ഈ മരണം കഷ്ടം
text_fieldsഇലവങ്കോട് ദേശത്തിന്റെ പരാജയം ജോർജിനെ സാമ്പത്തികമായും മാനസികമായും തകർത്തു. ആ തകർച്ച അദ്ദേഹത്തെ ഒന്നിനു പിറകെ ഒന്നായി രോഗങ്ങളിലേക്ക് തള്ളിവിട്ടു. പിന്നീട് മറ്റൊരു സിനിമ എന്ന സ്വപ്നത്തിലേക്ക് ജോർജിന് നടന്നടുക്കാനായില്ല.
കലാബോധമുള്ള, സാങ്കേതിക പരിജ്ഞാനവുമുള്ള സംവിധായകനായിരുന്നു കെ.ജി. ജോർജ്. പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ ജൂനിയറായിരുന്ന അദ്ദേഹത്തെ രാമു കര്യാട്ടിന്റെ ‘നെല്ലി’ൽ വെച്ചാണ് പരിചയപ്പെടുന്നത്. പക്ഷേ, ആ അടുപ്പം കൂടുതൽ ദൃഢമാകുന്നത് സ്വപ്നാടനത്തിലൂടെയായിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠിച്ചിറങ്ങിയ ഒരു സംവിധായകന്റെ എല്ലാ സത്തയും ഒത്തുചേർന്ന ചിത്രമായിരുന്നു സ്വപ്നാടനം. മലയാളത്തിലെ ലക്ഷണയുക്തമായ മാനസികാപഗ്രഥന സിനിമകളില് ഒന്നാം സ്ഥാനത്തു നിസ്സംശയം പ്രതിഷ്ഠിക്കാവുന്ന സിനിമ.
ആ ഒറ്റചിത്രംകൊണ്ട് സംവിധായകനെന്ന നിലയിൽ ദേശീയ ശ്രദ്ധയും നിരൂപക പ്രശംസയും ജോർജ് നേടിയെടുത്തു. എന്നാൽ, പിന്നീട് അങ്ങോട്ട് സിനിമ വ്യവസായത്തിന്റെ ഭാഗമാകാനുള്ള ശ്രമമായിരുന്നു അദ്ദേഹം നടത്തിയത്. അതിന്റെ ചിട്ടവട്ടങ്ങളിലേക്ക് അദ്ദേഹം ഒതുക്കപ്പെട്ടു. അപ്പോഴും ലേഖയുടെ മരണം, ഇരകൾ, യവനിക, കോലങ്ങൾ പോലുള്ള മനോഹരമായ ചിത്രങ്ങളും ജോർജിൽനിന്നുണ്ടായി. ഹിച്ച്കോക്കിന്റെ കടുത്ത ആരാധകനായിരുന്നു ജോർജ് യവനികപോലുള്ള ചിത്രങ്ങൾ തയാറാക്കിയതും ആ പ്രേരണയിൽനിന്നായിരുന്നു.
ജോർജ് ഒരിക്കലും സിനിമയെ തൊഴിലായി കണ്ടില്ല. അതുകൊണ്ടാണ് 40 വർഷത്തിനിടെ 19 ചിത്രങ്ങൾ മാത്രം ജോർജിന് എടുക്കാനായത്. പുറമേനിന്ന് നോക്കുന്നവർക്ക് അതു ചെറുതാണെങ്കിലും എന്നെ സംബന്ധിച്ച് അതു വലിയൊരു സംഖ്യയാണ്. എന്റെ ജീവിതത്തിൽ ഞാൻ എടുത്തത് 12 ചിത്രങ്ങളാണ്. പണം മുടക്കാൻ ആളില്ലാത്തതുകൊണ്ടല്ല, ചെയ്യുന്ന സിനിമകൾക്ക് ഒരു പ്രത്യേകത വേണം എന്ന് കരുതുന്നതുകൊണ്ടാണ് എണ്ണം കുറയുന്നത്.
തെങ്ങിന് തടമെടക്കുന്നതുപോലെ വർഷത്തിൽ മൂന്നും നാലും ചിത്രങ്ങളെടുക്കുന്ന സംവിധായകരും നമുക്കിടയിലുണ്ട്. എടുക്കുന്ന തടമെല്ലാം ഒരുപോലെയിരിക്കും. സിനിമ തൊഴിലാകുന്നതോടെ അവിടെ ക്രാഫ്റ്റും കലയും ഉണ്ടാകില്ല. 10 വർഷം കഴിഞ്ഞാലും പുതുമ നിലനിർത്താൻ കഴിയുന്നവയാണ് മികച്ച സിനിമകൾ. ജോർജിന്റെ സിനിമകൾ അങ്ങനെയുള്ളവയായിരുന്നു. അല്ലാതെ പത്രത്തിൽ വരുന്ന വാർത്തകളെ സിനിമയാക്കാൻ അദ്ദേഹം നിന്നില്ല.
