മാറുമോ കോവിഡാനന്തര ലോകക്രമം?
text_fields'നാട് നശിക്കാൻ നാഥനിറക്കിയതായ കോവിഡ് വൈറസ്...' യശഃശരീരനായ കവി യു. കെ. അബൂസഹ്ലയുടെ പ്രസിദ്ധമായ മാപ്പിളപ്പാട്ടിന് ഒരു പാരഡി ഇവ്വിധ ം ആർക്കെങ്കിലും പൂരിപ്പിക്കാവുന്നതേയുള്ളൂ. ഇന്ത്യയിലെ ലോക്ഡൗൺ മേയ ് മൂന്നുവരെ നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിര ിക്കെ, അത്ര എളുപ്പത്തിലൊന്നും കൊറോണ വൈറസ് പിന്മാറാൻ തയാറില്ലെന്ന ് രാജ്യത്തിന് മൊത്തം ബോധ്യപ്പെട്ടിരിക്കും. ചില ഇളവുകൾ ചിലേടത്ത് പ് രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലേടത്തും പൂർവാധികം വഷളാണ് സ്ഥിതി ഗതികൾ. പ്രഭവസ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്ന ചൈന സാധാരണനിലയിലേക്ക് തിരിച്ചുപോകാനാരംഭിച്ചു എന്ന് ആശ്വസിച്ചിരിക്കുേമ്പാഴാണ് കോവിഡിെൻറ പുനരാഗമന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയിലാകട്ടെ, ജീവഹാനിയുടെ സംഖ്യ ലക്ഷം കവിയാൻ സർവസാധ്യതയുമുള്ള സ്ഥിതിയിലേക്കാണ് രോഗവ്യാപനത്തിെൻറ ശീഘ്രഗതി. ബ്രിട്ടനും സ്പെയിനും ഇറ്റലിയും ഫ്രാൻസും ആശ്വാസത്തിെൻറ ലക്ഷണങ്ങൾ കാണിച്ചിട്ടില്ല. ഇറാെൻറ സ്ഥിതിയും തഥൈവ. 'പുലരുന്ന ഓരോ ദിവസവും തലേനാളിനെക്കാൾ കഠിനതരമായാണ് അനുഭവപ്പെടുന്നത്' എന്ന, കഥയിലെ കടൽസഞ്ചാരി സിന്ദ്ബാദിെൻറ ആത്മഗതം ഓർമിപ്പിക്കുന്നതാണ് ഗൾഫ് നാടുകളുടെ അവസ്ഥ. ആളുകളെ പരമാവധി വീട്ടിലിരുത്തുന്നതിൽ വിജയിച്ചാലും ഫലപ്രദമായ പ്രതിവിധി കണ്ടെത്താനുള്ള തീവ്രയത്നം ലക്ഷ്യംകണ്ടാലും ആഴ്ചകളോ മാസങ്ങളോ വേണ്ടിവരും മഹാമാരിയെ നിശ്ശേഷം തുരത്താൻ. ഞെട്ടിപ്പിക്കുന്ന ആൾനാശത്തെപ്പോലെയോ അതിലേറെയോ ഇപ്പോൾ ചർച്ചക്ക് വിഷയീഭവിക്കുന്നത് കോവിഡാനന്തര ലോകത്തിെൻറ ഗതിയും സ്ഥിതിയുമാണ്.
