കൂട്ടുകൊള്ള പൊളിയുന്ന രാഷ്ട്രീയസന്ദര്‍ഭം
text_fieldsശ്രീലങ്കയും പാകിസ്താനും മറ്റുപല സമാനസ്വഭാവമുള്ള സമ്പദ് വ്യവസ്ഥകളും നേരിട്ട ഞെട്ടിപ്പിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇവിടെ രൂപംകൊണ്ടാല്‍ അതിന്റെ പൂർണ ഉത്തരവാദിത്തം ഈ കൂട്ടുകൊള്ളക്കാണെന്നു ബോധ്യപ്പെടുത്താന്‍ ഉപകരിച്ചു എന്നതാണ് ഹിൻഡൻബർഗിന്റെ വെളിപ്പെടുത്തലുകളുടെ ആത്യന്തികമായ പ്രാധാന്യം
മൂന്ന് അപ്രതീക്ഷിത പ്രതിസന്ധികളാണ് ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടം ഇപ്പോള്‍ നേരിടുന്നത്. ഒന്നാമത്തേത്, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്ര അതിന്റെ വിജയകരമായ പരിസമാപ്തി കുറിച്ചുകൊണ്ട് കശ്മീരിൽ പ്രവേശിക്കുമ്പോൾ അവിടെ ലഭിക്കുന്ന ആവേശപൂർണമായ സ്വീകരണവും കശ്മീരിന്റെ ഭരണഘടനപദവി കോൺഗ്രസ് അധികാരത്തില്‍വന്നാല്‍ പുന:സ്ഥാപിക്കുമെന്ന രാഹുലിന്റെ ധീരമായ പ്രസ്താവനയുമാണ്.
അത്തരത്തില്‍ ഒരു പ്രസ്താവനചെയ്യാന് ആർക്കും കഴിയുമെങ്കിലും പ്രധാന പ്രതിപക്ഷകക്ഷി എന്ന നിലയില്‍ കോൺഗ്രസ് അതുപറയുന്നു എന്നതിന് പ്രായോഗികമായ പ്രാധാന്യമുണ്ട്.
വിദ്വേഷപൂർണമായ കപടദേശീയതക്ക് പകരമായി ഭരണഘടനയുടെ ആമുഖത്തില്‍ വിഭാവനം ചെയ്യുന്ന അടിസ്ഥാനമൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നതും, കക്ഷിരാഷ്ട്രീയത്തില്‍നിന്ന് പൂർണമായും വിമുക്തമല്ലെങ്കിലും അതിന്റെ യുക്തിക്കപ്പുറത്തേക്ക് ഐക്യത്തിന്റെ സന്ദേശം എത്തിക്കേണ്ടതുണ്ടെന്ന വിശ്വാസം പങ്കുവെക്കുന്നതുമായ യാത്രയെന്ന നിലയില്‍ ഭാരത് ജോഡോയാത്ര ഉയർത്തിയത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാന നിലപാടുകൾക്കെതിരെ ഐക്യനിര സൃഷ്ടിക്കുക എന്ന മുദ്രാവാക്യമായിരുന്നു.
പ്രതിപക്ഷ നേതാക്കള്‍ പലരും അതിന്റെ അന്ത:സത്ത ഉൾക്കൊള്ളാന്‍ തയാറായി എന്നത് സവിശേഷ ശ്രദ്ധയർഹിക്കുന്നു. രണ്ടാമത്തേത്, ബി.ബി.സി നരേന്ദ്ര മോദിയുടെ ഭൂതകാലവും വർത്തമാനവും പുനർവിചിന്തനം ചെയ്യുന്ന വാർത്താചിത്രങ്ങള്‍ പുറത്തിറക്കിയതാണ്.
ഇതിനകം നിരവധി സംവാദങ്ങൾക്ക് വഴിവെച്ച പ്രസ്തുത വാർത്താചിത്രങ്ങള്‍ ഗുജറാത്ത് കലാപം മുതലുള്ള മോദിരാഷ്ട്രീയത്തിന്റെ വളർച്ചയുടെ പിന്നിലെ ഹിംസാത്മക ഭൂതകാലത്തെയും അത് എത്തിച്ചേർന്ന സമകാല ദുർഭരണനീതികളെയും തുറന്നുകാണിക്കുന്നവയാണ്.
