോടെയാണ് മികച്ച രീതിയിൽ മുന്നോട്ടുപോയ അന്വേഷണം പിന്നീട് പേരിലൊതുങ്ങിയത് എന്നാണ് ആക്ഷേപം.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.