''ഇപ്പോൾ ചോദ്യം ഇതാണ്: നമ്മെയെല്ലാം സ്വഭവനങ്ങളിലായി ഒറ്റപ്പെടുത്തിയ കോവിഡ് ഒരു മാറ്റത്തിലേക്ക് നയിക്കുമോ? ഒരു പുതിയ ലോകക്രമത്തിെൻറ വക്കിലാണോ നാം; ലോകചരിത്രത്തിൽ സവിശേഷ വഴിത്തിരിവാകാൻപോകുന്ന പുതുയുഗത്തിെൻറ? അതോ, ഈ കാലഘട്ടം ഒരിക്കൽ നാം പിന്നിട്ടാലും മുൻവഴിയിലേക്കുതന്നെ തിരിച്ചുപോകുമോ? തീർച്ചയായും ഇല്ല. എല്ലാം വ്യത്യസ്തമായിരിക്കും''- 'മിഡ്ഈസ്റ്റ് ഫോബ്സ്' മാസികയുടെ പുതിയ ലക്കത്തിൽ ഖുലൂദ് അൽ ഉമിയാൻ ഈ ആമുഖത്തോടെ 10 മാറ്റങ്ങളാണ് പ്രവചിച്ചിരിക്കുന്നത്. ഒന്ന്, ലോക ശാക്തിക തുലനത്തിൽ മാറ്റമുണ്ടാവും. ചൈനയുടെ ഭാഗത്തേക്കായിരിക്കും തൂക്കം. അമേരിക്കക്കുമുേമ്പ ഏഷ്യൻനാടുകളാവും രോഗമുക്തമാവുക. രണ്ട്, ഏറെ സ്വയം പ്രവർത്തനക്ഷമമായ അടിസ്ഥാനസൗകര്യ ഉൽപാദനം ഇന്ധനോപയോഗം കുറക്കും. അത് ഉൽപാദനച്ചെലവ് താഴ്ത്തുക മാത്രമല്ല ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. മാനവവിഭവശേഷി കുറയുന്നത് ആരോഗ്യനില മെച്ചപ്പെടാനും വീണ്ടുമൊരു പ്രതിസന്ധി നേരിടേണ്ടിവന്നാൽ തടസ്സമില്ലാതെ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാനും സഹായകമാവും. മൂന്ന്, ടെക്നോളജിയിലും സാങ്കേതികമായ കൃത്യനിർവഹണത്തിലും ഓൺലൈൻ പേമെൻറ് മേഖലകളിലുമുള്ള വർധിത വിശ്വാസം, സാമ്പ്രദായിക രീതികളിൽനിന്നു മാറി ഉപഭോക്തൃ പെരുമാറ്റത്തിൽ മാറ്റത്തിന് വഴിയൊരുക്കും. വീട്ടിലിരുന്ന് ജോലിചെയ്യാനും വൻ കെട്ടിടങ്ങളിൽനിന്ന് മുക്തമായ ഒരു ഭാവിയിലേക്ക് നീങ്ങാനുമുള്ള പുതിയ പ്രവണത സ്വായത്തമാക്കാൻ ഇത് നിർബന്ധിക്കും. നാല്, വിഡിയോ കോൺഫറൻസിങ് സമ്പ്രദായം നിലവിൽവരുന്നതോടെ ബിസിനസ് യാത്രകൾ ദീർഘകാലാടിസ്ഥാനത്തിൽ കുറയും. യാത്രകൾ അനിവാര്യമാകുേമ്പാൾ അത് ഫസ്റ്റ് ക്ലാസ് വിമാനയാത്രക്കുപകരം സ്വകാര്യ ജെറ്റുകൾ ഉപയോഗിച്ചായിരിക്കും.
