കോവിഡാനന്തര പുനഃസൃഷ്ടി: മാതൃകയാക്കാം മനുഷ്യാവകാശങ്ങൾ
text_fieldsകോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് അവകാശസ്മരണകളുയർത്തുന്ന മനുഷ്യാവകാശദിനം വീണ്ടും കടന്നുപോകുന്നത്. നന്നായി രോഗമുക്തി നേടി മനുഷ്യാവകാശങ്ങൾക്കായി ഉയർന്നുനിൽക്കാമെന്ന സന്ദേശമാണ് ഐക്യരാഷ്ട്ര സഭ ഈ ദിനത്തിൽ നൽകുന്നത്. കോവിഡാനന്തര ആഗോളലക്ഷ്യങ്ങൾ സഫലമാകണമെങ്കിൽ എല്ലാവർക്കും തുല്യാവസരങ്ങൾ പകർന്നു മഹാമാരി വിരൽചൂണ്ടുന്ന പരാജയങ്ങളെയും ചൂഷണങ്ങളെയും ധീരമായി അഭിമുഖീകരിക്കണം. മനുഷ്യാവകാശമാനദണ്ഡങ്ങളെ ആശ്രയിച്ചു വേർതിരിവുകളെയും വിവേചനങ്ങളേയും തുടച്ചുനീക്കുന്ന ക്രിയാത്മക പരിഹാരശ്രമങ്ങളാണുണ്ടാകേണ്ടത്.
വിലപ്പെട്ട ജീവെൻറ അവകാശം
മനുഷ്യാവകാശങ്ങളിൽ ഏറ്റവും േശ്രഷ്ഠമാണ് ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം. മനുഷ്യജീവന് അസാധാരണമായ വ്യാഖ്യാനമാണ് നീതിന്യായ കോടതികൾ നൽകിയിട്ടുള്ളത്. ജീവൻ എന്ന പദംകൊണ്ട്് അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള ഓരോ പൗരെൻറയും അവകാശമാണ് അർഥമാക്കുന്നതെന്ന് സുപ്രീംകോടതി കൺസ്യൂമർ എജുക്കേഷൻ കേസിൽ 1995ൽ വിധിയെഴുതി.
നഷ്ടമാകുന്ന സാമൂഹിക ജനാധിപത്യം
മനുഷ്യാവകാശങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സാമൂഹിക ജനാധിപത്യത്തിെൻറ അഭാവമാണ്. ഭരണാധികാരികൾ തീരുമാനങ്ങൾ അടിച്ചേൽപിക്കുകയും ജനങ്ങൾ ആ തീരുമാനങ്ങൾക്ക് കീഴിൽ അസംതൃപ്തരായി ജീവിതം തള്ളിനീക്കേണ്ടിവരുകയും ചെയ്യുന്ന ദുരവസ്ഥയാണ് ഇന്നുള്ളത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളെ അംഗീകരിക്കുന്ന രീതിയാണ് സാമൂഹികജനാധിപത്യം. സ്വാതന്ത്ര്യത്തെ സമത്വത്തിൽനിന്നോ സമത്വത്തെ സ്വാതന്ത്ര്യത്തിൽനിന്നോ വേർതിരിക്കാനാവില്ല. സ്വാതന്ത്ര്യം ഇല്ലാത്ത സമത്വം വ്യക്തിഗത വളർച്ച ഇല്ലാതാക്കും. സാഹോദര്യമില്ലെങ്കിൽ സ്വാതന്ത്ര്യവും സമത്വവും സ്വാഭാവികത കൈവരിക്കുന്നില്ല.
ദാരിദ്യ്രം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ
യൂനിസെഫിെൻറ കണക്കുകൾ പ്രകാരം ലോകത്ത് പോഷകാഹാരക്കുറവ് നേരിടുന്ന നല്ലൊരു ശതമാനവും ഇന്ത്യയിലാണ്. പോഷകാഹാരക്കുറവുള്ള കുട്ടികളുടെ കാര്യത്തിലും നാം പിറകിലല്ല. വിശപ്പിെൻറ ലോകം ഭീതിയുടെ ലോകമാണ്. ദാരിദ്യ്രം കുട്ടികളുടെ വ്യക്തിവികാസത്തേയും ശാരീരികവളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നു. രാജ്യം നേരിടുന്ന നിശ്ശബ്ദപ്രതിസന്ധി കൂടിയാണിത്.