ഇന്ത്യക്കുള്ളില്‍ തകർന്നുകൊണ്ടിരിക്കുന്ന വിശ്വാസ്യതയുടെ മുകളില്‍ ആഗോളതലത്തിലുള്ള പ്രതിച്ഛായ പ്രതിസന്ധികൂടി ഹിന്ദുത്വ ഭരണകൂടത്തിനു ഈ വാർത്താചിത്രങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മൂന്നാമത്തെ പ്രതിസന്ധി, ഈ ഭരണത്തിന്റെകൂടി തലയില്‍ എന്നുപറഞ്ഞാല്‍ തെറ്റില്ലാത്ത വിധത്തില്‍ അദാനിയുടെ കോർപറേറ്റ് മാഫിയക്കുമേല്‍ ഇടിവെട്ടുപോലെ വന്നുപതിച്ച ഹിൻഡൻബർഗിന്റെ റിപ്പോർട്ടാണ്.
കൂട്ടുകൊള്ള മുതലാളിത്തം എന്നുവിളിക്കാവുന്ന ഭരണകൂട-കോർപറേറ്റ് സഖ്യം നിയമവിരുദ്ധമായി മൂലധനസഞ്ചയത്തിന് മുതൽക്കൂട്ടുന്ന സമ്പ്രദായത്തിലൂടെയാണ് അദാനി ഗ്രൂപ് വളർന്നതെന്നും ഓഹരികളില്‍ കൃത്രിമം കാട്ടിയും കമ്പനികളുടെ മൂല്യം കൃത്രിമമായി ഉയർത്തി അവതരിപ്പിച്ചുമെല്ലാം നടത്തിയ തട്ടിപ്പുകള്‍ എങ്ങനെ അവര്‍ സമർഥമായി മൂടിവെച്ചുവെന്നും മനസ്സിലാക്കാന്‍ കഴിയുന്ന വിവരങ്ങളാണ് ആ റിപ്പോർട്ടില്‍ നല്‍കിയിട്ടുള്ളത്.
ഈ കൂട്ടുകൊള്ള മുതലാളിത്തത്തിന്റെ കൂട്ടുപ്രതി ഹിന്ദുത്വ ഭരണകൂടമാണ് എന്നത് ഇതിനകം ഉയർന്നുകഴിഞ്ഞ ആരോപണമാണ്. ഈ മൂന്നു കാര്യങ്ങളും പെട്ടെന്ന് പരസ്പരബന്ധിതമാവുകയാണ്. ജോഡോയാത്ര ഉയർത്തിയ സന്ദേഹങ്ങളെ, വിമർശനങ്ങളെ, അത് വിരല്ചൂണ്ടിക്കാണിക്കാന് ശ്രമിച്ച വിപത് ഭരണ ദുർനീതികളെ, ശരിവെക്കുന്ന രണ്ടു പ്രധാനരേഖകളായി ബി.ബി.സി ഡോക്യുമെന്ററിയും ഹിൻഡൻബർഗ് റിപ്പോർട്ടും മാറിയിരിക്കുന്നു.
ഇതില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുടെ നിഴലുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവരുണ്ട്. ഇന്ത്യയെക്കുറിച്ചുള്ള ഏതൊരു പാശ്ചാത്യ മുഖ്യധാര വ്യവഹാരവും നിഷ്കളങ്കമല്ല എന്ന തിരിച്ചറിവുള്ളവര്‍ തന്നെയാണ് നമ്മള്. ആഗോള മുതലാളിത്തത്തിന്റെ ഉള്ളറകളില്നിന്നുവരുന്ന ഈ റിപ്പോർട്ട് സ്വാഭാവികമായും അന്താരാഷ്ട്രതലത്തില്‍ മൂലധന കിടമത്സരങ്ങളുടെകൂടി പശ്ചാത്തലത്തില്‍ പുറത്തുവരുന്നതാണ്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നു എന്നത് സത്യമാണെങ്കില്‍പോലും അതിലുള്ള എളുപ്പവഴി തുറന്നുകൊടുത്തത് ഇവിടത്തെ കൂട്ടുകൊള്ള മൂലധനശക്തികളും ഹിന്ദുത്വ സാമ്പത്തികനയങ്ങളും തന്നെയാണെന്ന വസ്തുത വിസ്മരിക്കാന്‍ കഴിയില്ല.