അഞ്ച്, സർക്കാറുകൾ ഇലക്ട്രോണിക്സർവിസുകൾ വ്യാപകമാക്കും. കോടതികൾ, ഇമിഗ്രേഷൻ, പാസ്പോർട്ട്, മന്ത്രാലയങ്ങൾ തുടങ്ങിയവയിലും മറ്റു സ്ഥാപനങ്ങളിലും ആളുകൾ നേരിട്ട് ഹാജരാകുന്നതിനുപകരം ഇ-സർവിസുകളിലൂടെ ബന്ധം പുലർത്തുന്ന യു.എ.ഇയുടെ പരീക്ഷണം എല്ലാ രാജ്യങ്ങളിലും നിലവിൽവരും. ആറ്, ആഗോളതലത്തിൽ കൊറോണ വൈറസിനെ നേരിടുന്നതിൽ സംഭവിച്ച വിടവുകൾ കണ്ടെത്തിയതിെൻറ ഫലമായി ആരോഗ്യസംരക്ഷണത്തിനും ആരോഗ്യരക്ഷ സംബന്ധമായ ഉപകരണങ്ങൾ നിർമിക്കുന്നതിനും സർക്കാറുകളും ബിസിനസ് നേതാക്കളും കമ്പനികളും കൂടുതൽ ബജറ്റും നിക്ഷേപങ്ങളും വകയിരുത്തും. ഏഴ്, പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിൽ കൈക്കൊണ്ട ശക്തമായ നടപടികൾ കാരണമായി പശ്ചിമേഷ്യൻ ദേശങ്ങളിൽ പ്രാദേശിക ഭരണസംവിധാനങ്ങളിലുള്ള വിശ്വാസം വർധിക്കും. ധനകാര്യസ്ഥാപനങ്ങൾക്ക് സെൻട്രൽ ബാങ്കുകൾ വൻ തുകകളും മുെമ്പാരിക്കലുമില്ലാത്ത ഇളവുകളും അനുവദിച്ചിട്ടുണ്ട്. എട്ട്, മുമ്പ് നമുക്ക് വേണ്ടത്ര പരിഗണിക്കാൻ സാധിക്കാതെപോയ ജീവിതമെന്ന വശം അംഗീകരിക്കുന്ന ഒരു സാമൂഹിക മാറ്റം സംഭവിക്കും. ഒന്നിച്ചുനിൽക്കാനുള്ള ആഗോളവികാരം അന്താരാഷ്ട്ര സമൂഹം പങ്കിട്ടിട്ടുണ്ട്. ഉദാരമായ ഇനീഷ്യേറ്റിവുകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ജനജീവിതങ്ങളെ രക്ഷിക്കാൻ ദശലക്ഷം കോടികളുടെ സംഭാവനകളാണ് മാനുഷിക സഹായകമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഒമ്പത്, പരിസ്ഥിതിയിൽ ഈ പകർച്ചവ്യാധി ചെലുത്തിയ അനുകൂല സ്വാധീനം നീണ്ടുനിൽക്കും. മാർച്ചിൽ ചൈനയുടെയും ഇറ്റലിയുടെയും ഭാഗങ്ങളിൽ നൈട്രജൻ ഓക്സൈഡ് കുറഞ്ഞതായി നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, 2020ൽ കാർബൺ ഡയോക്സൈഡിൽ 1.2 ശതമാനം കുറവുണ്ടാകുമെന്ന് ഓസ്ലോയിലെ ഇൻറർനാഷനൽ ക്ലൈമറ്റ് റിസർച് സെൻററും കണക്കാക്കുന്നു. പത്ത്, വിദ്യാഭ്യാസ സമ്പ്രദായം മാറും. 188 രാജ്യങ്ങളിൽ സ്കൂളുകൾ അടച്ചിട്ടതോടെ വീട്ടിലിരുന്ന് പഠിക്കുന്ന സമ്പ്രദായം ആരംഭിച്ചിട്ടുണ്ടെന്ന് യുനെസ്കോ പറയുന്നു. സന്താനങ്ങളുടെ മിടുക്ക് വർധിപ്പിക്കാനും അവരുടെ കഴിവുകൾ കണ്ടെത്താനും ഇത് രക്ഷിതാക്കളെ സഹായിക്കുന്നു.