കരിയറിൽ ഒരിക്കലും ജോർജ് ചെയ്യാൻ പാടില്ലാത്ത സിനിമയായിരുന്നു ഇലവങ്കോട് ദേശം. സിനിമ വ്യവസായത്തിന്റെ ഭാഗമായതോടെ അദ്ദേഹത്തിന്റെ മനസ്സിൽ ഉദിച്ച മോഹമായിരുന്നു മലയാളത്തിൽ ഒരു ബിഗ് ബജറ്റ് ചിത്രം ഒരുക്കുക എന്നത്. സിനിമകൾ സാമ്പത്തിക വിജയം നേടിയതിൽനിന്നുണ്ടായ തോന്നാലാകാമത്. ഇത്തരമൊരു ആഗ്രഹം അറിഞ്ഞപ്പോൾതന്നെ അതിൽനിന്ന് അദ്ദേഹത്തെ നിരുത്സാഹപ്പെടുത്താൻ പരമാവധി ഞാൻ ശ്രമിച്ചിരുന്നു. പക്ഷേ, അദ്ദേഹം അതു ചെവിക്കൊണ്ടില്ല. സിനിമക്കായി ജോർജ് വിദേശത്തുപോയി പലരെയും കണ്ട് പണം സ്വരൂപിച്ചു.
ഇവരെല്ലാം ചേർന്ന കമ്പനിയായിരുന്നു മമ്മൂട്ടിയെ വെച്ച് ചിത്രം നിർമിച്ചത്. പക്ഷേ, ചിത്രം പരാജയപ്പെട്ടു. ചിത്രം സാമ്പത്തിക വിജയം കൈവരിക്കാതായതോടെ നിർമാതാക്കൾ നികൃഷ്ടമായ രീതിയിലാണ് ജോർജിനോട് പെരുമാറിയത്. ഏതു സംവിധായകനാണ് ഒരു സിനിമക്ക് ഇത്ര ദിവസം തിയറ്ററിൽ ഓടുമെന്ന് ഗാരന്റി നൽകാൻ കഴിയുക? ജോർജിന്റെ മേളയിലൂടെയായിരുന്നു ഞാനടക്കമുള്ളവർ മമ്മൂട്ടിയെ ശ്രദ്ധിക്കുന്നത്. ആ കടപ്പാട് ജോർജിനോട് മമ്മൂട്ടിക്കുണ്ടായിരുന്നു. ഈ ചിത്രം ചെയ്തവേളയിൽ മമ്മൂട്ടി പറഞ്ഞത് ‘ദാ എന്റെ കടമ്പ കഴിഞ്ഞിരിക്കുന്നു’. മമ്മൂട്ടിക്ക് പോലും ആ സിനിമയിൽ തൃപ്തിയുണ്ടായിരുന്നില്ല എന്നാണ് അറിഞ്ഞത്.
ഇലവങ്കോട് ദേശത്തിന്റെ പരാജയം ജോർജിനെ സാമ്പത്തികമായും മാനസികമായും തകർത്തു. ആ തകർച്ച അദ്ദേഹത്തെ ഒന്നിനു പിറകെ ഒന്നായി രോഗങ്ങളിലേക്ക് തള്ളിവിട്ടു. പിന്നീട് മറ്റൊരു സിനിമ എന്ന സ്വപ്നത്തിലേക്ക് ജോർജിന് നടന്നടുക്കാനായില്ല. ഒരു ചീത്ത പടം എടുത്തതിന്റെ ഫലമായിരുന്നു പിന്നീടുള്ള ജീവിതക്കാലം ജോർജ് അനുഭവിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മനസ്സിലാക്കി ഒരിക്കൽ കൊച്ചിയിലെ വീട്ടിലെത്തി കണ്ടിരുന്നു. അന്ന് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ആയുർവേദ ചികിത്സ നടത്തിയാൽ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷ ജോർജിനുണ്ട്.
പക്ഷേ, ചികിത്സക്ക് പണമില്ല. തിരുവനന്തപുരത്ത് എത്തിയശേഷം ഞാൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് നിവേദനം കൊടുത്തു. ജോർജിന്റെ ചികിത്സക്ക് മൂന്ന് ലക്ഷം അനുവദിക്കണം. നിവേദനം വായിച്ച ഉടനെ ഉമ്മൻ ചാണ്ടി പണം അനുവദിക്കുകയായിരുന്നു. അതായിരുന്നു ഉമ്മൻ ചാണ്ടിയുടെ നന്മ. ആ പണംകൊണ്ട് ചികിത്സ നടത്തി, ഫലവും ഉണ്ടായി.
പക്ഷേ, വൃദ്ധസദനത്തിലാക്കിയതോടെ വീണ്ടും ആരോഗ്യം മോശമായി. ജോർജ് ഉണ്ടാക്കിയ സംഘടനയായിരുന്നു മാക്ട. അവർ കോവിഡിന് മുമ്പ് 10 ലക്ഷം കൊടുത്തു. ഒരിക്കലും വൃദ്ധസദനത്തിൽ കിടന്ന് മരിക്കേണ്ട ഒരാളായിരുന്നില്ല ജോർജ്. പുരസ്കാരങ്ങളല്ല, സിനിമകളായിരുന്നു കെ.ജി. ജോർജിനെ പറ്റി തലമുറകൾ സംസാരിച്ചതും പഠിച്ചതും. അദ്ദേഹത്തെ കാലാതിവർത്തിയാക്കുന്നതും ആ സിനിമകൾ തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.