എന്നാല്‍, ഈ രണ്ടു പ്രധാന ഇടപെടലുകളും ശ്രദ്ധേയമാകുന്നത് വിശദാംശങ്ങളിലൊഴികെ ബാക്കി എല്ലാ കാര്യത്തിലും ഇന്ത്യയില്‍ ഇതിനകം ഉയർന്നു കഴിഞ്ഞിട്ടുള്ള ആരോപണങ്ങളും വിമർശനങ്ങളുമാണ് ഇവ ഉന്നയിക്കുന്നത് എന്നതാണ്.
അതുകൊണ്ടുതന്നെ നിലവിലുള്ള പല സംശയങ്ങളുടെയും ഉത്കണ്ഠകളുടെയും ആരോപണങ്ങളുടെയും പുറമേനിന്നുള്ള ഒരു സ്ഥിരീകരണം എന്നുമാത്രമേ ഇതിനെ കരുതേണ്ടതുള്ളൂ. അതിനപ്പുറമുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് പ്രസക്തിയില്ല.
വിഴിഞ്ഞം തുറമുഖ സമരമടക്കമുള്ള നിരവധി പ്രക്ഷോഭണങ്ങളില്‍ കൂട്ടുകൊള്ള മുതലാളിത്തവും അതിന്റെ തികച്ചും അസ്വീകാര്യമായ ഗൂഢമാർഗങ്ങളും വിമർശിക്കപ്പെട്ടിട്ടുണ്ട്. കർഷക സമരത്തിന്റെ പ്രധാന മുദ്രാവാക്യങ്ങള്‍ വളഞ്ഞവഴിയിലൂടെ നിയമനിർമാണം നടത്തി കൂട്ടുകൊള്ള മൂലധനത്തെ സഹായിക്കുന്ന ഭരണകൂട സമീപനത്തിന് എതിരായിട്ടുള്ളതായിരുന്നു.
അതിനാല്‍തന്നെ കേവലമായ പാശ്ചാത്യ ഗൂഢാലോചന എന്നവാദം നമുക്ക് തള്ളിക്കളയാവുന്നതേയുള്ളൂ. സി.എ.എ സമരങ്ങളുടെ കാലത്തും കൂട്ടുകൊള്ള മൂലധനവും ഹിന്ദുത്വ ശക്തികളും തമ്മിലെ അവിശുദ്ധ ബന്ധങ്ങള്‍ ചർച്ചാവിഷയമായിരുന്നു എന്നതും ഓർക്കാവുന്നതാണ്.
ഗുജറാത്ത് കലാപത്തിന്റെ ലെഗസിയാണ് ഒന്നാം മോദിസർക്കാറിന്റെ കാലത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്കും നിയന്ത്രണാതീതമായ ന്യൂനപക്ഷ-ദലിത് ഹിംസയിലേക്കും രാജ്യം നിപതിച്ചപ്പോള്‍ അതിനു മൗനാനുവാദം നല്കിയ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര പശ്ചാത്തലം.
ആൾക്കൂട്ടം ഭരണകൂടമായി മാറുന്ന ഫാഷിസ്റ്റ് അവസ്ഥയുടെ ഹിന്ദുത്വ വകഭേദം എങ്ങനെയാണ് രാജ്യത്ത് വേരുറപ്പിക്കുന്നതെന്ന് അക്കാലത്തുതന്നെ ഈ പംക്തിയിലും ഞാൻ പലതവണ എഴുതിയിട്ടുണ്ട്. അതുകൂടി സൃഷ്ടിച്ച ഭയത്തിന്റെ അന്തരീക്ഷത്തിലാണ് നോട്ടു റദ്ദാക്കലും ജി.എസ്.ടി പരിഷ്കാരങ്ങളും, സാമ്പത്തിക അസ്ഥിരത്വവും അരക്ഷിതത്വവും മുഖമുദ്രയായ കൂട്ടുകൊള്ള മൂലധനത്തിന്റെ വഴിവിട്ട വളർച്ചയുമെല്ലാം ഉണ്ടാവുന്നത്.
ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ് കമ്പനികളുടെ മൂല്യമിടിഞ്ഞ സാഹചര്യത്തില്‍ പൊതുമേഖല സ്ഥാപനമായ എൽ.ഐ.സിക്കു നഷ്ടമായത് ഏതാണ്ട് 20,000 കോടി രൂപയാണെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എൽ.ഐ.സി അദാനി ഗ്രൂപ്പിൽ 87,380 കോടി നിക്ഷേപിച്ചിട്ടുണ്ട് എന്ന വസ്തുതയും ഇപ്പോള്‍ ചർച്ചചെയ്യപ്പെടുന്നുണ്ട്. ഒരു തുറന്ന നിയോലിബറല്‍ സമ്പദ് വ്യവസ്ഥയില്‍ സ്വാഭാവികമായി സംഭവിക്കാവുന്ന ഒരു കാര്യമായി ഇതിനെ തള്ളിക്കളയാനാവില്ല.
ഇത് നിയോലിബറലിസത്തിന്റെ മാത്രം പ്രശ്നമല്ല. മറിച്ച്, ഭരണസംവിധാനത്തിന്റെ തണലില്‍മാത്രം ഒരു കമ്പനി നേടിയെടുക്കുന്ന അവിഹിതമായ ആനുകൂല്യങ്ങള്‍ എങ്ങനെ വിശദീകരിക്കപ്പെടും എന്ന പ്രശ്നംകൂടിയാണ്. പൊതുമേഖല ബാങ്കുകൾ അദാനിക്ക് അഞ്ചുലക്ഷംകോടി രൂപ നല്‍കിയിട്ടുണ്ടെന്ന കണക്കുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.
ഇത് പ്രശ്നത്തിന്റെ ചെറിയൊരു വശം മാത്രമേ ആകുന്നുള്ളൂ എന്നിടത്താണ് രാജ്യഭരണം കൂട്ടുകൊള്ള മൂലധനത്തിന്റെ ചൊൽപടിയില് ഒതുങ്ങിയതിന്റെ ആഴങ്ങള്‍ നമുക്ക് വ്യക്തമാവുന്നത്.
ശ്രീലങ്കയും പാകിസ്താനും മറ്റുപല സമാനസ്വഭാവമുള്ള സമ്പദ് വ്യവസ്ഥകളും നേരിട്ട ഞെട്ടിപ്പിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇവിടെ രൂപംകൊണ്ടാല്‍ അതിന്റെ പൂർണ ഉത്തരവാദിത്തം ഈ കൂട്ടുകൊള്ളക്കാണെന്നു ബോധ്യപ്പെടുത്താന്‍ ഉപകരിച്ചു എന്നതാണ് ഹിൻഡൻബർഗിന്റെ വെളിപ്പെടുത്തലുകളുടെ ആത്യന്തികമായ പ്രാധാന്യം.
സങ്കീർണമായ ഈ രാഷ്ട്രീയ സന്ദർഭത്തിലാണ് ഭാരത് ജോഡോയാത്രക്ക് സമാപനംകുറിച്ചുകൊണ്ട് രാഹുൽ ഗാന്ധി നടത്തിയ വാർത്തസമ്മേളനത്തിലെ നിലപാടുകള്‍ പ്രസക്തമാവുന്നത്. ഞാന്‍ ഈ യാത്രയെ അതിന്റെ കാൽപനികമായ മാനങ്ങളില്‍ ആത്മഹർഷദായകമായി കാണുന്നില്ല.