ഭക്ഷ്യാവകാശം ആരുടെയും ഔദാര്യമല്ല. അത് മനുഷ്യരുടെ ജന്മാവകാശമാണ്. ജീവിക്കാനുള്ള അവകാശത്തിൽ ഭക്ഷ്യാവകാശവും ഉൾപ്പെടുന്നു എന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, 1989ലെ കിഷൻ പട്നായിക് കേസിൽ പട്ടിണിമരണങ്ങൾ തടയേണ്ടത് ഭരണകൂടത്തിെൻറ പ്രഥമ ചുമതലയാണെന്ന് ഓർമിപ്പിച്ചു. 1992ൽ പിയർലസ് ജനറൽ കമ്പനി കേസിലും 1995ൽ പി.ജി. ഗുപ്ത കേസിലും 2007ൽ ആർ.ഡി. ഉപാധ്യായ കേസിലും മനുഷ്യാവകാശം എന്നനിലയിൽ ഭക്ഷ്യസുരക്ഷാവകാശം ഉറപ്പാക്കണമെന്ന് അഭിപ്രായപ്പെട്ടു.
ഭക്ഷ്യധാന്യവിതരണത്തിൽ വ്യക്തമായ മാർഗനിർദേശങ്ങൾ മുന്നോട്ടുവെക്കകുന്നതായിരുന്നു പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധി. ആഗോള ഭക്ഷ്യസുരക്ഷ ലക്ഷ്യംവെക്കുന്നതാവണം സർക്കാർനയമെന്നും ദരിദ്രരിൽ ദ്രരിദ്രർക്ക് പ്രത്യേകശ്രദ്ധ നൽകുന്നതോടൊപ്പം സാധാരണക്കാരനും കുറഞ്ഞ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതിയുടെ ബെഞ്ച് കേന്ദ്രസർക്കാറിന് നിർദേശം നൽകി.
രാജ്യത്തെ 150 പിന്നാക്ക ജില്ലകൾക്ക് ഭക്ഷ്യധാന്യവിതരണത്തിൽ മുൻഗണന നൽകണമെന്നും നിർദേശിക്കപ്പെട്ടു. ഇതുകൊണ്ടൊന്നും പട്ടിണിമരണങ്ങളോ വിശപ്പിെൻറ നിലവിളിയോ ഇല്ലായ്മ ചെയ്യാനായിട്ടില്ല.
മാറിമറിയുന്ന അവകാശങ്ങൾ
ജീവനും സ്വാതന്ത്ര്യവും സമത്വവും അടിസ്ഥാന മനുഷ്യാവകാശങ്ങളായി നിലനിൽക്കുമ്പോഴും പുതിയ പുതിയ അവകാശങ്ങൾ രൂപപ്പെടുന്നുണ്ട്. വൃദ്ധജനങ്ങളുടെ അവകാശങ്ങൾ, സത്യമറിയാനുള്ള അവകാശം, ആരോഗ്യപരിതഃസ്ഥിതിയിൽ ശുദ്ധവായു ശ്വസിച്ചും ശുദ്ധജലം പാനം ചെയ്തും ജീവിക്കാനുള്ള അവകാശം, അറിയാൻ, വിയോജിക്കാൻ ഉള്ള അവകാശങ്ങൾ എല്ലാം ഇവയിൽ ഉൾപ്പെടുന്നു. വ്യവസായശാലകളും വൻകിട കോർപറേറ്റുകളും മനുഷ്യാവകാശ സംരക്ഷണം ഏറ്റെടുക്കണമെന്ന കാഴ്ചപ്പാടും ആഗോളതലത്തിൽ രൂപപ്പെട്ടുകഴിഞ്ഞു.