വികസനോന്മുഖ രാജ്യങ്ങളുടെ വിദ്യാഭ്യാസനിലവാരം ഉയർത്താൻ വിദൂരവിദ്യാഭ്യാസ സമ്പ്രദായം ഉപകരിക്കും (Mideast Forbes@10 April 2020). കോവിഡാനന്തര ലോകക്രമത്തെക്കുറിച്ച ഖുലൂദ് അൽ ഉമിയാെൻറ പ്രവചനങ്ങളിൽ എല്ലാറ്റിനോടും എല്ലാവരും യോജിച്ചുകൊള്ളണമെന്നില്ല. എന്നാൽ, അവർ ആമുഖത്തിൽ ഉറപ്പിച്ചുപറഞ്ഞ കാര്യം അനിഷേധ്യമാണ്. കോവിഡിനു മുമ്പുള്ള ലോകമായിരിക്കില്ല തദനന്തര ലോകം. ശാക്തിക സന്തുലനത്തിൽ മാറ്റം സംഭവിക്കും. ശാസ്ത്ര സാങ്കേതികവിദ്യയിലും വികസനത്തിലും ഭരണശേഷിയിലുമെല്ലാം ലോകത്തിെൻറ നെറുകയിലെത്തി എന്ന് ഇന്നുവരെ അഭിമാനിച്ച അമേരിക്കയും യൂറോപ്പും തലകുത്തിവീഴുന്ന കാഴ്ചയാണിപ്പോൾ. തൽസ്ഥാനത്ത് ചൈനയും ജപ്പാനും ഇന്ത്യയും പോലുള്ള ഏഷ്യൻരാജ്യങ്ങൾ ഉയർന്നുവരാനുള്ള സാധ്യത പക്ഷേ, വിവാദപരമാണ്. ശരിയും സൂക്ഷ്മവുമായി സംഭവഗതികളെ വിലയിരുത്തി വീഴ്ചകളിൽനിന്നും തെറ്റുകളിൽനിന്നും പാഠം പഠിച്ച് വിശാലമായ മാനവികതയുെട പ്രതലത്തിൽനിന്ന് തിരുത്താനും ലോകത്തെയാകെ മുന്നോട്ടുനീക്കാനുമുള്ള ഈ രാജ്യങ്ങളുടെ ശേഷി എത്രത്തോളം, ഭരണാധികാരികളുടെ ഇച്ഛാശക്തിയും നിസ്വാർഥതയും എന്തുമാത്രം എന്നീ ചോദ്യങ്ങളുടെ ഉത്തരത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു ശാക്തികമാറ്റം. വംശീയതയുടെയും സമഗ്രാധിപത്യത്തിെൻറയും അഹന്തയുടെയും പുറത്ത് ഉയിർപ്പ് സാധ്യമല്ലെന്നുറപ്പ്.
സാങ്കേതികവിദ്യ, ബിസിനസ്, സാമ്പത്തികം, പരിസ്ഥിതി, വിദ്യാഭ്യാസം ആദിയായ മേഖലകളിൽ കോവിഡ് നിമിത്തം സംഭവിക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് ഖുലൂദിെൻറ പ്രവചനങ്ങൾ പൂർണമായോ ഭാഗികമായോ യാഥാർഥ്യമായി പുലരാം. എന്നാൽ, സാമൂഹിക തലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച ലേഖികയുടെ വിലയിരുത്തലാണ് ഏറ്റവും ശ്രദ്ധേയം. യന്ത്രങ്ങളോ ആയുധങ്ങളോ സമ്പത്തോ അല്ല, മനുഷ്യനാണ് ലോകത്ത് ഏറ്റവും പരിഗണനീയമായ വസ്തു എന്ന തിരിച്ചറിവും തദടിസ്ഥാനത്തിലുള്ള മുൻഗണനക്രമവും ലോകക്രമവുമാണ് നിലവിൽവരാൻപോകുന്നതെങ്കിൽ രണ്ടാം ലോകയുദ്ധത്തെ തുടർന്ന് ഐക്യരാഷ്ട്രസഭ നിലവിൽവരാനിടയാക്കിയ സാഹചര്യം പുനഃസൃഷ്ടിക്കപ്പെടുന്നു എന്നാണർഥം. നിസ്സംശയം അത് ശുഭപ്രതീക്ഷക്ക് വക നൽകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.