മറിച്ച്, അതിന് ദൃഢമായ രണ്ടു രാഷ്ട്രീയസന്ദേശങ്ങളുണ്ടായിരുന്നു എന്ന കാഴ്ചപ്പാടിലാണ് യാത്രയുടെ ലക്ഷ്യങ്ങളെ ഞാന്‍ സമീപിക്കുന്നത്. യാത്ര തുടങ്ങുമ്പോള്‍ ഉറപ്പില്ലാതിരുന്നതും യാത്രയുടെ അവസാനത്തോടെ അത്യന്തം പ്രസക്തമായിത്തീരുകയുംചെയ്ത രണ്ടുലക്ഷ്യങ്ങളിലേക്ക് കൂടുതല്‍ അടുത്തുകൊണ്ടാണ് യാത്ര സമാപിക്കുന്നത്. ഒന്ന് പ്രതിപക്ഷ ഐക്യമാണ്.
പ്രതിപക്ഷ കക്ഷികളുടെ കാഴ്ചപ്പാടില്‍ ഈ യാത്ര ചെറുതല്ലാത്ത മാറ്റം വരുത്തിയിട്ടുണ്ട്. ഐക്യത്തിന്റെ സന്ദേശം കേവലം ഉപരിപ്ലവമായല്ലാതെ മനസ്സിലാക്കാന്‍ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ തയാറാവാനിടയുണ്ട് എന്നത് ഒരുപരിധിവരെ ഈ യാത്രയുടെകൂടി സംഭാവനയാണ്.
രണ്ടാമത്തേത്, കൂടുതല്‍ അമൂർത്തവും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ കളങ്ങളില്മാത്രം ഒതുങ്ങാത്തതുമായ ജനകീയ ഐക്യസന്ദേശമാണ്. ഈ രണ്ടു നിലീനലക്ഷ്യങ്ങളും യാത്രക്കുണ്ടായിരുന്നു എന്നത് രാഹുൽ ഗാന്ധിതന്നെ ഒടുവില്‍ കണ്ടെത്തുകയാണ് എന്നുപറഞ്ഞാലും ഒരർഥത്തില്‍ തെറ്റല്ല.
ഭാരത് ജോഡോ യാത്രയിൽ വലിയതോതിൽ ജനങ്ങൾ അണിനിരന്നുവെന്നും, കോൺഗ്രസ് പ്രവർത്തകരേക്കാൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സാധാരണക്കാര്‍ യാത്രയിൽ പങ്കെടുത്തുവെന്നും, യാത്ര നേരിട്ടുനല്‍കുന്ന പ്രായോഗിക ഫലങ്ങള്‍ അവ്യക്തമാണെങ്കിലും രാഷ്ട്രീയപാർട്ടികൾക്കും ജനങ്ങൾക്കും ഇടയിലെ അകൽച്ചയുടെ സാഹചര്യത്തില്‍ ഒരുമയുടെ രാഷ്ട്രീയം പ്രസക്തമാക്കാന്‍ യാത്ര ഉതകിയെന്നും രാഹുൽ ഗാന്ധി പറയുന്നുണ്ട്.
പ്രതിപക്ഷം ഇല്ലാതായി എന്ന വാദവും അദ്ദേഹം ആത്മവിശ്വാസത്തോടെ ഖണ്ഡിക്കുന്നുണ്ട്. ഉടനടി അത്ഭുതങ്ങള്‍ സംഭവിക്കില്ലെന്ന് അദ്ദേഹത്തെപ്പോലെ നമുക്കും അറിയാം.
പക്ഷേ, മറവി അടിച്ചേൽപിക്കുന്ന ഭീതിരാഷ്ട്രീയവും മൃത്യുരാഷ്ട്രീയവും ഒരുപോലെ പയറ്റുന്ന ഫാഷിസ്റ്റ് ശക്തികൾക്ക് യാദൃച്ഛികമെങ്കിലും വലിയൊരു താക്കീതായി ജോഡോ യാത്ര അവസാനിക്കുന്ന സന്ദർഭത്തില്‍ ബി.ബി.സി ഡോക്യുമെന്ററിയും ഹിൻഡൻബർഗ് വിശകലനവും മാറിയെന്നത് തീർച്ചയായും ശുഭോദർക്കമായ കാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.