തുടർച്ചയാകുന്ന ലംഘനങ്ങൾ
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്ന് നാം അഭിമാനിക്കുമ്പോഴും രാജ്യത്ത് മനുഷ്യാവകാശലംഘനങ്ങൾ തുടർച്ചപോലെ അരങ്ങേറുന്നു. അത്യന്തം ജാഗ്രതയോടെ പ്രവർത്തിക്കുന്ന മാധ്യമങ്ങളും ജുഡീഷ്യൽ സംവിധാനവും പൗരാവകാശ സംഘടനകളും നിലനിൽക്കുമ്പോഴാണ് ഇതെന്നത് മനുഷ്യാവകാശങ്ങളുടെ മുഖം വികൃതമാക്കുന്നു. ബാലവേല, അടിമപ്പണി, ജോലിസ്ഥലത്ത് സ്ത്രീകൾ നേരിടുന്ന പ്രയാസങ്ങൾ, ദലിത്–പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന വിവേചനങ്ങൾ, ശാരീരിക ന്യൂനതയുള്ളവർ നേരിടുന്ന വെല്ലുവിളികൾ, എയ്ഡ്സ് രോഗികളും പകർച്ച രോഗബാധിതരും നേരിടുന്ന സാമൂഹിക ഒറ്റപ്പെടൽ, ജനസംഖ്യാനയത്തിെൻറ അപാകതകൾ എന്നിവ ഉദാഹരണങ്ങൾമാത്രം.
ഗർഭച്ഛിദ്രത്തെ േപ്രാത്സാഹിപ്പിക്കുന്ന സർക്കാർനയങ്ങളും നിയമവിരുദ്ധമായി നടക്കുന്ന ഗർഭഛിദ്രങ്ങളും ലിംഗനിർണയ ക്ലിനിക്കുകളിൽ നടക്കുന്ന ലിംഗനിർണയവും പെൺഭ്രൂണഹത്യയും മനുഷ്യാവകാശ ലംഘനങ്ങളുടെ വിഭിന്ന മുഖങ്ങൾ തുറന്നു കാണിക്കുന്നു. കസ്റ്റഡി മരണങ്ങൾ, പൊലീസ്-ജയിൽ പീഡനങ്ങൾ, അന്യായ തടങ്കൽ എന്നിവയും മനുഷ്യാവകാശ ലംഘനങ്ങളുടെ വ്യാപ്തി വർധിപ്പിച്ചിരിക്കുന്നു. വികസനത്തിെൻറ പേരിൽ പ്രകൃതിക്കും മനുഷ്യനും ജീവജാലങ്ങൾക്കുമെതിരെ നടക്കുന്ന ചൂഷണങ്ങളും പരിസ്ഥിതി വിധ്വംസകപ്രവർത്തനങ്ങളും നിസ്സാരവത്കരിക്കാനാവില്ല.
ഇന്നത്തെ മനുഷ്യാവകാശലംഘനങ്ങളാണ് നാളത്തെ സംഘട്ടനങ്ങൾക്ക് കാരണമാകുന്നത്. ഒരാൾ നേരിടുന്ന അനീതി എല്ലാവർക്കുമെതിരായ വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ മനുഷ്യാവകാശ ലംഘനങ്ങൾ മാനവരാശിയുടെ നിലനിൽപിനുതന്നെ ഭീഷണിയാണ്. ഒരാളുടെ മനുഷ്യാവകാശം അപകടത്തിലാകുമ്പോൾ അത് മറ്റുള്ളവരുടെ അവകാശങ്ങൾ തച്ചയിലേക്ക് നീങ്ങുന്നതിെൻറ സൂചനയാണ്. ശക്തവും സമാധാനപരവുമായ പ്രക്രിയയിലൂടെ അവകാശസംരക്ഷണം സാധ്യമാകണം. ഉറച്ച ബോധ്യത്തോടുകൂടി മനുഷ്യാവകാശങ്ങൾക്കായി നിലകൊള്ളണം. ശബ്ദമില്ലാത്തവർക്കായി ശബ്ദിക്കുന്നതിനും നീതിക്കുവേണ്ടി പോരാടാനും പ്രതീക്ഷ നഷ്ടപ്പെട്ടവർക്കായി പുത്തൻപ്രതീക്ഷകൾ പകർന്നുനൽകാനും കഴിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.